അനുയായികള്‍ക്ക് മര്യാദയേകുന്ന ഭഗവാന്
ഭഗവാന് ശ്രീമന്നാരായന്റെ അനുഗ്രഹം നേടുവാന്‍ ആഗ്രഹിക്കുന്നവര്‍, ഭഗവാനെ സേവിക്കുന്ന ഭാഗവതന്മാരെ ഒരിക്കലും അപമാനിക്കരുത് എന്ന് ശ്രീമദ് രാമായണത്തിലൂടെ മനസ്സിലാക്കണം. അവരുടെ തിരുവടി തൊഴുത് അവരെ ബഹുമാനിച്ചാല്‍ ഭഗവാനും സന്തുഷ്ടനായി അനുഗ്രഹമേകും.
ശ്രേഷ്ഠമായ ജീവിതേതിഹാസമാണ് ശ്രീമദ് രാമായണം. പല ഉന്നതമായ സംസ്ക്കാരങ്ങള്‍ തന്റെ അവതാരകാലമാകെ നടത്തിക്കാണിച്ച ശ്രീരാമന്, തന്നെ വിശ്വസിച്ചു രക്ഷിക്കുക എന്നത് ഏറ്റവും വലിയ കര്‍ത്തവ്യമാക്കി തന്റെ സിദ്ധാന്തങ്ങള്‍ നിറവേറ്റുന്നതില്‍ അതീവശ്രദ്ധ ചെലുത്തി. അതില്‍ ശ്രീരാമാനുജന്റെ ശിഷ്യനായ കൂരത്താഴ്വാറിന്റെ പുത്രനായ പരാശരഭട്ടര്‍ തന്റെ ഒരു ശിഷ്യനോട് 'കടല്‍തീരത്തെ ആലോചിച്ചുകൊണ്ടിരിക്കൂ' എന്ന് ഉപദേശിച്ചു. ഒപ്പം അതിനുള്ള വിശദീകരണവും നല്കി തന്റെ ശിഷ്യന്റെ മനസ്സിലെ സംശയം ദൂരീകരിച്ചു.
ഭട്ടര്‍ നല്കിയ വിശദീകരണം ഇതാണ്. 'ശ്രീരാമനെ സഹായിക്കുവാനായി സുഗ്രീവന് ലക്ഷക്കണക്കിന് വാനരന്മാരെ സംഘടിപ്പിച്ചുകൊണ്ടുവന്നു സമുദ്രത്തിന് മീതെ പാലം കെട്ടിയതിനോടൊപ്പം തന്നെ അതിന് മീതേക്കൂടി നടന്ന് ലങ്കാദ്വീപില്‍ എത്തിച്ചേര്‍ന്ന വാനരസേന അന്ന് രാത്രി ക്ഷീണിതരായി ലങ്കന്‍ കടപ്പുറത്ത് ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. രാക്ഷസന്മാരിലൂടെ ആ വാനരര്‍ക്ക് യാതൊരുതരത്തിലുള്ള ആപത്തും ഉണ്ടാവരുത് എന്ന് കരുതി ശ്രീരാമന്, തന്റെ അനുജന് ലക്ഷ്മണനോടൊപ്പം വില്ലും അമ്പുമായി രാത്രി മുഴുവന്‍ ഉറക്കമിളച്ച് അവര്‍ക്ക് കാവലിരുന്ന് സംരക്ഷിച്ചു. വിശ്വസിച്ച് എത്തുന്നവരെ ശ്രീരാമന് ഒരിക്കലും കൈവെടിയില്ല എന്നതിന് മറ്റൊരു സംഭവവും ശ്രീമദ് രാമായണത്തില്‍ പറയുന്നുണ്ട്.'
ശ്രീരാമന് അസുരന്മാരുമായിട്ടുള്ള മഹായുദ്ധത്തില്‍ വിജയിച്ച് വിജയരാമനായി തിളങ്ങുന്നു. പിതൃക്കള്‍, ദേവന്മാര് തുടങ്ങിയവരെക്കൂടാതെ പുണ്യലോകത്ത് നിന്നും വന്ന് ദശരഥ മഹാരാജാവും തന്റെ അരുമപുത്രനെ അനുഗ്രഹിച്ചു. ആ സന്ദര്‍ഭത്തില്‍ 'ശ്രീരാമചന്ദ്രാ നീ ആഗ്രഹിക്കുന്ന വരം ആവശ്യപ്പെട്ടുകൊളളൂ, നല്‍കാം' എന്ന് ദേവേന്ദ്രന് പറയവേ, മനുഷ്യാവതാരമായ ശ്രീരാമന് 'എനിക്കുവേണ്ടി യുദ്ധം ചെയ്ത് പ്രാണന് വെടിഞ്ഞ വാനരവീരന്മാര് എല്ലാവരും വീണ്ടും ജീവന്‍നേടി ഉയര്‍ത്തെഴുന്നേറ്റ് പൂര്‍ണ്ണ ആരോഗ്യവാന്മാരായി ജീവിക്കണമെന്നും, കൂടാതെ അവര്‍ കിഷ്കിന്ദയില് എത്തിച്ചേരുംവരെ അവര്‍ക്ക് വേണ്ട ആഹാരം നിര്‍ലോഭം ലഭിക്കയും വേണമെന്ന'വരം ചോദിച്ചു.
ദശരഥന് നാല് പുത്രന്മാര് ജനിച്ചപ്പോള്‍ അവരോരുത്തര്‍ക്കും കുലഗുരുവായ വസിഷ്ഠനാണ് പേരിട്ടത്. ഓരോന്നും ഓരോ കാരണസഹിതമായ പേരുകളായിരുന്നു. അങ്ങനെ സുമിത്രയുടെ വയറ്റില്‍ പിറന്ന കുട്ടിക്ക് പേരിടുമ്പോള്‍, 'ലക്ഷ്മണാ ലക്ഷ്മീസമ്പന്നനെ'ന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ലക്ഷ്മണന് എന്ന് പേരിട്ടു. വൈഷ്ണവരെ സംബന്ധിച്ചിടത്തോളം ഭഗവാന് സേവനം ചെയ്യുന്നതാണ് ഏറ്റവും വലിയ സമ്പത്തായി കരുതുക. ശ്രീരാമന് എന്നെന്നും സേവനം ചെയ്യുന്നവനാകയാല്‍, സുമിത്രയുടെ പുത്രന് സേവനം ചെയ്യുന്നവന് എന്ന കാരണപേരായ ലക്ഷ്മണന് എന്ന പേരിട്ടു വസിഷ്ഠന്.
ശ്രീരാമന് വനവാസം പോകേണ്ടി വന്നപ്പോള്‍ തന്റെ പത്നി ഊര്‍മ്മിളയെ അയോദ്ധ്യയില്‍ വിട്ടിട്ട് ജ്യേഷ്ഠനും ജ്യേഷ്ഠപത്നി സീതാദേവിക്കും സേവനം ചെയ്യുവാനായി കാനനത്തില്‍ വന്നവനാണ് ലക്ഷ്മണന്. അനുയായി, ഭാഗവതന്‍ എന്നീ പദങ്ങള്‍ക്ക് ഉദാഹരണമായി വിളങ്ങുന്ന അനുജന് ലക്ഷ്മണനെ ആര് ബഹുമാനിച്ചാലും ശ്രീരാമന്റെ ഉള്ളം സന്തുഷ്ടമാവും. അതേസമയം ലക്ഷ്മണനെ ആരെങ്കിലും അവഗണിച്ചാലോ അപമാനിച്ചാലോ അത് ശ്രീരാമന് ക്ഷമിക്കുവാനാവില്ല.
ശ്രീരാമനും സുഗ്രീവനും ആദ്യമായി കണ്ടപ്പോള്‍ അഗ്നിസാക്ഷിയായി പ്രതിജ്ഞയെടുത്തിരുന്നു. അതിനെത്തുടര്‍ന്ന് 'സാലവൃക്ഷം'എന്ന മരത്തിന്റെ തടിച്ച ശിഖരങ്ങള്‍ രണ്ടെണ്ണം ഒടിച്ചെടുത്ത് തറയില്‍ വെച്ച സുഗ്രീവന്, അതിലൊന്നില്‍ ശ്രീരാമനെ ഇരുത്തി മറ്റൊന്നില്‍ താനും ഇരുന്നുകൊണ്ട് സംസാരിക്കുവാന്‍ തുടങ്ങി. പരമഭാഗവതനായ ലക്ഷ്മണന് ഇരിക്കുവാനായി സുഗ്രീവന് ആസനമൊന്നും തയ്യാറാക്കിയിരുന്നില്ല. ഇതുകണ്ട് അമ്പരന്ന ഹനുമാന് ഉടനെ പറന്നുവന്ന് ചന്ദനമരത്തിന്റെ ഒരു കൊമ്പ് ഒടിച്ചുകൊണ്ടുവന്ന് അതിനുമീതെ ലക്ഷ്മണനെ ആസനസ്ഥനാക്കി.
ഇതൊക്കെ മൗനിയായ സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന ശ്രീരാമന്, പരമഭാഗവതനായ തന്റെ അനുജന് ലക്ഷ്മണന് ഇരിക്കുവാന് ആസനം നല്‍കാത്ത സുഗ്രീവന് ആദ്യം ബാലിയുമായി പോരിടുമ്പോള്‍ തോറ്റുമടങ്ങട്ടെ എന്ന് കരുതി നോക്കി നിന്നു. മാത്രമല്ല ഗജപുഷ്പം എന്ന പൂവില്‍ തൊടുത്ത ഒരു ഹാരം ലക്ഷ്മണന്റെ കൈകൊണ്ട് അണിയിപ്പിച്ച്, സുഗ്രീവന് ഭാഗവത അപചരം(ഭാഗവതനിന്ദ) പോക്കി. അതിനുശേഷം നടന്ന യുദ്ധത്തില്‍ ബാലിയെ വീഴ്ത്തി സുഗ്രീവനെ കാത്തുരക്ഷിച്ചു എന്നാണ് വൈഷ്ണവ ആചാര്യന്മാര് നല്‍കുന്നത്.
ഭഗവാന് ശ്രീമന്നാരായന്റെ അനുഗ്രഹം നേടുവാന്‍ ആഗ്രഹിക്കുന്നവര്‍, ഭഗവാനെ സേവിക്കുന്ന ഭാഗവതന്മാരെ ഒരിക്കലും അപമാനിക്കരുത് എന്ന് ശ്രീമദ് രാമായണത്തിലൂടെ മനസ്സിലാക്കണം.
അവരുടെ തിരുവടി തൊഴുത് അവരെ ബഹുമാനിച്ചാല്‍ ഭഗവാനും സന്തുഷ്ടനായി അനുഗ്രഹമേകും. തന്നേക്കാള്‍ തന്റെ സേവകരേയും അനുയായികളേയും ബഹുമാനിക്കുന്നവരോടാണ് ഭഗവാന്റെ ആദ്യപരിഗണന എന്നതിന് ദൃഷ്ടാന്തമാണ് ഈ സംഭവം.
വിഷ്ണുദാസന്
