ത്രിമൂര്‍ത്തി സംഗമം -തിരുവേഗപ്പുറ മഹാക്ഷേത്രം
കേരളത്തിലെ ഭക്തിചരിത്രത്തില് അപൂര്‍വ്വ സ്ഥാനം വഹിക്കുന്ന ക്ഷേത്രമാണ് തിരുവേഗപ്പുറ മഹാക്ഷേത്രം. ക്ഷേത്രഘടനയിലും ഐതിഹ്യമഹത്വത്തിലും വേറിട്ടുനില്‍ക്കുന്നതാണ് ഈ മതില്ക്കകം. മൂന്ന് മഹാക്ഷേത്രങ്ങള്‍, മൂന്ന് കൊടിമരങ്ങള്‍ ഈ മതില്‍ക്കകത്ത് കാണാം. പട്ടാമ്പി- വളാഞ്ചേരി പാതയില്‍ കുന്തിപ്പുഴയുടെ കരയിലായിട്ടാണ് തിരുവേഗപ്പുറക്ഷേത്രം നിലകൊള്ളുന്നത്. ഐതിഹ്യകഥകള്‍ പിന്നിക്കെട്ടിച്ചേര്ത്ത ഭക്തഹാരമാണ് ഈ ക്ഷേത്രചരിത്രം.
തിരുവേഗപ്പുറയിലേയ്ക്ക്
ഐതിഹ്യത്തിലൂടെ തിരുവേഗപ്പുറയിലേയ്ക്ക് എത്താന്‍ അല്‍പ്പദൂരം സഞ്ചരിക്കേണ്ടതായിട്ടുണ്ട്. ഐതിഹ്യപാതയിലൂടെ അല്‍പ്പദൂരം സഞ്ചരിക്കാം. തെക്കേ തേവരും, വടക്കേ തേവരും, നടുവിലത്തേവരും, വാഴുന്ന നാലകത്തെ വടക്കേ തേവരില്‍ നിന്നും ഐതിഹ്യത്തിലേയ്ക്ക് കടന്നുചെല്ലാം. വടക്കേ തേവര് മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള മഹാക്ഷേത്രമാണ്. ഏകദേശം മൂവായിരം വര്‍ഷങ്ങളുടെ ഭക്തിമഹത്വം ഈ ക്ഷേത്രത്തിന് പറയപ്പെടുന്നു. അന്ന് ഈ ക്ഷേത്രപരിസരം അറിയപ്പെട്ടിരുന്നത് 'അശോകപുരം' എന്നായിരുന്നു. സന്യാസ ആശ്രമങ്ങളാലും ശുദ്ധ വിഷ്ണുഭക്തരാലും നിറഞ്ഞിരുന്ന ഗ്രാമം. ഭക്തിയുടെ ആനന്ദലഹരിയില്‍ ദുഃഖം എന്തെന്നറിയാതെ വസിച്ചിരുന്ന ജനത ആയിരുന്നതിനാല്‍ അശോകപുരം എന്ന് ഈ ദേശത്തെ ഏവരും വിളിച്ചുപോന്നു.
ഭഗവാന്റെ വാഹനമായ ഗരുഡന്റെ ആരോഗ്യനില അനുദിനം വളരെ മോശമായി വന്നുകൊണ്ടിരിക്കുകയാണ്. പാലാഴി മഥനത്തിനായി മന്ഥരപര്‍വ്വതം തോളിലേറ്റി വന്നതും, ക്ഷീണം മാറാനായി ധാരാളം സര്‍പ്പങ്ങളെ ഭക്ഷിച്ചപ്പോള്‍ ഉള്ളില്‍ വിഷം പടര്‍ന്നതുമായിരുന്നു ഗരുഡന്റെ ആരോഗ്യം ക്ഷയിക്കാനുളള കാരണം. തന്റെ വിഷമസ്ഥിതി ഗരുഡന് മഹാവിഷ്ണുവിനെ ധരിപ്പിച്ചു. വിഷ്ണു നിസ്സഹായനായിട്ട് പറഞ്ഞു. ഈ വിഷമസ്ഥിതിക്ക് പരിഹാരം കാണാന്‍ ബ്രഹ്മദേവന് മാത്രമേ സാധിക്കുകയുള്ളൂ. ബ്രഹ്മദേവനെ ശരണം പ്രാപിച്ചാല്‍ ഉചിതമായ പരിഹാരം ലഭിക്കുമെന്ന് ഭഗവാന് ഗരുഡന് ഉപദേശം നല്കി. ഭഗവാന്റെ ഉപദേശപ്രകാരം ഗരുഡന് ബ്രഹ്മദേവനെ സമീപിച്ച് സങ്കടങ്ങള്‍ ഉണര്‍ത്തിച്ചു.
ഗയനദിയുടെ ആഴത്തില്‍ അതിദിവ്യമായ രണ്ട് ശിവലിംഗം കിടപ്പുണ്ട്. അതില്‍ ഒന്ന് അശോകപുരത്തും, മറ്റൊന്ന് ആദിത്യപുരത്തും പ്രതിഷ്ഠിച്ച് ശിവഭജനം ചെയ്താല്‍ ആധിവ്യാധികളെല്ലാം മാറിക്കിട്ടുമെന്ന് ബ്രഹ്മാവ് ഗരുഡനെ ഉപദേശിച്ചു.
ബ്രഹ്മവാക്യം കേട്ട ഗരുഡന് ഉടന്‍തന്നെ പറന്നുചെന്ന് ഗയയിലെ ആഴത്തില്‍നിന്നും രണ്ട് ശിവലിംഗങ്ങള്‍ ഉയര്‍ത്തിയെടുത്തു.
അതില്‍ ഒന്ന് അശോകപുരത്ത് മഹാവിഷ്ണു ക്ഷേത്രത്തിനോട് ചേര്‍ന്ന് പ്രതിഷ്ഠിച്ചു. പ്രതിഷ്ഠാമുഹൂര്‍ത്തം തീരും മുമ്പ് തന്നെ ആദിത്യപുരത്തേയ്ക്ക് പോകേണ്ടതിനാല്‍ രണ്ടാമത്തെ ശിവലിംഗം കയ്യിലെടുത്ത് വെപ്രാളത്തോടെ ചിറകടിച്ചു. ഗരുഡന്റെ ചിറകിന്റെ വേഗശക്തിയാല് ശിവലിംഗ പ്രതിഷ്ഠയുടെ പീഠം അല്‍പ്പം ചരിയുകയും ചെയ്തു. ഗരുഡന് ആദിത്യപുരത്തേയ്ക്ക് പറന്നുയര്‍ന്നു. ഗരുഡന്റെ വേഗത്താല്‍ ശിവലിംഗം ചരിഞ്ഞതിനാല്‍ 'വേഗം പുറപ്പെടൂ' എന്ന് തോന്നും പ്രകാരം തിരുവേഗപ്പുറമെന്ന് അശോകത്തപുരത്തെ പില്ക്കാലത്ത് വിളിക്കപ്പെടുവാന്‍ തുടങ്ങി.
കുന്തിപ്പുഴയില്‍ കുളിച്ച് വണങ്ങിയാല്‍
തിരുവേഗപ്പുറ പരമശിവന് മൂന്ന് ഭാവത്തിലാണ് പൂജകള്‍ നടത്തപ്പെടുന്നത്. രാവിലെ ജ്ഞാനസ്വരൂപനായ 'ദക്ഷിണാമൂര്‍ത്തി'യായിട്ടാണ് ഭഗവാനെ ആരാധിക്കുന്നത്. മദ്ധ്യാഹ്നത്തല് പരമശിവനായി മംഗളദായകനായി പൂജിക്കുന്നു. സന്ധ്യാപൂജകളില് ഗണപതി, മുരുകന്, ഭഗവതി, ഭൂതഗണങ്ങള്‍ എന്നിവരോട് ചേര്‍ന്ന് രാജരാജേശ്വരനായി സര്‍വ്വാഭീഷ്ട പ്രദായകനായി, ആനന്ദമൂര്‍ത്തിയായി ശിവചൈതന്യം ജ്വലിച്ചുനില്ക്കും.
സകലരോഗങ്ങള്‍ക്കും പരിഹാരമായി ശിവദര്ശനത്തെ കരുതിപ്പോരുന്നു. കുന്തിപ്പുഴയില്‍ കുളിച്ചുവന്ന് ഭഗവാനെ വലം വച്ച് തൊഴുതാല്‍ സകലരോഗ നിവൃത്തിയാണെന്ന് ഏവരും കരുതിപ്പോരുന്നു.
തുല്യപ്രാധാന്യത്തിലുള്ള മൂന്ന് ക്ഷേത്രങ്ങള്‍ ഒരു മതില്‍ക്കകത്ത്. വിഷ്ണുക്ഷേത്രം വൃത്താകൃതിയിലാണ്. ശിവക്ഷേത്രം ചതുരാകൃതിയിലാണ്. ഇവയ്ക്ക് രണ്ടും മദ്ധ്യത്തിലാണ് ശങ്കരനാരായണ സ്വാമിയുടെ ക്ഷേത്രം. ശങ്കരനാരായണക്ഷേത്രം, വൃത്തവും ചതുരവും ചേര്‍ന്ന ഗജപൃഷ്ഠം എന്ന ആകൃതിയിലാണ് പണിതിരിക്കുന്നു. പില്ക്കാലത്ത് ശങ്കരാചാര്യ സ്വാമിയാണ് ശങ്കരനാരായണ ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് പറയപ്പെടുന്നു. ശങ്കരനാരായണ വിഗ്രഹത്തിന്റെ പകുതി ശൈവവും പകുതി വൈഷ്ണവവുമാണ്.
പെരുമ്പറ മുഴങ്ങുന്നു
രാജരാജേശ്വരന്റെ ഭാവമാണ് ഇവിടെ പരമശിവന് സങ്കല്പ്പിച്ചുപോരുന്നത്. പെരുമ്പറയും, ശംഖും മുഴക്കിയാണ് ഇവിടെ പ്രഭാതപൂജയ്ക്ക്(നിര്‍മ്മാല്യം) നടതുറക്കുന്നത്. വൈകുന്നേരത്തെ ദീപാരാധനയ്ക്കും പെരുമ്പറ മുഴക്കും. പടിഞ്ഞാറെ വാതില്‍ മാടത്തിന്റെ മുകളിലായിട്ടാണ് പെരുമ്പറ വച്ചിരിക്കുന്നത്. നിത്യവും പെരുമ്പറ മുഴക്കുന്ന വിരളം ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവേഗപ്പുറ ത്രിമൂര്‍ത്തി ക്ഷേത്രം.
ഐതിഹ്യത്തിന്റെ അത്ഭുത നാലകമാണ് തിരുവേഗപ്പുറ നാലകം. അതിവിശാലമായ നാലകവും, കൂത്തമ്പലവും എണ്ണിപ്പറയാനാവാത്ത ഐശ്വര്യമഹത്വങ്ങളും ചേര്‍ന്നതാണ് തിരുവേഗപ്പുറ മതില്ക്കകം. ഒന്ന് തൊഴുതുമടങ്ങാനായാല് ഒരു ജന്മം പൂര്ണ്ണമായിത്തീരും എന്നാണ് മഹത്തുകള്‍ പറയുന്നത്.
Photo Courtesy - Google
