പത്തല്ല, പത്തിലേറെയാണ് തിരു അവതാരങ്ങള്‍
ശ്രീമഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ പൂര്‍ണ്ണാവതാരങ്ങള്‍ക്കുമപ്പുറം ഭഗവാന്‍ ചില അംശാവതാരങ്ങളും കൈക്കൊണ്ടിട്ടുണ്ട്. അവയാകട്ടെ സാന്ദര്‍ഭികമായി ചില തത്ത്വോപദേശങ്ങള്‍ നല്‍കുന്നതിന് കൂടിയാണ്. അസുരനിഗ്രഹം മാത്രമായിരുന്നില്ല ഭഗവാന്റെ അവതാരലക്ഷ്യം. ജീവിതത്തില്‍ സന്മാര്‍ഗ്ഗത്തിന്റെ പാത സൃഷ്ടിക്കുന്നതും അദ്ദേഹത്തിന്റെ കടമയും കര്‍ത്തവ്യവും കൂടിയാണ്. അത്തരം ചില അവതാരങ്ങള്‍ കൂടി ഇവിടെ പ്രതിപാദിക്കുന്നു.
ശ്രീമഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ പൂര്‍ണ്ണാവതാരങ്ങള്‍ക്കുമപ്പുറം ഭഗവാന്‍ ചില അംശാവതാരങ്ങളും കൈക്കൊണ്ടിട്ടുണ്ട്. അവയാകട്ടെ സാന്ദര്‍ഭികമായി ചില തത്ത്വോപദേശങ്ങള്‍ നല്‍കുന്നതിന് കൂടിയാണ്. അസുരനിഗ്രഹം മാത്രമായിരുന്നില്ല ഭഗവാന്റെ അവതാരലക്ഷ്യം. ജീവിതത്തില്‍ സന്മാര്‍ഗ്ഗത്തിന്റെ പാത സൃഷ്ടിക്കുന്നതും അദ്ദേഹത്തിന്റെ കടമയും കര്‍ത്തവ്യവും കൂടിയാണ്. അത്തരം ചില അവതാരങ്ങള്‍ കൂടി ഇവിടെ പ്രതിപാദിക്കുന്നു.
1. പ്രളയകാലത്ത് മറഞ്ഞുപോയ വേദങ്ങളെ വീണ്ടെടുക്കാന്‍ ഭഗവാന്‍ മത്സ്യമായി പ്രത്യക്ഷപ്പെട്ടതാണ് മത്സ്യാവതാരം.
2. ദേവാസുരന്‍മാര്‍ അമൃതിനുവേണ്ടി പാല്‍ക്കടഞ്ഞപ്പോള്‍ കടകോലായ മന്ദരമലയെ താഴ്ന്നുപോകാതെ ആമയായി താങ്ങിനിര്‍ത്തുന്നതിന് സ്വീകരിച്ചതാണ് കൂര്‍മ്മാവതാരം.
3. യജ്ഞമൂര്‍ത്തിയായി ജന്മമെടുത്ത് ഹിരണ്യാക്ഷനെ കൂര്‍ത്തപല്ലുകളാല്‍ കുത്തിക്കീറി വധിക്കുന്നതിനും തമസ്‌ക്കരിക്കപ്പെട്ട ഭൂമിയെ സമുദ്ധരിക്കുന്നതിനും ഭഗവാന്‍ സ്വീകരിച്ച അവതാരമാണ് വരാഹാവതാരം.
4. ദേവന്മാരുടെ ദുഃഖം നീക്കാനും തന്റെ ഭക്തനായ പ്രഹ്ലാദനെ പരിരക്ഷിക്കാനും ഹിരണ്യകശിപുവിനെ വധിക്കാനും ഭഗവാന്‍ തൂണില്‍നിന്നും പ്രത്യക്ഷപ്പെട്ടതാണ് നരസിംഹാവതാരം.
5. അദിതിദേവിക്ക് പുത്രനായി ജനിച്ച് മഹാബലി ചക്രവര്‍ത്തിക്ക് അനുഗ്രഹം കൊടുക്കാന്‍ മൂന്നടി മണ്ണ് യാചിച്ചുള്ള പ്രത്യക്ഷപ്പെടലാണ് ഭഗവാന്റെ വാമനാവതാരം.
6. ജമദഗ്നി മഹര്‍ഷിയുടെ പുത്രനായിപ്പിറന്ന്, പരശുകയ്യിലേന്തി ബ്രാഹ്‌മണദ്വേഷികളായ ക്ഷത്രിയന്മാരെ നശിപ്പിച്ച അവതാരമാണ് പരശുരാമാവതാരം.
7. ഇക്ഷ്വാകുകുലത്തില്‍ ദശരഥ പുത്രനായി ജനിച്ച് രാവണാദികളെ വധിക്കാന്‍ ഭഗവാന്‍ സ്വീകരിച്ച അവതാരമാണ് ശ്രീരാമാവതാരം.
8. ഭഗവാന്റെ അംശാവതാരമാണ് ബാലരാമാവതാരം. അനന്തനാഗമാണ് ബലരാമനായി അവതരിച്ചിരിക്കുന്നത്. രാമാവതാരകാലത്ത് അനന്തന്‍ ശ്രീലക്ഷ്മണനായി അവതരിച്ചിരുന്നു. ഭഗവാന്റെ സുദര്‍ശനചക്രവും പാഞ്ചജന്യശംഖും യഥാക്രമം അപ്പോള്‍ ശ്രീഭരതനായും ശ്രീശത്രുഘ്‌നനായും പിറവി കൊണ്ടിരുന്നു.
9. കംസന്‍, ശിശുപാലന്‍, ജരാസന്ധന്‍ തുടങ്ങിയുള്ള അസുരപ്പടകളെ ഉന്മൂലം ചെയ്ത് ഭൂമിയെ രക്ഷിച്ച അവതാരമാണ് ശ്രീകൃഷ്ണന്റേത്.
10. ഭഗവാന്‍ കല്‍ക്കിയായി ഇനി അവതാരം കൈക്കൊള്ളുന്നത് കലിയെ അടക്കി ലോകത്ത് സമാധാനം കൈവരുത്തുന്നതിനുവേണ്ടിയാണ്.
ഈ അവതാരങ്ങളെല്ലാം നമ്മുടെ പരിചയവൃത്തത്തില്‍പ്പെടുന്നവയാണ്. എന്നാല്‍ ഇനി പറയുന്ന അവതാരങ്ങള്‍ പലപ്പോഴും ഓര്‍മ്മയില്‍ കടന്നുവരികയും വിസ്മൃതമാക്കപ്പെടുകയും ചെയ്യുന്നതാണ്.
11. രുജി, ആഹൂതി ദമ്പതികള്‍ക്ക് ഗയജ്ഞന്‍ എന്ന പുത്രനായവതരിച്ച് ദേവതകളെ സൃഷ്ടിച്ച് അവരുടെ ദുഃഖം ഇല്ലാതാക്കിയാണ് ഭഗവാന്റെ ഗയജ്ഞാവതാരം. ദേവന്മാരുടെ സങ്കടങ്ങള്‍ പോലും ഇല്ലാതാക്കിയതിനാല്‍ ഈ അവതാരം മുതല്‍ക്കാണ് ഭഗവാന്‍ ഹരിയെന്ന നാമധേയത്തില്‍ അറിയപ്പെട്ടുതുടങ്ങിയത്.
12. അമ്മയായ ദേവഹൂതിക്ക് ബ്രഹ്‌മവിദ്യ ഉപദേശിച്ച് ത്രിഗുണദോഷങ്ങളില്‍ നിന്നും വിമോചിപ്പിച്ച് മുക്തി നേടിക്കൊടുത്തതാണ് ഭഗവാന്റെ കപിലാവതാരം.
13. അത്രിമഹര്‍ഷിക്ക് പുത്രനായി ജനിക്കാന്‍ വേണ്ടി ഭഗവാന്‍ കൈക്കൊണ്ടതാണ് ദത്താത്രേയ അവതാരം.
14. ബ്രഹ്‌മാവ് പലതരത്തിലുള്ള ലോകങ്ങളെ സൃഷ്ടിക്കാന്‍ തപസ്സനുഷ്ഠിച്ചപ്പോള്‍ അതില്‍ സംതൃപ്തനായ ഭഗവാന്‍ സനല്‍കുമാരാദി മുനികളായി പ്രത്യക്ഷപ്പെട്ട് മഹര്‍ഷിമാര്‍ക്ക് ആത്മവിദ്യ ഉപദേശിച്ചുകൊടുത്തു.
15. ദക്ഷകുമാരിയായ മൂര്‍ത്തി എന്ന സ്ത്രീയ്ക്ക് നര, നാരായണ സ്വരൂപിയായി ജന്മമെടുത്ത് ഭഗവാന്‍ ഇന്ദ്രിയനിഗ്രഹം എങ്ങനെയെന്ന് കാണിച്ചുകൊടുത്തു. അതായിരുന്നു ആ അവതാരത്തിന്റെ പ്രധാന ലക്ഷ്യവും.
16. വേനന്‍ എന്ന രാജാവ് കീഴ്ജാതിക്കാരിയായ സുധിയെ വധുവായി സ്വീകരിച്ചപ്പോള്‍ ഋഷികളുടെ അപേക്ഷ അനുസരിച്ച് അദ്ദേഹത്തെ നരകത്തില്‍ നിന്നും മോചിപ്പിക്കുകയും പിന്നീട് ഭൂമിയെ പശുവാക്കി മാറ്റി സര്‍വ്വവസ്തുക്കളെയും രക്ഷിച്ചു. ഇത് ഭഗവാന്റെ ഭൃഗു അവതാരമാണ്.
17. നാഭി എന്ന രാജാവിന്റെ മകനായി ജനിച്ച്, പരിപൂര്‍ണ്ണ പരിത്യാഗിയായ മുനിയായി, ആത്മസ്വരൂപത്തില്‍ ആഴ്ന്ന് സഞ്ചരിച്ചതാണ് ഭഗവാന്റെ ഋഷഭാവതാരം.
18. അടുത്തത് ശ്രീമഹാവിഷ്ണുവിന്റേത് ഹയഗ്രീവാവതാരമാണ്. സ്വര്‍ണ്ണനിറ ശരീരത്തോടെ, യജ്ഞജ്ഞാനസ്വരൂപിയായി, വേദമൂര്‍ത്തിയായി ഭഗവാന്‍ വിളങ്ങിയ അവതാരമാണിത്. അദ്ദേഹത്തിന്റെ ശ്വാസമാരുതനില്‍ നിന്നാണ് വേദങ്ങള്‍ രൂപപ്പെട്ടതെന്നാണ് വിശ്വാസം. ഏതായാലും വിജ്ഞാനകാരകനാണ് ഭഗവാന്‍. കുട്ടികള്‍ നിത്യവും ഹയഗ്രീവനെ പ്രാര്‍ത്ഥിക്കുന്നത് വിജ്ഞാനവിജയത്തിന് നല്ലതാണ്.
19. ധ്രുവന് മോക്ഷപദം നല്‍കുകയും ഗജേന്ദ്രന് മോക്ഷം കൊടുത്തതുപോലുള്ള അത്ഭുതങ്ങള്‍ സൃഷ്ടിച്ചതും അദ്ദേഹത്തിന്റെ അവതാരമഹിമയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഈ അവതാരവിശേഷങ്ങള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത് ശ്രീഭാഗവത പുരാണത്തിലാണ്. ഇതുകേട്ടാണ് ശ്രീപരീക്ഷിത്ത് രാജാവ് ജീവന്മുക്തി നേടിയത്.
