ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട്


ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട്

 

ചെങ്ങന്നൂർ∙ ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് ഭക്തിസാന്ദ്രമായി നടന്നു. മലയാള വർഷത്തിലെ ആദ്യത്തെ തൃപ്പൂത്ത് ആറാട്ടിനാണ് ഇത്തവണ ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തർ സാക്ഷ്യം വഹിച്ചത്. രാവിലെ 6.30ഓടെ തൃപ്പൂത്തറയിൽനിന്ന് ദേവിയെ ആറാട്ടിനായി ആറാട്ടുകടവിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് ചടങ്ങുകൾ നടന്നു. തന്ത്രി കണ്ഠരര് മോഹനര്, മഹേഷ് മോഹനര് എന്നിവരുടെ കാർമികത്വത്തിലായിരുന്നു ആറാട്ടും വിശേഷാൽ പൂജകളും. ആറാട്ടിന് ശേഷം ദേവിയെ ആറാട്ടുപുരയിലെ പ്രത്യേക മണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തി. പനിനീർ, മഞ്ഞൾപ്പൊടി, ഇളനീർ, പാൽ, എണ്ണ എന്നിവ ഉപയോഗിച്ച് അഭിഷേകം നടത്തി. തുടർന്ന് നിവേദ്യവും നടന്നു.
രാവിലെ എട്ടോടെ മിത്രപ്പുഴക്കടവിൽനിന്ന് നാല് ഗജവീരന്മാരുടെ അകമ്പടിയോടെ ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ആറാട്ടുകടവിലും ഘോഷയാത്ര കടന്നുപോയ വഴികളിലും നൂറുകണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. ഇതോടനുബന്ധിച്ച് അന്നദാനവും സംഘടിപ്പിച്ചു.ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണങ്ങൾ നടത്തി. തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കി അകത്തെഴുന്നള്ളിപ്പും ഇരുനടയിലും കളഭാഭിഷേകവും നടന്നു.
മലയാള വർഷത്തിലെ ആദ്യ തൃപ്പൂത്ത് ആറാട്ടായതിനാൽ ഇത്തവണത്തെ ചടങ്ങിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ദിവാനായിരുന്ന കേണൽ മൺറോ സായിപ്പ് പ്രായശ്ചിത്തമായി നടയ്ക്കുവെച്ച സ്വർണക്കാപ്പ്, പനംതണ്ടൻ വളകൾ, ഓഢ്യാണം എന്നിവ ദേവിക്ക് ചാർത്തി. ശ്രീ മഹാദേവന്റെ സ്വർണനിലയങ്കിയും അണിയിച്ചായിരുന്നു ദർശനം.
വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ തിരുവാഭരണങ്ങൾ ദേവിക്ക് ചാർത്തുന്നതെന്ന പ്രത്യേകതയും തൃപ്പൂത്ത് ആറാട്ടിനുണ്ട്. ആറാട്ടിന് ശേഷം 12 ദിവസത്തേക്ക് ഭക്തർക്ക് പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു