ആരാധനാമുറിയെക്കുറിച്ച്  ഓര്‍ക്കേണ്ട കാര്യങ്ങള്‍

ആരാധനാമുറിയെക്കുറിച്ച് ഓര്‍ക്കേണ്ട കാര്യങ്ങള്‍

പൂജാമുറി നമ്മുടെ വീട്ടിലെ സ്വകാര്യദേവാലയമാണ്. പ്ലോട്ടിന്‍റെ വലിപ്പമോ, കെട്ടിടത്തിന്‍റെ രൂപമോ കണക്കിലെടുത്തുവേണം പൂജാമുറി തയ്യാറാക്കേണ്ടത്. അത് വടക്കു-കിഴക്ക് ഭാഗത്തോ അല്ലെങ്കില്‍ ബ്രഹ്മസ്ഥാനമെന്നറിയുന്ന മദ്ധ്യഭാഗത്തോ ആകാവുന്നതാണ്. സാധാരണ വീടുകളില്‍ വടക്കു-കിഴക്കു തന്നെയാണ് ഏറ്റവും ഉത്തമമായ സ്ഥാനമായി കല്‍പ്പിച്ചിട്ടുള്ളത്. അത് അല്‍പ്പം കിഴക്കോട്ടോ, വടക്കോട്ടോ മാറിയാലും കുഴപ്പമില്ല. ദേവതാരൂപങ്ങള്‍ പൂജാമുറിയുടെ കിഴക്കേ ചുവരിലായാല്‍ ഉദയസൂര്യന് അഭിമുഖമായി നിന്നു പ്രാര്‍ത്ഥിക്കാന്‍ കഴിയും.

പൂജാമുറിയില്‍ നിന്ന് ഗൃഹദേവതയെയും പിന്നീട് ഏറ്റവും അടുത്തുള്ള അമ്പലത്തില്‍ ചെന്ന് ഗ്രാമദേവതയും പ്രാര്‍ത്ഥിച്ച് തൃപ്തിപ്പെടുത്തിയാല്‍ സര്‍വ്വവിധ സൗഭാഗ്യങ്ങളും ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ചിലര്‍ ഗൃഹദേവതയെയും ഗ്രാമദേവതയെയും പ്രാര്‍ത്ഥിക്കാതെ അകലത്തെ  മഹാക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ തയ്യാറാകുന്നുണ്ട്. യാതൊരു പ്രയോജനവുമില്ലാത്ത ബാലിശമായ പ്രവൃത്തിയാണതെന്ന് ഓര്‍ക്കുക.

പൂജാമുറിയുടെ പ്രധാന പ്രയോജനം ആത്മീയത, ഈശ്വരാനുഗ്രഹം മുതലായവ സുസാധ്യമാക്കുക എന്നതാണ്. പൂജാമുറിക്ക് പിരമിഡ് ആകൃതിയുള്ള മേല്‍ക്കൂരയാണ് കൂടുതല്‍ അനുയോജ്യമെന്നാണ് വാസ്തുവിദഗ്ദ്ധര്‍ പറയുന്നത്. വാസ്തുവില്‍ പിരമിഡിനുള്ള പ്രാധാന്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പല കടകളിലും സ്ഫടികത്തിലുള്ള പിരമിഡാകൃതികള്‍ വില്‍ക്കാന്‍ വച്ചിട്ടുള്ളത് നമ്മള്‍ പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. അപ്പോള്‍ പൂജാമുറിയുടെ മേല്‍ക്കൂര പിരമിഡ് ആകൃതിയിലായാല്‍ മുകളില്‍നിന്ന് വളരെയധികം ആത്മീയമായ ഊര്‍ജ്ജം മുറിക്കുള്ളിലേക്ക് പ്രവഹിക്കുമെന്നാണ് പറയപ്പെടുന്നത്. അത് പ്രാര്‍ത്ഥിക്കുന്ന വ്യക്തിക്ക് കൂടുതല്‍ ഫലസിദ്ധി ഉറപ്പുവരുത്തും. അതുപോലെ പിരമിഡിന് അസുഖങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു. ഇതുപോലുള്ള ഒരു പൂജാമുറിയില്‍ ദിവസേന മുപ്പതുമിനിറ്റുനേരം കിഴക്ക് അല്ലെങ്കില്‍ വടക്കുദിക്കുനോക്കിയിരിക്കുന്ന ഒരു രോഗിക്ക് തീര്‍ച്ചയായും അതിന്‍റെ പ്രയോജനം ലഭിക്കുമെന്നാണ് അഭിജ്ഞമതം. അപ്പോള്‍ പ്രാര്‍ത്ഥിച്ചാലുള്ള ഫലം അതിലും മഹത്തരമാണെന്ന് ഓര്‍ക്കുക.

പ്രഭാതസൂര്യന്‍റെ രശ്മികള്‍ മുറിക്കകത്ത് കടന്നുവരത്തക്കവിധത്തിലായിരിക്കണം പൂജാമുറി സജ്ജീകരിക്കേണ്ടത്. അതിന് ദേവതാചിത്രങ്ങള്‍ക്ക് അല്ലെങ്കില്‍ വിഗ്രഹങ്ങള്‍ക്ക് മുകളില്‍ കിഴക്കുവശത്ത് ഒരു വലിയ ജനാലയുണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. പൂജയ്ക്കാവശ്യമായ സാമഗ്രികളും പ്രാര്‍ത്ഥനാപുസ്തകങ്ങളും സൂക്ഷിക്കുന്ന ചുവരലമാരകള്‍ തെക്കും പടിഞ്ഞാറും ചുവരുകളിലാണ് തയ്യാറാക്കേണ്ടത്.

പൂജാമുറിയുടെ ചുവരുകള്‍ക്ക് ഏറ്റവും അഭികാമ്യമായ നിറം വെള്ളയോ, ഇളംനീലനിറമോ ആയിരിക്കാന്‍ ശ്രദ്ധിക്കുക. കടുത്ത നിറങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും സൗമ്യമായ അവസ്ഥയ്ക്കും ഭംഗം വരുത്തുമെന്ന് ഓര്‍ക്കുക. അതുപോലെ മറക്കാതെ ഓര്‍ക്കേണ്ട മറ്റൊരു കാര്യം മരിച്ചുപോയ കുടുംബകാരണവന്മാരുടെ ചിത്രങ്ങള്‍ ഭഗവാന്‍റെ ചിത്രത്തോടൊപ്പം വയ്ക്കരുതെന്നാണ്.

പല ശ്രദ്ധകളും ഒരു പൂജാമുറി തയ്യാറാക്കുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ടതുണ്ട്. നിങ്ങള്‍ക്ക് ആത്മീയമായ നിയന്ത്രണവും എല്ലാ ദിവസവും പ്രാര്‍ത്ഥന നടത്താനുള്ള ശേഷിയും വേണ്ടുവോളമില്ലെങ്കില്‍ നിഗൂഢശക്തിയുള്ള ശ്രീചക്രം പോലുള്ള യന്ത്രങ്ങളും സാളഗ്രാമങ്ങളും പുരാതനക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും മറ്റ് പൂജാമുറിയില്‍ സൂക്ഷിക്കരുതെന്നാണ് വാസ്തു ആചാര്യന്മാര്‍ പറയുന്നത്. അക്കാരണം കൊണ്ടുതന്നെ നിത്യപൂജ ചെയ്യാന്‍ സാധിക്കാത്ത പലരും വിഗ്രഹങ്ങളില്‍ അന്തര്‍ലീനമായ ശക്തിയെ ആവാഹിച്ച് സമീപസ്ഥലത്തെ ക്ഷേത്രങ്ങളില്‍ കുടിയിരുത്തുകയാണ് പതിവ്. പിന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആരാധനമുറി സദാസമയവും തീര്‍ത്തും ശുചിയായി സൂക്ഷിക്കണമെന്നതാണ്.

അടുക്കള എപ്പോഴും ഒരു ഹോമപ്പുരയ്ക്ക് തുല്യമാണ്.  പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകിച്ച് ഒരിടം വേണമെന്ന് ആവശ്യമില്ലാത്തവര്‍ക്ക് അടുക്കളയില്‍ നിന്നുപോലും ദൈവത്തെ വിളിച്ച് തങ്ങളുടെ സങ്കടങ്ങള്‍ക്ക് നിവൃത്തി വരുത്താം. പക്ഷേ മത്സ്യമാംസഗന്ധമോ, മറ്റ് മാലിന്യങ്ങളോ ഇല്ലാത്ത അടുക്കളയുടെ കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നതെന്ന് ഓര്‍ക്കുക. അടുക്കള ഒരു പുണ്യസ്ഥലമാകുന്നത് ഹോമകുണ്ഡത്തിലെന്നപോലെ അഗ്നിയിലേക്ക് ദ്രവ്യങ്ങള്‍ സമര്‍പ്പിക്കുന്നതുകൊണ്ടും ജഠരാഗ്നിയെ ശമിപ്പിക്കാന്‍ ആഹാരം പാകം ചെയ്യുന്നതുകൊണ്ടുമാണ്. സസ്യഭോജികളുടെ അടുക്കളയുടെ ഭാഗം ഒരു പ്രാര്‍ത്ഥനാസ്ഥലമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അടുക്കളയുടെ വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറ് ദിക്കിന് അഭിമുഖമായി ഇഷ്ടദേവന്‍റെയോ, ദേവതയുടെയോ ഒരു ചിത്രം സ്ഥാപിക്കാമെന്നും പ്രാര്‍ത്ഥിക്കാമെന്നും വാസ്തുവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കിടക്കമുറിയില്‍ ഇത്തരത്തില്‍ പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥലം ഒഴിച്ചിടരുതെന്നും അവര്‍ നിഷ്ക്കര്‍ഷിക്കുന്നുണ്ട്.

പഴയകാല വാസ്തുനിര്‍മ്മിതിയായ നാലുകെട്ടോ, എട്ടുകെട്ടോ പോലുള്ള വീടോ അതിവിശാലമായ പ്ലോട്ടോ ആണെങ്കില്‍ പ്ലോട്ടിന്‍റെ നടുക്കോ കെട്ടിടത്തിന്‍റെ നടുക്കോ പൂജാമുറി നിര്‍മ്മിക്കാം. പൂജാമുറിക്ക് മുകളില്‍ പകല്‍വെളിച്ചം ലഭിക്കത്തക്കവിധം കണ്ണാടിപ്പാളികള്‍ പാകുകയോ, അതിന് തത്തുല്യമായ വിധത്തില്‍ വിളക്ക് ഘടിപ്പിക്കുകയോ ചെയ്യാം. ഇവിടെയും ഓര്‍ക്കേണ്ട പ്രധാനകാര്യം, പ്രാര്‍ത്ഥിക്കുമ്പോള്‍ കിഴക്ക് ദിക്കിന് അഭിമുഖമായി വരത്തക്കവണ്ണം വേണം ദേവവിഗ്രഹമോ, ചിത്രമോ സ്ഥാപിക്കേണ്ടതെന്നതാണ്. ഒരു വ്യവസായ സ്ഥാപനത്തിലോ, പാര്‍പ്പിട സമുച്ചയത്തിലോ ക്ഷേത്രം നിര്‍മ്മിക്കുമ്പോഴും ഈ നിയമങ്ങള്‍ തന്നെ പാലിക്കണം. നിങ്ങള്‍ക്ക് ഒരു സ്വകാര്യക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് വീടിന്‍റെ വടക്കുകിഴക്ക് ഭാഗത്താകുന്നത് നല്ലതാണ്.