ഫലപ്രവചനത്തിന്‍റെ ശാസ്ത്രീയത
'പല ജ്യോത്സ്യന്മാരെ കണ്ടു. പല പല പരിഹാരങ്ങളും ചെയ്തു. പക്ഷേ യാതൊരു പരിഹാരവുമില്ല. കഷ്ടകാലം കഷ്ടകാലമായി തുടരുകയുമാണ്. പലരും പറഞ്ഞുകേള്‍ക്കുന്ന പരിഭവമാണിത്. എന്താണിപ്രകാരം സംഭവിക്കാന്‍ കാരണം? ജ്യോതിഷശാസ്ത്രത്തിന്‍റെ പിഴവാണോ?, ജ്യോത്സ്യന്മാരുടെ പിഴവാണോ?
'പല ജ്യോത്സ്യന്മാരെ കണ്ടു. പല പല പരിഹാരങ്ങളും ചെയ്തു. പക്ഷേ യാതൊരു പരിഹാരവുമില്ല. കഷ്ടകാലം കഷ്ടകാലമായി തുടരുകയുമാണ്. പലരും പറഞ്ഞുകേള്‍ക്കുന്ന പരിഭവമാണിത്. എന്താണിപ്രകാരം സംഭവിക്കാന്‍ കാരണം? ജ്യോതിഷശാസ്ത്രത്തിന്‍റെ പിഴവാണോ?, ജ്യോത്സ്യന്മാരുടെ പിഴവാണോ? ഇത്തരം പല പല ചോദ്യങ്ങള്‍ ഉയരുന്നത് സ്വാഭാവികം തന്നെയാണ്. ഒരു വ്യക്തിയുടെ കാലദോഷസ്ഥിതി തിരിച്ചറിയാന്‍ ജ്യോതിഷന്‍ തിരഞ്ഞെടുക്കുന്ന രീതിയാണ് ഫലപ്രവചനത്തിന്‍റെ ശാസ്ത്രീയത. വ്യക്തമായ പാതയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ കൃത്യമായ ഫലപ്രവചനം സാധ്യമാവുകയുള്ളൂ. ശാസ്ത്രത്തിന്‍റെ പല പാതകളിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ വ്യക്തമായ പ്രവചനത്തില്‍ എത്തിച്ചേരാനാവുകയുള്ളൂ എന്നതാണ് വാസ്തവം.
ഒരു വ്യക്തി തന്‍റെ കാലദോഷം തിരിച്ചറിയാനായി സമീപിക്കുമ്പോള്‍, ലക്ഷ്ണശാസ്ത്രപ്രകാരം അദ്ദേഹം വന്ന സമയം, ശരീരഭാഷ, ആദ്യം പറഞ്ഞ അക്ഷരം, ഇരിക്കുന്ന ദിക്ക് എന്നിവയെല്ലാം ശ്രദ്ധിക്കണം. ഫലപ്രവചനത്തില്‍ ഈ ലക്ഷണങ്ങള്‍ പലതും സഹായകമായി തീരുന്ന വസ്തുതയാണ്. ഇനി ഫലപ്രവചനരീതി എപ്രകാരമായിരിക്കണം എന്ന് വിശദീകരിക്കാം. ചാരവശാല്‍, ജാതകവശാല്‍, പ്രശ്നവശാല്‍ എന്നിങ്ങനെ മൂന്നുവിധത്തില്‍ ഒരു വ്യക്തിയുടെ പ്രശ്നചിന്ത ആവശ്യമായി വരും.
ചാരവശാല്‍
പ്രശ്നചിന്തയ്ക്കായി ഒരു വ്യക്തി സമീപിക്കുമ്പോള്‍ ആ വ്യക്തിയുടെ ചാരവശാലുള്ള ഗ്രഹസ്ഥിതി ആദ്യമായി പരിശോധിക്കും. ഓരോ നാളുകാര്‍ക്കും, നാളിന്‍റെ കൂറ് അനുസരിച്ചിട്ട് ഇപ്പോഴുള്ള ഗ്രഹസ്ഥിതിയാണ് ചാരവശാലുള്ള ഗ്രഹനില. ചാരവശാലുള്ള ഗ്രഹനില ഒരേ നാളില്‍ കൂറില്‍ ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കും. ഇതില്‍ വ്യാഴത്തിന്‍റെ സ്ഥിതി മുഖ്യമായും പരിഗണിക്കും. അനുബന്ധമായി ആദിത്യന്‍റേയും ചൊവ്വയുടേയും ഗുണദോഷങ്ങള്‍ തിരിച്ചറിഞ്ഞ് താല്‍ക്കാലിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനാവും. എന്നാല്‍ സ്ഥായിയായ ദോഷങ്ങളെ തിരിച്ചറിഞ്ഞ് പരിഹാരം പറയുവാന്‍ ജാതകപരിശോധനതന്നെ വേണം.
ജാതകപരിശോധന
അടുത്ത ഫലപ്രവചനം ജാതകത്തെ, അഥവാ ജനനസമയത്തെ ആസ്പദമാക്കിയുള്ളതാണ്. ജനനശിഷ്ടദശ ആസ്പദമാക്കി നിലവിലുള്ള ദശയും അപരിഹാരവും ഏതെന്ന് തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള ഗുണദോഷ ഫലവിചിന്തനം നടത്തണം. ഭാവഭാവാധിപ ആശ്രയ രാശിഫലങ്ങളും ഈ സന്ദര്‍ഭത്തില്‍ പരിഗണിക്കുന്നതാണ്. ശുഭഗ്രഹങ്ങളുടെ ദശാകാലം പൊതുവേ ഗുണകരവും, പാപഗ്രഹങ്ങളുടെ ദശാകാലം പൊതുവേ ദോഷകരവുമാണെന്ന് പറയാറുണ്ട്. എങ്കിലും ഇതില്‍ മാറ്റമുണ്ടാവും.
പാപന്മാരില്‍ വെച്ച് പാപനായ ശനി ചിലപ്പോള്‍, ശുഭന്മാരില്‍ ശുഭനായ വ്യാഴത്തേക്കാള്‍ ഗുണകാരിയായി തീരാറുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, സന്താനം, ഭൂമി, വാഹനാദികള്‍, സ്ഥാനമാനങ്ങള്‍ മുതലായവയെല്ലാം തന്നെ ജാതകത്തില്‍ നിന്നും തിരിച്ചറിയാനാവും. അപക്വവും അന്യമതബന്ധവും അനവസരത്തിലുള്ളതും, സ്വയംകൃതവുമായി വിവാഹബന്ധ ലക്ഷണങ്ങള്‍ ജാതകപരിശോധനയിലൂടെ തിരിച്ചറിയാനാവും. മക്കളുടെ ജാതകം മുന്‍കൂട്ടി പരിശോധിച്ചാല്‍ ഭാവിയെ നഷ്ടപ്പെടുത്തുന്ന പല കൂട്ടുകെട്ടുകളില്‍ നിന്നും മക്കളെ പിന്തിരിപ്പിക്കാനും നേര്‍വഴിക്ക് നടത്താനും സാധിക്കും.
ജീവിതത്തിലെ വിലപ്പെട്ട സമയങ്ങള്‍, ഗുണാനുഭവങ്ങള്‍ യാതൊന്നുമില്ലാതെ നഷ്ടമാക്കി കളയുന്ന കാളസര്‍പ്പയോഗം ജാതകപരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാനാവൂ. മറ്റ് പല പല യോഗങ്ങളും യോഗഭംഗങ്ങളും തിരിച്ചറിയാന്‍ ജാതകപരിശോധന അനിവാര്യമാണ്.
ജാതകവശാല്‍ തിരിച്ചറിയുന്ന ദോഷങ്ങള്‍ക്ക് രാശിനോക്കി വേണം പരിഹാരം നിശ്ചയിക്കേണ്ടത്. അതിനാല്‍ ഒരു വ്യക്തിയുടെ കാലദോഷനിവൃത്തിക്ക് കവടി പ്രശ്നം കൂടി നടത്തേണ്ടതുണ്ട്. രാശിപ്രശ്നത്തിലാണ് ആദ്യം പറഞ്ഞ നിമിത്ത ലക്ഷണങ്ങള്‍ പരിഹാരകര്‍മ്മങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശിയായി മാറുന്നത്. നിമിത്ത ലക്ഷണം, താംബൂല ലക്ഷണം എന്നിവയെല്ലാം കാലദോഷ നിവൃത്തിയില്‍ തിരിച്ചറിയാന്‍ ഏറെ പ്രയോജനകരമാണ്.
ജ്യോത്സ്യന്‍റെ മുന്നില്‍ വരുന്ന വ്യക്തിയുടെ കാലദോഷനിര്‍ണ്ണയങ്ങള്‍ പരിപൂര്‍ണ്ണമാകുവാന്‍ മൂന്ന് പടവുകളിലൂടെ പ്രശ്നചിന്തകള്‍ സഞ്ചരിക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെ പൂര്‍ണ്ണപരിശോധനകൂടാതെ പറയുന്ന വസ്തുതകളാണ് ഗുണകരമല്ലാതെ ആയിത്തീരുന്നത്. ശാസ്ത്രബോധവും, ശാസ്ത്രജ്ഞാനവും ഇല്ലാത്തവര്‍ പറയുന്ന പ്രവചനങ്ങള്‍ വെറും ജലരേഖ മാത്രമാണ്. പലരുടെ അഭിപ്രായങ്ങള്‍ കേട്ടതിനുശേഷമേ ഒരു ജ്യോത്സ്യനെ കാണാന്‍ പുറപ്പെടാവൂ. നെയിം ബോര്‍ഡോ, സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങളോ, ആരേയും ജ്യോത്സ്യന്മാരാക്കി മാറ്റില്ല. ശാസ്ത്രജ്ഞാനം മാത്രമാണ് ഒരാളെ പൂര്‍ണ്ണജ്യോത്സ്യനാക്കി മാറ്റുന്നത്.
എന്‍. ദാമോദരന്‍ നമ്പൂതിരി MA, B.Ed
(9447105901)
