ജ്യോത്സ്യനെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജ്യോത്സ്യനെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

* ആവശ്യത്തില്‍ കവിഞ്ഞ സ്മാര്‍ട്ട്നെസ്സ് കാണിക്കുന്ന ജ്യോത്സ്യനെ സൂക്ഷിക്കുക. ജ്യോത്സ്യത്തിലുപരി മാര്‍ക്കറ്റിംഗില്‍ ആയിരിക്കും അയാളുടെ നിപുണത.

* നിങ്ങളുടെ ജാതകം പഠിക്കുവാന്‍ അധികം സമയമെടുക്കാതെ പ്രവചനങ്ങള്‍ നടത്തുന്നവരെ സംശയബുദ്ധ്യാ നോക്കിക്കാണുക. ഗൗരവബുദ്ധിയാര്‍ന്ന ഒരു ജ്യോത്സ്യന് ചുരുങ്ങിയത് രണ്ടുദിവസമെങ്കിലും വേണ്ടിവരും ജാതകം ഹൃദിസ്ഥമാക്കുന്നതിന്.

* പ്രതിഭയ്ക്ക് പ്രായഭേദമില്ല. എങ്കിലും കഴിവതും മുതിര്‍ന്ന ജ്യോത്സ്യനെ സമീപിക്കുക. വൈദ്യശാസ്ത്രത്തിലെന്നപോലെ ഇവിടെയും അനുഭവം വിലയേറിയ ഒരു ഘടകമാണ്.

* ഒരു ജ്യോത്സ്യന്‍ നിങ്ങളോട് ഭൂതകാലത്തെക്കുറിച്ച് ചോദിച്ചാല്‍ തെല്ലും മടികൂടാതെ മറുപടി കൊടുക്കുക. നിങ്ങളുടെ വിധിരേഖയിലേക്ക് കടന്നുകയറുവാന്‍ ഇത്തരം ചില വസ്തുതകള്‍ അവര്‍ക്കാവശ്യമാണ്. ഒരു ഡോക്ടര്‍ക്ക് രോഗം നിര്‍ണ്ണയിക്കുവാന്‍ രോഗലക്ഷണളെന്നപോലെ.

* വിലയേറിയ പ്രശ്നപരിഹാര ക്രിയകളേയും യജ്ഞങ്ങളേയുംകുറിച്ച് കേള്‍ക്കുമ്പോള്‍ അത്യധികം സൂക്ഷിക്കുക. നിങ്ങളുടെ ക്ഷേമത്തിലുപരി സ്വന്തം സമൃദ്ധിയെ ലാക്കാക്കി നീങ്ങുന്നവര്‍ ഇക്കൂട്ടര്‍ക്കിടയില്‍ ഉണ്ടാവാം.

* പ്രാഗത്ഭ്യം തെളിയിച്ച ഒരാളെ മാത്രം കാണുവാന്‍ ശ്രദ്ധിക്കുക. പാതി ജ്യോത്സ്യന്മാര്‍ തെറ്റായ നിഗമനങ്ങള്‍ വഴി നിങ്ങളുടെ ജീവിതത്തെ ഇരുട്ടിലേക്ക് നയിച്ചേക്കാം.

* കൈരേഖ നോക്കി വിധിപ്രവചിക്കുന്നവരെ കഴിവതും ഒഴിവാക്കുക. നിങ്ങളുടെ സഫലീകൃതമാവാത്ത ആഗ്രഹങ്ങളെ സല്‍ക്കരിക്കുകയാവും ഇവരുടെ പ്രധാന തൊഴില്‍. കൈരേഖാശാസ്ത്രം വളരെ ലളിതമാണ്. അതിനെക്കുറിച്ചുള്ള പുസ്തകം വാങ്ങി വായിച്ച് സ്വയം മനസ്സിലാക്കുകയാണ് ബുദ്ധി.

Photo Courtesy - Google