ഇക്കുറി സൂര്യഗ്രഹണം ശ്രാവണ മാസത്തിലെ അമാവാസിയിൽ; 'സൂതകകാലം' ബാധകമല്ല
ഈ വർഷത്തെ രണ്ടാമത്തെ ഗ്രഹണം ഓഗസ്റ്റ് 12-ന് സംഭവിക്കും. ശ്രാവണ മാസത്തിലെ അമാവാസി ദിനത്തിൽ ഉണ്ടാകുന്ന ഈ സമ്പൂർണ സൂര്യഗ്രഹണം ലോകത്തിന്റെ ചില ഭാഗങ്ങളിൽ അത്യപൂർവ കാഴ്ചയൊരുക്കുമെങ്കിലും ഇന്ത്യയിൽ ഇത് ദൃശ്യമാകില്ല. ഇന്ത്യൻ സമയം അനുസരിച്ച് ഓഗസ്റ്റ് 12 രാത്രി 9.04-ന് ഗ്രഹണം ആരംഭിച്ച് ഓഗസ്റ്റ് 13 പുലർച്ചെ 4.25-ന് അവസാനിക്കും. ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായതിനാൽ ഗ്രഹണപാതയിലുള്ള പ്രദേശങ്ങളിൽ ഏതാനും മിനിറ്റുകൾ പകൽ രാത്രിപോലെ ഇരുണ്ടതായി അനുഭവപ്പെടും.
ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകാത്തതിനാൽ സൂതകകാലം ബാധകമല്ല. അതിനാൽ ക്ഷേത്രങ്ങളിലെ പൂജകൾ, ആരാധനകൾ, മറ്റ് ആചാരാനുഷ്ഠാനങ്ങൾ എന്നിവയ്ക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല.
ആർട്ടിക് സമുദ്രം, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, അറ്റ്ലാന്റിക് സമുദ്രത്തിന്റെ ചില ഭാഗങ്ങൾ, വടക്കൻ സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലാണ് ഈ സമ്പൂർണ സൂര്യഗ്രഹണം വ്യക്തമായി കാണാൻ കഴിയുക. അതേസമയം, ഈ മാസത്തിൽ മറ്റൊരു ഗ്രഹണവും ആകാശത്ത് അരങ്ങേറും. ഓഗസ്റ്റ് 28-ന് പൗർണിമി ദിനത്തിൽ ചന്ദ്രഗ്രഹണം സംഭവിക്കും. എന്നാൽ ആ ഗ്രഹണവും ഇന്ത്യയിൽ ദൃശ്യമാകില്ലെന്നതിനാൽ അതുമായി ബന്ധപ്പെട്ട മതാചാര നിയന്ത്രണങ്ങളും രാജ്യത്ത് ബാധകമാകില്ല.
