സാക്ഷാല്‍ ഗുരുവായൂരപ്പന്‍റെ ചൈതന്യവുമായി തെക്കന്‍ ഗുരുവായൂര്‍ എന്ന പേരില്‍ അറിയപ്പെടുന്ന തോട്ടത്തില്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

സാക്ഷാല്‍ ഗുരുവായൂരപ്പന്‍റെ ചൈതന്യവുമായി തെക്കന്‍ ഗുരുവായൂര്‍ എന്ന പേരില്‍ അറിയപ്പെടുന്ന തോട്ടത്തില്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

HIGHLIGHTS

കൊല്ലം- ആലപ്പുഴ ദേശീയ പാതയില്‍ ചവറ ടൈറ്റാനിയം ജംഗ്ഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ കിഴക്കോട്ട് ശാസ്താംകോട്ട റൂട്ടില്‍ സഞ്ചരിച്ചാല്‍ ചെന്നെത്തുന്നത് തേവലക്കര എന്ന പ്രകൃതിരമണീയമായ ഒരു കൊച്ചുഗ്രാമപ്രദേശത്താണ്. പണ്ടുകാലത്ത് ദേവലോകക്കര എന്നറിയപ്പെട്ടിരുന്ന പ്രദേശം. പിന്നീടെന്നോ അത് തേവലക്കരയായി മാറി എന്നാണ് സ്ഥലപുരാണവുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്നത്. ദേവന്‍ വാണിരുന്ന കരയാണത്രെ പിന്നീട് തേവലക്കരയായി മാറിയത്.

 

അതെന്തായാലും തേവലക്കരയുടെ പേരും പെരുമയും ഇന്ന് ദേശാതിര്‍ത്തികളും കടന്ന് പുറംലോകത്തേയ്ക്ക് വ്യാപിക്കുന്നതായാണ് നാട്ടുകാര്‍ സാക്ഷ്യം പറയുന്നത്. അതിനു കാരണക്കാരനായി അവര്‍ ചൂണ്ടിക്കാട്ടുന്നത് തേവലക്കരയുടെ ദേശദേവനായി വാഴുന്ന ശ്രീകൃഷ്ണഭഗവാന്‍റെ സാന്നിധ്യമാണ്. തോട്ടത്തില്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം, തെക്കന്‍ ഗുരുവായൂര്‍ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഇവിടെ കുടികൊള്ളുന്നത് സാക്ഷാല്‍ ഗുരുവായൂരപ്പന്‍റെ ചൈതന്യമാണെന്നാണ് വിശ്വാസം. രൂപത്തിലും ഭാവത്തിലുമൊക്കെ ആ സാക്ഷ്യം കാണാമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഗുരുവായൂരില്‍പ്പോയി ഉണ്ണിക്കണ്ണനെക്കണ്ട് തൊഴുത് പ്രാര്‍ത്ഥിച്ച് പുണ്യം നേടാന്‍ കഴിയാത്തവര്‍ ഇവിടെ വന്ന് ഭഗവാനെ ദര്‍ശിച്ച് സായൂജ്യമടയുന്നു.

ക്ഷേത്രപുരാണം

ശ്രീകൃഷ്ണഭഗവാന്‍റെ പരമദാസനായിട്ടാണല്ലോ വില്വമംഗലം സ്വാമികള്‍ അറിയപ്പെടുന്നത്. തീര്‍ഥാടനജീവിതം ചര്യയാക്കി മാറ്റിയിരുന്ന സ്വാമികള്‍ ഒരു ദിവസം തീര്‍ത്ഥാടനമദ്ധ്യേ തേവലക്കരയിലെത്തി. യാത്രാക്ഷീണം മൂലം അവിടൊരു കുളക്കരയില്‍ വിശ്രമിക്കാനിരുന്ന സ്വാമിക്ക് മുന്നില്‍ എങ്ങുനിന്നോ തേജോമയിയായ ഒരു ബാലന്‍ വന്നുപെട്ടു. മഹാകുസൃതിയായിരുന്നു അവന്‍. സ്വാമിക്കരികില്‍ നിന്ന്, അദ്ദേഹത്തിന്‍റെ വിശ്രമത്തിന് ഭംഗം വരത്തക്കവിധം ഓരോരോ കുസൃതിത്തരങ്ങള്‍ കാട്ടിക്കൊണ്ടേയിരുന്നു. അതൊരു ബുദ്ധിമുട്ടായെങ്കിലും ബാലന്‍റെ നിഷ്ക്കളങ്കരൂപവും കുസൃതികളുമൊക്കെ വില്വമംഗലം സ്വാമികള്‍ക്ക് ഏറെ ഇഷ്ടമായി. തുടര്‍ന്ന് അവര്‍ തമ്മില്‍ ചങ്ങാത്തത്തിലാവുകയും സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

സംവാദത്തില്‍ വില്വമംഗലത്തെ അത്ഭുതപ്പെടുത്തിയ ബാലന്‍ പെട്ടെന്ന് കുളത്തിലേക്കിറങ്ങി അപ്രത്യക്ഷനായി. ഏറെ നേരം അവനെ അവിടെങ്ങും കാണാഞ്ഞ് കുളത്തിലേക്കു നോക്കി വിഷമിച്ചുനിന്ന സ്വാമികള്‍, അല്‍പ്പം കഴിഞ്ഞപ്പോള്‍ കുളത്തിന് നടുക്ക് ഒരു തിരയിളക്കം സംഭവിക്കുന്നതുപോലെ കണ്ടു. അതേത്തുടര്‍ന്ന് ബാലന് എന്തെങ്കിലും അപകടം സംഭവിച്ചതാണോ എന്ന് സന്ദേഹിച്ച സ്വാമികള്‍ പെട്ടെന്ന് കുളത്തിലിറങ്ങി അടിത്തട്ടുവരെ പരിശോധിച്ചെങ്കിലും കുറുമ്പുകാരനും അറിവുകാരനുമായ ആ ബാലനെ അവിടെങ്ങും കണ്ടില്ല. അതോടെ നിരാശനായി കരയിലേക്ക് നടക്കുമ്പോള്‍ തന്‍റെ കാലില്‍ എന്തോ തടയുന്നതുപോലെ വില്വമംഗലം സ്വാമികള്‍ക്ക് തോന്നി. ഉടന്‍തന്നെ സ്വാമികള്‍ അത് മുങ്ങിയെടുത്തു. ചതുര്‍ബാഹുവായ ഒരു മഹാവിഷ്ണു വിഗ്രഹം.

മഹാജ്ഞാനിയായ വില്വമംഗലത്തിന് പിന്നെയൊരു സംശയവുമുണ്ടായില്ല. തന്‍റെ മുന്നില്‍ വന്ന് കുറുമ്പുകാട്ടുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്ത ബാലന്‍ ആരാണ് എന്ന് വില്വമംഗലത്തിന് മനസ്സിലായി. തുടര്‍ന്ന് ഒരു അരുളപ്പാടുണ്ടാവുകയും അപ്പോള്‍തന്നെ സ്വാമികള്‍ വിഗ്രഹത്തെ കുളക്കരയിലുള്ള തോട്ടത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. അതോടെ, കുളത്തിന്‍റെ കരയിലെ തോട്ടത്തില്‍ പ്രതിഷ്ഠിച്ചതിനാല്‍ തോട്ടത്തില്‍കുളങ്ങര ക്ഷേത്രം എന്ന് സ്വാമികള്‍ തന്നെ നാമകരണം നടത്തുകയും ചെയ്തു. അങ്ങനെ തോട്ടത്തില്‍കുളങ്ങര ക്ഷേത്രവും കൃഷ്ണനുമായി.

അതേത്തുടര്‍ന്നായിരിക്കണം, പില്‍ക്കാലത്ത് ഇവിടം ദേവലോകക്കര എന്ന് 
അറിയപ്പെട്ടുതുടങ്ങി. അക്കാലത്ത് ദേവലോകക്കരയില്‍ പതിനെട്ട് ബ്രാഹ്മണമഠങ്ങളും, എണ്ണൂറവര്‍ എന്നറിയപ്പെടുന്ന പടയാളിക്കൂട്ടവും, ഒട്ടനവധി കലാ-സാഹിത്യശ്രേഷ്ഠരുമൊക്കെ ഉണ്ടായിരുന്നത്രെ.

പ്രതിഷ്ഠയൊക്കെ കഴിഞ്ഞ്, തീര്‍ത്ഥയാത്ര തുടരുവാനായി സ്ഥലം വിട്ട വില്വമംഗലം സ്വാമികള്‍ പോകുംമുന്‍പ് ഒരു പ്രവചനം നടത്തിയതായും പറയുന്നു. 'കയറ്റവും ഇറക്കവും പിന്നൊരു കയറ്റവും ഉണ്ടാകും. ഈ ഇരിക്കുന്നതാരാണെന്ന് അന്നുമാത്രമേ തിരിച്ചറിയൂ.' അതായിരുന്നു സ്വാമിയുടെ പ്രവചനം. ആ പ്രവചനം അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.

പിന്നീടെത്തിയ തോട്ടത്തില്‍ മഠത്തിലെ നമ്പൂതിരിമാര്‍ ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. അതോടെ പൂജയും കാര്യങ്ങളും കൃത്യമായിത്തന്നെ നടക്കാനും തുടങ്ങി. ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്‍റേതാണ് പ്രതിഷ്ഠയെങ്കിലും ശ്രീകൃഷ്ണനായി സങ്കല്‍പ്പിച്ചായിരുന്നു ആരാധന. പില്‍ക്കാലത്ത് ബ്രാഹ്മണ കുടുംബങ്ങള്‍ക്ക് ക്ഷയോന്മുഖം സംഭവിച്ചപ്പോള്‍ അത് ക്ഷേത്രത്തേയും ബാധിച്ചു. നിത്യപൂജയ്ക്കും നിവേദ്യത്തിനുമൊക്കെ ബുദ്ധിമുട്ടായി. ക്ഷേത്രത്തിന് പ്രതാപം നഷ്ടപ്പെട്ട ആ കാലത്തെന്നോ ആയിരിക്കാം ദേവലോകക്കര തേവലക്കരയായി മാറിയതെന്നും സംസാരമുണ്ട്.

തെക്കിന്‍റെ ഗുരുവായൂര്‍

ക്ഷേത്രത്തിനുണ്ടായ ക്ഷയോന്മുഖം നാടിനേയും ബാധിച്ചുവത്രെ. പട്ടിണിയും പരിവട്ടവും പകര്‍ച്ചവ്യാധിയും അകാലമരണവുമൊക്കെ പതിവായി. എല്ലാം ഭഗവാന്‍റെ ശാപമാണെന്ന് വിശ്വസിച്ച നാട്ടുകാര്‍, നാട്ടുപ്രമാണിയായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ളയെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. അതേത്തുടര്‍ന്ന് കുമ്പളം നേതൃത്വം നല്‍കി തോട്ടത്തില്‍ മഠക്കാരില്‍ നിന്ന് ക്ഷേത്രം ഏറ്റെടുത്ത് മുള്ളിക്കാല, മൊട്ടയ്ക്കല്‍, പാലയ്ക്കല്‍ എന്നീ മൂന്ന് കരക്കാരുടെ അവകാശത്തിലാക്കി. 1964 ല്‍ പുനഃപ്രതിഷ്ഠയും നടത്തി.

പുന:പ്രതിഷ്ഠാവേളയില്‍, വിഗ്രഹത്തില്‍ ഗുരുവായൂരപ്പ ചൈതന്യം ദര്‍ശിച്ച തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് ബ്രഹ്മശ്രീ ദാമോദരന്‍ നമ്പൂതിരി ഭക്തിപാരവശ്യത്താല്‍ 'ഇത് ഗുരുവായൂരപ്പനാണ്... സാക്ഷാല്‍ ഗുരുവായൂരപ്പനാണ്. തെക്കിന്‍റെ ഗുരുവായൂരാണിവിടം' എന്നു വിളിച്ചുപറഞ്ഞു. പുനഃപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഭക്തസഹസ്രങ്ങളുടെ കണ്ഠത്തില്‍ നിന്ന് അതോടെ 'ഗുരുവായൂരപ്പാ....' വിളികള്‍ അത്യുച്ചത്തില്‍ മുഴങ്ങാന്‍ തുടങ്ങി. തുടര്‍ന്ന് തന്ത്രി തന്നെയാണ് ക്ഷേത്രത്തിന് തെക്കന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്ന് നാമകരണം നടത്തിയത്. അങ്ങനെ തോട്ടത്തില്‍കുളങ്ങര തെക്കന്‍ ഗുരുവായൂര്‍ ആയി.

ഈശാനകോണില്‍ പടിഞ്ഞാറ് ദര്‍ശനമായി മഹാദേവന്‍, വടക്കുകിഴക്ക് ദര്‍ശനമായി വിഘ്നേശ്വരന്‍, നാലമ്പലത്തിന് വെളിയില്‍ തെക്കുവശത്തായി ശ്രീധര്‍മ്മശാസ്താവ്, ശാസ്താവിന് പിറകില്‍ ഇടതുവശത്ത് ബ്രഹ്മരക്ഷസും വലതുവശത്ത് മാടന്‍ തമ്പുരാന്‍, ദുര്‍ഗ്ഗാദേവി, ദേവിക്ക് പിറകില്‍ വലത്ത് നാഗരാജാവ് എന്നീ സന്നിധികളുമുണ്ട്.

വഴിപാടുകള്‍

മംഗല്യതടസ്സം നീക്കുന്നതിനുള്ള മഹാസ്വയംവരാര്‍ച്ചനയും സന്താനസൗഭാഗ്യത്തിനായുള്ള സന്താനഗോപാല ഹവനവുമാണ് തെക്കിന്‍റെ ഗുരുവായൂരപ്പന് ഏറെ പ്രിയപ്പെട്ട വഴിപാടുകള്‍. സന്താനഗോപാല ഹവനം നടത്തിയശേഷം നേദിച്ചു നല്‍കുന്ന നെയ്യ് സേവിച്ച് കുഞ്ഞിക്കാലു കാണുവാന്‍ ഭാഗ്യം സിദ്ധിച്ചവര്‍, ആ കുഞ്ഞുങ്ങള്‍ക്ക് തിരുമുന്‍പില്‍ തുലാഭാരവും നടത്താറുണ്ട്. ഇതുകൂടാതെ രോഗനിവാരണത്തിനുള്ള ധന്വന്തരി മന്ത്രാര്‍ച്ചനയും പ്രധാന വഴിപാടാണ്. കാര്യസിദ്ധിക്കായി പാല്‍പ്പായസം, പന്തീരാഴി, ശര്‍ക്കര പന്തീരാഴി, വെള്ളപന്തീരാഴി എന്നിവ ഇവിടത്തെ പ്രത്യേക നേര്‍ച്ചകളാണ്.