കര്‍ണ്ണന്‍റെ ജഡം കൈവെള്ളയില്‍ വാങ്ങിയ മോക്ഷദായക മഹാവിഷ്ണു
മോക്ഷദായക ഭാവത്തില്‍ കുടികൊള്ളുന്നതിനാലാണ് തിരുമുല്ലവാരം മഹാവിഷ്ണുവിന്‍റെ സവിധത്തില്‍ പിതൃമോക്ഷ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഭക്തര്‍ എത്തിച്ചേരുന്നത്. തിരുമുല്ലവാരം സമുദ്രസ്നാനഘട്ടത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുകയും, ക്ഷേത്രത്തിലെത്തി തിലഹോമം നടത്തുകയും ചെയ്താല്‍ ആത്മാക്കള്‍ക്ക് മോക്ഷവും കുടുംബത്തിന് ശ്രേയസ്സും കൈവരുമെന്നാണ് വിശ്വസിച്ചുപോരുന്നത്.
കേരളസ്രഷ്ടാവായ പരശുരാമന്‍ പ്രതിഷ്ഠാകര്‍മ്മം നടത്തിയ 108 മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന അതിപുരാതനമായ ഒരു ക്ഷേത്രമാണ് തിരുമുല്ലവാരം ശ്രീമഹാവിഷ്ണു ക്ഷേത്രം. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 6 ഉം, കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് 4 ഉം കിലോമീറ്ററുകള്‍ പടിഞ്ഞാറ് മാറി അറബിക്കടലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, പിതൃതര്‍പ്പണബലിമോക്ഷ കര്‍മ്മാദികളുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമാണ്. പ്രസ്തുത കര്‍മ്മങ്ങള്‍ക്ക് ഏറ്റവും പുണ്യമായി കരുതപ്പെട്ടുപോരുന്ന കേരളത്തിലെ നാല് കേന്ദ്രങ്ങളില്‍ ഒന്നാണ് തിരുമുല്ലവാരം.
തിരുവല്ലം, തിരുനാവായ, തിരുനെല്ലി എന്നിവയാണ് മറ്റ് മൂന്ന് പുണ്യസ്ഥലങ്ങളായി പറയപ്പെടുന്നത്. എന്നാല്‍ പ്രത്യേക ഭാവചൈതന്യത്തോടെ മഹാവിഷ്ണു ഭഗവാന്‍ മോക്ഷദായകനായി കുടികൊള്ളുന്ന ക്ഷേത്രത്തിന്‍റെ സാന്നിധ്യവും ശാന്തസുന്ദരമായ കടലിന്‍റെ സാമീപ്യവും തിരുമുല്ലവാരത്തെ കൂട്ടത്തില്‍ വേറിട്ടുനിര്‍ത്തുന്നു എന്നുള്ളതാണ് വാസ്തവം. കാരണം ബലി അവശിഷ്ടവും മറ്റും ഒഴുക്കിക്കളയണം എന്നാണ് വിശ്വാസം.
ശാന്തസുന്ദരമെങ്കിലും സദാതീരത്തണയുന്ന ചെറുതിരകള്‍ ആ അവശിഷ്ടങ്ങളെ കടലിനുള്ളിലേയ്ക്ക് ഒഴുക്കിക്കൊണ്ടുപോകുന്നു. അതുകൊണ്ടുതന്നെ പിതൃമോക്ഷകര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി ദിവസവും നൂറുകണക്കിന് ഭക്തരാണ് തിരുമുല്ലവാരം സമുദ്രസ്നാനഘട്ടത്തില്‍ വന്നുചേരുന്നത്. കടലിലെ വെള്ളത്തില്‍ മുങ്ങി, ഈറനോടെ ബലിപ്പന്തലിലെത്തി, ആചാര്യന്മാര്‍ ഉരുവിടുന്ന മോക്ഷമന്ത്രം ഭക്ത്യാദരപൂര്‍വ്വം ഏറ്റുചൊല്ലി കര്‍മ്മങ്ങള്‍ ചെയ്ത്, ബലി അവശിഷ്ടങ്ങള്‍ കടലിലൊഴുക്കി സമുദ്രസ്നാനം നടത്തി, ക്ഷേത്രത്തിലെത്തി മോക്ഷദായകനായ ഭഗവാനെ വണങ്ങി, പരേതാത്മാക്കളുടെ പേരും നാളും പറഞ്ഞ് തിലഹോമം നടത്തുന്നതോടെ പിതൃപുണ്യം ലഭിക്കുന്നു എന്നാണ് വിശ്വാസം.
ക്ഷേത്രപുരാണം
നൂറ്റാണ്ടുകള്‍ പലത് പഴക്കമുണ്ടെന്ന് വിശ്വസിച്ചുപോരുന്ന തിരുമുല്ലവാരം ക്ഷേത്രത്തിന്‍റെ പുരാണം വടക്കന്‍ കേരളത്തില്‍നിന്നുവന്ന് ഇവിടെ സ്ഥിരവാസം തുടങ്ങിയ രണ്ട് കൃഷ്ണഭക്തരുമായി ബന്ധപ്പെട്ടുള്ളതാണ്. തറവാട്ടില്‍ കൃഷ്ണഭഗവാനെ വച്ചാരാധിച്ചുപോന്നിരുന്ന ഈ ഭക്തര്‍ ഇരട്ടകളായിരുന്നു എന്നും കാഴ്ചയില്‍ മല്ലന്മാരെപ്പോലെ തോന്നിയിരുന്ന ഇവരെ നാട്ടുകാര്‍ മല്ലന്‍മാര്‍ എന്നാണ് വിളിച്ചിരുന്നതെന്നും, പറഞ്ഞുകേട്ട കഥകളിലുണ്ട്. അങ്ങനെ തിരുമല്ലന്മാര്‍ താമസിച്ചിരുന്ന പ്രദേശം തിരുമല്ലവാരവും കാലാന്തരത്തല്‍ തിരുമുല്ലവാരവും ആവുകയായിരുന്നത്രെ.
ഈ ക്ഷേത്രത്തിന്‍റെ വാമൊഴി ചരിത്രത്തില്‍, പരശുരാമന്‍ പ്രതിഷ്ഠ നടത്തിയതായിപ്പറയുന്ന മൂലക്ഷേത്രം പണ്ട് നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കടലെടുത്തു എന്നും, തുടര്‍ന്ന് വര്‍ഷങ്ങളോളം കടലില്‍ കിടന്ന വിഗ്രഹം കടല്‍തന്നെ കരയിലെത്തിച്ചതാണെന്നും, കടല്‍ക്കരയില്‍ കണ്ട ആ വിഗ്രഹത്തെ തിരുമല്ലന്‍മാരാണ് എടുത്ത് ആചാരപ്രകാരം പ്രതിഷ്ഠിച്ചതെന്നുമാണ് വിശ്വസിച്ചുപോരുന്നത്. തിരുമല്ലന്മാര്‍ കൃഷ്ണഭക്തരായിരുന്നതിനാല്‍ കൃഷ്ണസങ്കല്‍പ്പത്തിലായിരുന്നു പ്രതിഷ്ഠ നടത്തിയതും, പൂജ നടത്തിയിരുന്നതുമൊക്കെ. അതുകൊണ്ടുതന്നെ ആദ്യകാലത്ത് തിരുമുല്ലവാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നായിരുന്നു അറിയപ്പെട്ടിരുന്നതും.
അന്ന് ക്ഷേത്രത്തിന് ഇന്നത്തെപ്പോലെ പേരും പ്രശസ്തിയുമൊന്നുമുണ്ടായിരുന്നില്ല. ഭക്തജനങ്ങള്‍ പ്രദേശവാസികള്‍ മാത്രവുമായിരുന്നു. എന്നാല്‍ കര്‍ക്കിടകവാവിന് മാത്രം ധാരാളം പേര്‍ ഇവിടത്തെ സമുദ്രസ്നാനഘട്ടത്തില്‍ ബലികര്‍മ്മം നടത്തുവാന്‍ എത്തുമായിരുന്നു. അങ്ങനെവരുന്ന ഭക്തര്‍ ക്ഷേത്രദര്‍ശനവും നടത്തിയിരുന്നു എന്നതൊഴിച്ചാല്‍, ഇന്നത്തെപ്പോലെ ക്ഷേത്രത്തില്‍ തിലഹോമമൊന്നും നടത്തിയിരുന്നില്ല.
എന്നാല്‍ പിന്നീട് പതിറ്റാണ്ടുകള്‍ പലതുകഴിഞ്ഞു മാത്രമാണ് ശംഖുചക്രഗദാധാരിയായ മഹാവിഷ്ണുവാണ് പ്രതിഷ്ഠാമൂര്‍ത്തി എന്ന് തിരിച്ചറിഞ്ഞതും പൂജാദി നിവേദ്യകാര്യങ്ങളിലും മറ്റും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയതും. അതിനുശേഷമാണ് ക്ഷേത്രം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നതും വളര്‍ന്നുകൊണ്ടേയിരിക്കുന്നതും.
ക്ഷേത്രത്തിന് പിറകുവശത്തുള്ള സമുദ്രസ്നാനഘട്ടത്തില്‍ നിത്യബലി തുടങ്ങിയതും, ക്ഷേത്രത്തില്‍ തിലഹോമ വഴിപാട് ആരംഭിച്ചതുമൊക്കെ അതിനുശേഷമാണ്. ഇന്നിപ്പോള്‍ ദിവസവും നൂറുകണക്കിന് ഭക്തരാണ് പിതൃമോക്ഷ കര്‍മ്മങ്ങള്‍ക്കായി ഇവിടേക്ക് വരുന്നത്. വാവുദിവസങ്ങളില്‍ അത് ആയിരങ്ങളാകുമ്പോള്‍ കര്‍ക്കിടകവാവ് ദിവസം ലക്ഷങ്ങളാണ് വന്ന് കര്‍മ്മം ചെയ്തുപോകുന്നത്.
തിരുമുല്ലവാരത്തപ്പന്‍ എന്ന് വിളിപ്പേരുള്ള ഇവിടുത്തെ മഹാവിഷ്ണുവിന്, വിശ്വാസപ്രകാരം വലിയൊരു പ്രത്യേകത കൂടിയുണ്ട്. മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ് ആ പ്രത്യേകത. മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുനന്‍റെ ബാണമേറ്റ് മരിച്ചുവീഴും മുമ്പ് കര്‍ണ്ണന്‍ ഭഗവാന്‍ കൃഷ്ണനോട് ഒരഭ്യര്‍ത്ഥനനടത്തി. യുദ്ധത്തില്‍ താന്‍ മരിച്ചാല്‍ തന്‍റെ ശരീരം ഈ ഭൂമിയില്‍ വീഴരുത്; ഈ ഭൂമിയില്‍ ദഹിപ്പിക്കാനും പാടില്ല. കര്‍ണ്ണന്‍റെ ആ ആഗ്രഹം നടത്തിക്കൊടുക്കാമെന്ന് വാക്കുനല്‍കിയ ഭഗവാന്‍, മരണാസന്നനായ കര്‍ണ്ണന് മുന്നില്‍ വിശ്വരൂപിയായി മാറുകയും കര്‍ണ്ണന്‍റെ മൃതദേഹം തന്‍റെ ഇടതുകൈവെള്ളയില്‍ ഏറ്റുവാങ്ങി മോക്ഷം പ്രദാനം ചെയ്ത് പരലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തു എന്നാണ് വിശ്വാസം.
ആ മോക്ഷദായക ഭാവത്തില്‍ കുടികൊള്ളുന്നതിനാലാണ് തിരുമുല്ലവാരം മഹാവിഷ്ണുവിന്‍റെ സവിധത്തില്‍ പിതൃമോക്ഷ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഭക്തര്‍ എത്തിച്ചേരുന്നത്. തിരുമുല്ലവാരം സമുദ്രസ്നാനഘട്ടത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുകയും, ക്ഷേത്രത്തിലെത്തി തിലഹോമം നടത്തുകയും ചെയ്താല്‍ ആത്മാക്കള്‍ക്ക് മോക്ഷവും കുടുംബത്തിന് ശ്രേയസ്സും കൈവരുമെന്നാണ് വിശ്വസിച്ചുപോരുന്നത്.
ചെമ്പോലമേഞ്ഞ വട്ടശ്രീകോവിലിനുള്ളില്‍ കിഴക്കോട്ട് ദര്‍ശനമായി മഹാവിഷ്ണുവും പടിഞ്ഞാറോട്ട് ദര്‍ശനമായി കടലിനെനോക്കി മഹാദേവനും കുടികൊള്ളുന്നു. മഹാദേവന്‍റെ ദര്‍ശനഫലമാണെന്നു പറയുന്നു, ഈ പ്രദേശത്തെ കടല്‍ പൊതുവേ ശാന്തവും അപകടരഹിതവുമാണ്. തൊട്ടടുത്ത് അഴീക്കല്‍, ആലപ്പാട്ട് പ്രദേശങ്ങളില്‍ സംഹാരതാണ്ഡവമാടിയ സുനാമി തിരമാലകള്‍ ഒട്ടനവധി വീടുകള്‍ തകര്‍ക്കുകയും നൂറ്റിമുപ്പത്തിഅഞ്ചോളം ജീവന്‍ കവരുകയും ചെയ്തപ്പോള്‍ തിരുമുല്ലവാരത്ത് അങ്ങനൊരതിക്രമത്തിന് മുതിര്‍ന്നില്ല. പാഞ്ഞടുത്ത തിരമാലകള്‍ ക്ഷേത്രക്കുളത്തിനപ്പുറത്തേക്ക് പോകാതെ തിരികെ മടങ്ങിയതിന് ആയിരങ്ങള്‍ സാക്ഷികളാണ്. ഭഗവാന്‍ ശിവന്‍റെ ദര്‍ശനമാണ് അങ്ങനൊരു അത്ഭുതം സംഭവിപ്പിച്ചതെന്നാണ് ആ സംഭവത്തിന് സാക്ഷികളായ നാട്ടുകാരുള്‍പ്പെടെയുള്ളവര്‍ പറയുന്നത്.
മീനമാസത്തിലെ അത്തം നാളില്‍ കൊടിയേറി തിരുവോണത്തിന് ആറോട്ടോടുകൂടി സമാപിക്കുന്ന പത്തുദിവസത്തെ തിരുവുത്സവം കൊല്ലത്തിന്‍റെ തന്നെ ദേശീയോത്സവമാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും, തിരുവാഭരണ ഘോഷയാത്രയും, ആറാട്ടുമൊക്കെ നാടിനെയാകെ ആനന്ദലഹരിയില്‍ ആറാടിക്കുന്ന വിശേഷങ്ങളാണ്.
ഗണപതി, അയ്യപ്പന്‍, പാര്‍വ്വതി, മുരുകന്‍ എന്നിവരാണ് നാലമ്പലത്തിനുള്ളില്‍ ഉപദേവതകളായിട്ടുള്ളത്. പുറത്ത് രക്ഷസ്സും, ബ്രഹ്മരക്ഷസ്സും, നാഗദൈവങ്ങളും, ഭുവനേശ്വരി ദേവിയുമുണ്ട്.
തൊട്ടടുത്ത് സഹോദരിയും
ദേശീയപാതയില്‍ കാങ്കത്തുമുക്ക് ജംഗ്ഷനില്‍ നിന്നും 2 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തിലേക്ക്. ആ രണ്ട് കിലോമീറ്ററില്‍ മുക്കാല്‍ കിലോമീറ്റര്‍ കഴിയുമ്പോള്‍ റോഡിന്‍റെ ഇടതുവശത്തായി ഒരു ദേവീക്ഷേത്രം കാണാം. വിഷ്ണത്തുകാവ് ഭഗവതിക്ഷേത്രം. ഈ ക്ഷേത്രത്തിന് തിരുമുല്ലവാരം മഹാവിഷ്ണുസ്വാമി ക്ഷേത്രവുമായി വലിയൊരു ബന്ധമുണ്ട്. അതായത്, തിരുമുല്ലവാരം മഹാവിഷ്ണുവിന്‍റെ നേര്‍പെങ്ങളാണത്രെ വിഷ്ണത്തുകാവ് ഭഗവതി. വിഷ്ണുവിന്‍റെ കാവാണ് പില്‍ക്കാലത്ത് വിഷ്ണത്തുകാവായി മാറിയത് എന്നും, തിരുമുല്ലവാരത്തുനിന്ന് വിളിപ്പാടകലം മാത്രമുള്ള ഇവിടെത്തന്നെ ദേവി കുടിയിരിക്കുന്നത് സഹോദരന്‍റെ സാമീപ്യം ഉള്ളതുകൊണ്ടാണെന്നും തലമുറകളായി വിശ്വസിച്ചുപോരുന്നു.
വടക്കോട്ട് ദര്‍ശനമായി കുടികൊള്ളുന്ന വിഷ്ണത്തുകാവിലമ്മ കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സഹോദരിയാണെന്നും, വടക്കോട്ടുള്ള ദര്‍ശനം സഹോദരിയെ കാത്തുള്ള ഇരിപ്പാണെന്നുമുള്ള ഒരു ഐതിഹ്യവും നിലവിലുണ്ട്. എങ്കിലും ദേവപ്രശ്നചിന്തയിലും മറ്റും മഹാവിഷ്ണുവുമായുള്ള ബന്ധത്തിനാണ് കൂടുതല്‍ ഊന്നല്‍ ലഭിച്ചുകാണുന്നത്. അതുകൊണ്ടുതന്നെ ഗുരുവായൂരില്‍ ദര്‍ശനം നടത്തുന്നവര്‍ മമ്മിയൂരില്‍ കൂടി ദര്‍ശനം നടത്തിയാലേ ദര്‍ശനപുണ്യം പൂര്‍ണ്ണമാകൂ എന്നുപറയുംപോലെ, തിരുമുല്ലവാരം മഹാവിഷ്ണുവിനെ ദര്‍ശിച്ച് വഴിപാടുകളും മറ്റും നടത്തുന്നവര്‍, വിഷ്ണത്തുകാവിലെത്തി വിഷ്ണുഭഗവാന്‍റെ നേര്‍പെങ്ങളെക്കൂടി കണ്ട് യഥാവിധി വഴിപാടുകള്‍ നടത്തിയാലേ ദര്‍ശനം പൂര്‍ണ്ണമാകൂ എന്നാണ് പ്രശ്നവിധി.
ഇന്നത്തെപ്പോലെ അധികം ക്ഷേത്രങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് കൊല്ലം നഗരത്തിലെ ഏഴുകരക്കാരുടെ നിയന്ത്രണത്തിലായിരുന്നു ക്ഷേത്രം. തിരുമുല്ലവാരം, പുന്നത്തല(പുന്നത്തലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്) മനയില്‍കുളങ്ങര, കൈക്കുളങ്ങര, കോട്ടയ്ക്കകം, ഓല, വലിയ കട എന്നീ ഏഴ് കരക്കാരുടെ നിയന്ത്രണം. അടുത്തകാലം വരെ ക്ഷേത്ര ഉത്സവക്കമ്മിറ്റി രൂപീകരണവുമൊക്കെ ഈ ഏഴുകരക്കാരും ചേര്‍ന്നായിരുന്നെങ്കിലും ഇന്ന് അങ്ങനെയല്ല.
പത്താമുദയമാണ് വിഷ്ണത്തുകാവിലെ ഉത്സവം. മേടം ഒന്നിന് കൊടിയേറി പത്താമുദയത്തിന് ആറാട്ടോടെ സമാപിക്കുന്ന ഉത്സവം നാടിന്‍റെ ദേശീയോത്സവം തന്നെയാണ്. മുളങ്കാടകം ക്ഷേത്രത്തില്‍ നിന്നും ഒരു കി.മീറ്റര്‍ മാത്രം മാറിയാണ് വിഷ്ണത്തുകാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെങ്കിലും രണ്ടിടത്തും പത്താമുദയമാണ് പ്രധാന ഉത്സവം. ചൊവ്വ, വെള്ളി ദിവസങ്ങളാണ് പ്രധാനം. പത്താമുദയത്തിന് പുറമെ പ്രതിഷ്ഠാവാര്‍ഷികം, വിനായക ചതുര്‍ത്ഥി എന്നിവയും പ്രത്യേകമായി ആഘോഷിക്കുന്നു. മലയാള മാസത്തിലെ എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും ദേവിക്ക് മുന്നില്‍ മംഗല്യസൗഭാഗ്യത്തിനും, മറ്റ് ഉദ്ദിഷ്ടകാര്യസിദ്ധിക്കുമായി നൂറുകണക്കിന് സ്ത്രീ ഭക്തജനങ്ങള്‍ നടത്തുന്ന നാരങ്ങാവിളക്ക് വഴിപാട് അച്ചട്ടായ ഫലസിദ്ധി നല്‍കുന്നു എന്നാണ് അനുഭവസാക്ഷ്യം.
