പരശുരാമനും ശങ്കരാചാര്യരും ബലിതര്‍പ്പണം നടത്തിയ സന്നിധി -പുതുമന മനുനമ്പൂതിരി

പരശുരാമനും ശങ്കരാചാര്യരും ബലിതര്‍പ്പണം നടത്തിയ സന്നിധി -പുതുമന മനുനമ്പൂതിരി

HIGHLIGHTS

ഈ നടയില്‍, ഈ മണ്ണില്‍ ബലിയര്‍പ്പിച്ചാല്‍, ഉടന്‍തന്നെ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഓരോ ദിവസം കഴിയുന്തോറും തിരുവല്ലത്ത് ബലിയിടാനെത്തുന്നവരുടെ സംഖ്യ കൂടിക്കൂടി വരികയാണ്. ചങ്ങനാശ്ശേരി തുരുത്തി പുതുമന ഇല്ലത്ത് മനു നമ്പൂതിരി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തിയായി നിയമിതനാകുന്നത് 2000ത്തിലാണ്. അതിനുശേഷം വര്‍ഷം ഇരുപത്തിനാല് ആകുമ്പോള്‍, ബോര്‍ഡിന് കീഴിലെ പ്രശസ്തങ്ങളായ പതിനഞ്ചോളം മേജര്‍ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുവാനുള്ള സൗഭാഗ്യം മനു നമ്പൂതിരിക്ക് ലഭിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തങ്ങളായ പൂജാക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളും ഐതിഹ്യങ്ങളുമൊക്കെ നിലനില്‍ക്കുന്ന ആ മഹാക്ഷേത്രങ്ങളുടെ ഓര്‍മ്മയിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയാണ് 'മഹാക്ഷേത്രങ്ങളിലൂടെ...' എന്നുള്ള ഈ ലേഖനപരമ്പര.

ഹൈന്ദവപുരാണമനുസരിച്ച് കേരളത്തിന്‍റെ സൃഷ്ടികര്‍ത്താവായിട്ടാണല്ലോ പരശുരാമനെ പ്രകീര്‍ത്തിച്ചുകാണുന്നത്. ആ പരശുരാമസ്വാമി പ്രധാന പ്രതിഷ്ഠയായിട്ടുള്ള, കേരളത്തിലെയെന്നല്ല ഇന്ത്യയിലെതന്നെ ഏകക്ഷേത്രമാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം. നടതുറക്കുമ്പോള്‍ മുതല്‍ അടയ്ക്കും വരെ ബലികര്‍മ്മങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. ശ്രീശങ്കരാചാര്യര്‍ തന്‍റെ അമ്മയ്ക്കുവേണ്ടി ബലിയിട്ട ക്ഷേത്രമായിട്ടാണ് തിരുവല്ലത്തെ കരുതിപ്പോരുന്നത്.
അന്നത്തെക്കാലത്ത് ബലിയിടുക എന്നുപറഞ്ഞാല്‍ ബ്രാഹ്മണ സമ്പ്രദായം അനുസരിച്ച് ഒരു പുരോഹിതന്‍റെ സാന്നിദ്ധ്യം അനിവാര്യമാണ്. ശങ്കരാചാര്യര്‍ക്ക് തന്‍റെ അമ്മയുടെ ബലികര്‍മ്മം നടത്തുവാന്‍ ഒരു പുരോഹിതന്‍റെ സാന്നിദ്ധ്യം ലഭിക്കാതെ വന്നപ്പോള്‍ അദ്ദേഹം ത്രിമൂര്‍ത്തികളെ പ്രാര്‍ത്ഥിച്ച് പ്രത്യക്ഷപ്പെടുത്തി എന്നാണ് ഐതിഹ്യം പറയുന്നത്. അങ്ങനെ പ്രത്യക്ഷപ്പെട്ട ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യത്താല്‍ അവിടെ പരശുരാമസ്വാമി ആവിര്‍ഭവിക്കുകയും ആ പരശുരാമസ്വാമി ശങ്കരാചാര്യരുടെ ബലി ഏല്‍ക്കുകയും ചെയ്തു എന്നാണ് വിശ്വാസം. അതിനുശേഷം ശ്രീശങ്കരാചാര്യര്‍ തന്നെ കരമനയാറ്റിലെ മണ്ണെടുത്ത്, ചതുര്‍ബാഹുവായിട്ടുള്ള മഹാവിഷ്ണുവിഗ്രഹം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു.

ഈ ചതുര്‍ബാഹു വിഗ്രഹത്തിന്‍റെ കയ്യില്‍ താമരയ്ക്ക് പകരം മഴുവാണുള്ളത്. മുഖം പരശുരാമസ്വാമിയുടേതിന് തുല്യവും. കാലപ്പഴക്കത്താല്‍ വിഗ്രഹത്തിന് തേയ്മാനം സംഭവിച്ചപ്പോള്‍ വെള്ളികൊണ്ടുള്ള കവചം നിര്‍മ്മിച്ച് സംരക്ഷിച്ചുപോരുകയായിരുന്നു. 
രാവിലെ 4 മണിക്ക് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യം, ഉഷഃപൂജ എന്നിവയ്ക്ക് ശേഷം 5 മണിയോടെ ശീവേലി നടത്തും. അതിനുശേഷം ഏകദേശം 5.40 നോടുകൂടി ആദ്യബലികര്‍മ്മത്തിന് ആരംഭം കുറിക്കും.

ബലികര്‍മ്മങ്ങള്‍ ക്ഷേത്രത്തിനകത്ത്

ഈ ബലികര്‍മ്മങ്ങള്‍ വളരെ കൃത്യമായിട്ടും വ്രതനിഷ്ഠയോടുംകൂടിയാണ് ആചരിച്ചുവരുന്നത്. അതിനുവേണ്ടി നിരവധി പുരോഹിതരാണുള്ളത്. കര്‍മ്മങ്ങള്‍ യഥാവിധി അനുസരിക്കുവാന്‍ ഈ പുരോഹിതര്‍ ഭക്തജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും സഹായവും നല്‍കും. ദര്‍ഭയും, എള്ളും പൂവുമെല്ലാം ചേര്‍ത്തുതന്നെയാണ് ഇവിടെ ബലികര്‍മ്മാദികള്‍ അനുഷ്ഠിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം എന്നുപറയുന്നത് ഹവിസ് അതായത് ചോറ് ഉപയോഗിച്ചുള്ള ബലികര്‍മ്മാദികളാണ് ചെയ്യുന്നത് എന്നുള്ളതാണ്. അതിന് ഒരു ആചാര്യന്‍ നേരിട്ട് ഉപദേശം നല്‍കുന്നു എന്നുള്ളത് ഏറ്റവും ഗുണകരമായ കാര്യമാണ്.

ഇവിടെത്തന്നെ കുളിച്ച്, ഇവിടെത്തന്നെ ബലികര്‍മ്മാദികള്‍ നിര്‍വ്വഹിച്ചിട്ട് പിണ്ഡം കരമനയാറ്റില്‍ നിക്ഷേപിക്കുക എന്നുള്ളതായിരുന്നു ചെയ്തുവന്നിരുന്നത്. എന്നാലിപ്പോള്‍ നദിക്ക് ഒഴുക്കും മറ്റും കുറഞ്ഞതിനാല്‍ ക്ഷേത്രത്തിന് പുറത്താണ് നിക്ഷേപിക്കുന്നത്. അത് കാക്കകള്‍ വന്നു ഭക്ഷിക്കും.

ആ ബലികര്‍മ്മാദികള്‍ക്ക് ശേഷം കുളിച്ച് അകത്തുവന്നാല്‍ പിതൃമോക്ഷത്തിന് വേണ്ടി തിലഹവനം എന്ന പൂജയുണ്ട്. അഗ്നിയിലൂടെ പിതൃക്കള്‍ക്ക് മോക്ഷം കൊടുക്കുന്ന കര്‍മ്മമാണ് തിലഹവനം. തിലഹവനം നടത്തിക്കഴിഞ്ഞാല്‍ പരശുരാമസ്വാമിയെ ദര്‍ശിച്ച് ബലികര്‍ത്താവിന്‍റെ പേരില്‍ അര്‍ച്ചന, പുഷ്പാഞ്ജലി എന്നീ വഴിപാടുകള്‍ നടത്തി മടങ്ങാം.

തിരുവനന്തപുരം നഗരത്തില്‍ നിന്നും 6 കി.മീറ്റര്‍ കന്യാകുമാരി റൂട്ടില്‍ ഏതാണ്ട് തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു ദേശമാണ് തിരുവല്ലം എന്നതിനാല്‍ ഇവിടെ തമിഴ് സമ്പ്രദായം കൂടുതലായി പകര്‍ന്നുകാണാം. തമിഴ്നാട്ടില്‍ നിന്നുള്ള ആളുകള്‍ കൂടുതലായി എത്തിച്ചേരുകയും മകരച്ചൊവ്വ പോലുള്ള പ്രധാന ചടങ്ങുകള്‍ ആചരിച്ചുവരികയും ചെയ്യുന്നു. അതായത്, മോക്ഷദായകനായ പരശുരാമ സ്വാമിയുടെ നടയില്‍ ബലിയിടുന്നതിനുള്‍പ്പെടെ തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തജനങ്ങള്‍ ധാരാളമായി എത്തിച്ചേരുന്നു എന്നു സാരം. പരശുരാമസ്വാമി പ്രത്യക്ഷത്തിലുള്ളതുകൊണ്ട് തിരുവല്ലത്ത് ബലികര്‍മ്മാദികള്‍ നടത്തുന്നത് ഏറ്റവും ശ്രേയസ്ക്കരമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഉടന്‍ മോക്ഷം

ഈ നടയില്‍, ഈ മണ്ണില്‍ ബലിയര്‍പ്പിച്ചാല്‍, ഉടന്‍തന്നെ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഓരോ ദിവസം കഴിയുന്തോറും തിരുവല്ലത്ത് ബലിയിടാനെത്തുന്നവരുടെ സംഖ്യ കൂടിക്കൂടി വരികയാണ്.

എല്ലാദിവസവും ബലികര്‍മ്മങ്ങള്‍ നടത്താറുണ്ടെങ്കിലും കര്‍ക്കിടകമാസത്തിലെ കറുത്ത വാവ് ദിവസത്തെ ബലിക്കാണ് കൂടുതല്‍ പ്രാധാന്യം കണ്ടുവരുന്നത്. ലക്ഷങ്ങളാണ് അന്നേദിവസം പരശുരാമ സ്വാമി സന്നിധിയില്‍ പിതൃമോക്ഷത്തിനായി ബലിയിടാനെത്തുന്നത്. മകരമാസത്തിലെയും തുലാം മാസത്തിലെയും ബലിയും അങ്ങനെതന്നെയാണ്. തമിഴ് സമ്പ്രദായം അനുസരിച്ച് ഇവ രണ്ടും വളരെയധികം പ്രാധാന്യം ഉള്ളതായതിനാല്‍ അവിടുന്നുള്ള ഭക്തജനങ്ങള്‍ തലേന്നു വന്ന് താമസിച്ചാണ് പുലര്‍ച്ചെതന്നെ ബലികര്‍മ്മാദികള്‍ അനുഷ്ഠിക്കുന്നത്.

കര്‍മ്മങ്ങള്‍ വളരെ വിശദമായി ത്തന്നെ ചെയ്യുന്നതുകൊണ്ടും ആചാര്യന്മാര്‍ ഉപദേശിച്ചുകൊടുക്കുന്നതുകൊണ്ടും തിരുവല്ലത്തെ ബലികര്‍മ്മാദികള്‍ ഭക്തജനങ്ങള്‍ക്ക് തൃപ്തികരമാണെന്നുള്ളതാണ് സത്യം.

ബലികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ഏറ്റവും ഉചിതം എവിടെയാണ് എന്നുള്ള ചോദ്യത്തിന് ഇല്ലം, വല്ലം, നെല്ലി എന്നാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ള ഉത്തരം. അതായത് ഒന്നുകില്‍ അവനവന്‍റെ വീട് അല്ലെങ്കില്‍ തിരുവല്ലമോ വയനാട്ടിലെ തിരുനെല്ലിയോ എന്ന് അര്‍ത്ഥം. അതില്‍തന്നെ തിരുവല്ലത്തിനുള്ള പ്രത്യേകത ഇവിടെ ക്ഷേത്രത്തിനകത്ത് വച്ചുതന്നെ ബലികര്‍മ്മാദികള്‍ നിര്‍വ്വഹിക്കുന്നു എന്നതാണ്. ക്ഷേത്രത്തില്‍ തന്നെ തയ്യാറാക്കുന്ന ഹവിസാണ് ഉപയോഗിക്കുന്നതും. തിരുനെല്ലിയില്‍ പോലും ക്ഷേത്രത്തിന് പുറത്താണ് കര്‍മ്മങ്ങള്‍ നടത്തുന്നത്.

ക്ഷേത്രത്തില്‍ മറ്റെന്തു വിശേഷമുണ്ടെങ്കിലും അതെല്ലാം ബലികര്‍മ്മാദികള്‍ക്കുശേഷം മാത്രമേ ഉള്ളൂ എന്നതാണ് പ്രത്യേകത. അത്രകണ്ട് പ്രാധാന്യമാണ് ഇവിടെ പിതൃമോക്ഷകര്‍മ്മങ്ങള്‍ക്ക് കല്‍പ്പിച്ചിട്ടുള്ളത്. പ്രധാന ഉത്സവവും പരശുരാമജയന്തിയുമൊക്കെ വന്നാലും പ്രാധാന്യം ബലികര്‍മ്മാദികള്‍ക്കാണ്. പരശുരാമസ്വാമിയുടെ പൂജ പോലും അതുകഴിഞ്ഞേ നടത്താറുള്ളൂ. കൊടിയേറ്റിനും ആറാട്ടിനുമൊക്കെ അതാണവസ്ഥ.

കൂടാതെ പിതൃക്കളെ ആവാഹിച്ച് ഭഗവാനില്‍ ലയിപ്പിക്കുന്ന ചടങ്ങുമുണ്ട്. തങ്ങളുടെ പിതൃക്കളെ പ്രതിമകളിലും മറ്റും ആവാഹിച്ച് ക്ഷേത്രത്തിലെത്തിച്ചാല്‍ അവരെ പരശുരാമ സ്വാമിയുടെ പാദത്തില്‍ ലയിപ്പിക്കും. അതും ശ്രേഷ്ഠമായ ചടങ്ങാണ്.
എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ അമ്മയുടെ ബലി പരശുരാമസന്നിധിയില്‍ നടത്തുവാന്‍ കഴിഞ്ഞത് വലിയ ചാരിതാര്‍ത്ഥ്യം നല്‍കിയ അനുഭവമാണ്. അമ്മയുടെ ആദ്യബലി നിര്‍വ്വഹിക്കുമ്പോള്‍ ഞാനിവിടെ മേല്‍ശാന്തിയായിരുന്നു.

ഐതിഹ്യം

പിതാവിന്‍റെ ആജ്ഞയനുസരിച്ച് മാതാവിനെ വധിച്ച പരശുരാമന്‍ ആ പാപത്തില്‍ നിന്നുള്ള മോചനത്തിനായി ഭഗവാന്‍ പരമശിവനെ പ്രാര്‍ത്ഥിച്ചുവെന്നും, ഭഗവാന്‍റെ നിര്‍ദ്ദേശപ്രകാരം കരമനയാറിന്‍റെ തീരത്തുള്ള സ്ഥലത്ത് വന്ന് ബലിതര്‍പ്പണം നടത്തിയെന്നും വിശ്വസിക്കപ്പെടുന്നു. 12, 13 നൂറ്റാണ്ടുകളില്‍ ചേരരാജാവായിരുന്ന അതിയാമന്‍ പെരുമാളാണ് ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് രേഖകള്‍ പറയുന്നത്.
അനന്തപത്മനാഭസ്വാമിയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് തിരുവല്ലം എന്ന സ്ഥലനാമം ലഭിച്ചതെന്നാണ് വിശ്വസിച്ചുപോരുന്നത്. വല്ലം എന്നാല്‍ തല എന്നാണ് അര്‍ത്ഥം. തൃപ്പാപ്പൂരില്‍ പാദങ്ങളും, അനന്തന്‍കാട്ടില്‍ ഉടല്‍ ഭാഗവുമായുള്ള പത്മനാഭസ്വാമിയുടെ തലഭാഗമാണ് തിരുവല്ലം.

കൈകളില്‍ മഴുവേന്തിയ പരശുരാമന്‍റെ പൂര്‍ണ്ണകായ പ്രതിഷ്ഠയാണ് ശ്രീകോവിലില്‍ ഉള്ളത്. പ്രധാന പ്രതിഷ്ഠയ്ക്ക് സമീപം ബ്രഹ്മാവ്, ശിവന്‍, വിഷ്ണു എന്നീ ത്രിമൂര്‍ത്തികള്‍ക്ക് പ്രത്യേകം ശ്രീകോവിലുകളുണ്ട്. ത്രിമൂര്‍ത്തികളുടെ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്ന് എന്ന പ്രത്യേകതയും തിരുവല്ലത്തിനുണ്ട്.
കൂടാതെ ഗണപതി, ശ്രീമുരുകന്‍, ഭദ്രകാളി (മഹിഷാസുര മര്‍ദ്ദിനി), കൃഷ്ണന്‍, വേദവ്യാസമുനി, മത്സ്യമൂര്‍ത്തി, നാഗങ്ങള്‍ എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്.
പുഷ്പാഭിഷേകം, കുങ്കുമാഭിഷേകം, ഭസ്മാഭിഷേകം എന്നിവയാണ് പ്രധാന വഴിപാടുകള്‍. കൂടാതെ ഗണപതി നടയിലെ അപ്പം മൂടലും ഗണപതി ഹോമവും പ്രധാന വഴിപാടുകളാണ്.

കരമന ആറ്, കിള്ളി ആറ്, പാര്‍വ്വതി പുത്തനാര്‍ എന്നീ മൂന്ന് പ്രധാന നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശബരിമല കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള മഹാക്ഷേത്രമാണ്. 

പുതുമന മനുനമ്പൂതിരി(9447660228)

Photo Courtesy - jyothisharathnam