ഗതകാല സൗഭാഗ്യങ്ങളുടെ സ്മൃതിമാധുര്യം തിരുവോണം

ഗതകാല സൗഭാഗ്യങ്ങളുടെ സ്മൃതിമാധുര്യം തിരുവോണം

HIGHLIGHTS

ഓണം കേരളീയരുടെ സാംസ്ക്കാരിക ദേശീയ ഉത്സവമാണ്. സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും സത്യത്തിന്‍റെയും സമത്വത്തിന്‍റെയും  നന്മയുടേയും ത്യാഗത്തിന്‍റേയും അടയാളം കൂടിയാണിത്. മലയാളമനസ്സില്‍ ആഘോഷത്തിന്‍റെയും ഉന്മേഷത്തിന്‍റെയും വര്‍ണ്ണഭംഗികള്‍ വിരിയിച്ചുകൊണ്ട് വന്നെത്തുന്ന ഓണക്കാലത്തെ സ്വീകരിക്കുവാന്‍ എല്ലാവരും ഒരുപോലെ തയ്യാറെടുക്കുകയാണ് ചെയ്യുന്നത്.

 

കാലത്തിനൊപ്പം രീതികള്‍ മാറുന്നുവെങ്കിലും മലയാളത്തിന്‍റെ പ്രകൃതിക്കും മലയാളിയുടെ മനസ്സിനും ചിങ്ങമെത്തിയാല്‍ ഒരുന്മേഷമാണ്. ഓണമെത്തിപ്പോയ് എന്ന വായ്ത്താരി എല്ലാ കാര്യത്തിലും ഉണ്ടാകും. നമ്മുടെ മനസ്സുകളിലേയ്ക്ക് ഉത്സാഹത്തിന്‍റേയും സ്നേഹത്തിന്‍റെയും ഉത്സവത്തിന്‍റെയും ഉന്മേഷം നിറക്കുന്നതാണ് ഓണക്കാലം. മലയാളക്കരയെ ആഘോഷത്തിമിര്‍പ്പില്‍ ആറാടിക്കുന്ന ഒരാഘോഷം ഓണം പോലെ മറ്റൊന്നില്ല.

ജാതിമതചിന്തകളില്ലാതെ എല്ലാവരുടെയും സഹകരണം ലഭ്യമാകുന്ന ആഘോഷമാണ് ഇന്നും ഓണം. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ലിന് പിന്നില്‍ ഈ ആഘോഷത്തിന്‍റെ പ്രാധാന്യമാണ് കാണിക്കുന്നത്. ഇപ്പോള്‍ അണുകുടുംബങ്ങളായെങ്കിലും ഓണത്തിന് ഒത്തുചേരുകയെന്നത് മലയാളി മറക്കുന്നില്ല. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തില്‍ പ്രധാനം ഓണസദ്യ തന്നെയാണ്. തിരുവോണനാളിലാണ് സകുടുംബമുള്ള ഓണസദ്യ. ഓണക്കോടികളാണ് തിരുവോണനാളിലെ താരം. ഓണക്കോടി നല്‍കുന്നതും കിട്ടുന്നതും വളരെയധികം ആനന്ദപ്രദായകമായ അനുഭവമാണ്.

മഹോദയപുരം തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന കുലശേഖരപ്പെരുമാള്‍ രാജാക്കന്മാരുടെ കീഴില്‍ ഭരണം നടത്തിയിരുന്ന കാല്‍ക്കരെ നാട്ടുരാജാക്കന്മാരുടെ തലസ്ഥാനം എന്ന നിലയില്‍ തൃക്കാക്കര കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായിരുന്നു. കാല്‍ക്കരെ രാജാക്കന്മാരിലെ ഒരു പ്രമുഖ ഭരണാധികാരിയായിരുന്ന മഹാബലി പെരുമാളിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഓണം ആഘോഷിക്കാന്‍ തുടങ്ങിയത് എന്ന ഐതിഹ്യമുണ്ട്.

കള്ളവും ചതിയുമില്ലാതെ നാടുവാണിരുന്ന അസുരചക്രവര്‍ത്തി മഹാബലിയോട് വാമനരൂപം പൂണ്ട് മഹാവിഷ്ണു മൂന്നടി ഭൂമി ദാനമായി ആവശ്യപ്പെട്ടു. മഹാബലി അളന്നെടുക്കാന്‍ പറഞ്ഞപ്പോള്‍ ആകാശത്തോളം വളര്‍ന്ന വാമനന്‍ രണ്ട് അടികൊണ്ട് ലോകം മുഴുവന്‍ അളന്നെടുത്തു. വാമനന്‍റെ അവതാരോദ്ദേശം മനം കൊണ്ടറിഞ്ഞ മഹാബലി മൂന്നാമത്തെ അടി തന്‍റെ തലയില്‍ വച്ചളക്കാന്‍ പറഞ്ഞു. അസുരചക്രവര്‍ത്തിയാണെങ്കിലും മഹാബലിയുടെ സാത്വികതയിലൂടെ കൈവന്ന ദേവസ്വരൂപം കണ്ടറിഞ്ഞ വാമനന്‍ ഭൂമിക്കും പാതാളത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന സുതലത്തിലേക്ക് അദ്ദേഹത്തെ ചവുട്ടിത്താഴ്ത്തി.

തന്‍റെ പ്രജകളെ സന്ദര്‍ശിക്കുവാന്‍ വര്‍ഷത്തിലൊരിക്കല്‍ അനുമതി ആവശ്യപ്പെട്ടപ്പോള്‍ ആവണിമാസത്തില്‍ സന്ദര്‍ശനാനുവാദം വാമനന്‍ നല്‍കി. തിരുവോണനാളില്‍ കേരളത്തിലെ വീടുകളില്‍ മഹാബലി സന്ദര്‍ശിക്കാനെത്തുമെന്ന ഐതിഹ്യമാണ് കേരളത്തിലെ മഹത്തായ ഓണാഘോഷത്തിന്‍റെ മറ്റൊരു ഐതിഹ്യം.

പഴയകാലത്ത് അത്തം മുതല്‍ പത്തുദിവസം മുറ്റത്ത് ചാണകം മെഴുകി നാട്ടുപൂക്കള്‍ കൊണ്ട് അലങ്കരിക്കുമായിരുന്നു. പൂപ്പൊലി എന്നത് ഒരു ഗ്രാമത്തിലെ സമഷ്ടി സങ്കല്‍പ്പത്തിന്‍റെ ദേശസൗന്ദര്യതത്ത്വമാണ്. പൂവിളികളോടൊപ്പം ഉയര്‍ന്നുകേള്‍ക്കുന്ന ഒരുപാട് നാടന്‍ശീലുകള്‍ ഉണ്ടായിരുന്നു. ഓണപ്പൂക്കളമത്സരത്തിന്‍റെ ലഹരിയില്‍ നമ്മള്‍ നാട്ടുപൂക്കളെ മറന്നുപോയി. വര്‍ണ്ണവൈവിധ്യങ്ങള്‍ നാട്ടുരുചികളെ ഇല്ലാതാക്കി. ഓരോ ചുറ്റിനും വ്യത്യസ്ത വര്‍ണ്ണത്തിലുള്ള നാട്ടുനന്മകളെ നിറച്ചുകൊണ്ടാകണം പൂക്കളമൊരുക്കേണ്ടത്. വര്‍ണ്ണവര്‍ഗ്ഗവിവേചനമില്ലാത്ത ഒരു കാര്‍ഷിക സംസ്ക്കാരത്തെ നമുക്ക് പൂക്കളമിട്ട് വരവേല്‍ക്കാം.

അത്തം പിറക്കുന്നതോടെ നാടെങ്ങും പൂക്കളങ്ങള്‍ നിറഞ്ഞുതുടങ്ങും. പൂക്കളമത്സരങ്ങള്‍ എല്ലായിടത്തും ഓണാഘോഷത്തിന്‍റെ ഭാഗമായി മാറി. തൃക്കാക്കരയപ്പന് വീട്ടുമുറ്റത്ത് എഴുന്നെള്ളിയിരിക്കാന്‍ വേണ്ടി പൂക്കളം ഒരുക്കുന്നുവെന്നാണ് ഐതിഹ്യം. അത്തപ്പൂവിടുന്നതില്‍ വടക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും തെക്കന്‍കേരളത്തിലും പ്രാദേശികമായ വ്യത്യാസങ്ങള്‍ പ്രകടമാണ്. തുമ്പ, തുളസി, മന്ദാരം, ചെമ്പരത്തി, കനകാംബരം, മുല്ല തുടങ്ങി നാട്ടുമ്പുറത്ത് ലഭ്യമായ പൂക്കളുപയോഗിച്ചാണ് പൂക്കളം തീര്‍ത്തിരുന്നത്. പൂവിറുക്കാനിറങ്ങുന്ന കുട്ടികള്‍ക്ക് പൂവട്ടിയും പൂവിളിയും ഓണപ്പദങ്ങളായി. നഗരങ്ങള്‍ക്ക് അന്യസംസ്ഥാനത്ത് വിരിയുന്ന പൂക്കളാണ് കൂടുതലും ആശ്രയം. 

അത്തം തുടങ്ങി മൂന്ന് ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുന്നത്. അത്തത്തിന് ഒരു നിരയില്‍ മാത്രം പൂവിടുന്ന രീതിയും ചിലയിടത്തുണ്ട്. രണ്ടാം ദിവസം രണ്ടിനവും മൂന്നിന് മൂന്നിനവും തുടങ്ങി ഓരോ ദിവസവും പൂക്കളുടെ എണ്ണവും കളത്തിന്‍റെ വലിപ്പവും കൂടുന്നു. ഉത്രാടനാളിലാണ് പൂക്കളം പരമാവധി വലുപ്പത്തില്‍ ഒരുക്കുന്നത്. മൂലം നാളില്‍ ചതുരാകൃതിയില്‍ പൂക്കളം ഒരുക്കുന്ന രീതിയും ചിലയിടത്തുണ്ട്. വൃത്താകൃതിയില്‍ മണ്ണുകൊണ്ട് അഞ്ചും ഏഴും തട്ടുകള്‍ നിര്‍മ്മിച്ച് അതില്‍ ചാണകം മെഴുകിയും പൂക്കളമിടാറുണ്ട്.

തിരുവോണദിവസം രാവിലെ പൂക്കളത്തില്‍ പലകയിട്ട് അരിമാവു പൂശി മണ്ണുകൊണ്ടോ തടികൊണ്ടോ നിര്‍മ്മിച്ച തൃക്കാക്കരയപ്പന്‍റെ വിഗ്രഹങ്ങള്‍ ഇലയില്‍ പ്രതിഷ്ഠിക്കും. അലങ്കരിച്ച വിഗ്രഹത്തിന് മുന്നില്‍ അട, പഴം, പായസം തുടങ്ങിയവ നിവേദിക്കും. മണ്ണുകൊണ്ട് നിര്‍മ്മിച്ച പൂക്കളങ്ങള്‍ ഓണത്തിന് പിറ്റേന്ന് വൃത്തിയുള്ള സ്ഥലത്തേയ്ക്ക് ഇളക്കിമാറ്റുന്നു. തൃക്കാക്കരയപ്പന്‍റെ വിഗ്രഹങ്ങള്‍ ഓണം കഴിഞ്ഞ് മൂന്നുനാള്‍ പൂജയ്ക്കുശേഷമാണ് പ്രതിഷ്ഠയിളക്കുന്നത്. ഓണം കാണാന്‍ എഴുന്നെള്ളുന്ന തൃക്കാക്കരയപ്പനെ ആര്‍പ്പുവിളിച്ചും കുരവയിട്ടും സ്വീകരിക്കുന്ന രീതി ചിലയിടങ്ങളിലുണ്ട്.

ഓണത്തിന് ആഹ്ലാദം പകരാന്‍ ഓണക്കളികള്‍

കൂട്ടായ്മയുടെ അടയാളങ്ങളാണ് ഓണക്കളികള്‍. ഗ്രാമങ്ങള്‍ ഓണാവേശത്തിലമരുന്നത് നാടന്‍കളികളിലൂടെയാണ്. പാട്ടുകളും ചുവടുകളും മെയ്യഭ്യാസങ്ങളുമെല്ലാം ചേര്‍ന്ന് വ്യത്യസ്തമായ കലാരൂപങ്ങളാണ് ഓണക്കാലത്ത് അവതരിപ്പിക്കുന്നത്.

വള്ളംകളി

ചെറുതും വലുതുമായ ഒട്ടേറെ ജലോത്സവങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടാകാറുണ്ട്. പലയിടത്തും വന്‍ മത്സരങ്ങളുമുണ്ടാകും. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളം കളി. കൂടാതെ ആലപ്പുഴ നെഹ്റുട്രോഫി വള്ളം കളി, പായിപ്പാട്ട്, കരുവാറ്റ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വള്ളംകളി നടക്കാറുണ്ട്.

കുമ്മാട്ടിക്കളി

തൃശൂര്‍ ജില്ലയിലെ ഓണക്കാല വിനോദങ്ങളിലൊന്നാണ് കുമ്മാട്ടിക്കളി. മൂന്നാം ഓണത്തിനും നാലാം ഓണത്തിനുമാണ് കുമ്മാട്ടിക്കളിറങ്ങുന്നത്. തൃശൂര്‍ ചേലക്കോട്ടുകരയും ഊരകവുമാണ് കുമ്മാട്ടി നടക്കുന്ന പ്രധാന സ്ഥലങ്ങള്‍. പാള കൊണ്ടോ, മരം കൊണ്ടോ ഉള്ള മുഖംമൂടികളാണ് കുമ്മാട്ടിവേഷം കെട്ടുന്നവര്‍ അണിയുന്നത്. കുമ്മാട്ടിപ്പുല്ല് എന്ന് വിളിക്കുന്ന പര്‍പ്പടകപ്പുല്ലോ ഉണങ്ങിയ വാഴയിലോ ദേഹത്ത് വെച്ചുകെട്ടും. പ്രത്യേക ഈണത്തിലുള്ള പാട്ടിനനുസരിച്ച് ചുവടുവെച്ച് വീടുകള്‍ തോറും കയറിയിറങ്ങും.

പുലിക്കളി

നാലാം ഓണനാളില്‍ തൃശൂരില്‍ നടക്കുന്ന പുലിക്കളി ലോകപ്രശസ്തമാണ്. സ്വരാജ് റൗണ്ടില്‍ നടുവിലാല്‍ ഗണപതിക്ക് നാളികേരമുടച്ചുകൊണ്ടാണ് ഓരോ പുലിക്കളി സംഘവും പുറപ്പെടുക. ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് അരമണി കുലുക്കി, കുടവയര്‍ കുലുക്കി പുലികള്‍ മുന്നേറും. കൊല്ലവും തിരുവനന്തപുരവുമാണ് പുളിക്കളി നടത്തുന്ന മറ്റ് രണ്ട് സ്ഥലങ്ങള്‍. പുലികളി കഴിഞ്ഞാലേ തൃശൂര്‍ക്കാര്‍ക്ക് ഓണാഘോഷം സമാപിക്കുകയുള്ളൂ.

തുമ്പിതുള്ളല്‍

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഓണക്കളിയാണ് തുമ്പിതുള്ളല്‍. അനുഷ്ഠാനകല കൂടിയാണിത്. വലിയ വൃത്തം വരച്ച് പെണ്‍കുട്ടികള്‍ അതിനുചുറ്റുമിരിക്കും. നടുവില്‍ തെങ്ങിന്‍ പൂക്കുല പിടിച്ച് ഒരു പെണ്‍കുട്ടിയും. ചുറ്റുമുള്ളവര്‍ കൂട്ടായി പാടും. പാട്ട് ഉച്ചത്തിലാകുന്നതോടെ തുമ്പിപ്പെണ്ണ് തുള്ളിത്തുടങ്ങും.

ഓണത്തല്ല്

നാടന്‍വിനോദമാണ് ഓണത്തല്ല്. തൃശൂര്‍ മുതല്‍ വടക്കേ മലബാര്‍ വരെ പലയിടത്തും ഈ വിനോദം അരങ്ങേറാറുണ്ട്. ഹയ്യത്തട... എന്ന വായ്ത്താരി പറഞ്ഞ് കളത്തിലിറങ്ങുന്ന മെയ്യഭ്യാസികളെ കൂട്ടം കൂടി നിന്ന് കാണികള്‍ പ്രോത്സാഹിപ്പിക്കും. കയ്യാങ്കളിയെന്നും ഓണത്തല്ലിന് പേരുണ്ട്. കുന്ദംകുളത്തും ചെറുതുരുത്തിയിലും വെട്ടിക്കാട്ടിരിയുമൊക്കെ ഓണത്തല്ല് പരിശീലിപ്പിക്കുന്ന ആശാന്മാരുണ്ട്.

തലപ്പന്തുകളി

കൈകൊണ്ടും കാലുകൊണ്ടും പന്തുരുട്ടി കളിക്കുന്നതാണിത്. ഒരു ടീമില്‍ ഏഴുപേര്‍ മത്സരിക്കാനുണ്ടാകും. രണ്ടുപേര്‍ എക്സ്ട്രാ മൂന്ന് റഫറിമാര്‍. മൂന്നാഴ്ചയിലധികം നീളുന്ന മത്സരമാണിത്. ചകിരി പോത്തിന്‍ തോലില്‍ പൊതിഞ്ഞ് പ്രത്യേകതരം നൂലുപയോഗിച്ച് തുന്നിച്ചേര്‍ത്താണ് പന്ത് നിര്‍മ്മിക്കുന്നത്.

കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടപ്പുലരിയില്‍ കണ്ണന് മുന്നില്‍ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ലക്ഷണമൊത്ത നേന്ത്രക്കുലകള്‍ കാഴ്ചയായി നിരക്കും. ക്ഷേത്രത്തില്‍ ശീവേലിക്ക് ശേഷമാണ് ഉത്രാടകാഴ്ചക്കുല സമര്‍പ്പിക്കുക. മേല്‍ശാന്തി ആദ്യകുല സമര്‍പ്പിക്കും. തുടര്‍ന്ന് ഊരാളനും 13 കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാരും ക്ഷേത്രാധികൃതരും കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചതിനുശേഷം ഭക്തജനങ്ങളോടും ക്ഷേത്രഭാരവാഹികളും കാഴ്ചക്കുലകള്‍ സമര്‍പ്പിക്കും.

ഓണപ്പുടവ സമര്‍പ്പണം

തിരുവോണനാളില്‍ പുലര്‍ച്ചെ ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പിക്കാന്‍ ക്ഷേത്രത്തില്‍ പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. നമസ്കാര മണ്ഡപത്തിലാണ് സമര്‍പ്പണം. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി കാരണവര്‍ രണ്ട് ഓണപ്പുടവകള്‍ സമര്‍പ്പിക്കുക പതിവാണ്. ക്ഷേത്രത്തില്‍ തിരുവോണം ഗുരുവായൂരപ്പന് നമസ്കാര സദ്യയോടൊപ്പം ആഘോഷിക്കുക. ഭക്തര്‍ക്ക് ഓണസദ്യ രാവിലെ പത്തിനുശേഷം ഊട്ടുപുരയില്‍ തുടങ്ങും.

 

 

 

 

ബാബുരാജ് പൊറത്തിശ്ശേരി
(9846025010)