അഞ്ജനാപുത്രന്‍റെ ജനനവും  ലഭിച്ച വരങ്ങളും

അഞ്ജനാപുത്രന്‍റെ ജനനവും ലഭിച്ച വരങ്ങളും

HIGHLIGHTS

കുരങ്ങിന്‍റെ രൂപത്തില്‍ എനിക്കൊരു കുഞ്ഞ് ജനിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല.' പാര്‍വ്വതി ശിവനോട് പറഞ്ഞു. ശിവന്‍ ദിവ്യശക്തിയാല്‍ പാര്‍വ്വതിയുടെ ഗര്‍ഭപാത്രത്തിലെ ശിവചൈതന്യം പുറത്തെടുത്തു വായുദേവനെ വിളിച്ച് അത് കയ്യില്‍ കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു. 'അഞ്ജനവനത്തില്‍ അഞ്ജന എന്നൊരു വാനരസ്ത്രീ എന്നെ തപസ്സ് ചെയ്യുന്നുണ്ട്. അവളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കണം

ദേവഗുരുവായ ബൃഹസ്പതിയുടെ ദാസിയായിരുന്നു വിദ്യാധര യുവതിയായ പുഞ്ജികസ്ഥല. അവര്‍ ഒരു ദിവസം പൂവിറുക്കുവാനായി കാട്ടില്‍ ചെന്നപ്പോള്‍ വിദ്യാധര വര്‍ഗ്ഗത്തിലെ ഏതാനും യുവതീയുവാക്കളുടെ കാമലീലകള്‍ കാണാനിടയായി. മറഞ്ഞുനിന്ന് അവരുടെ ലീലാവിലാസങ്ങള്‍ ആസ്വദിച്ച പുഞ്ജിക സ്ഥല കാമവികാരത്തിനടിമയായി പൂവിറുക്കാന്‍ കഴിയാതെ അവള്‍ മടങ്ങി. തനിക്കൊരു പുരുഷനില്ലാത്തതിന്‍റെ കുറവ് അന്നാദ്യമായി അവളനുഭവിച്ചു. ബൃഹസ്പതിയുടെ അടുത്തെത്തിയപ്പോള്‍ കാമപാരവശ്യത്തോടെ സ്വന്തം നില മറന്ന് പുഞ്ജിക സ്ഥല അദ്ദേഹത്തെ കടന്നുപിടിച്ചു.

ബൃഹസ്പതി ഞെട്ടിയെന്ന് മാത്രമല്ല, വല്ലാതെ കോപിക്കുകയും ചെയ്തു. 

'അനവസരത്തില്‍ കാമലോലുപയായ നീ എനിക്ക് ദാസിയായിരിക്കാന്‍ യോഗ്യയല്ല. നീ ഒരു വാനര സ്ത്രീയായി ഭൂമിയില്‍ പിറക്കട്ടെ.'

ബൃഹസ്പതിയുടെ ശാപം കേട്ടു നടുങ്ങിയ അവള്‍ അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍ വീണു ഏങ്ങിയേങ്ങി ക്കരഞ്ഞു.

'നിനക്കിഷ്ടമുള്ള ഒരു പുരുഷനുമൊത്ത് കുറേക്കാലം രമിക്കുക. ശിവചൈതന്യത്തില്‍ നിന്ന് നിനക്കൊരു കുഞ്ഞ് ജനിച്ചാലുടന്‍ ശാപമോക്ഷം ലഭിച്ച് ഇങ്ങോട്ട് മടങ്ങിവരാം.'
പുഞ്ജികസ്ഥല ഒരു വാനരസ്ത്രീയായി ഭൂമിയിലെ അഞ്ജനവനത്തിലെത്തി. 

അഞ്ജനയെന്നായിരുന്നു അവളുടെ പേര്. അവിടെ വെച്ച് കേസരി എന്ന യുവാവുമായി അവള്‍ അനുരാഗത്തിലായി. കുറേനാള്‍ അവരൊരുമിച്ച് കഴിഞ്ഞെങ്കിലും അവള്‍ക്ക് സന്താനങ്ങളുണ്ടായിരുന്നില്ല. ഒടുവില്‍ ഒരു പുത്രനെ ലഭിക്കാന്‍ വേണ്ടി അഞ്ജന ശിവനെ തപസ്സ് ചെയ്യാന്‍ തുടങ്ങി.

ശ്രീപരമേശ്വരനും ശ്രീപാര്‍വ്വതിയും വാനരരൂപം ധരിച്ച് വനാന്തരങ്ങളില്‍ ക്രീഡിച്ചു നടക്കുന്ന സമയമായിരുന്നു അത്. പാര്‍വ്വതി ഗര്‍ഭം ധരിക്കുകയും ചെയ്തു.

'കുരങ്ങിന്‍റെ രൂപത്തില്‍ എനിക്കൊരു കുഞ്ഞ് ജനിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല.' പാര്‍വ്വതി ശിവനോട് പറഞ്ഞു. ശിവന്‍ ദിവ്യശക്തിയാല്‍ പാര്‍വ്വതിയുടെ ഗര്‍ഭപാത്രത്തിലെ ശിവചൈതന്യം പുറത്തെടുത്തു വായുദേവനെ വിളിച്ച് അത് കയ്യില്‍ കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു.

'അഞ്ജനവനത്തില്‍ അഞ്ജന എന്നൊരു വാനരസ്ത്രീ എന്നെ തപസ്സ് ചെയ്യുന്നുണ്ട്. അവളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കണം.' വായുദേവന്‍ ശിവകല്‍പ്പന അക്ഷരം പ്രതി നിറവേറ്റി അഞ്ജന ഗര്‍ഭിണിയായി. ശിവബീജ നിക്ഷേപകന്‍ വായുവായതിനാല്‍ അഞ്ജനയുടെ ഗര്‍ഭത്തിനുത്തരവാദി വായുദേവനായി.

നാരദമഹര്‍ഷിയില്‍ നിന്ന് ഈ വിവരം വാനരരാജാവായ ബാലി അറിയാനിടയായി. ശിവചൈതന്യത്തില്‍ നിന്ന് ഒരു വാനരന്‍ ജനിച്ചാല്‍ അത് തന്‍റെ സ്ഥാനം നഷ്ടപ്പെടുത്തുമെന്ന് ബാലി ഭയന്നു. അഞ്ജനയുടെ ഗര്‍ഭം നശിപ്പിച്ചാല്‍ പിന്നെ ഭയക്കേണ്ട കാര്യമില്ലല്ലോ. നാരദന്‍ തന്നെ അതിന് പ്രതിവിധിയും നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ബാലി പഞ്ചലോഹം ഉരുക്കി അഞ്ജനയുടെ ഗര്‍ഭപാത്രത്തിലേക്ക് കടത്തിവിട്ടു. ഇതിലൂടെ ഗര്‍ഭസ്ഥ ശിശുവിന്‍റെ കഥ കഴിഞ്ഞതായി ബാലി വിശ്വസിച്ചു. എന്നാല്‍ ശിശുവിന് ഒരപകടവും സംഭവിച്ചില്ല. പഞ്ചലോഹ സങ്കരം ശിശുവിന് കര്‍ണ്ണാഭരണങ്ങളായി മാറുകയാണുണ്ടായത്.

അഞ്ജന യഥാകാലം മഹാമേരുവിനടുത്തുള്ള കനം എന്ന വനത്തില്‍ വെച്ച് ഒരു ഉണ്ണിക്കുരങ്ങിനെ പ്രസവിച്ചു. സൂര്യബിംബത്തെപ്പോലെ തിളക്കമുള്ള കുഞ്ഞിനെക്കണ്ട് അഞ്ജന ഭയന്നു. എന്തുചെയ്യണമെന്നറിയാതെ അവള്‍ പരുങ്ങി. ഉണ്ണിക്കുരങ്ങന്‍ വിശന്നു പാലിനായി കരഞ്ഞു. അവളുടെ മാതൃത്വം ഉണര്‍ന്നില്ല.

'കുഞ്ഞേ, കുരങ്ങന്മാര്‍ക്ക് പ്രിയപ്പെട്ട ഭക്ഷണം ചുവന്നു പഴുത്ത പഴങ്ങളാണ്. വിശക്കുന്നെങ്കില്‍ ചുവന്നു പഴുത്തുനില്‍ക്കുന്നതേതെങ്കിലും പറിച്ചുതിന്നുകൊള്ളുക.'
കുഞ്ഞു പിറന്നതോടെ ശാപമോക്ഷം ലഭിച്ച പുഞ്ജിക സ്ഥല സ്വന്തം രൂപം പ്രാപിച്ചു. മറ്റൊന്നുമാലോചിക്കാതെ കുട്ടിയെ വിട്ടിട്ട് അവള്‍ ദേവലോകത്തേയ്ക്ക് പോയി.

ഉണ്ണിക്കുരങ്ങിന് വിശപ്പ് അസഹനീയമായി. അവന്‍ ചുവന്നുപഴുത്ത പഴങ്ങള്‍ തേടി മുകളിലേക്ക് കണ്ണുകള്‍ പായിച്ചു. ആകാശത്ത് ചുവന്ന് തിളങ്ങി നില്‍ക്കുന്ന സൂര്യബിംബം കണ്ട ഉണ്ണിക്കുരങ്ങന്‍ അത് പഴമാണെന്ന് കരുതി  മുകളിലേക്കൊരു ചാട്ടം. അദ്ദേഹം സൂര്യബിംബത്തോടടുത്തു. അപ്പോള്‍ സൂര്യനെക്കാള്‍ വലുതായി രാഹു നില്‍ക്കുന്നത് കണ്ടു. ഉണ്ണിക്കുരങ്ങന്‍ അങ്ങോട്ട് ചാടി. അല്‍പ്പമകലെയായി ഐരാവതം നില്‍ക്കുന്നതുകണ്ടപ്പോള്‍ അതിനെ പിടിച്ചുതിന്നാനായി ഉണ്ണിക്കുരങ്ങന്‍ അങ്ങോട്ട് കുതിച്ചു. അതുകണ്ട ദേവേന്ദ്രന്‍ ഉണ്ണികുരങ്ങനെ തടയാനായി വജ്രായുധം പ്രയോഗിച്ചു. 

വജ്രം അവന്‍റെ താടിയില്‍ തട്ടിമുറിവേല്‍പ്പിച്ചു. അതോടെ അവശനായിത്തീര്‍ന്ന കുരങ്ങന്‍ ബോധം കെട്ട് ഭൂമിയില്‍ വീണു. അവന്‍റെ പിതാവായി അറിയപ്പെട്ട വായുദേവന് ആ കാഴ്ച ഹൃദയഭേദകമായി തോന്നി. ഇന്ദ്രനോട് ഈര്‍ഷ്യ തോന്നിയ വായു ഉണ്ണിക്കുരങ്ങനേയുമെടുത്ത് പാതാളത്തില്‍ പോയൊളിച്ചു.

ഭൂമിയില്‍ വായുവില്ലാതായപ്പോള്‍ സകല ചരാചരങ്ങളും നശിക്കുമെന്ന സ്ഥിതിയായി. മനുഷ്യരും മൃഗങ്ങളുമെല്ലാം പ്രാണവായു കിട്ടാതെ ശ്വാസം മുട്ടാന്‍ തുടങ്ങി. ഇന്ദ്രാദികള്‍ ഉടന്‍തന്നെ പാതാളത്തിലെത്തി വായുദേവനെ കണ്ടുപിടിച്ചു. ത്രിമൂര്‍ത്തികളും അവിടെയെത്തി ബ്രഹ്മാവ് വായുദേവനെ സമാധാനിപ്പിച്ചു.

'വായുദേവാ അബദ്ധം പറ്റിയത് ക്ഷമിച്ചുകളയൂ. ഉണ്ണിക്കുരങ്ങിന്‍റെ ഹനുവില്‍(താടിയില്‍) വജ്രായുധം കൊണ്ട് മുറിവുണ്ടായതിനാല്‍ ഇനി മുതല്‍ ഇവന്‍ ഹനുമാന്‍ എന്ന പേരിലറിയപ്പെടും. ലോകമുള്ളിടത്തോളം കാലം ഇവന് ആയുസ്സുണ്ടായിരിക്കും.'

പിന്നെ മഹാവിഷ്ണു ഹനുമാനെ അനുഗ്രഹിച്ചു. 

'ജീവിതകാലം മുഴുവന്‍ നീയെന്‍റെ ഭക്തനായിരിക്കും. എനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുതരാന്‍ നീ പ്രാപ്തനാവും.'

'ലോകത്തെ ജയിക്കുന്ന നീ വീരനായിത്തീരട്ടെ'- പരമേശ്വരന്‍ അനുഗ്രഹിച്ചു.
വജ്രായുധപ്രയോഗത്താല്‍ ഹനുമാന്‍റെ ശരീരത്തിന് ദോഷം വരികയില്ലെന്ന് ഇന്ദ്രനും, ഹനുമാന്‍റെ ശരീരത്തില്‍ പൊള്ളലേല്‍ക്കില്ലെന്ന് അഗ്നിദേവനും, ഒരിക്കലും മരണമുണ്ടാകില്ലെന്ന് കാലനും ഹനുമാനെ അനുഗ്രഹിച്ചു. അതെല്ലാം കേട്ടപ്പോള്‍ തൃപ്തനായ വായുദേവന്‍ 'ഇനി മുതല്‍ നിനക്ക് വായുവിലൂടെ സഞ്ചരിക്കാന്‍ വായുവേഗം ലഭിക്കുമാറാകട്ടെ' എന്നും അനുഗ്രഹിച്ചു.

ബാബുരാജ് പൊറത്തിശ്ശേരി
 9846025010