വനവാസക്കാലത്ത് ശ്രീരാമന്‍ ദശരഥന് ബലി ഇട്ട തിരുബലി മഹാശിവക്ഷേത്രം
വനവാസക്കാലത്ത് ശ്രീരാമന്‍ ഈ ക്ഷേത്രത്തില്‍ വന്ന് ദശരഥന് ബലി ഇട്ടു എന്നാണ് വിശ്വാസം. കറുത്തവാവുകളില്‍ ഈ ക്ഷേത്രത്തില്‍ പിതൃബലി തര്‍പ്പണത്തിനായി ഒട്ടനവധി ഭക്തര്‍ എത്താറുണ്ട്. കര്‍ക്കിടകത്തിലെ കറുത്ത വാവിന്‍നാളില്‍ അത്യപൂര്‍വ്വമായ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുക. മംഗല്യസിദ്ധിക്കും, പിതൃപ്രീതിക്കും ഏറെ വിശേഷപ്പെട്ട സന്നിധിയാണ് തിരുബലി മഹാശിവക്ഷേത്രം. ദര്‍ശനഭാഗ്യം മോക്ഷപ്രദായകവുമാണ്.
ചരിത്രം എന്തെന്നറിയാതെ, മഹത്വം എന്തെന്ന് തിരിച്ചറിയാതെ എത്രയോ ക്ഷേത്രങ്ങളാണ് നമ്മളുടെ ഗ്രാമങ്ങളില്‍ സ്ഥിതി ചെയ്യുന്നത്. ആധുനികതയുടെ സംസ്കാരശൂന്യമായ സമീപനങ്ങള്‍ക്ക് ഇടം നല്‍കാതെ പഴമയുടെ കരിങ്കല്‍ ഭിത്തിക്കുള്ളില്‍ നിലകൊള്ളുന്ന ഒരു അപൂര്‍വ്വക്ഷേത്രം. ഭക്തി തേടി എത്തുന്നവര്‍ക്ക് വേണ്ടി മാത്രം നടതുറക്കുന്ന ഒരു ഗ്രാമക്ഷേത്രം. ഇത്ര ഒരു പരിചയപ്പെടുത്തല്‍ 'തിരുബലി' മഹാശിവക്ഷേത്രത്തിന് ആവശ്യമാണ്.
പിറവം പട്ടണത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയായി എഴക്കരനാട് എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന തിരുബലി ശിവക്ഷേത്രത്തിന് രാമായണ കാലത്തോളം പഴക്കമു ണ്ടെന്ന് വിശ്വസിച്ചുപോരുന്നു. രണ്ട് കുന്നുകള്‍ക്കിടയിലായി ചതുരത്തില്‍ അല്‍പ്പം സ്ഥലം. ദേവന്‍റെ വടക്കുഭാഗത്ത് കൂടെ താഴേയ്ക്ക് കുതിച്ചൊഴുകുന്ന കാട്ടരുവി. ഒരു കാലഘട്ടത്തില്‍ അതിമനോഹരമായ ഒരു ഭൂവിഭാഗം ആയിരുന്നിരിക്കണം ഇവിടം. നിബിഢമായ കാടുകളും പടര്‍പ്പുകളും ചേര്‍ന്ന ഭൂഭാഗം. ഇന്നിപ്പോള്‍ മലകളില്‍ റബ്ബര്‍മരങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ടിരിക്കുകയാണ്.

ശ്രീരാമകഥയുമായി ബന്ധപ്പെട്ട് ഏറെ ഐതിഹ്യങ്ങളും, രാമക്ഷേത്രങ്ങളും ഉള്ള ദേശമാണ് ഇവിടം. കര്‍ക്കിടകമാസത്തില്‍ ഇവിടെയുള്ള നാല് ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് നാലമ്പലദര്‍ശനം പണ്ടുകാലം മുതലേ ആചരിച്ചുപോന്നിരുന്നു.
വനവാസക്കാലത്ത് ശ്രീരാമന്‍ ഈ ക്ഷേത്രത്തില്‍ വന്ന് ദശരഥന് ബലി ഇട്ടു എന്നാണ് വിശ്വാസം. ശ്രീരാമന്‍ ദശരഥന് ബലി ഇട്ടതായി പറയുന്ന അനവധി ക്ഷേത്രങ്ങളുണ്ട്. ബലിയിടുക എന്നത് മരണശേഷമുള്ള ബലികര്‍മ്മങ്ങള്‍ മാത്രമല്ല, ഒരു വ്യക്തി മരിച്ചാല്‍ ഒരു വര്‍ഷം വരെ മുടങ്ങാതെ ബലിയിടുന്ന ആചാരമുണ്ട്. നാല്‍പ്പത്തൊന്നുദിവസം ബലിയിട്ട് ബലി നിര്‍ത്തുന്ന ചടങ്ങ് സര്‍വ്വസാധാരണമാണ്. വനയാത്രയ്ക്കിടയില്‍ ശ്രീരാമഭഗവാന്‍ ദശരഥന്‍റെ ബലി ഇവിടേയും തര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്.
കറുത്തവാവുകളില്‍ ഈ ക്ഷേത്രത്തില്‍ പിതൃബലി തര്‍പ്പണത്തിനായി ഒട്ടനവധി ഭക്തര്‍ എത്താറുണ്ട്. കര്‍ക്കിടകത്തിലെ കറുത്ത വാവിന്‍നാളില്‍ അത്യപൂര്‍വ്വമായ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുക.

ധനുമാസത്തിലെ തിരുവാതിര
ശിവനും പാര്‍വ്വതിയും ഒരേപീഠത്തില്‍ പൂജിക്കപ്പെടുന്ന അപൂര്‍വ്വം ശ്രീകോവിലുകളില്‍ ഒന്നാണ് തിരുബലി മഹാദേവക്ഷേത്രം. പടിഞ്ഞാറ് ദര്‍ശനമായ ശ്രീകോവില്‍ ആയതിനാല്‍ ഉഗ്രശക്തി പ്രവാഹമാണ് ഇവിടെ. ധനുമാസത്തിലെ തിരുവാതിരയാണ് ഈ ക്ഷേത്രത്തിലെ വാര്‍ഷികവിശേഷദിവസം. ധനുമാസത്തിലെ തിരുവാതിര ഭഗവാന്‍റെ തിരുനാളാണെന്ന് വിശ്വസിക്കപ്പെടുന്നു. 'ധനുമാസത്തിലെ തിരുവാതിരയല്ലോ; ഭഗവാന്‍ തന്‍റെ തിരുനാളല്ലോ' എന്ന തിരുവാതിരപ്പാട്ട് ഏറെ പ്രസിദ്ധവുമാണ്.
മംഗല്യസിദ്ധിക്കും, പിതൃപ്രീതിക്കും ഏറെ വിശേഷപ്പെട്ട സന്നിധിയാണ് തിരുബലി മഹാശിവക്ഷേത്രം. ദര്‍ശനഭാഗ്യം മോക്ഷപ്രദായകവുമാണ്.
നാരായണന്‍പോറ്റി,
ഫോട്ടോ: പ്രദീപ് കൃഷ്ണന്‍
