ശ്രീരാമന് അനുഷ്ഠിച്ച നവരാത്രിവ്രതം
നവരാത്രി പ്രധാനമായും ദേവ്യുപാസനയുടെ, ആരാധനയുടെ കാലമാണ്. സര്വ്വകാര്യസിദ്ധിയാണ് നവരാത്രിവ്രതത്തിന്റെ ഫലം. ദേവീഭാഗവതം പറയുന്നത് ഒന്‍പത് രാത്രികളില്‍ ദേവിയെ പൂജിക്കുന്ന വ്രതം ആദ്യമായി അനുഷ്ഠിച്ചത് ശ്രീരാമന് ആണെന്നാണ്. സീതയെ രാവണന് മോഷ്ടിച്ചുകൊണ്ടുപോയതിനെത്തുടര്ന്ന് ശ്രീരാമന് ഈ വ്രതം അനുഷ്ഠിക്കുകയും സീതയെ വീണ്ടെടുക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.
നവരാത്രി പ്രധാനമായും ദേവ്യുപാസനയുടെ, ആരാധനയുടെ കാലമാണ്. സര്വ്വകാര്യസിദ്ധിയാണ് നവരാത്രിവ്രതത്തിന്റെ ഫലം. ദേവീഭാഗവതം പറയുന്നത് ഒന്‍പത് രാത്രികളില്‍ ദേവിയെ പൂജിക്കുന്ന വ്രതം ആദ്യമായി അനുഷ്ഠിച്ചത് ശ്രീരാമന് ആണെന്നാണ്. സീതയെ രാവണന് മോഷ്ടിച്ചുകൊണ്ടുപോയതിനെത്തുടര്ന്ന് ശ്രീരാമന് ഈ വ്രതം അനുഷ്ഠിക്കുകയും സീതയെ വീണ്ടെടുക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.
മറ്റൊരു കഥ നവരാത്രിയുമായി ബന്ധപ്പെട്ടുപറയുന്നത് ദുര്ഗ്ഗമന് എന്ന അസുരനെ നിഗ്രഹിക്കാന്‍ ദേവന്മാര് ദേവിയെ ഭജിക്കുകയും ദേവി ദുര്‍ഗ്ഗാഷ്ടമി ദിവസം ദേവന്മാരുടെ മുമ്പില്‍ പ്രത്യക്ഷയാവുകയും മഹാനവമി ദിവസം ദുര്‍ഗ്ഗമനെ വധിക്കുകയും വിജയദശമി ദിവസം ദേവിയെ ദുര്‍ഗ്ഗയായി ആരാധിച്ച് ദേവന്മാര് വിജയാഘോഷം കൊണ്ടാടപ്പെടുകയും ചെയ്തു എന്നാണ്. അതല്ല, വിജയദശമി ദിവസമാണ് ദുര്‍ഗ്ഗമനെ വധിച്ചതെന്നും പറയുന്നുണ്ട്. ഇക്കാരണത്താല്‍ വിജയദശമിയും നവരാത്രിയും ദേവീ പ്രധാനമായി കൊണ്ടാടപ്പെടുന്ന ദിനങ്ങളാണ്.
അമാവാസി മുതലാണ് നവരാത്രിവ്രതം ആരംഭിക്കേണ്ടത്. പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ നില്ക്കുന്നതിനുവേണ്ടിയാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. ആ ഓര്‍മ്മകളാവട്ടെ പരീക്ഷാ അവസരങ്ങളില്‍ പ്രയോജനപ്പെടുകയും ചെയ്യും.
വ്രതാരംഭം മുതല്‍ പഠിതാക്കള്‍, ഭക്തജനങ്ങള്‍ പുലര്‍ത്തേണ്ട ചില നിഷ്ഠകള്‍ ഉണ്ട്. ഒരു നേരം അരിയാഹാരവും ബാക്കി സമയങ്ങളില്‍ പാകം ചെയ്യാത്ത ഭക്ഷണങ്ങളുമാണ് കഴിക്കേണ്ടത്. പാകം ചെയ്യാത്ത ആഹാരങ്ങള്‍ എന്നുവെച്ചാല്‍ അത് പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളില്‍ തന്നെ ഉള്‍പ്പെടുന്ന ഫലങ്ങളുമാണ്. വിദ്യയ്ക്കുവേണ്ടി പ്രധാനമായും ആരാധിക്കേണ്ടത് സരസ്വതി ദേവിയെയാണ്. രാവിലെ കുളികഴിഞ്ഞ് ക്ഷേത്രദര്‍ശനം നടത്തിയശേഷം വേണം സരസ്വതി ദേവിയെ ജപിക്കേണ്ടത്.
ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിന് ചിലയിടങ്ങളില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ നവനീതം അതായത് അന്നന്ന് കടഞ്ഞെടുക്കുന്ന വെണ്ണ, പൊളിച്ച അടയ്ക്ക എന്നിവ നിശ്ചിത അളവില്‍ ക്ഷേത്രത്തില്‍ കൊടുത്ത് ബാലാമന്ത്രം ജപിച്ച് ഒന്പതുദിവസം സേവിക്കുന്നത് കണ്ടുവരുന്നുണ്ട്. എല്ലാ ദോഷങ്ങളെയും ഇല്ലാതാക്കാന്‍ നവരാത്രിവ്രതം ഏറെ സഹായകമാണ്.
അതിന് വേണ്ടത് ഒന്പതുദിവസവും നവകന്യകാസ്തുതി, നവഗ്രഹസ്തുതി എന്നിവയാണ.് വിദ്യക്ക് തടസ്സമായി നില്ക്കുന്ന എല്ലാത്തിനെയും തട്ടിമാറ്റി ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നവരാത്രി കാലത്തെ ഈ ഭജനം നല്ലതാണ്. അഷ്ടമിദിവസം പൂജവയ്ക്കുകയും ദശമിദിവസം പൂജയെടുക്കുകയും ചെയ്യുന്ന അവസരത്തില്‍ നവരാത്രി വ്രതം അവസാനിപ്പിക്കാം. ദശമി വിജയദിവസമായതിനാല് പൂജയെടുക്കുന്ന സമയത്ത് മണല്‍ വിരിച്ച് അതില്‍ വലതുകൈയിലെ മോതിരവിരലില്‍ നടുവിരല്‍ കയറ്റിവച്ച് ഹരിശ്രീ തുടങ്ങി അക്ഷരമാല മുഴുവന്‍ എഴുതി വിദ്യ ആരംഭിക്കണം.
നവരാത്രി കാലത്ത് വെറും കയ്യോടെ ക്ഷേത്രദര്‍ശനം നടത്തരുത്. വെളുത്ത സുഗന്ധമുള്ള പുഷ്പങ്ങള്‍, ചെമ്പകം, മന്ദാരം, അശോകം, കരവീരം, കൂവളം, തുളസി തുടങ്ങിയ പുഷ്പങ്ങള്‍ നടയില്‍ സമര്‍പ്പിക്കണം.
നവരാത്രി വ്രതാനഷ്ഠാനം തന്നെ നിത്യം, നൈമിത്തികം, കാമ്യം എന്നിങ്ങനെ മൂന്നുതരമുണ്ട്. നിത്യവ്രതം പുണ്യസഞ്ചയനത്തിനും നൈമിത്തികം പാപപരിഹാരത്തിനും കാമ്യവ്രതം ആഗ്രഹസാഫല്യത്തിനും അനുഷ്ഠിക്കുന്നു.
ഈ മൂന്ന് ഫലങ്ങള്‍ക്കും നവരാത്രിവ്രതം നല്ലതാണ്. നവരാത്രിവ്രതം അമാവാസിയില്‍ ആരംഭിക്കുന്നതുകൊണ്ട് പിതൃപ്രീതികരവുമാണ്. പിതൃക്കളുടെയും ഗുരുപരമ്പരകളുടെയും അനുഗ്രഹം ഇതിലൂടെ ലഭിക്കുന്നു. തുടര്‍ന്ന് കുമാരി, ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവി, ദുര്‍ഗ്ഗ, സുഭദ്ര എന്നീ നവകന്യകമാരെ സ്തുതിക്കുന്നതിലൂടെ മുജ്ജന്മ പാപങ്ങള്‍ എല്ലാം തീര്‍ന്ന് ഐശ്വര്യം വന്നുഭവിക്കുന്നു.
നവരാത്രികാലത്ത് പൂജിക്കുന്നത് പ്രധാനമായും ആദിപരാശക്തിയായ ത്രിപുരസുന്ദരിയെയാണ്. ആദിപരാശക്തി ത്രിമൂര്‍ത്തികളാലും മറ്റ് ദേവന്മാരാലും പൂജിക്കപ്പെടുന്നവളാണ്. ഈ ദേവിയുടെ ശക്തി ഉള്‍ക്കൊള്ളാത്തതായി ഒന്നും ലോകത്തില്ല. മറ്റുദേവിമാര് എല്ലാവരും ആദിപരാശക്തിയുടെ അവതാരമാണ്. നവരാത്രി സമയത്ത് ഏതൊക്കെ ദേവിമാരെ പൂജിച്ചാലും അതൊക്കെ ആദിപരാശക്തിയെ പൂജിക്കുന്നതിന് തുല്യമാണ്.
ദേവിയുടെ വിവിധ രൂപങ്ങളും അപദാനങ്ങളും നിറഞ്ഞതാണ് ദേവീമാഹാത്മ്യം. അതുകൊണ്ട് നവരാത്രിവ്രതമെടുത്ത് ഇത് പാരായണം ചെയ്യുന്നത് ഏറെ ഗുണകരമാണ്. ഒരു ദിവസം മുഴുവനായും ഒന്പതുനാള് കൊണ്ട് ഒറ്റപ്രാവശ്യവും സൗകര്യം കണക്കാക്കി ദേവീമാഹാത്മ്യം പാരായണം ചെയ്യാം. ഇത് പൂര്‍ണ്ണമായി പാരായണം ചെയ്യാന്‍ കഴിയില്ലെങ്കില്‍ എല്ലാദിവസവും നാരായണസ്തുതി പതിനൊന്നാം അദ്ധ്യായം പാരായണം ചെയ്യണം. അതിനും കഴിഞ്ഞില്ലെങ്കില്‍ ഏതെങ്കിലും ഗുരുമുഖത്തുനിന്ന് ഉപദേശം വാങ്ങി നവാക്ഷരിമന്ത്രം ഒന്‍പതുതവണ വീതം ജപിക്കണമെന്നാണ് ആചാര്യമതം.
വിദ്യയാണ് ജീവിതവിജയത്തിന് ഏറ്റവും അത്യാവശ്യം. വിജയദശമിദിവസം വിദ്യാരംഭമായത് അതിനാലാണ്. അജ്ഞാനത്തിന്റെ പ്രതീകമാണ് മഹിഷാസുരന്. വിജയദശമി അവനെ വധിച്ച് ദേവി ജ്ഞാനം തെളിയിച്ച ദിവസമാണ്. അന്ന് തുടങ്ങുന്ന എല്ലാ കാര്യങ്ങളും വിജയകരമായിരിക്കുമെന്നാണ് വിശ്വാസം.
നമ്മളില്‍ ഭൂരിഭാഗവും സരസ്വതിദേവി മാത്രമാണ് വിദ്യാദേവതയെന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ സരസ്വതി ദേവിയെ മാത്രമല്ല, വിദ്യക്കുവേണ്ടി വേറെയും ദേവീദേവന്മാരെ ആരാധിക്കാം. താരാദേവി ചാമുണ്ഡാതന്ത്രത്തില് പറയുന്ന ദശമഹാവിദ്യയിലെ വിദ്യാദേവതയാണ്. ദക്ഷിണാമൂര്‍ത്തി ശിവന്റെ അവതാരമായ വിദ്യാദേവനാണ്. ഹയഗ്രീവനാകട്ടെ മഹാവിഷ്ണുവിന്റെ വിദ്യാഭാവമാണ്.
ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതോപാഖ്യാനത്തില്‍ പറയുന്ന ബാലാപരമേശ്വരി വിദ്യാദേവതയാണ്. വിദ്യാഗോപാലന് ശ്രീകൃഷ്ണഭാവത്തിലുള്ള വിദ്യാദേവനാണ്. വിദ്യാലാഭത്തിനുവേണ്ടി ധരിക്കുന്നവയാണ് താരായന്ത്രവും ബാലായന്ത്രവും വിദ്യാരാജഗോപാലയന്ത്രവും സരസ്വതിയന്ത്രവും എല്ലാം. വിദ്യക്കുവേണ്ടി ആരാധിച്ചാല്‍ സരസ്വതിദേവി നല്കുന്ന അതേ ഫലം തന്നെ മറ്റുദേവീദേവന്മാരും നല്കുന്നു.
എന്‍.ടി. സതീഷ്
