ഗുരുവായൂരിലെ തന്ത്രിക്ക് ഗുരുവായൂരപ്പന്‍റെ പിതൃസ്ഥാനമാണുള്ളത്...  -ബ്രഹ്മശ്രീ ഡോ: ചേന്നാസ് ദിനേശന്‍ നമ്പൂതിരി (ഗുരുവായൂര്‍ തന്ത്രി)

ഗുരുവായൂരിലെ തന്ത്രിക്ക് ഗുരുവായൂരപ്പന്‍റെ പിതൃസ്ഥാനമാണുള്ളത്... -ബ്രഹ്മശ്രീ ഡോ: ചേന്നാസ് ദിനേശന്‍ നമ്പൂതിരി (ഗുരുവായൂര്‍ തന്ത്രി)

HIGHLIGHTS

 തന്ത്രി എന്ന വാക്കിന്‍റെ സ്ഥായീരൂപം തേടി ഇപ്പോഴത്തെ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്‍റെ അടുത്തെത്തിയത്. അദ്ദേഹം തന്ത്രി എന്ന വാക്കിനുള്ള വിശദീകരണത്തിനൊപ്പം വരുംകാലങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വരുത്തേണ്ട ചില നവോത്ഥാനത്തെപ്പറ്റിയും മനസ്സുതുറക്കുകയുണ്ടായി. വളരെ ദീര്‍ഘവീക്ഷണമുള്ള തന്‍റെ കാഴ്ചപ്പാട് ഭക്തജനസമക്ഷം സമര്‍പ്പിക്കാന്‍ അദ്ദേഹം തയാറാവുകയും ചെയ്തു. കൂടാതെ ഒരു ദിവസം ഗുരുവായൂര്‍ ക്ഷേത്രനട തുറക്കുമ്പോള്‍ മുതല്‍ അത്താഴപൂജയും ശീവേലിയും കഴിഞ്ഞ് നട അടയ്ക്കുന്നതു വരെയുള്ള പൂജാകര്‍മ്മങ്ങളെപ്പറ്റിയും നേദിക്കുന്ന നിവേദ്യങ്ങളെപ്പറ്റിയും ആ ദിവസത്തെ വരവു ചെലവുകണക്കുവരെ ഭഗവാനു മുന്നില്‍ സമര്‍പ്പിക്കേണ്ട ദിനചര്യകളെപ്പറ്റിയുമുള്ള അറിവുകള്‍ പകര്‍ന്നു.

ല അറിവുകളും അങ്ങനെയാണ്. അത് ചിലപ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. ഓരോ കാല സംക്രമണത്തിലും ഓരോ അറിവുകള്‍ നമ്മിലേക്ക് സന്നിവേശിക്കുന്നുണ്ടാകും. അത്തരം അറിവുകള്‍ ചിലപ്പോള്‍ നമുക്ക് അജ്ഞാതമായേക്കും. ആ അജ്ഞാതമായ ഒരു അറിവ് തേടിയുള്ള യാത്രയാണിത്. ഇത് ചിലപ്പോള്‍ നമുക്കെല്ലാം അറിവും വെളിച്ചവും പകരുന്നതാകും.

'തന്ത്രി'  ആ വാക്ക് നമുക്ക് സുപരിചിതമാണ്. പക്ഷേ  ആ വാക്ക് എങ്ങനെയാണ് രൂപാന്തരപ്പെട്ടത്? എന്താണ് ആ വാക്കിന്‍റെ നിര്‍വചനം?  ഇതൊന്നും നമ്മില്‍ പലര്‍ക്കും അറിയില്ല.  അഥവാ അറിയാവുന്നവരാകട്ടെ അതിനെഅവഗണിക്കുക കൂടി ചെയ്യുന്നു. ആ സാഹചര്യത്തിലാണ് തന്ത്രി എന്ന വാക്കിന്‍റെ സ്ഥായീരൂപം തേടി ഇപ്പോഴത്തെ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്‍റെ അടുത്തെത്തിയത്.

അദ്ദേഹം തന്ത്രി എന്ന വാക്കിനുള്ള വിശദീകരണത്തിനൊപ്പം വരുംകാലങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വരുത്തേണ്ട ചില നവോത്ഥാനത്തെപ്പറ്റിയും മനസ്സുതുറക്കുകയുണ്ടായി. വളരെ ദീര്‍ഘവീക്ഷണമുള്ള തന്‍റെ കാഴ്ചപ്പാട് ഭക്തജനസമക്ഷം സമര്‍പ്പിക്കാന്‍ അദ്ദേഹം തയാറാവുകയും ചെയ്തു. കൂടാതെ ഒരു ദിവസം ഗുരുവായൂര്‍ ക്ഷേത്രനട തുറക്കുമ്പോള്‍ മുതല്‍ അത്താഴപൂജയും ശീവേലിയും കഴിഞ്ഞ് നട അടയ്ക്കുന്നതു വരെയുള്ള പൂജാകര്‍മ്മങ്ങളെപ്പറ്റിയും നേദിക്കുന്ന നിവേദ്യങ്ങളെപ്പറ്റിയും ആ ദിവസത്തെ വരവു ചെലവുകണക്കുവരെ ഭഗവാനു മുന്നില്‍ സമര്‍പ്പിക്കേണ്ട ദിനചര്യകളെപ്പറ്റിയുമുള്ള അറിവുകള്‍ പകര്‍ന്നു.

ആദ്യം തന്ത്രിയില്‍ നിന്നു തുടങ്ങാം. തന്ത്രി എന്നാല്‍ തന്ത്രപരമായി കുതന്ത്രങ്ങളിലൂടെ ദേവപ്രീതി സമ്പാദിക്കുന്ന ആളല്ല. അത് ഒരു നിയോഗമാണ്. യോഗാവസ്ഥയിലൂടെ സ്ഫുടം ചെയ്ത് പുറത്തുവരുന്ന ഒരു യോഗിവര്യന്‍. ആ അവസ്ഥാന്തരത്തെയാണ് തന്ത്രി എന്നു പറയുന്നത്. ആരാധനയിലൂടെയും താന്ത്രിക കര്‍മ്മങ്ങളിലൂടെയും മന്ത്രോച്ചാരണങ്ങളിലൂടെയും നൈപുണ്യം ലഭിച്ച വിശാലമനസ്ക്കനായ ഒരു യോഗി... അതാണ് തന്ത്രി എന്ന വാക്കിന്‍റെ പൂര്‍ണരൂപം.

യോഗമാര്‍ഗങ്ങളിലൂടെയും മന്ത്രോച്ചാരണങ്ങളിലൂടെയും ധ്യാനനിര്‍ഭരമായ സമര്‍പ്പണത്തിലൂടെയും ഭഗവാനെ ജീവസ്സുറ്റ ചൈതന്യമാക്കി മാറ്റുന്നത് മറ്റാരുമല്ല. ഗുരുവായൂരപ്പന്‍റെ കൃപാകടാക്ഷത്താലും അനുഗ്രഹാശീര്‍വാദത്താലും സകലസിദ്ധിയും നേടിയ  താന്ത്രികകര്‍മ്മങ്ങള്‍ സ്വായത്തമാക്കിയ ദൈവജ്ഞന്‍ തന്നെയാണ് തന്ത്രി.

അഃ് മറ്റാര്‍ക്കും ലഭിക്കുന്ന ഒരു ഭാഗ്യവും സുകൃതവുമല്ല. ഭഗവത്കടാക്ഷം പൂര്‍ണമായി ലഭിച്ച് ഭഗവാനെമാത്രം ധ്യാനിച്ചും പൂജിച്ചും ആരാധിച്ചും ഭഗവാന്‍റെ പ്രിയം തന്നിലേക്ക് ആവാഹിച്ചു നേടുന്ന സിദ്ധി കൂടിയാണ് ആ പദത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളത്. തന്ത്രിയായി നിയോഗിക്കപ്പെടുന്ന വ്യക്തി സ്വന്തം മകനെ പരിപാലിക്കുന്ന പോലെ ഊണും ഉറക്കവുമില്ലാതെ അതിലേക്ക് ലയിക്കുമ്പോള്‍ കിട്ടുന്ന പുണ്യമാണ് തന്ത്രിജന്മം. ചുരുക്കത്തില്‍ തനുവില്‍നിന്നു ത്രാണനം ചെയ്യുന്ന താരാണോ ആ ആളാണ് തന്ത്രി.

ഗുരുവായൂരിലെ തന്ത്രിക്ക് ഗുരുവായൂരപ്പന്‍റെ പിതൃസ്ഥാനമാണുള്ളത്. തന്‍റെ ജീവശ്വാസം പോലും അയാള്‍ അതിനായി ത്രാണനം ചെയ്യുകയാണ്. ആരാധനാ ഷഡ്ഗങ്ങളിലൂടെ സഹസ്രാലയത്തിലെ ഭഗവത്ശക്തിയെ തന്നിലേയ്ക്കാവാഹിച്ച് വിഗ്രഹത്തിന് ശക്തിയും ഓജസ്സും ജീവനും നല്‍കി ചൈതന്യവത്താക്കി ആരാധനയിലൂടെ ദര്‍ശനസുഖമനുഭവിച്ച് ഭഗവാനെ സ്വന്തം മകനായി പോറ്റുന്നയാള്‍ തന്നെയാണ് സാക്ഷാല്‍ തന്ത്രി. തന്ത്രിയുടെ പരിചരണത്തിലൂടെ ദിവ്യപ്രഭയില്‍ തിളങ്ങുന്ന ആ ചൈതന്യം ഏതൊരു ഭക്തനിലും ആത്മപ്രഭ ചൊരിയുക തന്നെ ചെയ്യും. ക്ഷേത്രപൂജാ കാര്യങ്ങളില്‍ തന്ത്രിക്കുള്ള സ്ഥാനം എത്ര വലുതാണെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം.

പിന്നെ മറ്റൊരു പ്രധാനകാര്യം  ഇത്രയധികം പൂജകളും നിവേദ്യങ്ങളുമുള്ള മറ്റൊരമ്പലം ലോകത്ത് മറ്റൊരിടത്തുമുണ്ടാകില്ല. മാത്രമല്ല, പൂജാക്രമങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നു. ഒരു ദിവസം രാവിലെ ക്ഷേത്രനട തുറക്കുമ്പോള്‍ മുതല്‍ രാത്രി നട അടയ്ക്കുന്നതുവരെയുള്ള ഗുരുവായൂരമ്പലത്തിലെ പൂജകളും നിവേദ്യങ്ങളും അനുഷ്ഠാനങ്ങളും എന്താണെന്നുകൂടി തന്ത്രി പ്രതിപാദിക്കുന്നു.

ഗുരുവായൂരമ്പലത്തില്‍ ഒരു ദിവസം അഞ്ച് പൂജകളും മൂന്നു ശീവേലികളുമാണുള്ളത്. പുലര്‍ച്ചെ രണ്ടരയ്ക്ക് പി. ലീല ആലപിച്ച ഭക്തി ഗീതികളോടെ ക്ഷേത്രമുണരും. മൂന്നു മണിക്ക് ക്ഷേത്രനട ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറക്കും. ഹരിനാമകീര്‍ത്തനം, ജ്ഞാനപ്പാന, ശംഖനാദം, തകില്‍, നാദസരം ഇവ കേട്ട് പള്ളിയുണരുന്ന ഭഗവാനെ കാണാന്‍ ഭക്തരുടെ പ്രവാഹം തന്നെയുണ്ടാകും.

തലേദിവസം രാത്രിയില്‍ നട അടയ്ക്കുമ്പോള്‍ ഭഗവാന് ചാര്‍ത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത്സ്വരൂപത്തെ ഭക്തര്‍ ദര്‍ശിച്ച് നിര്‍വൃതിയടയുന്നു. ആ ദര്‍ശനമാണ് വിശ്വപ്രസിദ്ധ നിര്‍മാല്യദര്‍ശനം. അതു കഴിഞ്ഞാല്‍ വാകച്ചാര്‍ത്ത്. ബിംബത്തില്‍ എണ്ണകൊണ്ട് അഭിഷേകം കഴിച്ച ശേഷം വിഗ്രഹത്തില്‍ പറ്റിപ്പിടിച്ച ആ എണ്ണ മുഴുവന്‍ തുടച്ചെടുക്കുന്നു.

പിന്നെ നെന്‍മേനിവാകയുടെ പൊടി തൂകി അഭിഷിക്തനാക്കുന്നു. അതിനെയാണ് വാകച്ചാര്‍ത്ത് എന്നറിയപ്പെടുന്നത്. ശേഷം ശംഖാഭിഷേകമാണ്. മന്ത്രപൂരിതമായ തീര്‍ത്ഥം ശംഖില്‍ നിറച്ചു നടത്തുന്ന അഭിഷേകം. അതു കഴിഞ്ഞ് സുവര്‍ണ കലശത്തിലെ ജലധാരയോടെ വെളുപ്പിനുള്ള അഭിഷേകച്ചടങ്ങുകള്‍ അവസാനിക്കുന്നു. ഇത് ഭഗവാന്‍റെ പള്ളി നീരാട്ടാണ്. പിന്നെ മലര്‍ നിവേദ്യമായി. മലര്‍, ശര്‍ക്കര, കദളിപ്പഴം എന്നിവയാണ് ആ സമയത്തുള്ള നേദ്യങ്ങള്‍.

തുടര്‍ന്ന് ഉഷഃനിവേദ്യം. ഇതിന് അടച്ചു പൂജയുണ്ട്. ധാരാളം ശര്‍ക്കരചേര്‍ത്ത നെയ് പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ള നിവേദ്യം ഇവയാണ് ഉഷഃനിവേദ്യങ്ങള്‍. നേദ്യങ്ങള്‍ സമര്‍പ്പിച്ച് ഉഷഃപൂജ. ഉഷഃപൂജയ്ക്ക് ശേഷം എതിരേറ്റു പൂജ.

സൂര്യോദയസമയത്ത് നടത്തുന്ന പൂജയാണിത്. നേര്‍ത്ത സൂര്യകിരണങ്ങള്‍ക്കഭിമുഖമായി പ്രശോഭിക്കുന്ന ഭഗവത് വിഗ്രഹത്തിന് മേല്‍ അര്‍പ്പിക്കുന്ന പൂജ ആയതിനാലാണ് എതിരേറ്റ് പൂജ എന്നറിയപ്പെടുന്നത്. അതേ സമയത്ത് തന്നെ തിടപ്പള്ളിയില്‍ ഗണപതിഹോമവും നിര്‍വഹിക്കുന്നു. ഉപദേവതകള്‍ക്കും തത്സമയം കീഴ്ശാന്തിമാര്‍ പുജാകര്‍മ്മങ്ങള്‍ നടത്തുന്നു. അകത്ത് ഗണപതി, പുറത്ത് പ്രദിക്ഷണവഴിയില്‍ അയ്യപ്പന്‍, വടക്ക് കിഴക്കുഭാഗത്ത് ഇടത്തരിക്കാവ് ഭഗവതി എന്നിവരാണ് ഉപദേവതകള്‍.

ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യം.  നെയ്പ്പായസം, കദളിപ്പഴം എന്നിവ എല്ലാ ഉപദേവതകള്‍ക്കും നേദിക്കുന്നു. ശേഷം ശീവേലിയാണ്. തന്‍റെ ഭൂതഗണങ്ങള്‍ക്ക് നിവേദ്യം നല്‍കുന്നത് ഭഗവാന്‍ നേരിട്ടു കാണുന്നതിനെയാണ് ശീവേലി എന്നു പറയുന്നത്. അവര്‍ക്ക് നല്‍കുന്ന ബലിയാണത്. അതാണ് ശ്രീബലി അഥവാ ശീവേലി എന്നറിയപ്പെടുന്നത്.

ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങള്‍ക്കായി നല്‍കുന്ന നിവേദ്യം സ്വീകരിക്കുന്നു എന്നാണ് സങ്കല്‍പം. പുഷ്പാദികളുമായി മേല്‍ശാന്തിയും ഹവിസിന്‍റെ പാത്രത്തില്‍ നിവേദ്യവുമായി കീഴ്ശാന്തിയും നടക്കുന്നു. ഭൂതഗണങ്ങളെ പ്രതിനിധീകരിക്കുന്ന ബലിക്കല്ലുകളിന്‍മേലാണ് ബലി നല്‍കുന്നത്. ക്ഷേത്രശ്രീകോവിലിന് വെളിയില്‍ എത്തുമ്പോള്‍ ഭഗവാന്‍റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഭഗവാന്‍ മേല്‍നോട്ടം വഹിക്കാന്‍ പ്രദിക്ഷണമായെത്തുന്നു. 

മൂന്ന് പ്രദിക്ഷണങ്ങള്‍ക്ക് ശേഷം തിടമ്പ് വിഗ്രഹവുമായി കീഴ്ശാന്തി ആനപ്പുറത്തു നിന്നുമിറങ്ങി ശ്രീകോവിലിനുള്ളിലേയ്ക്ക് പോകുന്നു. തുടര്‍ന്ന് പന്തീരടിപൂജ. പന്തീരടി പൂജയോടനുബന്ധിച്ച് നവകാഭിഷേകം. ശീവേലിക്കുശേഷം മണിക്കിണറില്‍ നിന്നെടുക്കുന്ന ജലംകൊണ്ട് ഭഗവാനെ അഭിഷേകം ചെയ്യുന്നു. തുടര്‍ന്ന് പശുവിന്‍ പാല്‍ അഭിഷേകം. പാലഭിഷേകത്തിനു പിന്നാലെ ഒന്‍പത് വെള്ളിക്കുടങ്ങളില്‍ തീര്‍ത്ഥം നിറച്ച് മന്ത്രോച്ചാരണത്തോടെ അഭിഷേകം ചെയ്യുന്നതിനെയാണ് നവകാഭിഷേകം എന്നു പറയുന്നത്.

അത് കഴിഞ്ഞ് പന്തീരടിപൂജ. നിഴലിന് പന്ത്രണ്ടടി നീളമുണ്ടാകുന്ന സമയത്താണ് പന്തീരടിപൂജ. ദിവസവും കാലത്ത് എട്ടു മണിക്കും ഒമ്പത് മണിക്കും ഇടയിലായിരിക്കും ഈ പൂജ നടക്കുക. അതിനു ശേഷം ഉച്ചപൂജ. ആ സമയത്ത് ഇടയ്ക്കയുടെ അകമ്പടിയോടെ അഷ്ടപദി ആലപിക്കും. ഉച്ചപൂജയ്ക്ക് ശേഷം അടയ്ക്കുന്ന നട പിന്നെ വൈകിട്ട് മൂന്നരയ്ക്ക് തുറക്കും. 

നടതുറന്നു കഴിഞ്ഞ് ഉച്ചശീവേലി. ശീവേലി കഴിഞ്ഞ് അടുത്തത് ദീപാരാധനയാണ്. നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങള്‍ തെളിയിക്കുന്നു. ദീപസ്തംഭത്തിലും തിരി തെളിയും. അകത്ത് ദീപാലംകൃതമായ കാഴ്ചയോടെ മേല്‍ശാന്തി നടതുറക്കുന്നു. ദീപം ഉഴിഞ്ഞ് പൂക്കളാല്‍ അര്‍ച്ചന നടത്തുന്നതോടെ ദീപാരാധനയായി. പിന്നെ അത്താഴപൂജ. ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അത്താഴപൂജ. ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, വെള്ളനിവേദ്യം, പാല്‍പ്പായസം, പഴം, പഞ്ചസാര എന്നിവയാണ് പ്രധാന നിവേദ്യങ്ങള്‍. 

നിവേദ്യം കഴിഞ്ഞാല്‍ തിടമ്പുമായി രാത്രി ശീവേലി ആരംഭമായി. മൂന്നു പ്രദിക്ഷണമുള്ള ശീവേലി കഴിഞ്ഞാല്‍ തൃപ്പുക എന്ന ചടങ്ങാണ്. അഷ്ടഗന്ധചൂര്‍ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂപം ശ്രീകോവിലിനകത്ത് നിറഞ്ഞുനില്‍ക്കും.

തൃപ്പുക കഴിഞ്ഞ് ആ ദിവസത്തെ വരവു ചെലവു കണക്കുകള്‍ എഴുതിയ ഓല ഉറക്കെ വായിച്ചതിനു ശേഷം ഭഗവാന്‍റെ തൃപ്പടിക്കല്‍ സമര്‍പ്പിക്കുന്നു. അങ്ങനെ ഒരു ദിവസത്തെ ഗുരുവായൂരമ്പലത്തിലെ ക്ഷേത്രാചാരങ്ങള്‍ അവസാനിക്കുന്നു. ഭക്തരുടെ ഒഴുക്കിന് കാരണവും ഈ പൂജാകര്‍മ്മങ്ങളി ലൂടെയുണ്ടാകുന്ന ഭഗവത് പ്രീതിയാണ്. ഭഗവാന്‍റെ കടാക്ഷവും പ്രഭയും പരിസരമാകെ നിറഞ്ഞു നില്‍ക്കുന്നു. 

തന്ത്രിക്ക് അസൗകര്യമുള്ള സാഹചര്യമുണ്ടായാല്‍ ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നത് ഓതിക്കന്മാരാണ്. ഗുരുവായൂരമ്പലത്തില്‍ നൂറ്റിയമ്പതിലേറെ കീഴ്ശാന്തിമാരുണ്ട്.

നിവേദിക്കാനുള്ളതെല്ലാം തിടപ്പള്ളിയിലെ അടുപ്പിലാണ് പാകം ചെയ്യുന്നത്. പാല്‍പ്പായസം, പാലടപ്രഥമന്‍, ഇടിച്ചു പിഴിഞ്ഞ പായസം, ഇലയട, ഉണ്ണിയപ്പം എന്നു തുടങ്ങി എല്ലാം പാകപ്പെടുത്തുന്നത് കീഴ്ശാന്തിമാരാണ്. അതും അടുപ്പില്‍ ചകിരിയുടെ തീയില്‍. പ്രസാദമായി ഭക്തര്‍ക്ക് നല്‍കുന്നവയും ഉള്ളില്‍ ഭഗവാന് നേദിച്ചവയായിരിക്കും.

മേല്‍ശാന്തി നിയമനത്തില്‍ പോലും ശ്രീഗുരുവായൂരപ്പന്‍റെ കടാക്ഷം നിറഞ്ഞു നില്‍ക്കുന്നു. ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്ന ചന്ദനം ചാണയില്‍ അരച്ചാണ് നല്‍കുന്നത്. അതിനായി കീഴ്ശാന്തിമാരെ നിയമിച്ചിട്ടുണ്ട്. ഭഗവാന് പൂജയ്ക്ക് വേണ്ടിയുള്ള ഒരു സാധനവും പുറത്തുനിന്നു കൊണ്ടുവരുന്നത് സ്വീകരിക്കാറില്ല.

പിന്നീട് ക്ഷേത്ര നവോത്ഥാനത്തിനെപ്പറ്റിയുള്ള തന്‍റെ കാഴ്ചപ്പാടിനെപ്പറ്റിയും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. മാറിവരുന്ന പുരോഗമനകലത്ത് അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കും കാലതാമസം വരുത്താന്‍ പാടില്ല. 

ഭക്തജനസഞ്ചയം വര്‍ദ്ധിക്കുന്നതിനൊപ്പം അവര്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങളും മുന്‍കൂട്ടിക്കണ്ട് നടപ്പാക്കണം. അതായത് കാലത്തിന് അനുസരിച്ചുള്ള മാറ്റം അനിവാര്യമാണ്. ഒരു ഹൈടെക്ക് പ്ലാനും പദ്ധതിയും അത്യന്താപേക്ഷിതമാണ്. പുരോഗമനമെന്നത് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതാകരുത്. വരും കാല ഗുരുവായൂര്‍ എങ്ങിനെയായിരിക്കണം എന്നതിനെപ്പറ്റി എനിക്കൊരു വിഷനുണ്ട്. കാലം അടിക്കടി ആധുനികവല്‍ക്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അതേ വേഗതയിലും കാഴ്ചപ്പാടിലും തന്നെയാകണം ക്ഷേത്ര നവോത്ഥാനവും വേണ്ടത്.

സംസ്ഥാനപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ പ്രവചനാതീതമായ ഭക്തജനത്തിരക്കാകും ഉണ്ടാവുക. അതേപോലെതന്നെ പ്രധാനമാണ് പുറത്തുനിന്നു വരുന്നവര്‍  വിദേശങ്ങളില്‍ നിന്നും   അന്യസംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ എത്തുന്ന ബിസിനസ്സുകാര്‍, പണ്ഡിതര്‍, പൗരോഹിത ശ്രേഷ്ഠര്‍, വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിവളരെ തിരക്കേറിയ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനായാസം വന്നുപോകാന്‍ ഗുരുവായൂരില്‍ ഒരു എയര്‍ ലിഫ്റ്റ് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ അവസ്ഥയില്‍ പലരും തിരക്കുള്ളവരായി മാറിയിട്ടുണ്ട്. അവരുടെ സമയക്കുറവുകൂടി കണക്കിലെടുത്ത് യാത്രാക്ലേശത്തിനു പരിഹാരം കാണേണ്ടതാണ്. 

അതേപോലെ റെയില്‍വേയ്ക്കും ഏറെ ചെയ്യാനുണ്ട്. നാനാഭാഗങ്ങളില്‍ നിന്നും ഗുരുവായൂരിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ അത്യന്താപേക്ഷിതമാണ്. അത് വന്ദേ ഭാരതോ മെട്രോ സര്‍വീസോ ഏതുമാകാം. ഭക്തര്‍ക്ക് യാത്രാക്ലേശമുണ്ടാകാന്‍ അനുവദിക്കരുത്. ജനത്തിരക്കനുസരിച്ച് ടോയ്ലറ്റുകളും കുളിമുറികളും ഉണ്ടാകണം. കറന്‍റു കട്ട് ഉണ്ടാകാതിരിക്കാനും ജനറേറ്റര്‍ ഉപയോഗത്തില്‍ നിന്ന് പൂര്‍ണമായും മോചനമുണ്ടാകാനും സോളാറിലേക്ക് മാറുന്നത് ഗുണകരമാണ്. ഭഗവത് ദര്‍ശനത്തിനെത്തുന്ന ഭക്തരെ ഒരിക്കലും നിരാശരാക്കരുത്. അത് ഭഗവാനും ഹിതമല്ല. അതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ വേണ്ട ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാം ഗുരുവായൂരപ്പന്‍ നടത്തിത്തരുമെന്ന് വിശ്വസിക്കുന്നു-  അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ദിനംപ്രതി  പുതുമയെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഗുരുവായൂരിന്‍റെ മുഖച്ഛായതന്നെ മാറ്റിയെടുക്കാന്‍ തന്ത്രിയുടെ ആശയങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഗുരുവായൂരപ്പന്‍ പരിഹാരം കാണാതിരിക്കില്ല എന്നു പ്രത്യാശിക്കാം.

ശ്രീകുമാര്‍ ഗുരുവായൂര്‍ (9447725649)