ബന്ധങ്ങളെ സുദൃഢമാക്കുന്ന മംഗല്യസൂത്രം
സംസ്കൃതത്തിലെ 'മംഗളം'(ശുഭകരം), സൂത്രം(ചരട്) എന്നീ പദങ്ങള്‍ ചേര്‍ന്നാണ് മംഗല്യസൂത്രം എന്ന വാക്കുണ്ടായത്. കേരളത്തില്‍ ഇതിനെ'താലി' എന്നുവിളിക്കുന്നു. വിവാഹച്ചടങ്ങിനിടെ വരന്‍ വധുവിന്‍റെ കഴുത്തില്‍ കെട്ടുന്ന ഈ മംഗല്യസൂത്രം മിക്ക സമുദായങ്ങളിലും വിവാഹത്തിന് ഒഴിച്ചുകൂടാനാവാത്ത ഭാഗമായി കണക്കാക്കപ്പെടുന്നു. ദമ്പതികളെ ജീവിതകാലം മുഴുവന്‍ ബന്ധിപ്പിക്കുന്ന വാഗ്ദാനത്തിന്‍റെ പ്രതീകമായാണ് ഇത് കരുതപ്പെടുന്നത്
മംഗല്യധാരണമന്ത്രം
വരന്‍ താലി കെട്ടുന്ന നിമിഷത്തില്‍ ചൊല്ലുന്ന പരമ്പരാഗത സംസ്കൃതശ്ലോകം ഇപ്രകാരമാണ്.
'മാംഗല്യം തന്തുനാനേന
മമജീവനഹേതുനാ!
കണ്ഠേബധ്നാമിസുഭഗേ
സാജീവശരദഃശതം!!'
എന്‍റെ ആയുസ്സിന്‍റെ ആധാരമായ ഈ മംഗല്യസൂത്രം നിന്‍റെ കഴുത്തില്‍ ഞാന്‍ കെട്ടുന്നു. നീ നൂറുവര്‍ഷം ദീര്‍ഘായുസ്സോടെ ജീവിക്കട്ടെ എന്നാണ് ഇതിന്‍റെ പൊരുള്‍. ദമ്പതികളുടെ ദീര്‍ഘായുസ്സിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയായാണ് ഈ മന്ത്രം കണക്കാക്കപ്പെടുന്നത്. ഇതോടൊപ്പം ചരടില്‍ മൂന്നുകെട്ടുകള്‍ ഇടുന്ന പതിവുമുണ്ട്- മനസ്സ്, ശരീരം, വാക്ക് എന്നിവയുടെ ഐക്യത്തെയോ ത്രിമൂര്‍ത്തികളുടെ അനുഗ്രഹത്തെയോ ഇത് സൂചിപ്പിക്കുന്നു എന്നണ് വിശ്വാസം.
താലി സ്ത്രീക്ക് ഒരു സംരക്ഷണ കവചം
മിക്ക ഹൈന്ദവ വിവാഹങ്ങളിലും താലി ഒഴിച്ചുകൂടാനാവാത്തതാണ്. മറ്റ് ആഭരണങ്ങള്‍ ഇല്ലെങ്കിലും ചെറിയ അളവിലെങ്കിലും സ്വര്‍ണ്ണം ചേര്‍ത്ത താലി സ്ത്രീയുടെ കഴുത്തില്‍ കെട്ടുന്ന പതിവുണ്ട്. 'താലി പെണ്ണിന് വേലി' എന്നാണ് പറയാറുള്ളത്. ഇത് സ്ത്രീക്ക് ഒരു സംരക്ഷണ കവചം കൂടിയാണ്.
പൊതുസമൂഹത്തില്‍ പുരുഷന്മാര്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ താലി കണ്ടാല്‍, അവര്‍ വിവാഹിതയാണെന്ന് തിരിച്ചറിഞ്ഞ്, ബഹുമാനത്തോടെ അകന്നുനില്‍ക്കുമായിരുന്നു.
സ്വര്‍ണ്ണം വാങ്ങാന്‍ കഴിയാത്തവര്‍ പോലും ചരടില്‍ മഞ്ഞള്‍ പുരട്ടിയെങ്കിലും താലി ധരിക്കുന്ന പതിവുണ്ടായിരുന്നു. അതായത്, വസ്തുവിന്‍റെ വിലയല്ല, മറിച്ച് അതിന്‍റെ പ്രതീകാത്മകത അര്‍ത്ഥമാണ് പ്രധാനം. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഉറച്ച ബന്ധത്തെ ഉറപ്പിക്കുന്ന അടയാളമായാണ് താലി കണക്കാക്കപ്പെടുന്നത്. പവിത്രവും മഹത്വമുള്ളതുമായി കരുതപ്പെടുന്ന ഈ താലിച്ചരട് നിര്‍മ്മിക്കുന്ന രീതിയും വ്യത്യസ്തമാണ്. സാധാരണ നൂലുപയോഗിക്കാതെ, പരുത്തി അല്ലെങ്കില്‍ പട്ടുനൂല്‍ ഉപയോഗിച്ചാണ് ഇത് പരമ്പരാഗതമായി തയ്യാറാക്കുന്നത്. ഇത് അതിന്‍റെ ആചാരപരമായ പ്രാധാന്യത്തെ കൂടുതല്‍ എടുത്തുകാട്ടുന്നു.
ചുരുക്കത്തില്‍ താലി ഒരു ആഭരണം എന്നതിലുപരി, വിവാഹബന്ധത്തിന്‍റെയും സ്ത്രീയുടെ സാമൂഹിക പദവിയുടെയും സംരക്ഷണത്തിന്‍റെയും ശക്തമായ പ്രതീകമായി കണക്കാക്കപ്പെടുന്നു.
കേരളത്തിലെ താലി പരമ്പരകള്‍
കേരളത്തില്‍ വിവാഹിതരായ സ്ത്രീകള്‍ മാത്രമേ താലി ധരിക്കാവൂ എന്നാണ് പരമ്പരാഗത വിശ്വാസം. ഭര്‍ത്താവിന്‍റെ വിയോഗത്തിനുശേഷം താലി അഴിക്കുന്ന ആചാരം ചില സമുദായങ്ങളില്‍ ഇന്നും കാണാം. സ്ഥലം, കാലം, ജാതി എന്നിവയ്ക്കനുസരിച്ച് താലിയുടെയും രൂപവും ചടങ്ങും വ്യത്യാസപ്പെടുന്നു.
നമ്പൂതിരി സ്ത്രീകള്‍ 'ചെറുതാലി' ധരിക്കുമ്പോള്‍, നായര്‍, ഈഴവസമുദായങ്ങളില്‍ നാഗപടത്താലി, ഐന്തലത്താലി, മിന്ന് തുടങ്ങിയ വകഭേദങ്ങള്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ഇവ ഏകീകൃതമായ രീതിയിലേക്ക് മാറി.
സംഘകാല കൃതികളില്‍ പുലിപ്പല്‍ത്താലി, ഐമ്പടൈത്താലി, മംഗളനൂല്‍ത്താലി തുടങ്ങി വിവിധ പേരുകളിലുള്ള താലികളെക്കുറിച്ച് പരാമര്‍ശമുണ്ട്. സാധാരണയായി സ്വര്‍ണ്ണത്തിലാണ് താലി നിര്‍മ്മിക്കുന്നത്. ഇലയുടെയോ ത്രികോണത്തിന്‍റെയോ ആകൃതിയിലുള്ള താലി മഞ്ഞച്ചരടിലോ സ്വര്‍ണ്ണമാലയിലോ കോര്‍ത്താണ് കഴുത്തില്‍ കെട്ടുന്നത്. വിവാഹിതരായ സ്ത്രീകള്‍ മാത്രമേ താലി ധരിക്കാവൂ എന്നും, ഭര്‍ത്താവിന്‍റെ മരണശേഷം ചില സമുദായങ്ങളില്‍ താലി അഴിക്കണമെന്നും വിശ്വാസമുണ്ട്.
നമ്പൂതിരി സമുദായത്തില്‍ ഭര്‍ത്താവിന്‍റെ ചിതയില്‍ താലി സമര്‍പ്പിക്കുന്ന ചടങ്ങുമുണ്ട്. കാലം, ജാതി എന്നിവയ്ക്കനുസരിച്ച് താലിയുടെ രൂപവും ചടങ്ങും വ്യത്യാസപ്പെടുന്നു. സാധാരണ സ്വര്‍ണ്ണത്തിലാണ് താലി; സ്വര്‍ണ്ണമാലയിലോ മഞ്ഞച്ചരടിലോ കോര്‍ത്താണ് കെട്ടുന്നത്. മിക്ക സമുദായങ്ങളിലും വരന്‍തന്നെ താലി കെട്ടുന്നു. ചിലയിടത്ത് കന്യകയുടെ പിതാവ്/ അമ്മാവന്‍/ വരന്‍റെ സഹോദരി താലി കെട്ടി വരന് കന്യകയെ ദാനം ചെയ്യുന്ന രീതിയുമുണ്ട്. ഭഗവതി ക്ഷേത്രങ്ങളില്‍ വഴിപാടായും താലി ചാര്‍ത്തല്‍ നടത്താറുണ്ട്.
താലിയുടെ മൂന്ന് ഭാഗങ്ങളില്‍ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നീ ത്രിമൂര്‍ത്തികള്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ചരട് സത്വരജസ്സ് തമോഗുണങ്ങളെയും, കെട്ട് പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന മായാശക്തിയെയും പ്രതിനിധീകരിക്കുന്നു എന്നാണ് പരമ്പരാഗത വ്യാഖ്യാനം.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ചരടില്‍ തുടങ്ങി, ഇന്ന് വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനകളിലേയ്ക്കും ധരിക്കുന്ന രീതികളിലേക്കും വളര്‍ന്ന താലി/ മംഗല്യസൂത്രം, കാലം മാറിയാലും അതിന്‍റെ അടിസ്ഥാന അര്‍ത്ഥത്തില്‍ നിന്ന് വ്യതിചലിക്കാതെ ഒരു ബന്ധത്തിന്‍റെ, വാഗ്ദാനത്തിന്‍റെ പ്രതീകമായി നിലനില്‍ക്കുന്നു. പാരമ്പര്യവും ആധുനികതയും കൈകോര്‍ക്കുന്ന ഈ ചെറിയ ചരടിന്‍റെ കഥ, ഓരോ തലമുറയിലും പുതിയ രൂപത്തില്‍ തുടരുകയാണ്.
