തീര്‍ത്ഥം സേവിക്കേണ്ടതിന്‍റെ ആവശ്യകത?

തീര്‍ത്ഥം സേവിക്കേണ്ടതിന്‍റെ ആവശ്യകത?

HIGHLIGHTS

ക്ഷേത്രത്തില്‍ തൊഴുതു മടങ്ങുന്നതിന് മുമ്പ് തീര്‍ത്ഥം വാങ്ങണമെന്നും ശേഷം പ്രസാദം സ്വീകരിക്കണമെന്നും പറയാറുണ്ട്. വിശ്വാസത്തിന്‍റേയും ശാസ്ത്രത്തിന്‍റേയും രണ്ട് ഗുണങ്ങളാണ് തീര്‍ത്ഥസേവയില്‍ നിന്ന് ലഭിക്കുന്നത്. ദേവാംശത്തെ മന്ത്രധ്വനികളോടെ അഭിഷേകം ചെയ്തെടുക്കുന്ന ജലമാണ് തീര്‍ത്ഥമായി ഭക്തര്‍ക്ക് നല്‍കുന്നത്. ദേവബിംബസ്പര്‍ശം കൊണ്ടും മന്ത്രധ്വനികള്‍ കൊണ്ടുമുള്ള പരിശുദ്ധിയാണ് ആദ്യത്തെ ഗുണം. രണ്ടാമത്തെതാകട്ടെ തുളസി തുടങ്ങിയ ഔഷധസസ്യങ്ങളില്‍ നിന്നും കിട്ടുന്ന മാഹാത്മ്യവും.

 

കൈകളില്‍ വലതിന്‍റെ അഞ്ചുവിരലും മടക്കിയാല്‍ ഉണ്ടാകുന്ന കൈക്കുമ്പിളിലാണ് തീര്‍ത്ഥം വാങ്ങേണ്ടതെന്ന് വിധിയുണ്ട്. കൈക്കുമ്പിള്‍ അങ്ങനെതന്നെ ഉയര്‍ത്തി കയ്യില്‍ പ്രകടമായി ഉയര്‍ന്നുകാണുന്ന ചന്ദ്രമണ്ഡലത്തിന്‍റെയും ശുക്രമണ്ഡലത്തിന്‍റെയും ഇടയ്ക്കുള്ള ഇടുക്കിലൂടെയാണ് തീര്‍ത്ഥം സേവിക്കേണ്ടത്. ഇത്തരത്തില്‍ തീര്‍ത്ഥം സേവിക്കുന്നതുകൊണ്ട് ഗുണങ്ങള്‍ നിരവധിയാണെന്ന് പാശ്ചാത്യ ഗവേഷകര്‍ പോലും സമ്മതിച്ചിട്ടുണ്ട്.
തീര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞള്‍ എന്നിവയുടെ ഔഷധഗുണങ്ങള്‍ പ്രധാനമായും രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കും. കൂടാതെ രക്തത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ഹൈന്ദവ വിശ്വാസപ്രകാരം തീര്‍ത്ഥം സേവിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി വിശദീകരണമുണ്ട്. സാധാരണയായി ചുണ്ടുകള്‍ എച്ചിലല്ലെങ്കിലും വായ്ക്കകം എച്ചിലാണ്. വായ്ക്കകത്തെ നാവിന്‍റെ സംസര്‍ഗ്ഗം കാരണം ചുണ്ടുകളും എച്ചിലായി മാറും. ചുണ്ട് തൊട്ടാലും കൈകഴുകേണ്ടതുണ്ട്. അതുകൊണ്ട് ചുണ്ടുകള്‍ അകത്തേയ്ക്കാക്കിയിട്ടുവേണം തീര്‍ത്ഥം വലിച്ചുകുടിക്കുവാന്‍. ഇരുചുണ്ടുകളും തൊടാന്‍ ഇടവരരുത്. സേവിച്ച തീര്‍ത്ഥജലത്തിന്‍റെ ബാക്കി, ഉള്ളം കയ്യില്‍ ശേഷിക്കുന്നതത്രയും ശിരസ്സിലും മുഖത്തും ദേഹത്ത് മുഴുവനും തളിക്കണം. സേവിച്ച തീര്‍ത്ഥജലത്തില്‍ നിന്നും ഒരു തുള്ളിപോലും താഴത്ത് വീഴാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

തീര്‍ത്ഥജലതത്ത്വം

ശുദ്ധമായതും ശുദ്ധീകരിക്കാന്‍ കഴിവുള്ളതുമായ ജലം എന്ന മാനം കല്‍പ്പിച്ച് പൂജാസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നല്‍കാറുള്ള ജലമാണ് തീര്‍ത്ഥജലം. ഈശ്വരന്‍ സൃഷ്ടിയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് ജലം. ദിവ്യമായ തീര്‍ത്ഥജലം തളിക്കല്‍ ശിരസ്സും ദേഹവും ഏറ്റുവാങ്ങുകയും കയ്യില്‍ ആദരവോടെ സ്വീകരിച്ച് കുടിക്കുകയും ചെയ്യുന്നത് പുണ്യകര്‍മ്മമായി ക്ഷേത്രവിശ്വാസികള്‍ കരുതുന്നു. തീര്‍ത്ഥജലം കുടിക്കുമ്പോള്‍ അവനവനിലെ പരമാത്മാ ചൈതന്യം ഉണരുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ഭക്തന് അനുഭവപ്പെടുമെന്നാണ് ക്ഷേത്രസങ്കല്‍പ്പം.

തീര്‍ത്ഥജലത്തിന് ഋഷിമാര്‍ പറയുന്ന പേര് 'അപസ്തത്ത്വം' എന്നാണ്. അഗ്നിഹോത്രം നിത്യം നടത്തുന്ന ധ്യാനവും മനനവും നിദിധ്യാസനവും പരിശീലിക്കുന്ന ബ്രാഹ്മണന് മാത്രമേ, അപസ്തത്ത്വം സൃഷ്ടിക്കാന്‍ അര്‍ഹതയുള്ളൂ എന്ന് യജൂര്‍വ്വേദം പറയുന്നു. ആപോഹിഷ്ടാദി എന്ന ഋക്ക് ഉപദേശരൂപത്തില്‍ സ്വീകരിച്ച ബ്രാഹ്മണന്‍ ജലത്തെ അനുഷ്ഠാനപൂര്‍വ്വം ജപിച്ച് തീര്‍ത്ഥമാക്കിയതിനുശേഷം ഭക്തന് നല്‍കണം. എങ്കില്‍ ഭക്തന്‍ തന്‍റെ മനോമാലിന്യങ്ങളെ അകറ്റാന്‍ ശക്തിനേടി ക്രമേണ ബ്രഹ്മജ്ഞാനാധികാരിയായി തീരുകയും ചെയ്യുമെന്നാണ് ജലതത്ത്വം.

എന്താണ് ശംഖുതീര്‍ത്ഥം

ശംഖുതീര്‍ത്ഥത്തെ നാലായിട്ടാണ് തിരിച്ചിരിക്കുന്നത്. ദേവതീര്‍ത്ഥം, പിതൃതീര്‍ത്ഥം, കായതീര്‍ത്ഥം, ബ്രഹ്മതീര്‍ത്ഥം എന്നിങ്ങനെ. ഇവ നാലും വിശിഷ്ടമായ തീര്‍ത്ഥങ്ങളാകുന്നു. ഇനി എന്തൊക്കെയാണ് ഈ തീര്‍ത്ഥങ്ങളുടെ പ്രത്യേകത എന്നുനോക്കാം.

ദേവതീര്‍ത്ഥം: പൂജാസമയങ്ങളില്‍ ദേവകള്‍ക്ക് പകര്‍ന്നുനല്‍കുന്ന തീര്‍ത്ഥമാണ് ദേവതീര്‍ത്ഥം. വലംകയ്യില്‍ പകര്‍ന്ന ശംഖുതീര്‍ത്ഥം ദേവകള്‍ക്ക് നിവേദ്യത്തിന് പ്രാണാദി നല്‍കാന്‍ ഈ തീര്‍ത്ഥം വലംകയ്യുടെ ഇടതുഭാഗത്തുകൂടി ഒഴിക്കുന്നു. ദേവപൂജാ ക്രിയകള്‍ക്ക് തീര്‍ത്ഥം ഇപ്രകാരമാണ് പകരുന്നത്. ഈ തീര്‍ത്ഥമാണ് ദേവതീര്‍ത്ഥം.

പിതൃതീര്‍ത്ഥം: പിതൃക്കള്‍ക്ക് ബലിയിടുമ്പോള്‍(തിലോദകം വെയ്ക്കുമ്പോള്‍) ബലിപിണ്ഡത്തിന് മുകളിലേക്ക് പകരുന്ന ശംഖുതീര്‍ത്ഥം വലംകയ്യുടെ ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിലൂടെയാണ് ഒഴിക്കുന്നത്. ഇത് പിതൃപ്രീതികരമായ പിതൃതീര്‍ത്ഥമാണ്.

കായതീര്‍ത്ഥം: മനുഷ്യന്‍റെ ഭൗതികമായ കര്‍മ്മങ്ങള്‍ക്ക് വേണ്ടി ആരോഗ്യത്തിനായി ആദിത്യന് ഗായത്രി ജപിച്ച് ജലത്തില്‍ തര്‍പ്പിക്കുന്ന തീര്‍ത്ഥമാണ് കായതീര്‍ത്ഥം. കൈക്കുമ്പിളിന്‍റെ മുന്നിലൂടെ വിരലുകളെ സ്പര്‍ശിച്ച് ചെയ്യുന്ന ഗായത്രി, ആദിവിധിയാണ് കായതീര്‍ത്ഥം.

ബ്രഹ്മതീര്‍ത്ഥം: ക്ഷേത്രത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്ന തീര്‍ത്ഥമാണ് ബ്രഹ്മതീര്‍ത്ഥം. പരബ്രഹ്മ സായൂജ്യം തന്നെയാണ് ഭക്തിയുടെ പരമലക്ഷ്യം. ബ്രഹ്മതീര്‍ത്ഥസേവ ഭഗവാന്‍റെ(ദേവതയുടെ) സാന്നിദ്ധ്യം നമ്മളില്‍ ഉളവാകാന്‍വേണ്ടിയാണ്. ബ്രഹ്മതീര്‍ത്ഥത്തിന്‍റെ പാത കായതീര്‍ത്ഥത്തിന് നേരെ എതിരാണ്. വലംകൈപ്പത്തിയില്‍ നിന്നും താഴേക്ക് ഒഴുകുന്ന തീര്‍ത്ഥത്തെയാണ് ബ്രഹ്മതീര്‍ത്ഥം എന്നുപറയുന്നത്. കയ്യില്‍ വാങ്ങിയ തീര്‍ത്ഥം അല്‍പ്പം താഴേയ്ക്ക് ഒഴുക്കി കൈപ്പത്തിയുടെ തുടക്കത്തില്‍ ചുണ്ട് ചേര്‍ത്ത് സേവിക്കണം. ബ്രഹ്മതീര്‍ത്ഥം സേവിച്ചാല്‍ ബാക്കിവരുന്ന തീര്‍ത്ഥം നെറുകയില്‍ തുടയ്ക്കണം.

ശ്രീകോവിലിന് മുന്നില്‍ ഹനുമാന്‍വേഷത്തില്‍

സാധാരണയായി കൂത്ത് നടത്തുന്നതിനായി വേഷം കെട്ടിയ ശേഷം ചാക്യാര്‍ കൂത്തമ്പലത്തില്‍ നിന്നും പുറത്തിറങ്ങാറില്ല. എന്നാല്‍ ചാക്യാര്‍, ശ്രീരാമന്‍റെ പ്രതീകമായി സീതയ്ക്ക് കാഴ്ചവയ്ക്കാനുള്ള അംഗുലിയാങ്ക മോതിരം അടയാളമായി ധരിച്ച് സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിയ ഹനുമാന്‍റെ പുറപ്പാട് അരങ്ങില്‍ അവതരിപ്പിച്ചശേഷം ഹനുമാന്‍വേഷത്തില്‍ തന്നെ ദേവദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് പുറത്തിറങ്ങുന്നത് അംഗുലിയാങ്കം കൂത്ത് പുറപ്പാട് ദിവസം മാത്രമാണ്.

നമ്പ്യാരുടെ കൂത്തുവിളക്കിന്‍റേയും മാരാരുടെ ശംഖ് ധ്വനിയോടെയും ഒപ്പം ഹനുമാന്‍ വേഷത്തില്‍ ചാക്യാര്‍ ദേവദര്‍ശനം നടത്തി, അഭീഷ്ടസിദ്ധിക്കായി പ്രാര്‍ത്ഥിച്ചു. മേല്‍ശാന്തിയില്‍ നിന്നും തീര്‍ത്ഥം വാങ്ങി ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് ദേവനെ പ്രദക്ഷിണം ചെയ്ത് കൂത്തമ്പലത്തില്‍ മടങ്ങി വന്ന് കൂത്ത് അവസാനിപ്പിച്ചു.

കര്‍ക്കിടകമാസത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തിലാണ് ഈ അപൂര്‍വ്വകാഴ്ച കാണാനാകുക. കേരളത്തിലെ രണ്ട് പ്രധാനപ്പെട്ട കൂത്തമ്പലമാണ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലേയും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലേയും. രണ്ടിടത്തും ശ്രീകോവിലിന്‍റെ അതേ പ്രാധാന്യമാണ് കൂത്തമ്പലത്തിന്.

ബാബുരാജ് പൊറത്തിശ്ശേരി
(9846025010)