തിരുവാതിരകളിയില്‍ സംപ്രീതനാകുന്ന അടുക്കളത്തേവര്‍

തിരുവാതിരകളിയില്‍ സംപ്രീതനാകുന്ന അടുക്കളത്തേവര്‍

HIGHLIGHTS

ധനുമാസ തിരുവാതിര ഭക്തിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വ്രതദിനമാണ്. ഒട്ടുമിക്ക ശിവക്ഷേത്രങ്ങളും, ഭഗവാന്‍റെ ആ തിരുനാള്‍ വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്നു.  സ്ത്രീകളുടെ തിരുവാതിരയുമായി ബന്ധപ്പെട്ട ഏത് ദാമ്പത്യപ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്ന ഒരു ശ്രീ മഹാദേവ ക്ഷേത്രം നീണ്ടകരയിലുണ്ട്. തോട്ടത്തില്‍മഠം ശിവക്ഷേത്രമാണത്. ദേവസ്വം രേഖകളില്‍ നീണ്ടകര തെക്കുംഭാഗം ഗണപതി ക്ഷേത്രമെന്നാണ് കാണപ്പെടുന്നതെങ്കിലും സ്ത്രീകള്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ക്ഷിപ്രപ്രസാദിയായ, കല്യാണമൂര്‍ത്തിയായ ശിവഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. 

 

ധനുമാസ തിരുവാതിര ഭക്തിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വ്രതദിനമാണ്. ഒട്ടുമിക്ക ശിവക്ഷേത്രങ്ങളും, ഭഗവാന്‍റെ ആ തിരുനാള്‍ വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്നു. തിരുവാതിരയ്ക്ക് പശ്ചാത്തലമാകുന്നത് കാളിദാസന്‍റെ പ്രസിദ്ധ കൃതിയായ 'കുമാരസംഭവ'മാണ്.

സതീവിരഹ മനസ്സോടെ, വൈരാഗ്യത്തോടെ കഠിനതപസ്സിലേര്‍പ്പെട്ട ഭഗവാന്‍ ശ്രീമഹേശ്വരനെ ഹിമശൈലനന്ദിനിയായ ശ്രീ പാര്‍വ്വതി പ്രേമപൂജയിലൂടെ തപസ്സില്‍ നിന്നുണര്‍ത്താന്‍ ദീര്‍ഘനാളായി ശ്രമങ്ങള്‍ നടത്തുകയും അതിനിടയില്‍ ദേവന്മാരുടെ താല്‍പ്പര്യപ്രകാരം പഞ്ചബാണനായ കാമദേവന്‍ ശൃംഗാരചാപങ്ങള്‍ എയ്യുകയും ഒടുവില്‍ തീക്ഷ്ണതപസ്സിനു ഭംഗം വന്ന ഭഗവാന്‍റെ ദ്വേഷ ത്രിനേത്രാഗ്നിയില്‍പ്പെട്ട് മന്മഥന്‍ ഭസ്മമായിത്തീരുകയും ചെയ്ത കഥയാണത്. ഇവിടെ ഭക്തര്‍ കണ്ടത് ക്ഷിപ്രകോപിയായ ഭഗവാനെയാണ്. 

എന്നാല്‍ അടുത്ത നിമിഷം ശ്രീപരമേശ്വരന്‍ ക്ഷിപ്രപ്രസാദിയാകുകയും ചെയ്യുന്നു. ഭഗവാന്‍ പ്രിയതമനായ മന്മഥന്‍റെ വിരഹത്തില്‍ വിലപിക്കുന്ന രതിദേവിയുടെ ദുഃഖത്തിന് ആശ്വാസം നല്‍കത്തക്കവിധം മന്മഥനെ പുനര്‍ജ്ജീവിപ്പിച്ചതാണ് അതില്‍ പ്രധാനം.

പാര്‍വ്വതീപരിണയത്തിന് മുന്നോടിയായി പ്രേമത്തിന്‍റെ ആഴം എന്തെന്നറിയാന്‍ അദ്ദേഹം പ്രേമപരീക്ഷയ്ക്ക് തയ്യാറായതും ആ പ്രസാദിത്വമഹത്വത്തിന്‍റെ മനസ്സിന്‍റെ മറ്റൊരു ഉദാഹരണമാണ്. ദേവന്മാര്‍ക്ക് ശിവപാര്‍വ്വതീ പരിണയം വേഗം സാധ്യമാക്കുന്നതിന് പിന്നിലുള്ള അമിതതാല്‍പ്പര്യം ത്രിലോകനാശകാരണനായ താരകാസുരന്‍റെ നിഗ്രഹം ഇവരുടെ സംയോഗഫലത്താല്‍ സൃഷ്ടിക്കപ്പെടുന്ന ശ്രീസുബ്രഹ്മണ്യനിലൂടെ മാത്രമേ സാക്ഷാത്ക്കരിക്കൂ എന്നതുകൊണ്ടാണ്. 

അങ്ങനെ പാര്‍വ്വതീപരിണയം കാലത്തിന്‍റെ വിധിപോലെ സംഭവിക്കുകയും കുമാരന്‍ താരകനെ നിഗ്രഹിക്കുകയും ചെയ്തു. ഇവിടെ ശ്രീ ശിവനെ ഇഷ്ടഭര്‍ത്താവായി ലഭിക്കാന്‍ ശ്രീപാര്‍വ്വതി നടത്തിയ പ്രേമപൂജയും പ്രേമപരീക്ഷയുമൊക്കെ ഹൈന്ദവ സ്ത്രീസമൂഹം തിരുവാതിരവ്രതം, തിരുവാതിരകളി, എട്ടങ്ങാടി നിവേദ്യം, പാതിരാപ്പൂചൂടല്‍, തുടിച്ചുകുളി, കൂവപ്പായസനിവേദ്യം, ഇലക്കുറിയണിയല്‍ തുടങ്ങിയ ചടങ്ങുകളിലൂടെ ആവര്‍ത്തിക്കപ്പെടുന്നു. ഈ അനുഷ്ഠാനത്തിലൂടെ ഓരോ സ്ത്രീയും പാര്‍വ്വതിയായിത്തീരുന്നു എന്നതാണ് ഏറ്റവും ആശ്ചര്യകരം. അവര്‍ ആഗ്രഹിക്കുന്നത് ശ്രീ മഹേശനെപ്പോലെ ഒരു ഇഷ്ടഭര്‍ത്താവിനെയാണ്. 

സുമംഗലികളാകട്ടെ കൈലാസശൈലത്തിലെ മനഃസമാധാനജീവിതവും.
തിരുവാതിരവ്രതാനുഷ്ഠാനവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും എല്ലാ ശിവക്ഷേത്രങ്ങളും ഭക്തിയോടെ, ആരാധനാ പുണ്യത്തോടെ ആചരിച്ചുവരുന്ന കാര്യമാണ്. എന്നാല്‍ സ്ത്രീകളുടെ തിരുവാതിരയുമായി ബന്ധപ്പെട്ട ഏത് ദാമ്പത്യപ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്ന ഒരു ശ്രീ മഹാദേവ ക്ഷേത്രം നീണ്ടകരയിലുണ്ട്. തോട്ടത്തില്‍മഠം ശിവക്ഷേത്രമാണത്. ദേവസ്വം രേഖകളില്‍ നീണ്ടകര തെക്കുംഭാഗം ഗണപതി ക്ഷേത്രമെന്നാണ് കാണപ്പെടുന്നതെങ്കിലും സ്ത്രീകള്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ക്ഷിപ്രപ്രസാദിയായ, കല്യാണമൂര്‍ത്തിയായ ശിവഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. 

മംഗല്യതടസ്സം നേടുന്ന കന്യകമാരും കുടുംബജീവിതത്തില്‍ സംഘര്‍ഷം അനുഭവിക്കുന്ന വീട്ടമ്മമാരും ഒരിക്കലെങ്കിലും ഈ തിരുനടയിലെത്തി ഒരാവൃത്തി ധനുമാസത്തിരുവാതിരനാള്‍ തിരുവാതിര കളിച്ചാല്‍ അവരുടെ ദുഃഖം ഉടനടി തന്നെ സന്തോഷമായി മാറുകയും ആഗ്രഹസാഫല്യം കൈവരിക്കുകയും ചെയ്യുമെന്നാണ് അനുഭവസ്ഥരുടെ വാക്കുകള്‍. എല്ലാ ഭക്തജനങ്ങള്‍ക്കും ആശ്രിതവത്സലനാണ് ഭഗവാനെങ്കിലും സ്ത്രീകളോട് ഒരു പ്രത്യേകമായൊരു വാത്സല്യം ഭഗവാനുണ്ട്. അതിനു പ്രധാന കാരണം ഒരു കാലത്ത് തോട്ടത്തില്‍ മഠത്തിലെ അന്തര്‍ജ്ജനങ്ങള്‍ അടുക്കളയില്‍വച്ച് ആരാധിച്ചിരുന്ന ശിവനാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. 

അന്തര്‍ജ്ജനങ്ങള്‍ അദ്ദേഹത്തിന് വിശപ്പും ദാഹവും ഒന്നും ഒരു നിമിഷം പോലും അനുഭവപ്പെടാത്തവിധം സമയാസമയങ്ങളില്‍ അടുക്കളയില്‍ പാകപ്പെടുന്ന ഭക്ഷണം അദ്ദേഹത്തിന് നേദിച്ചിരുന്നു. അതുകൊണ്ടുതന്നെ തോട്ടത്തില്‍ മഠത്തിലെ ശിവനെ പൊതുവേ അറിയപ്പെടുന്നത് അടുക്കളത്തേവര്‍ എന്നാണ്. അതാണ് സ്ത്രീജനങ്ങളോട് ഭഗവാനോട് വാത്സല്യം വര്‍ദ്ധിക്കാനുള്ള കാരണവും.

എല്ലാ ശിവക്ഷേത്രങ്ങളിലേയും പോലെ ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ഉത്സവമെങ്കിലും ധനുമാസത്തിരുവാതിരയും കെങ്കേമമായി ആഘോഷിക്കുന്നു. അന്ന് തിരുവാതിരക്കളിയാണ് ഭക്തജനങ്ങള്‍ നടത്തുന്ന പ്രധാന നേര്‍ച്ച. ഒരു ധനുമാസത്തിരുവാതിരനാള്‍ ഒരു കന്യക വന്ന് ഇവിടെ തിരുവാതിരകളിച്ചാല്‍ അടുത്ത തിരുവാതിരയ്ക്ക് അവള്‍ ഇവിടെ കാണില്ലെന്നാണ് തോട്ടത്തില്‍ മഠത്തിലെ ശശിധരന്‍ നമ്പൂതിരി പറയുന്നത്. അതിനര്‍ത്ഥം ആ കന്യകയ്ക്ക് അടുത്ത തിരുവാതിരയ്ക്കകം മംഗല്യം നടന്ന് ദേശം വിടുമെന്നാണ്. അങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ ഈ ശിവക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു പറയപ്പെടുന്നു. 

മാതാപിതാക്കളുടെ സമ്മതപ്രകാരമുള്ള വിവാഹങ്ങള്‍ക്കൊപ്പം തന്നെ ഗാന്ധര്‍വ്വവിധിപ്രകാരമെന്നപോലെ ഇഷ്ടശിവനോടൊപ്പം ചില പാര്‍വ്വതിമാര്‍ പുറപ്പെട്ടുപോവുകയും ചെയ്തിട്ടുണ്ട്. അത് ശിവഭഗവാന്‍റെ പ്രീതിക്ക് വിധേയരാവരാണ്. അതുകൊണ്ട് ഇവിടെ പ്രധാന നേര്‍ച്ചകളില്‍ ഒന്നായി തിരുവാതിരക്കളിയും മാറിയിരിക്കുന്നു. അത് അതിന്‍റെ പൂര്‍ണ്ണ അനുഷ്ഠാനങ്ങളോടെയാണ് നടത്തപ്പെടുന്നത്. ദശപുഷ്പം ചൂടല്‍,  എട്ടങ്ങാടി നേദിക്കല്‍, ഉല്ലാസമനസ്സോടെയുള്ള നാലും കൂട്ടിയുള്ള മുറുക്കല്‍, തുടിച്ചു കുളി എല്ലാം അതിന്‍റെ ഭാഗമാണ്.

തോട്ടത്തില്‍മഠം കുടുംബത്തിന്‍റെ ആരാധനാമൂര്‍ത്തിയാണ് മംഗല്യമൂര്‍ത്തിയായ ശിവന്‍. കാലം കഴിയവേ ക്ഷേത്രം നടത്തിപ്പുമായി ബന്ധപ്പെട്ട ചില അസൗകര്യത്താല്‍ ഭഗവാന് യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതിരിക്കാനും ഭക്തര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഭഗവാനെ ദര്‍ശിക്കാനും ആരാധിക്കാനും വേണ്ടി ഇപ്പോഴത്തെ മഠാധിപതി ശശിധരന്‍ നമ്പൂതിരിയുടെ മുത്തശ്ശന്‍ ദാമോദരന്‍  നമ്പൂതിരി 1958 ല്‍ ക്ഷേത്രം നടത്തിപ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കുകയായിരുന്നു. ശശിധരന്‍ നമ്പൂതിരിയെ എല്ലാവര്‍ക്കും അറിയാം. കൊല്ലത്തുതന്നെ പല ക്ഷേത്രങ്ങളിലും മേല്‍ശാന്തിയായിരുന്നു. ഈയിടെ ശബരിമല മേല്‍ശാന്തിസ്ഥാനം ഒഴിഞ്ഞ അരുണ്‍കുമാര്‍ നമ്പൂതിരിയുടെ ജ്യേഷ്ഠനാണ്.

ധനുമാസത്തിലെ തിരുവാതിര എപ്പോഴും ആഗതമാകുന്നത് പൗര്‍ണ്ണമിക്കോ, പൗര്‍ണ്ണമിക്കടുത്ത ദിവസങ്ങളിലോ ആണ്. അപ്പോള്‍ ആകാശവും ക്ഷേത്രപരിസരങ്ങളും ചന്ദ്രികാചര്‍ച്ചിതമായിത്തീരും. അപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുക കന്യകമാരുടെ ലാസ്യഭാവത്തോടെയുള്ള ചിരിയും സംസാരവും മാത്രം. അവര്‍ കൂട്ടമായെത്തുന്നിടത്ത് യുവാക്കളുടെ സ്വാഭാവികതിരക്ക് അനുഭവപ്പെടാറുണ്ട്. അപ്പോള്‍ കന്യകമാരെല്ലാം പാര്‍വ്വണേന്ദു മുഖിമാരായ പാര്‍വ്വതിമാരാകും. പിന്നെ അവര്‍ ഏഴുതിരിയിട്ട നിലവിളക്കിന് ചുറ്റും അര്‍ദ്ധനിമീലിത മിഴികളോടെ തിരുവാതിരനടനം ആരംഭിക്കും. ശരീരം മാത്രമേ നടനത്തില്‍ പങ്കെടുക്കുകയുള്ളൂ. മനസ്സപ്പോള്‍ തിരയുന്നത് മറ്റൊരു ചന്ദ്രക്കലാധരനെ ആയിരിക്കും.

തോട്ടത്തില്‍ മഠത്തിലെ ശ്രീശിവന്‍ ഇവരുടെ കാമനകള്‍ നല്ല വണ്ണം തിരിച്ചറിയുന്നയാളാണ്. അവരുടെ അഭീഷ്ടങ്ങള്‍ വേഗം നിവൃത്തിയാക്കുന്നയാള്‍.

ഈ ക്ഷേത്രം അത്ര ബ്രഹ്മാണ്ഡ ക്ഷേത്രമൊന്നുമല്ല. ഒരു ചെറിയ ക്ഷേത്രം. എന്നാല്‍ ഒന്നുവിളിച്ചാല്‍ വേഗം അരികത്തെത്തുന്ന ശിവനാണ് അവിടുള്ളത്. ഉപദേവന്മാരായി ഗണപതി, ഗോശാലകൃഷ്ണന്‍, ദുര്‍ഗ്ഗ, രക്ഷസ്സ്, സര്‍പ്പദേവതകള്‍ എന്നിവരുമുണ്ട്. ദേശീയപാത 66 നടുത്ത് നീണ്ടകര പരിമണത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് വിളിക്കേണ്ട ഫോണ്‍ നമ്പര്‍- ദീപുദാസ്(പ്രസിഡന്‍റ്) 9745624040.