
വിവാഹതടസ്സം മാറാനും സന്താനസൗഭാഗ്യത്തിനും
തില്ലൈയാടി ശിവക്ഷേത്രം
തമിഴ്നാട്ടില്‍ തിരുക്കടയൂര്‍ ക്ഷേത്രത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന തില്ലൈയാടി ശിവക്ഷേത്രത്തിലെ ദേവിക്ക് രാജേശ്വരി അലങ്കാരം വഴിപാടായി നടത്തി പ്രാര്‍ത്ഥിച്ചാല്‍ വിവാഹതടസ്സങ്ങള്‍ അകലുമെന്നും കുട്ടികളില്ലാത്ത ദമ്പതിമാര്‍ സന്താനഭാഗ്യമുണ്ടാവുമെന്നതും ഭക്തരുടെ അനുഭവമാണ്.
ചോഴരാജാക്കന്മാരുടെ ഭരണകാലത്ത് വിക്രമചോഴന്‍റെ മന്ത്രിയായിരുന്നു ഇളങ്കാരന്‍. അദ്ദേഹം തിരുക്കടയൂര്‍ ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തികളില്‍ വ്യാപൃതനായിരിക്കവേ ഒപ്പം തന്നെ തില്ലൈയാടി ശിവക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിനും സാമ്പത്തിക സഹായം നല്‍കിപോന്നു.
ഇതറിഞ്ഞ വിക്രമചോഴ രാജാവ് മന്ത്രിയെ വിളിച്ചുവരുത്തി തില്ലൈയാടി ക്ഷേത്രം പുനരുദ്ധാരണം ചെയ്തതിന്‍റെ പുണ്യഫലം തനിക്ക് ദാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രിയാകട്ടെ അതിന് വിസമ്മതിച്ചു. കോപാകുലനായ ചോഴരാജാവ് തന്‍റെ വാളെടുത്ത് മന്ത്രിയുടെ കൈവെട്ടാന്‍, വാളോങ്ങവേ അഭൂതപൂര്‍വ്വമായ പ്രകാശത്തോടെ ശിവന്‍ മന്ത്രിക്ക് ദര്‍ശനമരുളി. എന്നാല്‍ ആ പ്രകാശം കാണാനാവാതെ രാജാവിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. തന്‍റെ തെറ്റ് തിരിച്ചറിഞ്ഞ രാജാവ് അലറിക്കൊണ്ട് ശിവനെ വിളിച്ചു. പിന്നീട് തില്ലൈയാടി ശരണാഗത രക്ഷക(ശിവന്‍) ക്ഷേത്രത്തിലെത്തി ശിവനെ പൂജിച്ച് കാഴ്ചശക്തി വീണ്ടെടുത്തു. ഈ ക്ഷേത്രത്തിന് അയ്യായിരത്തില്‍പ്പരം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.