ജ്യോതിശ്ശാസ്ത്രത്തില്‍ നിമിത്തത്തിനുള്ള സ്ഥാനം -വാരണം ടി ആര്‍ സിജിശാന്തി
ഒരാള്‍ പ്രശ്നത്തിന് വരികയാണെങ്കില്‍ അവിടെ കാണുന്നതായിട്ടുള്ള നിമിത്തങ്ങളും, അവരില്‍ പ്രതിഫലിക്കുന്നതായ ഈശ്വരാനുഗ്രഹത്താല്‍ കിട്ടുന്ന അപ്പോഴത്തെ സാഹചര്യങ്ങള്‍ പ്രകാരമുള്ള നിമിത്തങ്ങളും ജ്യോതിഷശാസ്ത്രത്തില്‍ വളരെയധികം പ്രാധാന്യമുള്ളതാണ്. ഉദാഹരണത്തിന് പോലീസ് സംബന്ധമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ഒരാളാണ് വരുന്നതെങ്കില്‍, ഇരിക്കുന്ന ജ്യോത്സ്യര്‍ക്ക് ഈശ്വരാനുഗ്രഹം പരിപൂര്‍ണ്ണമായും ഉണ്ടെങ്കില്‍ അതിനു പറ്റുന്നതായ ഒരു നിമിത്തം അവിടെ കാണിച്ചുതരും എന്നാണ് ശാസ്ത്രം.
ദേവസ്വം ബോര്‍ഡിന്‍റേതല്ലാത്ത മിക്കവാറും ക്ഷേത്രങ്ങളില്‍ മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള അഭിമുഖത്തിലെ പ്രധാന ചോദ്യം ജ്യോതിഷം അറിയുമോ എന്നുള്ളതാണ്. എന്താണ് അങ്ങനൊരു ചോദ്യത്തിനുള്ള കാരണം? ക്ഷേത്രപൂജയും ജ്യോതിഷവും തമ്മില്‍ എന്താണ് ബന്ധം?
ഉത്തരം: ശരിയാണ്. ദേവസ്വം ബോര്‍ഡിന്‍റേതല്ലാത്ത പല ക്ഷേത്രങ്ങളിലും മേല്‍ശാന്തിയായി നിയമിക്കപ്പെടുന്നതിനുള്ള പ്രധാന യോഗ്യത ഇന്ന് ജ്യോതിഷത്തിലുള്ള അറിവായി മാറിയിരിക്കുന്നു. അഭിമുഖവേളയില്‍ താന്ത്രികകര്‍മ്മങ്ങളിലുള്ള പരിജ്ഞാനം അളക്കുന്നതോടൊപ്പം ജ്യോതിഷം അറിയുമോ എന്നുകൂടി ചോദിക്കുന്ന രീതി പൊതുവേ നിലനില്‍ക്കുന്നു. ജ്യോതിഷംകൂടി അറിയുമെങ്കില്‍ മാത്രമേ നിയമനം നല്‍കാറുള്ളൂ.
അതിനൊരു കാരണമുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതില്‍ താന്ത്രികശാസ്ത്രത്തിന് ഉള്ളതുപോലെതന്നെ ജ്യോതിഷശാസ്ത്രത്തിനും വലിയ പങ്കുണ്ട്. അക്കാര്യത്തില്‍ ജാതകം എന്ന വിഷയത്തിലാണ് ഇന്ന് കൂടുതല്‍ പ്രാധാന്യം കണ്ടുവരുന്നത്.
ഒരു കുഞ്ഞ് പിറന്നാലുടനെതന്നെ ഇരുപത്തിയെട്ടിനോടോ നൂലുകെട്ടിനോടോ അനുബന്ധിച്ച് കുട്ടിയുടെ ഭാവിയിലേക്ക് ഉതകുന്ന രീതിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാന്‍ ജാതകം എഴുതിക്കുക എന്നുള്ളത് ഇന്നിപ്പോള്‍ മിക്കവാറും എല്ലാ രക്ഷകര്‍ത്താക്കളുടേയും താല്‍പ്പര്യമായി മാറിയിരിക്കുന്നു. ജാതകം വായിച്ച്, അതിലെ വിവരങ്ങള്‍ അറിഞ്ഞുകൊണ്ട്, കാലാകാലങ്ങളില്‍ വരുന്ന ഗുണവും ദോഷവും ചിന്തിച്ച്, ദോഷങ്ങള്‍ക്ക് വേണ്ടതായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും അതുവഴി, വന്നുഭവിക്കാവുന്നതായ ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നു എന്നുള്ളതാണ് പൊതുവേ കണ്ടുവരുന്ന ഒരു രീതി.
അതുപോലെതന്നെ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്നതായ, അല്ലെങ്കില്‍ തങ്ങള്‍ക്ക്, അജ്ഞാതമായിട്ടുള്ള ദോഷവിഷയങ്ങളെ വിശകലനം ചെയ്യുന്നതിനും അത് എപ്രകാരം പരിഹരിക്കാം എന്ന് ചിന്തിക്കുന്നതിനും വേണ്ടി ജ്യോത്സ്യന്‍മാരെ സമീപിക്കുന്നവരുണ്ട്. അതിന് ജ്യോത്സ്യന്മാര്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് കവിടി എന്നുപറയുന്ന പ്രശ്നത്തിനാണ്.
അതായത് അശ്വതി ആദിയായിട്ടുള്ള 27 നക്ഷത്രങ്ങളെ, ഒരു നക്ഷത്രത്തിന് നാല് പാദം എന്ന കണക്കില്‍ 27 ത 4= 108 കുട്ടികളെക്കൊണ്ട് ഗണിക്കും. നവഗ്രഹങ്ങളുടേയും സപ്തര്‍ഷികളുടെയും മറ്റ് ഇഷ്ടദേവതകളുടെയും സാന്നിധ്യത്തില്‍ ചെയ്യുന്ന കവിടി പ്രശ്നത്തിങ്കല്‍ തെളിയുന്ന രാശി പ്രധാനമായിട്ടു ചെയ്യുന്ന പ്രശ്നത്തിലൂടെ അവരുടെ കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചു പറയും. ഒപ്പം, ഇപ്പോള്‍ അനുഭവിക്കുന്നതായ അവസ്ഥകളെക്കുറിച്ചുള്ള ഒരു രാശിചിന്തനവും നടത്തി അവര്‍ക്ക് യുക്തങ്ങളായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കും.
ഇതില്‍ ഒരു വിഭാഗക്കാര്‍ ഇങ്ങനെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ട് അതിലൂടെ സാമ്പത്തിക ലാഭം കാണുന്നവരാണ്. എന്നാല്‍ ക്ഷേത്രശാന്തിക്കാരനോ അതിനോടനുബന്ധിച്ചുള്ള വ്യക്തിയോ ആണ് ഇപ്രകാരം കവിടി ഗണിച്ച് പരിഹാരം പറയുന്നതെങ്കില്‍ വ്യക്തിപരമായ ലാഭം നോക്കാതെ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള പൂജാവഴിപാട് കര്‍മ്മങ്ങളിലൂടെ പ്രശ്നങ്ങള്‍ എപ്രകാരം പരിഹരിക്കാം എന്നായിരിക്കും ചിന്തിക്കുക. അതുതന്നെയുമല്ല, നാളെ വീണ്ടും ആ വ്യക്തികളെ അഭിമുഖീകരിക്കണം എന്നുള്ളതുകൊണ്ട് ആത്മാര്‍ത്ഥതയോടുകൂടി തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ജോത്സ്യന്മാരായ മേല്‍ശാന്തിമാര്‍ പ്രത്യേകം ശ്രദ്ധിക്കും.
ജ്യോത്സ്യത്തില്‍ നിമിത്തത്തിനുള്ള സ്ഥാനം എന്താണ്?
പ്രശ്നസ്ഥാനത്ത് കണ്ടീടും നിമിത്തവും, കാണുന്നതും കേള്‍ക്കുന്നതും സൃഷ്ടാവിന്‍ ഫലമാണ്, അതൊക്കെയെന്നറിഞ്ഞ് ചിന്തനം ചെയ്യണം എന്നാണ് ഗുരുനാഥന്മാര്‍ പറഞ്ഞിട്ടുള്ളത്.
ഒരാള്‍ പ്രശ്നത്തിന് വരികയാണെങ്കില്‍ അവിടെ കാണുന്നതായിട്ടുള്ള നിമിത്തങ്ങളും, അവരില്‍ പ്രതിഫലിക്കുന്നതായ ഈശ്വരാനുഗ്രഹത്താല്‍ കിട്ടുന്ന അപ്പോഴത്തെ സാഹചര്യങ്ങള്‍ പ്രകാരമുള്ള നിമിത്തങ്ങളും ജ്യോതിഷശാസ്ത്രത്തില്‍ വളരെയധികം പ്രാധാന്യമുള്ളതാണ്. ഉദാഹരണത്തിന് പോലീസ് സംബന്ധമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ഒരാളാണ് വരുന്നതെങ്കില്‍, ഇരിക്കുന്ന ജ്യോത്സ്യര്‍ക്ക് ഈശ്വരാനുഗ്രഹം പരിപൂര്‍ണ്ണമായും ഉണ്ടെങ്കില്‍ അതിനു പറ്റുന്നതായ ഒരു നിമിത്തം അവിടെ കാണിച്ചുതരും എന്നാണ് ശാസ്ത്രം.
ഇപ്പോഴത്തെ കാലത്തുപറഞ്ഞാല്‍ ഈ പോലീസുകാരന്‍റെ ഫോണ്‍ കോളെങ്കിലും വന്നുകഴിഞ്ഞാല്‍ അതിലൂടെ ആ ജ്യോതിശാസ്ത്രകാരന് ചിന്തിക്കുവാന്‍ കഴിയും, ഇയാള്‍ വന്നിരിക്കുന്നത് പോലീസ് സംബന്ധമായ കാര്യത്തിനായിരിക്കും എന്ന്. പ്രശ്നത്തിന് പുറപ്പെടുമ്പോഴും മാര്‍ഗ്ഗത്തിലെത്തുമ്പോഴും പ്രശ്നസ്ഥാനത്തെത്തീടും സമയത്തും കാണുന്നതും കേള്‍ക്കുന്നതും പ്രശ്നാവിന്‍ ഫലമാണ്. പുറത്തേക്കാണ് പ്രശ്നത്തിന് പോകുന്നതെങ്കില്‍ പ്രശ്നത്തിന് പുറപ്പെട്ടതിന്‍റെ യാത്രാമദ്ധ്യേ ഉണ്ടാകുന്ന അവസ്ഥകളും പ്രശ്നസ്ഥാനത്തുവരുന്ന നിമിത്തങ്ങളുമൊക്കെ പ്രശ്നാവിന്‍റെ ഫലമാണെന്നറിഞ്ഞുകൊണ്ട് അതിനെ കൈകാര്യം ചെയ്യണമെന്നാണ് പൂര്‍വ്വികര്‍ പറയുന്നത്. പിന്നെ ദീപലക്ഷണമുണ്ട്.
അതെന്തായാലും ജ്യോത്സ്യനും ശാന്തിയും തമ്മില്‍ തീര്‍ച്ചയായും വളരെ വലിയ ബന്ധമാണുള്ളത്. ഒരു ജ്യോതിശ്ശാസ്ത്രകാരന്‍ നല്ലൊരു താന്ത്രിക പഠിതാവുകൂടിയായിരിക്കണം. ഒരു താന്ത്രികന്‍ നല്ലൊരു ജ്യോതിഷകാരനും ആകണം. കാരണം രണ്ടും ഒന്നായി പോകേണ്ടതാണ്. ഒരു ജ്യോതിഷശാസ്ത്രകാരന് നല്ലൊരു പരിഹാരം നിര്‍ദ്ദേശിക്കണമെങ്കില്‍ ആ പരിസരത്തെക്കുറിച്ച് വ്യക്തമായ പരിജ്ഞാനം വേണം. ഒരു മഹാസുദര്‍ശനഹോമം നടത്തേണ്ടതിന് പകരം ശിവന്‍റെ സഹസ്രനാമം കഴിക്കാന്‍ ഒരിക്കലും പറയാന്‍ പറ്റില്ല. വിഷ്ണു സഹസ്രനാമമാണ് അവിടെ ചൊല്ലേണ്ടത് എന്നുപറയണമെങ്കില്‍ ആ താന്ത്രികകര്‍മ്മങ്ങളെക്കുറിച്ചൊരു പരിജ്ഞാനം ജ്യോതിഷികള്‍ക്ക് വേണം.
അതുപോലെ ഇവിടെ ഇന്നയിന്ന ദോഷങ്ങള്‍ കാണുവാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി, അതിന് ജ്യോതിഷശാസ്ത്രകാരനെ സമീപിക്കുവാനുള്ള നിര്‍ദ്ദേശം കൊടുക്കുവാനും, അതിനോടനുബന്ധിയായി അതിന് പരിഹാരം നിര്‍ദ്ദേശിക്കുവാനുള്ള ഒരു കഴിവ് തന്ത്രശാസ്ത്രകാരനായ തന്ത്രിക്കോ മേല്‍ശാന്തിക്കോ ഉണ്ടായിരിക്കണം. അതുകൊണ്ടാണ് രണ്ടും യോജിപ്പിച്ചുകൊണ്ടുപോകുന്നതില്‍ തെറ്റില്ല എന്നുപറയുവാന്‍
കാരണം.
താങ്കള്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ക്ഷേത്രത്തില്‍ ഈ രീതിയിലുള്ള ഒരു മാറ്റം പ്രകടമാണോ?
തീര്‍ച്ചയായും. ശാന്തിക്കാരന്‍ എന്നതിനൊപ്പം ഒരു ജ്യോതിശ്ശാസ്ത്രകാരന്‍ കൂടിയാണ് ഞാന്‍. അതിനുള്ള എല്ലാ സൗകര്യങ്ങളും ഞാന്‍ ജോലി ചെയ്യുന്ന ക്ഷേത്രത്തില്‍ കിട്ടാറുണ്ട്. അതുകൊണ്ടുതന്നെ അതിന്‍റേതായ നേട്ടം ക്ഷേത്രത്തിന് ലഭിക്കുന്നു. എന്നുകരുതി ക്ഷേത്രത്തിന് വരുമാനം കൂട്ടുവാന്‍ വേണ്ടി ആവശ്യമില്ലാത്ത പൂജകള്‍ നടത്തണമെന്നും, വഴിപാടുകള്‍ കഴിക്കണമെന്നും ഞാന്‍ ആരോടും പറയാറില്ല. കാരണം ജ്യോതിഷശാസ്ത്രം ദൈവികമായ ഒരനുഗ്രഹമാണ്. അതൊരിക്കലും കേവലമായ ധനസമ്പാദനത്തിന് വേണ്ടി മാത്രമുള്ള ഒരുപാധിയാക്കി മാറ്റരുതെന്നാണ് ഗുരുക്കന്മാര്‍ പറഞ്ഞിട്ടുള്ളത്.
ഒരു ജ്യോതിഷശാസ്ത്രകാരന്‍ ദിവസവും പ്രഭാതത്തില്‍ തന്‍റെ നിത്യാനുഷ്ഠാനങ്ങള്‍ക്കുശേഷം സ്വസ്ഥാന്തരാന്‍മാവായിരുന്ന് ജ്യോതിശ്ശാസ്ത്രത്തെ പഠനം ചെയ്ത്, പഞ്ചാംഗത്തെ ഗണിച്ച് ഒരു സ്ഥലത്തിരുന്നാല്‍ ഗുരുക്കന്മാരുടെ അനുഗ്രഹം എന്നുപറയുന്ന പ്രധാനഘടകം ഹേതുവായിക്കൊണ്ടും, ഉപാസനാ മൂര്‍ത്തികളുടെ ബലം കൊണ്ടും അദ്ദേഹത്തെ തിരക്കി ആവശ്യക്കാര്‍ വരികയും അവരുടെ കാര്യങ്ങള്‍ക്ക് ഈശ്വരാനുഗ്രഹത്താല്‍ ഭംഗിയായുള്ള ഫലപ്രവചനം നടത്തുവാനും ജ്യോതിശ്ശാസ്ത്രം കൊണ്ട് നൂറുശതമാനവും സാധിക്കുമെന്നാണ് ഗുരുക്കന്മാര്‍ പറഞ്ഞിട്ടുള്ളതും എന്‍റെ തന്നെ അനുഭവവും. അവിടെ സമ്പത്തിനേക്കാള്‍ വലിയ മറ്റ് ചിലത് ജ്യോതിശ്ശാസ്ത്രകാരന് ലഭിക്കുകയും ചെയ്യുന്നു.
വാരണം ടി.ആര്‍. സിജിശാന്തി
(9447715671)
തയ്യാറാക്കിയത്: പി. ജയചന്ദ്രന്‍
