മാനവ- ദാനവ ഭേദമില്ലാത്ത - തൊഴുവന്‍കോട് ശ്രീ ചാമുണ്ഡി ദേവിക്ഷേത്രം
കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഒട്ടേറെ പ്രത്യേകതകള്‍ തൊഴുവന്‍കോട് ക്ഷേത്രത്തില്‍ കാണുവാന്‍ കഴിയും. അതില്‍ പ്രധാനം ഇവിടെ കുടികൊള്ളുന്ന ദേവീ-ദേവന്മാരുടെ സംഖ്യയാണ്. ചാമുണ്ഡിദേവിയെ കൂടാത പുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള സകല ദേവിദേവന്മാരേയും ഇവിടെ കുടിയിരുത്തിയിട്ടുണ്ട്. ഇവിടുത്തെ മാനവ-ദാനവ ഭേദില്ലാതെ ഏവരേയും പിടികൂടുന്ന ശനിദോഷം അകറ്റാനുള്ള നവഗ്രഹപൂജ, മാറാരോഗശമനത്തിനും സന്താന സൗഭാഗ്യത്തിനുമായുള്ള പൊങ്കാല, ഉരുള്‍നേര്‍ച്ച എന്നിവ ഏറെ പ്രസിദ്ധവും ഭക്തജനലക്ഷങ്ങള്‍ക്ക് അനുഭവവുമാണ്.
ഉത്സവം ജനുവരി 22 മുതല്‍ ഫെബ്രുവരി 1 വരെ
പണ്ട്... പണ്ട്... എന്നുപറഞ്ഞാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്.. ഈ പ്രദേശമാകെ കൊടുംകാടായിരുന്നു. വന്യമൃഗങ്ങള്‍ സ്വൈരവിഹാരം നടത്തിയിരുന്ന കാട്. പശുവിന് പുല്ലരിയാന്‍ പോകുന്ന സ്ത്രീകളല്ലാതെ ആരും ഇവിടേക്ക് വരുമായിരുന്നില്ല.
അങ്ങനിരിക്കെ ഒരിക്കല്‍ ഒരു പുലയസ്ത്രീ പുല്ലരിയാനായി കാട്ടില്‍ കയറി. പുല്ലരിഞ്ഞുകൊണ്ടിരിക്കെ അവരുടെ അരിവാള്‍ ഒരു മണ്‍പുറ്റില്‍ തട്ടുകയും പുറ്റ് പൊട്ടി ചോര ധാരയായി ഒഴുകുകയും ചെയ്തു. പേടിച്ചരണ്ട പാവം സ്ത്രീ നിലവിളിച്ചുകൊണ്ട് ഓടി അധികാരിയുടെ വീട്ടുമുറ്റത്തെത്തി വിവരം ധരിപ്പിച്ചു. എല്ലാം ശ്രദ്ധിച്ചുകേട്ട അധികാരി ബ്രാഹ്മണശ്രേഷ്ഠരേയും ജ്യോത്സ്യരേയും ഒക്കെക്കൂട്ടി, കാട്ടിനുള്ളില്‍, ആ സ്ത്രീ പറഞ്ഞ ഭാഗത്തേയ്ക്ക് നടന്നു. അവിടെ ചെന്ന് പരിസരവീക്ഷണം നടത്തിയശേഷം ജ്യോത്സ്യന്‍ താംബൂലം നോക്കി പറഞ്ഞു: ഇത് മഹാമായയാണ്. അമ്മയ്ക്ക് ഇവിടെ ആലയം പണിയണമെന്നാണ് കാണുന്നത്.അങ്ങനെയുണ്ടായ ക്ഷേത്രമാണിത്.

കേരളത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളുടെയും ഉല്‍പ്പത്തിചരിത്രം പരിശോധിച്ചാല്‍ ഇങ്ങനൊരു കഥ കാണുവാന്‍ കഴിയും. അല്ലെങ്കില്‍ ഭക്തനായ ഒരു കാരണവര്‍ക്കുണ്ടായ സ്വപ്നത്തിലെ വെളിച്ചപ്പാടിന്‍റെ കഥ. എന്നാലതില്‍ നിന്നുമൊക്കെ വ്യത്യസ്തമായി പഴയ തിരുവിതാംകൂറിന്‍റെ ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ദേവസ്ഥാനമുണ്ട് നമ്മുടെ തലസ്ഥാനഗരിയില്‍. തൊഴുവന്‍കോട് ശ്രീ ചാമുണ്ഡി ദേവിക്ഷേത്രം.
ഈ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിയെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നത് ഇങ്ങനെയാണ്. അന്ന് തിരുവിതാംകൂര്‍ എന്നുപറഞ്ഞാല്‍ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമായിരുന്നല്ലോ. മരുമക്കത്തായം നിലനിന്നിരുന്ന അക്കാലത്ത്, നാടുഭരിച്ചിരുന്ന മഹാരാജാവ് ബാലരാമവര്‍മ്മ നാടുനീങ്ങിയപ്പോള്‍ കീഴ്വഴക്കമനുസരിച്ച് അടുത്ത ഭരണാധികാരിയാകേണ്ടത് അനന്തിരവനായ മാര്‍ത്താണ്ഡവര്‍മ്മയായിരുന്നു. എന്നാല്‍ ബാലരാമവര്‍മ്മയുടെ ചെറുപ്പകാലത്തുണ്ടായ ഒരു സംഭവം വഴിത്തിരിവായി.
ശൂചീന്ദ്രം ക്ഷേത്രത്തിലെ തേരോട്ടത്തോടനുബന്ധിച്ച് കലാപരിപാടി നടത്തുവാനായി തമിഴ്നാട്ടില്‍ നിന്നും യുവതിയായ ഒരു നര്‍ത്തകി വന്നിരുന്നു. അതീവസുന്ദരിയായ ആ നര്‍ത്തകിയില്‍ ആകൃഷ്ടനായ ബാലരാമവര്‍മ്മയ്ക്ക് അവളെ തന്‍റെ ഭാര്യയാക്കണമെന്ന് കലശലായ മോഹമുണ്ടായി. വിവരം അവളോട് പറഞ്ഞപ്പോള്‍, മഹാരാജാവിന്‍റെ ഭാര്യാപദം അലങ്കരിക്കുവാന്‍ സന്തോഷമാണെന്ന് പറഞ്ഞ അവള്‍ പക്ഷേ ഒരുപാധി വെച്ചു. മഹാരാജാവില്‍ നിന്നും തനിക്ക് ജനിക്കുന്ന സന്താനങ്ങള്‍ക്ക് രാജ്യഭരണാധികാരം കൊടുക്കണം. അവളുടെ മാദക സൗന്ദര്യത്തില്‍ മയങ്ങിപ്പോയ മഹാരാജാവ് വരും വരായ്കകളെക്കുറിച്ചൊന്നും ചിന്തിക്കാതെ അപ്പോള്‍തന്നെ സമ്മതം മൂളുകയും ആ അന്യസംസ്ഥാനനര്‍ത്തകി തിരുവിതാംകൂര്‍ മഹാരാജാവ് ബാലരാമവര്‍മ്മയുടെ ഭാര്യയായി മാറുകയും ചെയ്തു.
ബാലരാമവര്‍മ്മയ്ക്ക് അവളില്‍ രാമന്‍തമ്പി, പത്മനാഭന്‍ തമ്പി, ഉമ്മിണിത്തങ്ക എന്നിങ്ങനെ മൂന്ന് മക്കളുണ്ടായി. ഈ മൂന്ന് മക്കളും മഹാരാജാവിന്‍റെ സഹോദരിപുത്രനായ മാര്‍ത്താണ്ഡവര്‍മ്മയും മേമ്പൊടിക്കോയിക്കല്‍ തറവാട്ടില്‍ ഒന്നിച്ച് കളിച്ചുചിരിച്ചുവളര്‍ന്നു.

എന്നാല്‍ തമ്പുരാന്‍ നാടുനീങ്ങിയതോടെ പ്രശ്നങ്ങള്‍ തലപൊക്കി. കീഴ്വഴക്കമനുസരിച്ച് മാര്‍ത്താണ്ഡവര്‍മ്മയും, പഴയ കരാറിന്‍റെ അടിസ്ഥാനത്തില്‍ തമ്പിമാരും രണ്ടുചേരികളില്‍ നിലയുറപ്പിച്ചുകൊണ്ട് ഭരണം കൈക്കലാക്കുവാനുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുവാന്‍ തുടങ്ങി. ഒരുവശത്ത് മാര്‍ത്താണ്ഡവര്‍മ്മയും, തന്ത്രശാലികളായ രാമയ്യനും, പിന്നെ മാങ്കോയിക്കല്‍ കുറുപ്പും. മറുഭാഗത്ത് തമ്പിമാരും, എട്ടുവീട്ടില്‍ പിള്ളമാരും അവരുടെ സേവകപ്പടയും.
അനന്തരം തിരുവിതാംകൂറിന്‍റെ മണ്ണില്‍ നിരപരാധികളുടെ ചോര ഒത്തിരി ചാലുവച്ചൊഴുകി. തമ്പിമാരുടെ കരുത്ത് എട്ടുവീട്ടില്‍ പിള്ളമാരായിരുന്നു. അതറിയാമായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അവരെയൊക്കെയും ഇല്ലായ്മ ചെയ്യുവാന്‍ സാധിച്ചുവെങ്കിലും കഴക്കൂട്ടത്തുപിള്ളയെ മാത്രം ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു ജ്യോതിഷപണ്ഡിതന്‍ പ്രശ്നം വച്ചുപറഞ്ഞു, കഴക്കൂട്ടത്ത് പിള്ളയുടെ കളരിമുറ്റത്തെ തെക്കേമുറിയില്‍ ഒരു ദേവികൂടി വസിക്കുന്നുണ്ട്. ചണ്ഡമുണ്ഡ നിഗ്രഹയായ സാക്ഷാല്‍ ചാമുണ്ഡിദേവി. ദേവിയെ പൂജിച്ചുകഴിയുന്ന ഒരു പണിക്കരും കൂടിയുണ്ട്. കളരി ആശാനായ മേക്കോട്ടുപണിക്കര്‍. പണിക്കരും ദേവിയും അവിടെ വസിക്കുന്നിടത്തോളംകാലം കഴക്കൂട്ടത്തുപിള്ളയെ ആര്‍ക്കും ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്നും ജോത്സ്യന്‍ അറിയിച്ചു. കാരണം ചാമുണ്ഡിദേവിയുടെ രക്ഷാകവചത്തിനുള്ളിലാണ് കഴക്കൂട്ടത്തുപിള്ള.

അതുകേട്ടതും മാര്‍ത്താണ്ഡവര്‍മ്മ പത്മനാഭസ്വാമിക്ക് മുന്നിലെത്തി താണുവീണ്, കഴക്കൂട്ടത്തുപിള്ളയുടെ കളരിയില്‍ കുടിയിരിക്കുന്ന ചാമുണ്ഡിദേവിയേയും മേക്കോട്ട് പണിക്കരേയും അവിടെനിന്ന് മാറ്റിത്തരണമേ എന്നപേക്ഷിച്ചു. എന്നുമാത്രമല്ല, തമ്പിയുമായുള്ള പോരില്‍ ജയിച്ചുവന്നാല്‍ അമ്മയ്ക്ക് പുതിയ ആലയം പണികഴിപ്പിച്ചുനല്‍കാമെന്ന് മാര്‍ത്താണ്ഡവര്‍മ്മ ഉറപ്പും പറഞ്ഞു.
അന്നേദിവസം നേരം പാതിരാകഴിഞ്ഞപ്പോള്‍ കഴക്കൂട്ടത്ത് കളരിയുടെ തെക്കിനിയില്‍ മൂന്ന് പ്രകാശഗോളങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ത്രിമൂര്‍ത്തികളായ ബ്രഹ്മാ- വിഷ്ണു-മഹേശ്വരന്മാരായിരുന്നു അത്. മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രാര്‍ത്ഥനയെ തുടര്‍ന്ന് ശ്രീപത്മനാഭസ്വാമി തന്നെയാണ് ചാമുണ്ഡിദേവിയെ കഴക്കൂട്ടത്തെ കളരി തെക്കിനിയില്‍ നിന്നും മാറ്റണമെന്ന് ത്രിമൂര്‍ത്തികളോടഭ്യര്‍ത്ഥിച്ചത്. അതിന്‍പ്രകാരം കഴക്കൂട്ടത്തെത്തിയ ത്രിമൂര്‍ത്തികള്‍, വേണാടിന്‍റെ ശാന്തിക്കും സമാധാനത്തിനും, നാട്ടില്‍ ചോരപ്പുഴ ഒഴുകാതിരിക്കുവാനും വേണ്ടി, ദേവി, അവിടെ നിന്നും മറ്റൊരിടത്തേയ്ക്ക് മാറണം എന്നുള്ള വിവരം അറിയിച്ചു.
ആ അഭ്യര്‍ത്ഥന സ്വീകരിച്ച ദേവി കഴക്കൂട്ടത്തുനിന്ന് പോകുവാന്‍ തീരുമാനിക്കുകയും അക്കാര്യം തന്‍റെ ദാസനായ മേക്കോട്ടുപണിക്കരെ സ്വപ്നത്തില്‍ അറിയിക്കുകയു ചെയ്തു.
ഇതിനിടെ മറ്റൊന്നുകൂടി സംഭവിച്ചു. ത്രിമൂര്‍ത്തികളുടെ അഭ്യര്‍ത്ഥന പ്രകാരം കഴക്കൂട്ടത്തുനിന്നും പോകുവാന്‍ തീരുമാനിച്ച ദേവി, ത്രിമൂര്‍ത്തികള്‍ക്ക് മുന്നില്‍ ഒരുപാധി വച്ചു. ഇനി എവിടെയാണോ ഞാന്‍ കുടിയിരിക്കുന്നത് അവിടെ നിങ്ങള്‍ മൂവരുടേയും സാന്നിധ്യം ഉണ്ടായിരിക്കണം. ത്രിമൂര്‍ത്തികള്‍ അത് സമ്മതിച്ചു.
അനന്തരം പണിക്കര്‍ക്ക് സ്വപ്നദര്‍ശനം നല്‍കിയ ദേവി പറഞ്ഞു, എനിക്ക് ഇവിടുന്ന് പോകുവാന്‍ സമയമായി. ഉടന്‍തന്നെ യാത്ര തിരിച്ചോളൂ. പോകുമ്പോള്‍ തെക്കതിന്‍റെ(ക്ഷേത്രം) രണ്ട് തൂണുകള്‍ കൂടി ഇളക്കിയെടുക്കാന്‍ മറക്കണ്ട. ആവശ്യമുള്ള ദ്രവ്യം അതിലുണ്ടാകും.

പിന്നെ അമാന്തം ഒട്ടുമുണ്ടായില്ല. ആജ്ഞയനുസരിച്ച് ദേവിയെ ആവാഹിച്ച്, ദ്രവ്യങ്ങളുമായി അപ്പോള്‍തന്നെ പണിക്കര്‍ അവിടെ നിന്നുമിറങ്ങി. പിന്നീടുള്ള യാത്ര ഒരു കടത്തുവള്ളത്തിലായിരുന്നു. പണിക്കര്‍ക്ക് ഒട്ടും പരിചയമില്ലാത്ത ഒരു കടവിലാണ് വള്ളം അടുത്തത്. എങ്കിലും തുടര്‍ന്നുള്ള നീക്കങ്ങള്‍ക്ക് അമ്മയില്‍ നിന്നും ആജ്ഞയുണ്ടാകുമെന്നറിയാമായിരുന്ന പണിക്കര്‍, വള്ളക്കാരന് കൂലി കൊടുക്കാന്‍ നോക്കിയപ്പോള്‍ അയാളെ അവിടെങ്ങും കാണുവാനില്ല. ഉടന്‍തന്നെ വന്നു അടുത്ത ആജ്ഞ. ഇവിടുന്ന് വടക്കുകിഴക്കായി യാത്ര തിരിച്ചോളൂ. നീ ചെന്നെത്തുന്നത് ഒരു വലിയ കാട്ടിലായിരിക്കും. അവിടെ നിന്നെ സ്വീകരിക്കുവാന്‍ ആളുകളുണ്ടാകും. അവര്‍ പറയുന്നിടത്ത് എന്നെ പ്രതിഷ്ഠിക്കണം.
ആജ്ഞപ്രകാരം പണിക്കര്‍ ദേവി അരുള്‍ ചെയ്തതനുസരിച്ച് കാട്ടിലെത്തിയപ്പോള്‍ അമ്മയെ സ്വീകരിക്കുവാനായി ത്രിമൂര്‍ത്തികള്‍ കാലേക്കൂട്ടി തന്നെ അവിടെ എത്തിയിട്ടുണ്ടായിരുന്നു. ആ കാടാണ് തൊഴുവന്‍കാട്. അതുപിന്നെ തൊഴുവന്‍കോട് എന്നറിയപ്പെടുകയായിരുന്നു. ഏതായാലും അമ്മയുടെ ആഗ്രഹപ്രകാരം ത്രിമൂര്‍ത്തികള്‍ തന്നെ അമ്മയെ കുടിയിരുത്തി.
ഇതിനിടെ കഴക്കൂട്ടത്ത് പിള്ളയേയും പരാജയപ്പെടുത്തി വേണാടിന്‍റെ ഭരണാധികാരം സ്വന്തമാക്കിയ മാര്‍ത്താണ്ഡവര്‍മ്മ അമ്മയുടെ കാര്യം മറന്നുപോയി. അതോടെ മഹാരാജാവിന്‍റെ ഉറക്കം നഷ്ടപ്പെട്ടു. കണ്ണടച്ചാലുടന്‍ അമ്മയുടെ രൂപം.
തെറ്റ് മനസ്സിലാക്കിയ മാര്‍ത്താണ്ഡവര്‍മ്മ ഉടന്‍തന്നെ പരിവാര സമേതം തൊഴുവന്‍കോടെത്തി വൈകിപ്പോയതിന് മാപ്പപേക്ഷിച്ചു. ആ സമയം കൊട്ടാരത്തില്‍ നിന്നും വന്ന സ്ത്രീകള്‍ കൂട്ടത്തോടെ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു. അതാണ് പിന്നെ പ്രസിദ്ധമായ തൊഴുവന്‍കോട് പൊങ്കാലയായി മാറിയത്.
കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഒട്ടേറെ പ്രത്യേകതകള്‍ തൊഴുവന്‍കോട് ക്ഷേത്രത്തില്‍ കാണുവാന്‍ കഴിയും. അതില്‍ പ്രധാനം ഇവിടെ കുടികൊള്ളുന്ന ദേവീ-ദേവന്മാരുടെ സംഖ്യയാണ്. ചാമുണ്ഡിദേവിയെ കൂടാത പുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള സകല ദേവിദേവന്മാരേയും ഇവിടെ കുടിയിരുത്തിയിട്ടുണ്ട്. ഇവിടുത്തെ മാനവ-ദാനവ ഭേദില്ലാതെ ഏവരേയും പിടികൂടുന്ന ശനിദോഷം അകറ്റാനുള്ള നവഗ്രഹപൂജ, മാറാരോഗശമനത്തിനും സന്താന സൗഭാഗ്യത്തിനുമായുള്ള പൊങ്കാല, ഉരുള്‍നേര്‍ച്ച എന്നിവ ഏറെ പ്രസിദ്ധവും ഭക്തജനലക്ഷങ്ങള്‍ക്ക് അനുഭവവുമാണ്.
നേര്‍ച്ചകള്‍
ശ്രീകോവിലിന് അല്‍പ്പം പിന്നിലായി ഒരുവശത്ത് കരിങ്കാളിയമ്മയുണ്ട്. ചുവന്ന പട്ട്, ചുവന്ന ഹാരം, കരിങ്കോഴി എന്നിവയാണ് കരിങ്കാളിയമ്മയ്ക്ക് പഥ്യം. കന്നിച്ചാവിന്, ആണിന് വസ്ത്രങ്ങളും പെണ്ണിന് വസ്ത്രങ്ങളോടൊപ്പം കരിവള, കണ്‍മഷി എന്നിവയും സമര്‍പ്പിച്ച് ശാന്തി നേടാം. അകാലത്തില്‍ മരിച്ചുപോയ കുഞ്ഞുങ്ങളെയാണ് കന്നിച്ചാവായി സങ്കല്‍പ്പിക്കുന്നത്. വിശേഷദിവസങ്ങളില്‍ അവരെ നാം അവഗണിച്ചാല്‍ അവര്‍ ഉപദ്രവിക്കുമെന്നാണ് വിശ്വാസം.
നവഗ്രഹങ്ങള്‍ക്ക് നവഗ്രഹപൂജ, നാഗങ്ങള്‍ക്ക് പുള്ളുവന്‍ പാട്ട് എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകള്‍.
തൊഴുവന്‍കോട്ടെ മറ്റൊരു പ്രത്യേകത 16 കൈകളും മറ്റും നിവര്‍ത്തി കോപഭാവത്തിലുള്ള വീരഗണപതിയാണ്. കുഞ്ഞുകര്‍ണ്ണന്‍, ഗന്ധര്‍വ്വന്‍, ഹനുമാന്‍, വാര്‍താളിയമ്മ എന്നിവയും ഇവിടുത്തെ പ്രത്യേകതകളായി പറയാം.

തുളസീധരസ്വാമി
മേക്കോട്ടുപണിക്കരുടെ വംശപരമ്പരയില്‍പ്പെട്ട ഒരു തുളസീധരസ്വാമിയാണ് ക്ഷേത്രത്തെ ഇന്നത്തെ നിലയിലാക്കിയത്. എജീസ് ഓഫീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ജോലി രാജിവച്ചിട്ടാണ് അമ്മയുടെ ഉപാസകനായി മാറിയതും ക്ഷേത്രത്തെ ഇന്ന് കാണുന്ന രൂപത്തിലേക്കുയര്‍ത്തിയതും.
