നിത്യേന പിതൃതര്‍പ്പണ പ്രധാനമായ നാവാമുകുന്ദക്ഷേത്രം

നിത്യേന പിതൃതര്‍പ്പണ പ്രധാനമായ നാവാമുകുന്ദക്ഷേത്രം

HIGHLIGHTS

കര്‍ക്കിടകത്തിലെ അമാവാസിനാള്‍ പിതൃദിനമായി ഗണിക്കപ്പെടുന്നതിനാല്‍ അന്നേദിവസം പിതൃകര്‍മ്മങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്നു. തുലാം-കുംഭമാസങ്ങളിലെ അമാവാസിനാളും വൈശാഖത്തിലെ അമാവാസിനാളും ഇവിടെ ബലികര്‍മ്മങ്ങള്‍ക്കു സവിശേഷമാണ.് ആണ്ടുശ്രാദ്ധം (മരിച്ച ദിവസത്തെ നക്ഷത്രമോ തിഥിയോ കണക്കിലെടുത്ത് നടത്തുന്ന ബലികര്‍മ്മം), 16-ാം ദിവസത്തെ പിതൃകര്‍മ്മങ്ങള്‍, ത്രിപക്ഷപിണ്ഡം(മരിച്ച്, 16 ന് കര്‍മ്മങ്ങള്‍, പൂര്‍ത്തിയാക്കാന്‍ പറ്റാത്തവര്‍ക്ക് 41-ാം ദിവസം ചെയ്യുന്ന കര്‍മ്മങ്ങള്‍) പുലയിലുള്ള കര്‍മ്മങ്ങള്‍ (സമീപദേശങ്ങളിലുള്ളവരാണ് പുലയിലുള്ള കര്‍മ്മങ്ങള്‍ കൂടുതലും ചെയ്യുന്നത്), അസ്ഥിസ്ഥാപനം, ക്ഷേത്രപിണ്ഡം(ആണ്ടുശ്രാദ്ധം കഴിഞ്ഞ് മാത്രമെ ക്ഷേത്രപിണ്ഡം പാടുള്ളു) ഇവയാണ് പ്രധാന പിതൃകര്‍മ്മങ്ങള്‍. മരിച്ചയാളുടെ പ്രേതത്തെ ആറേകാല്‍ പണത്തൂക്കം വെള്ളിപ്രതിമയിലേക്ക് ആവാഹിച്ച് സമര്‍പ്പിക്കലാണ് ക്ഷേത്രപിണ്ഡച്ചടങ്ങ്. 

 

ബ്രഹ്മദേവന്‍റെ പത്നിമാരായ ഗായത്രിദേവിയും സരസ്വതിദേവിയും മഹാവിഷ്ണുവിന്‍റെ പത്നിയായ മഹാലക്ഷ്മിയും ശ്രീപരമേശ്വരന്‍റെ പത്നിയായ ശ്രീപാര്‍വ്വതിയും ഇന്ദ്രപത്നിയായ ശചീദേവിയും നദികളും ഉപനദികളുമായി പരിണമിച്ച് ഒത്തുചേര്‍ന്നൊഴുകുന്ന പുണ്യനദിയായ നിള... പറയിപ്പെറ്റ പന്തിരുകുലത്തിന്‍റെ മഹായാഗങ്ങള്‍ ഈ തീരങ്ങളെ കൂടുതല്‍ ധന്യമാക്കി. ഈ നദീതീരത്ത് പിറവികൊണ്ട ക്ഷേത്രങ്ങളത്രയും മഹാക്ഷേത്രങ്ങളായി.

തുഞ്ചത്തെഴുത്തച്ഛനും, കുഞ്ചനും, തലക്കുളത്ത് ഭട്ടതിരിയും ആഴ്വാഞ്ചേരി തമ്പ്രാക്കളും മേല്‍പ്പത്തൂര്‍ ഭട്ടതിരിയും ഈ പുണ്യനദിയുടെ തീരങ്ങളില്‍ വളര്‍ന്ന് ജ്ഞാനത്തിലും കലയിലും പുതിയ വഴിത്താരകള്‍ തുറന്നിട്ടു. പട്ടാമ്പിയും, തൃത്താലയും കൂടല്ലൂരും മേഴത്തൂരും ലക്കിടിയും കല്‍പ്പാത്തിയുമൊക്കെ നിളയുടെ ഇരുകരകളിലുമായി പങ്കുവയ്ക്കാന്‍ ഒരുപാട് ഓര്‍മ്മകളുമായി ഓരോ യാത്രികനേയും കാത്തിരിക്കുന്നു.

ഭാരതത്തിലെ 108 തിരുപ്പതികളില്‍ ഒന്നായ തിരുനാവായ മഹാവിഷ്ണുക്ഷേത്രവും പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്ത് നിലകൊള്ളുന്നു. എന്നതുകൊണ്ടുമാത്രമല്ല തിരുനാവായക്ഷേത്രം കേരളത്തിലെയെന്നല്ല ഭാരതത്തിലെ തന്നെ ശ്രദ്ധേയമായ മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നാകുന്നത്. മറുകരയില്‍ സ്ഥിതി ചെയ്യുന്ന ബ്രഹ്മ-ശിവ ചൈതന്യങ്ങള്‍(ചെറുതിരുനാവായിലെ ബ്രഹ്മ- ശിവക്ഷേത്രങ്ങള്‍)കൂടി ഒത്തുചേരുമ്പോള്‍ സൃഷ്ടി-സ്ഥിതി-സംഹാരമൂര്‍ത്തികളുടെ സംഗമസ്ഥാനം എന്ന അപൂര്‍വ്വത കൊണ്ടുകൂടിയാണ്. 

ക്ഷേത്രത്തിന്‍റെ ഉത്ഭവം

അയോദ്ധ്യയിലെ രാജാവായ ഋഷഭന് ജയന്തി എന്ന പത്നിയില്‍ നവയോഗികള്‍ എന്ന് പുകഴ്പെറ്റ ഒന്‍പത് പുത്രന്മാരുണ്ടായിരുന്നു. ആ മഹായോഗികള്‍ ലോകസഞ്ചാരം നടത്തവേ നേപ്പാളിലെ ഗണ്ഡകീനദിയുടെയും ബിക്മദി നദിയുടെയും സംഗമസ്ഥാനത്തുവച്ച് പ്രഥമപുത്രനായ കവിക്ക് പവിത്രമായ ഒരു സാളഗ്രാമം ലഭിച്ചു. ഈ സാളഗ്രാമം ഉത്തമമായ ഒരു സ്ഥാനത്ത് പ്രതിഷ്ഠിക്കുവാന്‍ യോഗീശ്രേഷ്ഠന്‍ ഭാരതക്കരയാകെ സഞ്ചരിച്ചു. ഒടുവില്‍ അദ്ദേഹം നിളയുടെ വടക്കേതീരത്തും എത്തി.

പണ്ട് മഹായാഗത്തിനെത്തി മഹാവിഷ്ണു കുടികൊണ്ട, അരയാല്‍ വൃക്ഷങ്ങളാല്‍ നിബിഢമായ പുണ്യഭൂമി തന്നെയാണ് പ്രതിഷ്ഠയ്ക്ക് ഉത്തമമായ സ്ഥാനം എന്ന് തിരിച്ചറിഞ്ഞ യോഗിവര്യന്‍ അവിടെ പ്രതിഷ്ഠിച്ച് പൂജ നടത്തി യാത്ര തുടങ്ങി. പക്ഷേ 'കവി' അവിടെ പ്രതിഷ്ഠിച്ച സാളഗ്രാമം ഭൂമിയില്‍ അന്തര്‍ദ്ധാനം ചെയ്തു.

നവയോഗികളായ ഹരി, അന്തരീക്ഷന്‍, പ്രബുദ്ധന്‍, പിപ്പിലായനന്‍, ആവിര്‍ഹോത്രന്‍, ദ്രൂമിളന്‍, ചമസന്‍ തുടങ്ങിയ യോഗികള്‍ക്കും ഇത്തരം സാളഗ്രാമങ്ങള്‍ കിട്ടുകയും നിളയുടെ തീരത്ത് ഈ പുണ്യദേശത്തെത്തി പ്രതിഷ്ഠാകര്‍മ്മം ചെയ്യുകയും ചെയ്തെങ്കിലും ആ സാളഗ്രാമങ്ങളെല്ലാം തന്നെ ഭൂമിയില്‍ അന്തര്‍ദ്ധാനം ചെയ്യുകയാണുണ്ടായത്. ഒടുവില്‍ ഏറ്റവും ഇളയപുത്രനായ കരഭാജനനും സാളഗ്രാമപ്രതിഷ്ഠക്കായി നിളാതീരത്തെത്തിച്ചേര്‍ന്നു. തന്‍റെ ജ്യേഷ്ഠന്മാര്‍ പ്രതിഷ്ഠിച്ച സാളഗ്രാമങ്ങള്‍ ശരിയായ വിധം പ്രതിഷ്ഠാകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാത്തതുകൊണ്ടാണ് ഭൂമിയില്‍ അന്തര്‍ദ്ധാനം ചെയ്യപ്പെട്ടതെന്ന് ആ മഹായോഗി തിരിച്ചറിഞ്ഞു. 

യഥാവിധി സാളഗ്രാമ പ്രതിഷ്ഠ ചെയ്യേണ്ടത് എങ്ങനെയെന്ന് നിളയില്‍ സ്നാനം ചെയ്ത് ധ്യാനനിമഗ്നനായിരിക്കുമ്പോള്‍ ഈശ്വരേച്ഛയാല്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ തെളിഞ്ഞു. അങ്ങനെ കരഭാജനന്‍ നിളയില്‍ നിന്നും ജലം ശേഖരിച്ച് മുക്തിദായകനായ മുകുന്ദനാണ് എന്ന സങ്കല്‍പ്പത്തില്‍ ആ വിഷ്ണു സാളഗ്രാമത്തെ മംഗളകരമായി പ്രതിഷ്ഠ ചെയ്തു.

പൂജാവിധിയില്‍ ദീപം നെയ്വിളക്കും അര്‍ച്ചനാപുഷ്പം  താമരപ്പൂവും നിവേദ്യം പാല്‍പ്പായസവും മുടങ്ങാതെ വേണമെന്ന് ചിട്ടപ്പെടുത്തുകയും ചെയ്തു. നെയ്വിളക്കും, താമരപ്പൂവും പാല്‍പ്പായസവും ക്ഷേത്രത്തില്‍ പ്രധാനമാകുന്നത് ഇതുകൊണ്ടാണ്. പൂജാദികാര്യങ്ങള്‍ക്കും, നിവേദ്യത്തിനും, അഭിഷേകത്തിനും ഇന്നും ഭാരതപ്പുഴയിലെ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. മുകുന്ദപ്രതിഷ്ഠ കഴിഞ്ഞ് കുറെക്കാലങ്ങള്‍ക്കുശേഷം നവയോഗികള്‍ ക്ഷേത്രാങ്കണത്തില്‍ ഒത്തുചേരുകയും ഒരു യാഗം നടത്തുകയുമുണ്ടായി. യോഗികളുടെ യാഗം കൊണ്ട് ധന്യമായ ദേശം തിരുനവയോഗി എന്നും കാലക്രമത്തില്‍ തിരുനാവായ എന്ന് ലോപിക്കുകയും ചെയ്തു.

അയ്യായിരത്തിലധികം വര്‍ഷങ്ങള്‍ക്കപ്പുറം പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം കിഴക്ക് ദര്‍ശനമായിട്ടാണ്. മുന്നില്‍ പടവുകള്‍ ഇറങ്ങിച്ചെന്നാല്‍ വിസ്തൃതമായ ഭാരതപ്പുഴ. സമചതുരാകൃതിയില്‍ രണ്ടുനില ശ്രീകോവിലാണ് ഇവിടെ. ശ്രീകോവിലില്‍ ശംഖചക്ര ഗദാപത്മധാരിയായ സാക്ഷാല്‍ മഹാവിഷ്ണുവിഗ്രഹം. ഒരു പ്രത്യേക കൂട്ടില്‍ത്തീര്‍ത്ത പഞ്ചലോഹവിഗ്രഹമാകയാല്‍ നാവാമുകുന്ദവിഗ്രഹത്തിന് കരിനീല നിറമാണ്. 

രണ്ടുനിലയിലുള്ള ശ്രീകോവിലിന്‍റെ പുറത്തെ ഭിത്തിയുടെ മുകള്‍ഭാഗം പാശുപതാസ്ത്രകഥയും ദശാവതാരകഥകളും കൊത്തിവച്ച് മനോഹരമാക്കിയിരിക്കുന്നു. ശ്രീകോവിലിന്‍റെ ഒന്നാം നിലയില്‍ പിന്‍ഭാഗത്ത് മാര്‍ക്കണ്ഡേയനുമായി ബന്ധപ്പെട്ട ഒരു അടഞ്ഞ വാതില്‍ കാണാം. അതിന് മുന്നില്‍ ശിവചൈതന്യത്തിന്‍റെ സാന്നിദ്ധ്യമെന്നപോലെ നന്ദീവിഗ്രഹവും. ഈ നന്ദീവിഗ്രഹത്തിന്‍റെ കാതില്‍ നമ്മുടെ ആഗ്രഹങ്ങള്‍ അറിയിച്ചാല്‍ അവയെല്ലാം പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് വിശ്വാസം.

പഴുക്കാമണ്ഡപം

ക്ഷേത്രത്തിന്‍റെ തെക്കുകിഴക്കേമൂലയിലാണ് അകത്തോ പുറത്തോ എന്ന് ഒറ്റനോട്ടത്തില്‍ നിശ്ചയിക്കാനാകാത്ത വിധം ചാരുതയോടെ പെരുന്തച്ചന്‍ പണികഴിച്ച 'പഴുക്കാമണ്ഡപം.' പ്രധാന ശ്രീകോവിലിന്‍റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് അധിഷ്ഠാനത്തിന്‍റെ ഗളത്തിനുതാഴെ കല്ലുകള്‍ക്കിടയില്‍ തിരുകിവച്ചിരിക്കുന്ന ഉളിയുടെ ഭാഗം പെരുന്തച്ചന്‍റേതാണെന്ന് പറയപ്പെടുന്നു.

ഉപദേവന്മാര്‍

ക്ഷേത്രത്തിലെ ഉപദേവതകളായ ആദിഗണേശ പ്രതിഷ്ഠയും മഹാലക്ഷ്മി പ്രതിഷ്ഠയും പിന്നീടുണ്ടായതാണ്. ഗജേന്ദ്രമോക്ഷത്തിന്‍റെ ഐതിഹ്യവുമായി ബന്ധപ്പെട്ടിട്ടാണ് ക്ഷേത്രത്തില്‍ ഗണേശ പ്രതിഷ്ഠയുണ്ടാവുന്നത്.

പാണ്ഡ്യരാജാവായിരുന്ന ഇന്ദ്രദ്യുമ്നന്‍ വാര്‍ദ്ധക്യത്തിലെത്തിയപ്പോള്‍ രാജ്യകാര്യങ്ങളെല്ലാം മക്കളെ ഏല്‍പ്പിച്ച് തപസ്സനുഷ്ഠിക്കാനായി പുറപ്പെട്ടു. ഒരിക്കല്‍ അദ്ദേഹം ധ്യാനനിഷ്ഠനായി ഇരിക്കുന്ന സമയത്ത് അഗസ്ത്യമുനി അവിടെ എത്തിച്ചേര്‍ന്നു.

ധ്യാനത്തിലായിരുന്നതിനാല്‍ രാജാവ് മുനിയുടെ ആഗമനം അറിഞ്ഞതുമില്ല. കോപിഷ്ഠനായ മുനി രാജാവ് ആനയാകട്ടെ എന്ന് ശപിക്കുകയും ചെയ്തു. ധ്യാനത്തില്‍ നിന്നുണര്‍ന്ന് കാര്യങ്ങള്‍ ഗ്രഹിച്ച രാജാവ് അറിയാതെ പറ്റിപ്പോയ തെറ്റിന് ശാപമോക്ഷത്തിനായി മഹാമുനിയോടപേക്ഷിച്ചു. ഒരു ഗജേന്ദ്രനായി അനേകവര്‍ഷം വനത്തില്‍കൂടി സഞ്ചരിക്കണമെന്നും ഒരിക്കല്‍ മഹാവിഷ്ണു അവതരിച്ച് ശാപമോക്ഷം നല്‍കും എന്നുപറഞ്ഞ് അനുഗ്രഹിച്ചു.

ഇതേസമയം തന്നെ മുനിശാപം മൂലം മുതലയായിത്തീര്‍ന്ന 'ഹൂ ഹൂ' എന്ന ഗന്ധര്‍വ്വന്‍ നദിയിലുണ്ടായിരുന്നു. ഒരിക്കല്‍ നിളയില്‍ സ്നാനം ചെയ്ത് നാവാമുകുന്ദനെ വണങ്ങി നിന്ന ഗജേന്ദ്രനെ മുതല ആക്രമിക്കുകയും ഗജേന്ദ്രന്‍ നാവാമുകുന്ദനെ വിളിച്ചു രക്ഷയ്ക്കായി കേഴുകയും ചെയ്തു. ഭക്തന്‍റെ ദുരവസ്ഥയില്‍ മനസ്സലിഞ്ഞ്  ദേവന്‍ സുദര്‍ശനചക്രത്താല്‍ മുതലയെ നിഗ്രഹിക്കുകയും ആശ്രിതവത്സലനായ ഗജേന്ദ്രന് മോക്ഷമേകി തന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനാകാന്‍ അനുമതിയും നല്‍കി. കാലാന്തരത്തില്‍ ഈ ഗണേശചൈതന്യം തിരിച്ചറിഞ്ഞ തെക്കുപടിഞ്ഞാറെ കോണില്‍ പ്രതിഷ്ഠിക്കപ്പെട്ടതാണ് ഇന്നുകാണുന്ന ആദിഗണേശവിഗ്രഹം.

ആദിഗണേശപ്രതിഷ്ഠപോലെ ശ്രീമഹാലക്ഷ്മി പ്രതിഷ്ഠയ്ക്ക് പിന്നിലും നാവാമുകുന്ദന്‍റെ ഭക്തവാത്സല്യം തുളുമ്പുന്ന മറ്റൊരു കഥയുണ്ട്. വിഷ്ണുഭക്തനായ ആദിഗണേശനാണ് നിത്യവും അടുത്തുള്ള താമരപ്പൊയ്കയില്‍ ചെന്ന് നാവാമുകുന്ദന് ഏറ്റവും പ്രിയമുള്ള താമരപ്പൂക്കള്‍ കൊണ്ടുവന്ന് അര്‍ച്ചനചെയ്തുപോന്നിരുന്നത്. ഒരു അക്ഷയതൃതീയ നാളില്‍ അര്‍ച്ചനയ്ക്കായി താമരക്കായലില്‍ താമരപറിക്കാന്‍ ചെന്നപ്പോള്‍ ഒരു പൂവുപോലും കാണുന്നില്ല. ഇതില്‍ കുണ്ഠിതനായ ഗണേശന്‍ തന്‍റെ സങ്കടം നാവാമുകുന്ദനെ അറിയിക്കാന്‍ ചെന്നപ്പോള്‍ മുകുന്ദവിഗ്രഹം താമരപ്പൂക്കള്‍കൊണ്ട് മൂടിയിരിക്കുന്നതാണ് കാണുന്നത്.

എന്തുകൊണ്ടാണ് തനിക്കീവിധം സംഭവിച്ചതെന്ന് ഭഗവാനോടുണര്‍ത്തിച്ചപ്പോള്‍ തന്‍റെ പ്രിയപത്നി തനിക്ക് തന്‍റെ ഭക്തനോടുള്ള അമിതസ്നേഹവാത്സല്യങ്ങള്‍ തനിക്കും കിട്ടണം എന്ന അസൂയയിലാണ് ആദിഗണേശന്‍ എഴുന്നേല്‍ക്കുന്നതിനുമുമ്പ് താമരപ്പൂക്കള്‍ ശേഖരിച്ച് അര്‍പ്പിച്ചതെന്ന് ഭഗവാന്‍ അരുള്‍ ചെയ്തു. തനിക്ക് നാവാമുകുന്ദന് അര്‍ച്ചനനടത്താന്‍ താമരപ്പൂക്കള്‍ ലഭിക്കാതെ വരരുതേ എന്ന ആദിഗണേശന്‍റെ പ്രാര്‍ത്ഥന ഭഗവാന്‍ സ്വീകരിച്ചു.

ഇനി മേലില്‍ ഗണേശന് താമരപ്പൂക്കള്‍ ലഭിക്കാതിരിക്കാന്‍ ഇടവരരുത് എന്ന് ലക്ഷ്മിദേവിയോട് കല്‍പ്പിച്ച് ശ്രീമഹാലക്ഷ്മിയെ തന്‍റെ വാമഭാഗത്ത് കുടിയിരുത്തി. ലക്ഷ്മിസമേതനായ നാവാമുകുന്ദസങ്കല്‍പ്പമാണിവിടെ. ലക്ഷ്മിനാരായണസങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠകള്‍ സാധാരണമാണെങ്കിലും ശ്രീ മഹാലക്ഷ്മിക്ക് തന്‍റെ വാമഭാഗത്ത് പ്രത്യേകസ്ഥാനവും പൂജയുമൊക്കെയുള്ള പ്രതിഷ്ഠകള്‍ അപൂര്‍വ്വമാണ്.

ശാസ്താക്ഷേത്രം

നാവാമുകുന്ദക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുരത്തിന് വടക്കുമാറി ക്ഷേത്രത്തോട് ചേര്‍ന്നുകാണുന്ന ശാസ്താക്ഷേത്രം 400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായിരുന്ന വേദപാഠശാലയുടെ സ്ഥാനത്ത് തവനൂരിലെ വാസുദേവപുരം ക്ഷേത്രത്തില്‍ ഉപദേവസ്ഥാനത്ത് ഉണ്ടായിരുന്ന ശാസ്താവിഗ്രഹം കൊണ്ടുവന്നു പ്രതിഷ്ഠചെയ്ത് പൂജിച്ചുവരുന്നതാണെന്നാണ് പഴമക്കാര്‍ പറയുന്നത്.

പിതൃതര്‍പ്പണമാഹാത്മ്യം

നിത്യേനയുള്ള പിതൃതര്‍പ്പണകര്‍മ്മങ്ങള്‍ക്ക് ഏറെ പ്രസിദ്ധമാണ് തിരുനാവായക്ഷേത്രം. ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് ഇത്രയും പ്രാധാന്യം ലഭിക്കുന്നതിനുപിന്നില്‍ ഒരു കഥയുണ്ട്.

പരശുരാമന്‍ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയനിഗ്രഹം നടത്തിയതിനുശേഷം തന്‍റെ സര്‍വ്വസ്വത്തുക്കളും ദാനം ചെയ്ത് മനഃശാന്തിക്കുവേണ്ടി നിളാതീരത്തുവച്ച് യാഗം ചെയ്തുവെങ്കിലും തന്‍റെ തപഃശക്തി വീണ്ടെടുക്കാനായില്ല.  ഇത് പരശുരാമനെ അശാന്തനാക്കി. തന്‍റെ കൈകൊണ്ട് കൊല്ലപ്പെട്ട ക്ഷത്രിയരുടെ ആത്മാക്കളാണ് തന്‍റെ ഏകാഗ്രതയ്ക്ക് തടസ്സം നില്‍ക്കുന്നതെന്ന് തിരിച്ചറിഞ്ഞ പരശുരാമന്‍ ത്രിമൂര്‍ത്തിസംഗമസ്ഥാനമായ നിളാതീരത്ത് വന്ന് വ്രതശുദ്ധിയോടെ ബലിതര്‍പ്പണം നടത്തുകയും ഗതികിട്ടാതെ അലഞ്ഞ ആത്മാക്കള്‍ സായൂജ്യം നേടുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഈ ക്ഷേത്രസങ്കേതം ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ക്ക് പ്രസിദ്ധമാകുന്നത്.

കര്‍ക്കിടകത്തിലെ അമാവാസി നാള്‍ പിതൃദിനമായി ഗണിക്കപ്പെടുന്നതിനാല്‍ അന്നേദിവസം പിതൃകര്‍മ്മങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്നു. തുലാം-കുംഭമാസങ്ങളിലെ അമാവാസിനാളും വൈശാഖത്തിലെ അമാവാസിനാളും ഇവിടെ ബലികര്‍മ്മങ്ങള്‍ക്കു സവിശേഷമാണ്. 

ആണ്ടുശ്രാദ്ധം (മരിച്ച ദിവസത്തെ നക്ഷത്രമോ തിഥിയോ കണക്കിലെടുത്ത് നടത്തുന്ന ബലികര്‍മ്മം) 16-ാം ദിവസത്തെ പിതൃകര്‍മ്മങ്ങള്‍, ത്രിപക്ഷപിണ്ഡം(മരിച്ച്, 16 ന് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പറ്റാത്തവര്‍ക്ക് 41-ാം ദിവസം ചെയ്യുന്ന കര്‍മ്മങ്ങള്‍) പുലയിലുള്ള കര്‍മ്മങ്ങള്‍ (സമീപദേശങ്ങളിലുള്ളവരാണ് പുലയിലുള്ള കര്‍മ്മങ്ങള്‍ കൂടുതലും ചെയ്യുന്നത്), അസ്ഥിസ്ഥാപനം, ക്ഷേത്രപിണ്ഡം(ആണ്ടുശ്രാദ്ധം കഴിഞ്ഞ് മാത്രമെ ക്ഷേത്രപിണ്ഡം പാടുള്ളു)ഇവയാണ് പ്രധാന പിതൃകര്‍മ്മങ്ങള്‍. 

മരിച്ചയാളുടെ പ്രേതത്തെ ആറേക്കാല്‍ പണത്തൂക്കം വെള്ളിപ്രതിമയിലേക്ക് ആവാഹിച്ച് സമര്‍പ്പിക്കലാണ് ക്ഷേത്രപിണ്ഡച്ചടങ്ങ്. ഈ ചടങ്ങുകളെല്ലാം ഇവിടെ നിത്യേന നടക്കുന്നുണ്ട്. പുഴക്കടവില്‍ പിതൃകര്‍മ്മങ്ങള്‍ ചെയ്യിപ്പിക്കുവാന്‍ പതിനാല് അംഗീകൃതകര്‍മ്മികളുടെ സേവനവും ക്ഷേത്രം ദേവസ്വത്തിന്‍റെ മേല്‍നോട്ടത്തില്‍ ഒരുക്കിയിരിക്കുന്നു. 

കര്‍മ്മം ചെയ്യാന്‍ എത്തുന്നവര്‍ കര്‍മ്മിയുടെ പേരിനുമുന്നില്‍ സൂചിപ്പിച്ചിട്ടുള്ള ടോക്കണ്‍ നമ്പറില്‍വേണം കര്‍മ്മങ്ങള്‍ക്കുവേണ്ടി ചീട്ടാക്കാന്‍. അവരവര്‍ക്കുവേണ്ട കര്‍മ്മിയെ തെരഞ്ഞെടുക്കാനും പരിപൂര്‍ണ്ണ സ്വാതന്ത്രവുമുണ്ട്. താമസസൗകര്യം വസ്ത്രം മാറുന്നതിനുള്ള സൗകര്യവും ബലികര്‍മ്മങ്ങള്‍ക്കുശേഷമുള്ള ഭക്ഷണസൗകര്യം ഇതെല്ലാം ദേവസ്വത്തിന്‍റെ കീഴില്‍ വിപുലമായി ഒരുക്കിയിട്ടുണ്ട്.

ക്ഷേത്രത്തിലേക്കുള്ള യാത്ര

തെക്കന്‍ ജില്ലയില്‍നിന്നു വരുന്നവര്‍ (ട്രെയിനിലോ ബസ്സിലോ) കുറ്റിപ്പുറത്തിറങ്ങിയാല്‍ അവിടുന്ന് തിതൂര്‍ റൂട്ടില്‍ 7 കി.മീറ്റര്‍ യാത്രയേ വേണ്ടു ക്ഷേത്രത്തിലേക്ക്. വടക്കന്‍ ജില്ലയില്‍നിന്നുവരുന്നവര്‍ക്ക് പുത്തനത്താണിയില്‍നിന്നും ഏകദേശം 8 കി.മീറ്ററും യാത്രയേ വേണ്ടു ക്ഷേത്രത്തിലെത്താന്‍. ചില എക്സപ്രസ് ട്രെയിനുകള്‍ തിരുനാവായയിലും നിര്‍ത്താറുണ്ട്. എല്ലാ പാസഞ്ചര്‍ ട്രെയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പുണ്ട്. റെയില്‍വേ സ്റ്റേഷനില്‍നിന്നും രണ്ടു കിലോമീറ്റര്‍ യാത്രയേയുള്ളു ക്ഷേത്രത്തിലേക്ക്.

തിരുനാവായ നാവാമുകുന്ദക്ഷേത്രം
തിരുനാവായ, മലപ്പുറം
ഫോണ്‍- 0494-2603747, (9446631453)