ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള സ്ഥാനം
ആരാണ് ദ്വാരപാലകര്‍. ക്ഷേത്രത്തില്‍ അവര്‍ക്കുള്ള പ്രാധാന്യം എന്താണ്? ഒരു ക്ഷേത്രത്തില്‍ ദേവനോ ദേവിയോ എന്തുമായിക്കൊള്ളട്ടെ പ്രതിഷ്ഠ. ആ ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ കവാടത്തില്‍ അല്ലെങ്കില്‍ വാതിലിനിരുവശത്തും ആയുധധാരികളായി നില്ക്കുന്ന ആ ദേവന്റെയോ ദേവിയുടെയോ കാവല്‍ക്കാരാണ് ദ്വാരപാലകര്‍.
ഓരോ തവണ ശ്രീകോവിലിനകത്ത് പ്രവേശിക്കുമ്പോഴും തന്ത്രി അല്ലെങ്കില്‍ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീകോവിലിന് മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു. താന്‍ അകത്തേയ്ക്ക് പ്രവേശിക്കുവാന്‍ ദ്വാരപാലകര്‍ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദസൂചികയാണ് മണിനാദം. അതിനുശേഷം മാത്രമെ ശ്രീകോവിലിനകത്തുള്ള മൂലവിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്‍ഭഗൃഹത്തിലേയ്ക്ക് പ്രവേശനം പാടുള്ളൂ.
ദിവസവും നടതുറക്കുന്നതിന് മുമ്പ് പൂജാരി ശ്രീകോവിനുമുമ്പിലുള്ള ദ്വാരപാലകരെ സാഷ്ടാംഗം നമസ്ക്കരിക്കുന്നു. അതിനുശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേയ്ക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദികര്മ്മങ്ങളിലേയ്ക്ക് കടക്കുകയും ചെയ്യുന്നു. ക്ഷേത്രതാന്ത്രിക വിധിപ്രകാരം ദ്വാരപാലകരേയും അവര്‍ക്കുള്ള പ്രാധാന്യത്തേയും കുറിച്ച് ഇപ്രകാരമാണ് പറയുന്നത്.
ശ്രീകൃഷ്ണന്
ഭഗവാന് നാരായണന് (ശ്രീകൃഷ്ണന്) ദ്വാരപാലകര്‍ 10 ആണ്. യഥാക്രമം ഇവര്‍ ഇപ്രകാരമാണ്.
ശ്രീകോവിലിന് മുന്നിലിരുവശത്തും. വലതുവശത്ത് ചണ്ടന്‍ ഇടതുവശത്ത് പ്രചണ്ടന് എന്നീ പേരുള്ള ദ്വാരപാലകന്മാരും, പിന്നീട് ശ്രീകോവിലില്‍ നിന്നും ആദ്യത്തെ കവാടത്തില്‍ വലതുവശത്ത് ശംഖോടനും ഇടതുവശത്ത് ചക്രോടനും അവിടെ നിന്നും രണ്ടാമത് കവാടത്തില്‍ ഇരുവശത്ത്- ജയന് ഇടതുവശത്തും വിജയന് വലതുവശത്തും അവിടെ നിന്നും അടുത്ത കവാടത്തില്‍ ഭദ്രയന് ഇടതുവശത്തും സുഭദ്രയന് വലതുവശത്തും. പിന്നീടുള്ള നാലാമത്തെ കവാടത്തില്‍(ചുറ്റമ്പലത്തിനിരുവശത്തും) ഇടതു ദാത്രിയെന്നും വലതു വിദാത്രിയെന്നും പേരുള്ള ദ്വാരപാലകര്‍.
മഹാദേവന്
ശ്രീമഹാദേവന് ദ്വാരപാലകര്‍ രണ്ടുപേരാണുള്ളത്. വിമലന് ഇടതുവശത്തും
സുബാഹു വലതുവശത്തും ദ്വാരപാലകന്മാരായി നില്ക്കുന്നു.
ദേവി
ദേവിക്ക്(ശ്രീ പരമേശ്വരിയോ ശ്രീ ലളിതാംബികയോ) ശംഖനിധി ഇടതുവശത്തും പത്മനിധി വലതുവശത്തും.
സുബ്രഹ്മണ്യന്
സുബ്രഹ്മണ്യസ്വാമിക്ക് നാലുപേരാണ് ദ്വാരപാലകര്‍. ശ്രീകോവിലിനിരുവശത്തും ജയവിജയന്മാര് ഇടതുവലതുവശത്ത് ദ്വാരപാലകരായും പ്രവേശനകവാടത്തില്‍ ഇടതുവലതുവശത്തായി സുദേഹന്‍, സുമുഹന്‍ എന്നീ ദ്വാരപാലകന്മാരുമാണ് നിലകൊള്ളുന്നത്.
വിഘ്നേശ്വരന്
വികടന് ഇടതുവശത്തും ഭീമന് വലതുവശത്തും എന്നീ 2 ദ്വാരപാലകര്‍.
അയ്യപ്പന്
ശ്രീഭൂതനാഥന് ശബരിഗിരീശന് അയ്യപ്പനും ദ്വാരപാലകര്‍ രണ്ടുണ്ട്. കൊച്ചുകടുത്ത സ്വാമി ഇടതും വലിയ കടുത്തസ്വാമി വലതുവശത്തുമായി പൊന്നമ്പലനട കാത്തുസൂക്ഷിച്ചുകൊണ്ട് നിലകൊള്ളുന്നു.
ബാബുരാജ് പൊറത്തിശ്ശേരി
9846025010
