പാണ്ഡവരുടെ അന്ത്യം
ധര്‍മ്മപുത്രര്‍ തന്‍റെ പത്നി പാഞ്ചാലിയോടും സഹോദരന്മാരോടുമൊപ്പം മഹാപ്രസ്ഥാനത്തിലൂടെ ധര്‍മ്മപുത്രര്‍ ഇഹലോകജീവിതം അവസാനിപ്പിച്ച് ഒടുവില്‍ ഭഗവല്‍ സാജൂജ്യം പ്രാപിക്കുകയും ചെയ്തു.
ഭഗവാന്‍ ശ്രീകൃഷ്ണനും പാണ്ഡവരും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമാണ് നിലനിന്നിരുന്നത്. കുന്തിയുടെ സഹോദരനായ വസുദേവരുടെ പുത്രന്‍ എന്നതിലും ഉപരി പാണ്ഡവരെ സംബന്ധിച്ച് ശ്രീകൃഷ്ണന്‍ അവര്‍ക്ക് എല്ലാം എല്ലാമായിരുന്നു. ശ്രീകൃഷ്ണനുമായി ചര്‍ച്ച ചെയ്യാതെ പാണ്ഡവര്‍ സ്വന്തം നിലയ്ക്ക് ഒന്നും തന്നെ പ്രവര്‍ത്തിച്ചിരുന്നില്ല.
അര്‍ജ്ജുനനെ സംബന്ധിച്ച് കൃഷ്ണന്‍ ഏറ്റവും പ്രിയപ്പെട്ട ഒരു ഉറ്റ സുഹൃത്തുകൂടിയാണ്.
ഒരിക്കല്‍ അര്‍ജ്ജുനന്‍ ദ്വാരകയിലേക്ക് ചെന്നിട്ട് ഏഴുമാസങ്ങളോളം കഴിഞ്ഞെങ്കിലും ഇനിയും സ്വന്തം ഗൃഹത്തില്‍ തിരിച്ചെത്തിയില്ല. എന്തുകൊണ്ടാണ് അര്‍ജ്ജുനന്‍ തിരിച്ചുവരാത്തതെന്നോര്‍ത്ത് ജ്യേഷ്ഠന്‍ ധര്‍മ്മപുത്ര മഹാരാജാവിന്‍റെ മനസ്സില്‍ പല ആശങ്കകളും കടന്നുകൂടി. അകാരണമായി ഏതോ ഭയവും പരിഭ്രമവും അദ്ദേഹത്തെ അസ്വസ്ഥചിത്തനാക്കിക്കൊണ്ടിരുന്നു.
ആകുലനായ യുധിഷ്ഠിരമഹാരാജാവ് തന്‍റെ മാനസികാവസ്ഥ അറിയിക്കുവാനെന്നോണം സഹോദരനായ ഭീമനോട് പറഞ്ഞു.
'അനിയാ.. നമുക്ക് ചുറ്റും പല നിലയ്ക്കും പലപല ദുര്‍നിമിത്തങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് കാണുന്നില്ലേ? നമ്മുടെ അനിയന്‍ അര്‍ജ്ജുനന്‍ ഇനിയും ദ്വാരകയില്‍ നിന്ന് തിരിച്ചെത്തിയില്ലല്ലോ? അവന്‍ വൈകുന്നതിന് കാരണം എന്താണാവോ?
അര്‍ജ്ജുനന്‍റെ തിരിച്ചുവരവ്
ധര്‍മ്മപുത്രമഹാരാജാവ് ഭീമസേനനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൂരെനിന്നും ക്ഷീണിച്ചവശനെന്നപോലെ അര്‍ജ്ജുനന്‍ നടന്നുവരുന്നതുകണ്ടു.
അര്‍ജ്ജുനന്‍ വരുന്നതുകണ്ട ജ്യേഷ്ഠന്മാര്‍ ഇരുവര്‍ക്കും ആശ്വാസമായി. എന്നാല്‍ അര്‍ജ്ജുനന്‍ സമീപിക്കുംതോറും ഏതോ ചില കുഴപ്പങ്ങളുള്ളതായി അവര്‍ക്ക് മനസ്സിലാക്കാന്‍ തോന്നി.
അര്‍ജ്ജുനന്‍ പറഞ്ഞു. 'ജ്യേഷ്ഠാ, നമ്മുടെ സര്‍വ്വസ്വവുമായിരുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമ്മെയെല്ലാം അനാഥരാക്കിക്കൊണ്ട് ഭൂലോകം വിട്ടുപോയി!'
ദേവന്മാര്‍ക്കുപോലും അസൂയ തോന്നത്തക്കവിധം എന്നില്‍ നിറഞ്ഞുനിന്നിരുന്ന ചൈതന്യത്തെ അദ്ദേഹം തിരിച്ചെടുത്തു. ഒന്നെഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയാത്തവിധത്തില്‍ ഞാന്‍ അവശനായിപ്പോയി.
ഭഗവാന്‍ തന്നില്‍ എത്രമാത്രം കരുണയാണ് വര്‍ഷിച്ചതെന്ന് സ്മരിച്ചുകൊണ്ട് അര്‍ജ്ജുനന്‍ ഓരോ സംഭവങ്ങളും എണ്ണിയെണ്ണിപ്പറയാന്‍ തുടങ്ങി.
പാഞ്ചാലീ സ്വയംവരത്തില്‍ രാജസിംഹങ്ങളെ നിഗ്രഹിക്കാനും, യന്ത്രക്കിളിയുടെ കണ്ഠം ഛേദിച്ച് പാഞ്ചാലിയെ വിവാഹം ചെയ്വാന്‍ സാധ്യമായതും കൃഷ്ണന്‍റെ സഹായം ഒന്നുകൊണ്ടുമാത്രമാണ്.
അദ്ദേഹത്തിന്‍റെ കൃപാതിരേകം കൊണ്ടുമാത്രമാണല്ലോ ദേവന്മാരെ ജയിച്ച് ഖാണ്ഡവവനത്തെ ദഹിപ്പിക്കുവാന്‍ എനിക്ക് സാധ്യമായത്.
പാഞ്ചാലിയുടെ ചീരയില ഭക്ഷിച്ച് ദുര്‍വ്വാസാവിന്‍റെ ശാപത്തില്‍ നിന്നും നമ്മെ രക്ഷിച്ചത് ഭഗവാനല്ലാതെ മറ്റാരാണ്?
ശ്രീപരമേശ്വരന്‍റെ ശിരസ്സില്‍ ഗാണ്ഡീവം കൊണ്ട് ഞാന്‍ പ്രഹരിച്ചിട്ടും അദ്ദേഹത്തിന് എന്നോട് വിരോധം തോന്നിയില്ലെന്നുമാത്രമല്ല പാശുപതാസ്ത്രം നല്‍കുവാന്‍ പ്രേരിപ്പിച്ചതും ഭഗവാന്‍ കൃഷ്ണന്‍ തന്നെയല്ലേ?
ഭഗവാന്‍ തന്നെ പല സന്ദര്‍ഭങ്ങളിലും രക്ഷിച്ച കാര്യങ്ങള്‍ സ്മരിച്ചുകൊണ്ട് അര്‍ജ്ജുനന്‍ താന്‍ ഭഗവാനോട് ചെയ്തുപോയ അപരാധങ്ങളെ ഓര്‍ത്ത് പശ്ചാത്തപിക്കാനും തുടങ്ങി.
ഭഗവാനുമായി ആലോചിക്കാതെ സന്താനഗോപാലത്തിലെ ബ്രാഹ്മണന്‍റെ കുഞ്ഞിനെ രക്ഷിക്കാമെന്ന് ബ്രാഹ്മണനോട് ശപഥം ചെയ്തു. കുഞ്ഞിന്‍റെ ജഡം പോലും കണ്ടുകിട്ടാതായതിനാല്‍ കുപിതനായ ബ്രാഹ്മണനോട് താന്‍ അഗ്നിപ്രവേശം ചെയ്ത് ഈ ശരീരത്തെ തന്നെ ഉപേക്ഷിക്കാമെന്ന് പറഞ്ഞുകൊണ്ട് ചിത ഒരുക്കിയതും, ചിതയില്‍ ചാടാന്‍ ആരംഭിച്ച നിമിഷത്തില്‍ ഓടിവന്ന് ഭഗവാന്‍ തന്നെ മരിക്കാനനുവദിക്കാതെ രക്ഷിച്ചതും, തന്നേയും കൂട്ടി വിഷ്ണുലോകത്തേക്ക് ചെന്നതും, ബ്രാഹ്മണന്‍റെ മരിച്ചുപോയ പത്ത് കുഞ്ഞുങ്ങളേയും ഭൂമിയില്‍ കൊണ്ടുവന്ന് ബ്രാഹ്മണനെ തിരിച്ചേല്‍പ്പിക്കാന്‍ തന്നെ സഹായിച്ചതുമെല്ലാം ഓര്‍ത്ത് ഭഗവാന്‍റെ കാരുണ്യാതിശയത്തെ വീണ്ടും വീണ്ടും സ്മരിച്ച് അര്‍ജ്ജുനന്‍ ശ്രീകൃഷ്ണന്‍റെ വേര്‍പാട് സഹിക്കുവാനാവാതെ ഹൃദയം നൊന്ത് കരയാന്‍ തുടങ്ങി. ധര്‍മ്മപുത്രര്‍ക്ക് എന്തുപറഞ്ഞ് എങ്ങനെ അര്‍ജ്ജുനനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല.
ഭഗവാന്‍ ഭൂലോകവാസം വെടിഞ്ഞ സ്ഥിതിക്ക് ഇനി ഒരു നിമിഷം പോലും തുടര്‍ന്ന് ജീവിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്ന് ശ്രീധര്‍മ്മപുത്രമഹാരാജാവ് തീരുമാനിച്ചു. മഹാപ്രസ്ഥാനത്തിന് തയ്യാറാകുകതന്നെ!
കുന്തീദേവി ഭഗവാന്‍റെ വിയോഗം സഹിക്കാനാവാതെ തന്‍റെ ശരീരത്തെതന്നെ ത്യജിച്ചു. ധര്‍മ്മപുത്രര്‍ തുടര്‍ന്ന് ബാലനായ പരീക്ഷിത്തിനെ രാജാവാക്കി അഭിഷേകം ചെയ്തു.
തന്‍റെ പത്നി പാഞ്ചാലിയോടും സഹോദരന്മാരോടുമൊപ്പം മഹാപ്രസ്ഥാനത്തിലൂടെ ധര്‍മ്മപുത്രര്‍ ഇഹലോകജീവിതം അവസാനിപ്പിച്ച് ഒടുവില്‍ ഭഗവല്‍ സാജൂജ്യം പ്രാപിക്കുകയും ചെയ്തു.
