തിരുവാറന്മുളനാഥന്‍- തിത്തത്താരി തെയ് തെയ്
ആറന്മുള, കേരളത്തിന്‍റെ സാംസ്ക്കാരികവും ആചാരപരവുമായ പൈതൃകം പേറുന്ന പുണ്യഭൂമി. ആറന്മുളയെ പ്രശസ്തമാക്കുന്ന ഒട്ടേറെ പ്രത്യേകതകളുണ്ട്. അതില്‍ പ്രധാനം ആറന്മുള കണ്ണാടി തന്നെ. കൂടാതെ ആറന്മുള വാസ്തു വിദ്യാഗുരുകുലം, തിരുവോണത്തോണി വരവ്, ആറന്മുള ഉത്രട്ടാതി വള്ളംകളി തുടങ്ങി മണ്ഡലക്കാലത്ത് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തിരുവാഭരണം പുറപ്പെടുന്ന ആറന്മുള ക്ഷേത്രം എന്നിങ്ങനെ... മാധുര്യമേറുന്ന മറ്റൊന്നാണ് ആറന്മുള വള്ളസദ്യ.
ആറന്മുളയിലെ വള്ളസദ്യക്ക് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രമുണ്ട്. ഒരു ആചാരപരമായ വഴിപാടായിട്ടാണ് ഇത് നടത്തപ്പെടുന്നത്. ഭക്തര്‍ തങ്ങളുടെ ഇഷ്ടകാര്യസിദ്ധിക്കായി ഭഗവാന് സമര്‍പ്പിക്കുന്ന ഒരു പ്രധാന വഴിപാടാണ് വള്ളസദ്യ. ജൂലായ് 13 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് ഈ വര്‍ഷത്തെ വള്ളസദ്യ വഴിപാട് നടത്തുന്നത്. അന്നദാനത്തിന് വലിയ പ്രാധാന്യമുള്ള ഒരു ചടങ്ങാണിത്. ചോദിച്ചുവാങ്ങി കഴിക്കുന്ന സദ്യ എന്നൊരു പ്രത്യേകതയുമുണ്ട്. പ്രതിദിനം പത്ത് മുതല്‍ പതിനഞ്ച് വരെ സദ്യകള്‍ നടക്കുന്നുണ്ടിവിടെ. ക്ഷേത്രത്തിലെ ഊട്ടുപുരകളിലും സമീപത്തെ ഓഡിറ്റോറിയങ്ങളിലുമായാണ് ഈ സദ്യകള്‍ നടക്കുക. പള്ളിയോട സേവാസംഘമാണ് വള്ളസദ്യ ക്രമീകരിക്കുന്നത്.

വള്ളപ്പാട്ടിലൂടെയാണ് പള്ളിയോടങ്ങളിലെ തുഴച്ചിലുകാര്‍ തങ്ങള്‍ക്ക് ആവശ്യമുള്ള വിഭവങ്ങള്‍ ചോദിക്കുന്നത്. ചോദിക്കുന്ന ഒരു വിഭവം പോലും ഇല്ലായെന്ന് പറയാതെ വിളമ്പണം എന്നാണ് ആചാരം. നൂറുകണക്കിന് വിഭവങ്ങള്‍ വള്ളസദ്യയ്ക്ക് ഒരുക്കാറുണ്ട്. അഷ്ടമിരോഹിണി ദിനത്തില്‍ 64 വിഭവങ്ങള്‍ വരെ ഉണ്ടാകാറുണ്ട്. വള്ളസദ്യക്ക് ചില പ്രത്യേക ആചാരങ്ങള്‍ ഉണ്ട്. പള്ളിയോടങ്ങളിലെ തുഴച്ചിലുകാര്‍ വഞ്ചിപ്പാട്ടും പാടി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടില്‍ പറ സമര്‍പ്പിച്ച് ക്ഷേത്രം വലം വെച്ചതിനുശേഷമാണ് ഊട്ടുപുരയിലേക്ക് സദ്യ ഉണ്ണാന്‍ പോകുന്നത്.
ആറന്മുള വള്ളസദ്യയില്‍ പ്രധാനമായും 44 വിഭവങ്ങള്‍ ഉണ്ടാകും. ഇതില്‍ അമ്പലപ്പുഴ പാല്‍പ്പായസം, അടപ്രഥമന്‍, കടലപ്പായസം, പഴം പായസം എന്നിവയും ഉള്‍പ്പെടുന്നു. കൂടാതെ കരക്കാര്‍ പാട്ടുപാടി ആവശ്യപ്പെടുന്ന ഇരുപതോളം വിഭവങ്ങളും ഉണ്ടാകും. വള്ളസദ്യയുടെ ഭാഗമായി പള്ളിയോടങ്ങളില്‍ എത്തുന്ന ഭക്തജനങ്ങളെ ക്ഷേത്രക്കടവില്‍ സ്വീകരിച്ച് സദ്യക്ക് ഇരുത്തുന്നതാണ് രീതി.
സ്ഥലനാമ ചരിത്രം
പാണ്ഡവരില്‍ മദ്ധ്യമനായ അര്‍ജ്ജുനന്‍ തന്‍റെ പാപപരിഹാരത്തിനായി സ്ഥാപിച്ച ക്ഷേത്രമാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു. നിലയ്ക്കലില്‍ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം ആറ് മുളകള്‍ കൂട്ടിക്കെട്ടിയ ചങ്ങാടത്തില്‍ പമ്പയാറ്റിലൂടെ കൊണ്ടുവന്നതിനാലാണ് ഈ സ്ഥലത്തിന് 'ആറന്മുള' എന്ന് പേര് ലഭിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്.

തിരുവോണത്തോണി മാഹാത്മ്യം
ആറന്മുള ഭഗവാനെ ഓണമൂട്ടുന്ന സുകൃതമാണ് തിരുവോണത്തോണി വരവേല്‍പ്പ്. ഭക്തിയും ആചാരവും ഒത്തിണങ്ങിയ മനം നിറയുന്ന തിരുവോണത്തോണിയാത്ര തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായി ചിങ്ങമാസത്തിലെ ഉത്രാടനാള്‍ സന്ധ്യക്ക് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് പുറപ്പെട്ട് തിരുവോണത്തിന് വെളുപ്പിന് ആറന്മുള ക്ഷേത്രക്കടവില്‍ എത്തിച്ചേരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആറന്മുളയില്‍ നിന്നും എട്ടുകിലോമീറ്റര്‍ കിഴക്കുമാറി കാട്ടൂര്‍ എന്ന ദേശത്ത് മങ്ങാട്ട് എന്നൊരു ഇല്ലം ഉണ്ടായിരുന്നു. തിരുവാറന്മുളയപ്പന്‍റെ ഭക്തരായ മങ്ങാട്ട് ഭട്ടതിരിമാര്‍ ബ്രഹ്മചാരിയായ ഒരു ബാലന് ഊണ് നല്‍കിയിട്ട് മാത്രമേ തിരുവോണസദ്യ കഴിക്കുമായിരുന്നുള്ളൂ. പക്ഷേ ഒരോണ ദിവസം ആരും എത്താതെ ദുഃഖിതനായ ഭട്ടതിരി തിരുവാറന്മുളയപ്പനെ മനമുരുകി പ്രാര്‍ത്ഥിച്ചു. കുറേസമയം കഴിഞ്ഞ് ഒരു ബ്രാഹ്മണബാലനെത്തി ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിച്ചു. സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞ ഭട്ടതിരി അന്ന് രാത്രി കണ്ട സ്വപ്നത്തില്‍ അടുത്ത വര്‍ഷം മുതല്‍ തിരുവോണ സദ്യക്കുള്ള വിഭവങ്ങള്‍ ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചാല്‍ മതി എന്ന അരുളപ്പാട് കേട്ടു. സന്ദേഹം ഒട്ടും ഇല്ലാതിരുന്ന ഭട്ടതിരി പ്രശ്നം വെച്ചുനോക്കിയപ്പോള്‍ ആറന്മുള ഭഗവാന്‍റെ അരുളപ്പാടാണ് സ്വപ്നത്തില്‍ കൂടി കേട്ടതെന്ന് ഉറപ്പിച്ചു.

പിറ്റേവര്‍ഷം മുതല്‍ ഒരു തോണിയില്‍ ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂരില്‍ നിന്നും ആറന്മുളയില്‍ അദ്ദേഹം എത്തിത്തുടങ്ങി. നിറയെ വിഭവങ്ങളുമായി പോകുന്ന തോണിയെ 'കോവിലന്മാര്‍' എന്ന കവര്‍ച്ചാസംഘം ആക്രമിക്കുകയും തോട്ടാവള്ളില്‍ കുറുപ്പിന്‍റെ നേതൃത്വത്തില്‍ കരനാഥന്മാര്‍ കോവിലന്മാരെ തുരത്തുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇവര്‍ ഭട്ടതിരിയുടെ തോണിയാത്രയ്ക്ക് സംരക്ഷണം നല്‍കുകയും ചെയ്തതായി ഐതിഹ്യം. ഇതിനായിട്ടാണ് പള്ളിയോടങ്ങള്‍ നിര്‍മ്മിച്ചതെന്നും ഒരു ഐതിഹ്യമുണ്ട്. ഇന്നും മുടങ്ങാതെ തുടരുന്ന പള്ളിയോട ആചാരങ്ങളും തിരുവോണത്തോണി പുറപ്പാടും കാട്ടൂര്‍ കരയുടെ പുണ്യമാണ്. ഇന്ന് 52 കരകളില്‍ നിന്ന് 52 പള്ളിയോടങ്ങളാണ് തോണിക്ക് സംരക്ഷണം നല്‍കി വരുന്നത്.
കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പകര്‍ന്നുനല്‍കുന്ന ദീപവും സദ്യവിഭവങ്ങളുമായി തോണിയില്‍ യാത്രതിരിക്കുന്ന ഭട്ടതിരി തിരുവോണനാള്‍ ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്കിലേക്ക് ദീപം പകരുന്നു. ആ ദീപം അടുത്തവര്‍ഷം ഉത്രാടം വരെ കെടാവിളക്കായി ആറന്മുള ക്ഷേത്രത്തില്‍ സംരക്ഷിക്കുന്നു. ദീപം പകര്‍ന്നുകഴിഞ്ഞ്, തിരുവോണത്തോണിയില്‍ കൊണ്ടുവരുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് ഭഗവാന് ഓണസദ്യ തയ്യാറാക്കുന്നു. പരിപാവനമായ തിരുവോണത്തോണി ദര്‍ശിക്കുന്നത് പുണ്യമാണ്.
രാത്രിയില്‍ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളുടെ പൂരക്കാഴ്ച നാനാജനങ്ങള്‍ക്കും കാണുന്നതിനായി ഭഗവാന്‍റെ പ്രതിഷ്ഠാദിനമായ ഉത്രട്ടാതി നാളില്‍ നടക്കുന്ന നയനമനോഹരമായ ഉത്രട്ടാതി വള്ളം കളി ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അനുവാദത്തോടുകൂടി തോണിപ്പുരയ്ക്ക് ചുറ്റും ആറന്മുള വികസന സമിതിയുടെ നേതൃത്വത്തില്‍ കദളീവനം പദ്ധതി നടപ്പാക്കി സംരക്ഷിക്കുന്നു.
പള്ളിയോടങ്ങളിലെ തുഴച്ചിലുകാര്‍ വഞ്ചിപ്പാട്ടും പാടി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടില്‍ പറ സമര്‍പ്പിച്ച് ക്ഷേത്രം വലം വെച്ചതിനുശേഷം
തിരുവാറന്മുള നാഥന്‍ തെയ് തെയ് തക തെയ് തെയ് തോം
തിരുവാറന്മുള നാഥന്‍ തിത്തത്താരി തെയ് തെയ്
തിരുവാറന്മുള നാഥന്‍
ഗുരുവായ് വാണരുളേണം.
തെയ് തെയ് തക തിത്തൈ തക തെയ് തെയ് തോം

എന്നിങ്ങനെയുള്ള പാട്ടുകള്‍ പാടി ഊട്ടുപുരയിലേക്ക് പോകുന്നു. തുടര്‍ന്ന് ഇലയിട്ട് സദ്യ വിളമ്പുന്നു. ഇലയുടെ ഇടതുഭാഗത്തായി ഏത്തക്ക, ചേന, ചേമ്പ്, ചക്ക, ഉപ്പേരികള്‍ വറുത്തത്, ശര്‍ക്കരവരട്ടി, ഉണ്ണിയപ്പം, പരിപ്പുവട, എള്ളുണ്ട തുടങ്ങിയവയും, അതിനടുത്തായി കല്‍ക്കണ്ടം, മുന്തിരിങ്ങ, അവല്‍, മലര്‍, മോദകം, തേന്‍, പഞ്ചസാര എന്നിവയും ഉണ്ട, ശര്‍ക്കര, പഴം, ഒരു വലിയ പപ്പടവും രണ്ട് ചെറിയ പപ്പടവും. ഇലയില്‍ വലത്തെ അറ്റംവരെ അവിയല്‍, കാബേജ് തോരന്‍, ചുവന്നചീരത്തോരന്‍, ഓമയ്ക്കാത്തോരന്‍, തകരയിലത്തോരന്‍, ചുറ്റിക്കെട്ടിയ മടന്തയിലത്തോരന്‍, മധുരപ്പച്ചടി, കിച്ചടി, ചമ്മന്തിപ്പൊടി, ഉപ്പുമാങ്ങ, വഴുതനങ്ങ മെഴുക്കുപുരട്ടി, പാവയ്ക്ക മെഴുകുപുരട്ടി, ഇഞ്ചിത്തൈര്, സ്റ്റ്യൂ, വറുത്ത എരിശ്ശേരി, ഓലന്‍ എന്നിവയും ഇടതുവശത്ത് മുകളിലായി ഇഞ്ചിക്കറി, മാങ്ങാ അച്ചാര്‍, നാരങ്ങാ അച്ചാര്‍, നെല്ലിക്ക അച്ചാര്‍, വെളുത്തുള്ളി അച്ചാര്‍, അമ്പഴങ്ങ അച്ചാര്‍ പിന്നെ ചോറ്, പരിപ്പ്, നെയ്യ്, വെണ്ണ, സാമ്പാര്‍, പുളിശ്ശേരി, മോര്, രസം, മാമ്പഴപ്പുളിശ്ശേരി, പാളത്തൈര്, കട്ടത്തൈര് എന്നിവയും. തുടര്‍ന്ന് അഞ്ച് വിവിധതരം പായസങ്ങളും. അടപ്രഥമന്‍, കടലപ്പായസം, പാല്‍പ്പായസം, പഴം പ്രഥമന്‍, അരവണപ്പായസം കൂട്ടത്തില്‍ ചൂടുവെള്ളവും ചുക്കു വെള്ളവും. ഇതാണ് സദ്യവട്ടം.

തിരുവാറന്മുള തിരുസന്നിധിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്നു.
ബാബുരാജ് പൊറത്തിശ്ശേരി
9846025010
