ശിവനാമത്തിന്റെ  അർത്ഥ വൈപുല്യം

ശിവനാമത്തിന്റെ അർത്ഥ വൈപുല്യം

ഭഗവാൻ ശ്രീ കൈലാസനാഥന്റെ ദിവ്യമായ തിരുനാമങ്ങളിൽ ഒന്ന് 'ശിവൻ 'എന്നാണ് വെറും ശിവനല്ല. പ്രത്യുത 'പരമ' യെന്ന വിശേഷണം കൂടി ഉൾക്കൊളളുന്ന ശിവനാമമാണ് ഭഗവാന്റേത്. 'പരമശിവ'നാണ് ശ്രീ മഹാദേവൻ.

ശിവമെന്ന ശബ്ദത്തിന് അനവധി അർത്ഥങ്ങളുണ്ട്. ശിവമുളളവൻ ശിവൻ. ശിവം മംഗളത്തെ കുറിക്കുന്നു. ഇതിലൂടെ ഭഗവാൻ മംഗളസ്വരൂപനും, ലോക മംഗളാർത്ഥം ലോകത്തിന് മംഗളത്തെ പ്രദാനം ചെയ്തുകൊണ്ട് മരുവുന്നവനുമാകയാൽ ഉലകിന്റെ പിതാവായിട്ടാണ് ശ്രീ പരമേശ്വരൻ അറിയപ്പെടുന്നത്. 'ശുദ്ധത്വാത്തു ശിവപ്രോക്തഃ' എന്നാണ് ഭഗവാനെ വിശേഷിപ്പിക്കുന്നത്. യാതൊരു പ്രകാരത്തിലും അഴുക്കോ കളങ്കമോ പുരളാത്ത നിർമ്മലനും പരിശുദ്ധനുമാണ് ശിവഭഗവാനെന്ന് ശിവനാമത്തിലൂടെ വ്യക്തമാകുന്നു.

'ശോഭനത്വാത് ശിവഃ' യെന്ന വിശേഷണത്തിലൂടെ ഭഗവാൻ സ്വയം പ്രകാശിച്ചു കൊണ്ടിരിക്കുന്നവനാണെന്ന് മനസ്സിലാക്കാം. ശിവനാമത്തിന്റെ മാഹാത്മ്യം ഇതിലൂടേയും പ്രകടമാകുന്നു. 'ശാമ്യതീതി ശിവഃ' എന്ന മഹദ് വാക്യത്തിലൂടെ അവിടുന്ന് ശാന്തസ്വരൂപനാണെന്ന് വ്യക്തമാക്കപ്പെടുന്നു. ശിവനാമത്തിന്റെ മഹത്ത്വമാണ് ഇവിടേയും പ്രസ്താവിക്കപ്പെടുന്നത്.

'വഷ്ടീതി ശിവഃ' ശിവൻ സർവ്വ വ്യാപിയായി നിലകൊളളുന്നവനാണെന്ന അർത്ഥത്തിലാണ് ശിവ നാമം പ്രയോഗിക്കപ്പെട്ടിരിക്കുന്നത്.

'ശേതേസ്മിൻ സർവ മിതി ശിവഃ' ഭഗവാൻ സർവ്വത്തിനേയും ഉൾക്കൊളളുന്നവനാകയാൽ ശിവനാണ്. ശിവനാമത്തിന് അർഹനായവനാണ് ശ്രീ പരമേശ്വരനെന്ന് അർത്ഥമാക്കാം. 

'ജഗത് സർവം യസ്മിൻ സഃ ശിവഃ' ആദിമധ്യാന്തങ്ങളില്ലാത്ത പരബ്രഹ്മ മൂർത്തിയാണ് ഭഗവാൻ മഹാദേവൻ. സമസ്ത ലോകങ്ങളും ഏതൊന്നിൽ സ്ഥിതി ചെയ്യുന്നുവോ ആ പരമാത്മാവ് തന്നെയാണ് ശിവശബ്ദത്തിൽ ശിവനാമത്തിൽ അറിയപ്പെടുന്നത്.

'സത്യം ശിവം സുന്ദരം'  അവിടുന്ന് സത്യമാണ്, ശിവമാണ്, സുന്ദരനുമാണ.് അതിനാൽ ശിവനായി അറിയപ്പെടുന്നു.

'ഓം നമഃ ശിവായ' ഈ പഞ്ചാക്ഷരീ മഹാമന്ത്രം ഭഗവാൻ ശ്രീ പരമേശ്വരനെ സംബന്ധിച്ചാണ്. ഓങ്കാരപ്പൊരുളും, ഓങ്കാര മൂർത്തിയും, ഓങ്കാര സ്വരൂപിയും സുന്ദരനുമായ ശിവനെ നമസ്‌കരിക്കുന്നു എന്ന അർത്ഥത്തിൽ ശിവൻ മംഗള സ്വരൂപനും പൂർണ്ണ സ്വരൂപനുമാണ്.