നേർച്ച മറന്നോ? ചെയ്യാവുന്ന പരിഹാരം ഇതാണ്
ആഗ്രഹസാഫല്യം, ജോലി, വിവാഹം, കുടുംബാംഗങ്ങളുടെ ക്ഷേമം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ക്ഷേത്രങ്ങളിൽ നേർച്ചകൾ നേർന്ന് വഴിപാടുകൾ സമർപ്പിക്കുന്നത് നിരവധി ഭക്തരുടെ വിശ്വാസാചാരത്തിന്റെ ഭാഗമാണ്. എന്നാൽ നേർന്ന വഴിപാട് സമയത്ത് നടത്താൻ കഴിയാതിരിക്കുകയോ, പിന്നീട് അതിനെക്കുറിച്ച് മറന്നുപോകുകയോ ചെയ്യുന്നത് പലരിലും മാനസിക അസ്വസ്ഥതയ്ക്ക് ഇടയാക്കാറുണ്ട്.
വിശ്വാസപ്രകാരം ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ അതിന് പരിഹാരമാർഗവും പറയുന്നുണ്ട്. 'തെറ്റുപണം' സമർപ്പിക്കുന്നതാണ് അതിലൊന്ന്. ഇതിനായി കുറച്ച് നാണയങ്ങൾ കൈയിലെടുത്ത് 'തെറ്റുപണം' എന്ന സങ്കൽപ്പത്തോടെ മൂന്ന് തവണ തലയ്ക്ക് ചുറ്റി ഉഴിഞ്ഞ ശേഷം ആദ്യം നേർച്ച നേർന്ന ക്ഷേത്രത്തിൽ സമർപ്പിക്കണമെന്നാണ് ആചാരം.
നേർച്ച ഏത് ക്ഷേത്രത്തിലാണെന്ന് ഓർമയില്ലെങ്കിൽ, അല്ലെങ്കിൽ എന്ത് നേർച്ചയാണെന്ന് മറന്നുപോയാൽ, സമീപത്തെ ശിവക്ഷേത്രത്തിലോ വിഷ്ണുക്ഷേത്രത്തിലോ ഭഗവാനോട് ക്ഷമാപണം നടത്തി 'തെറ്റുപണം' സമർപ്പിച്ചാലും മതിയെന്നാണ് വിശ്വാസം.
അതോടൊപ്പം, ശിവക്ഷേത്രത്തിൽ തെറ്റുപണം സമർപ്പിക്കുമ്പോൾ ക്ഷമാപണമന്ത്രവും, വിഷ്ണുക്ഷേത്രത്തിൽ സമർപ്പിക്കുമ്പോൾ സമർപ്പണമന്ത്രവും ജപിക്കുന്നത് ഉചിതമാണെന്നും വിശ്വാസപരമായ ആചാരങ്ങളിൽ പറയപ്പെടുന്നു.
