തൃക്കൊടിത്താനത്തെ അത്ഭുതനാരായണന്‍
ആറായിരം വര്‍ഷത്തെ കാലപ്പഴക്കം പറയുന്ന ഒരു മഹാക്ഷേത്രത്തിന്‍റെ പുണ്യസാന്നിധ്യം കൊണ്ട്, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭക്തലക്ഷങ്ങളുടെ മനസ്സില്‍ ഇടം പിടിച്ചിട്ടുള്ള പ്രകൃതിമനോഹരമായ ഒരു പ്രദേശമാണ് തൃക്കൊടിത്താനം. പഴയ മലയാളത്തിന്‍റെ ഭാഗമായ, തിരുവട്ടാര്‍ മുതല്‍ തിരുനാവായ വരെ നീണ്ടുകിടക്കുന്ന വിശാല ഭൂപ്രദേശത്തെ 12 മലൈനാട് തിരുപ്പതികളില്‍ ഒന്നായി വിശ്വസിച്ചുപോരുന്ന തൃക്കൊടിത്താനം ക്ഷേത്രം അഗ്നിദേവനാല്‍ പ്രതിഷ്ഠിക്കപ്പെട്ട, പഞ്ചപാണ്ഡവരില്‍ അഞ്ചാമനായ സഹദേവനാല്‍ പൂജിച്ചുപോന്നിരുന്ന ക്ഷേത്രം കൂടിയാണത്രേ.
ആറായിരം വര്‍ഷത്തെ കാലപ്പഴക്കം പറയുന്ന ഒരു മഹാക്ഷേത്രത്തിന്‍റെ പുണ്യസാന്നിധ്യം കൊണ്ട്, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭക്തലക്ഷങ്ങളുടെ മനസ്സില്‍ ഇടം പിടിച്ചിട്ടുള്ള പ്രകൃതിമനോഹരമായ ഒരു പ്രദേശമാണ് തൃക്കൊടിത്താനം. ബഹുമാനിക്കപ്പെടുന്ന രാജധാനി എന്ന് അര്‍ത്ഥമുള്ള തിരുകടിത്താനം എന്ന നാമപദത്തില്‍ നിന്ന് രൂപാന്തരപ്പെട്ട് തൃക്കൊടിത്താനമായി മാറിയ ഇവിടേക്ക് ചങ്ങനാശ്ശേരി ഠൗണില്‍ നിന്ന് കവിയൂര്‍- മല്ലപ്പള്ളി റൂട്ടില്‍ കേവലം മൂന്ന് കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ.
ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ എഴുപതാമത്തേതാണെന്നു വിശ്വസിക്കപ്പെടുന്ന, ഐതിഹ്യപരമായും ആചാരപരമായുമൊക്കെ ഒട്ടേറെ വ്യത്യസ്തകകള്‍ പുലര്‍ത്തുന്ന തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രമാണ് ഈ കൊച്ചുഗ്രാമപ്രദേശത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തിട്ടുള്ളത്. പഴയ മലയാളത്തിന്‍റെ ഭാഗമായ, തിരുവട്ടാര്‍ മുതല്‍ തിരുനാവായ വരെ നീണ്ടുകിടക്കുന്ന വിശാല ഭൂപ്രദേശത്തെ 12 മലൈനാട് തിരുപ്പതികളില്‍ ഒന്നായി വിശ്വസിച്ചുപോരുന്ന തൃക്കൊടിത്താനം ക്ഷേത്രം അഗ്നിദേവനാല്‍ പ്രതിഷ്ഠിക്കപ്പെട്ട, പഞ്ചപാണ്ഡവരില്‍ അഞ്ചാമനായ സഹദേവനാല്‍ പൂജിച്ചുപോന്നിരുന്ന ക്ഷേത്രം കൂടിയാണത്രേ.
വനവാസക്കാലത്ത് പഞ്ചപാണ്ഡവന്‍മാര്‍ ഈ പ്രദേശത്ത് തങ്ങള്‍ക്ക് ആരാധിക്കുവാനായി അഞ്ച് മഹാവിഷ്ണു ക്ഷേത്രങ്ങല്‍ സ്ഥാപിച്ചിരുന്നു എന്നും, ഈ അഞ്ചു ക്ഷേത്രങ്ങള്‍ പില്‍ക്കാലത്ത് പാണ്ഡവ തിരുപ്പതി എന്നറിയപ്പെടാന്‍ തുടങ്ങി എന്നുമാണ് പറയപ്പെടുന്നത്. 108 തിരുപ്പതികളിലെ മൂര്‍ത്തികള്‍ക്കൊക്കെയും ഓരോരോ പ്രത്യേകതകളുണ്ട്. ഈ പ്രത്യേകതയുടെ പേരില്‍ ഇവയൊക്കെയും ഓരോരോ പേരിലാണ് അറിയപ്പെടുന്നത്.
അതിന്‍പ്രകാരം തൃക്കൊടിത്താനം മഹാവിഷ്ണുവിനെ'അത്ഭുതനാരായണന്‍' എന്നാണ് വിളിക്കുന്നത്. ആ വിളിപ്പേരിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്.
പഞ്ചപാണ്ഡവര്‍ കടുത്ത വിഷ്ണുഭക്തരായിരുന്നു. തങ്ങളുടെ അചഞ്ചലമായ ഭക്തിയാല്‍ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുകയും, അതില്‍ സംപ്രീതനായ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് ധര്‍മ്മപുത്രര്‍ക്കും ഭീമസേനനും അര്‍ജ്ജുനനും നകുലനും തന്‍റെ ചേതോഹരങ്ങളായ വിഗ്രഹങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ഇളയ സഹോദരനായ സഹദേവന് മാത്രം വിഗ്രഹം കിട്ടിയില്ല.
അതില്‍ ദുഃഖിതനും നിരാശനുമായ സഹദേവന്‍ തൊട്ടടുത്തുള്ള ആരമല ശിവക്ഷേത്രസന്നിധിയില്‍ ചെന്ന് തപസ്സനുഷ്ഠിച്ചു. കഠിനമായ തപസ്സ് ഏറെക്കാലം നീണ്ടിട്ടും തന്‍റെ ഇഷ്ടമൂര്‍ത്തിയുടെ വിഗ്രഹം ലഭിക്കാതെ വന്നപ്പോള്‍ മനം നൊന്ത സഹദേവന്‍ അഗ്നിയില്‍ ചാടി ആത്മഹത്യക്കൊരുങ്ങി. കാര്യങ്ങള്‍ അവിടംവരെ എത്തിയപ്പോള്‍ ഭഗവാന്‍ പ്രത്യക്ഷപ്പെടുകയും അഗ്നിയില്‍ നിന്നും തന്‍റെ ഒരു വിഗ്രഹമെടുത്ത് സഹദേവന് സമ്മാനിക്കുകയും ചെയ്തു. അതിനാലാണത്രേ സഹദേവന് ലഭിച്ച വിഷ്ണുവിഗ്രഹത്തിന് അത്ഭുതനാരായണന്‍ എന്ന് വിളിപ്പേര് വീണത്.
തങ്ങള്‍ക്ക് ലഭിച്ച വിഷ്ണു വിഗ്രഹം അടുത്തടുത്തുള്ള പ്രദേശങ്ങളില്‍ പ്രതിഷ്ഠിച്ചു പൂജിക്കുവാനാണ് പാണ്ഡവപുത്രന്മാര്‍ തീരുമാനിച്ചത്. അതിന്‍പ്രകാരം ധര്‍മ്മപുത്രര്‍ തൃച്ചിറ്റാറ്റും, ഭീമസേനന്‍ പുലിയൂരിലും, അര്‍ജ്ജുനന്‍ ആറന്മുളയിലും, നകുലന്‍ തിരുവന്‍വണ്ടൂരിലും, സഹദേവന്‍ തൃക്കൊടിത്താനത്തുമാണ് ഉചിതമായ സ്ഥാനം കണ്ടെത്തിയത്.
സവിശേഷതകള്‍ നിരവധി
പൂജാധികാര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലുമൊക്കെ ഒട്ടേറെ സവിശേഷതകളുള്ള ഒരു ക്ഷേത്രമാണ് തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം. എന്‍റെ അച്ഛന്‍ ഈശ്വരന്‍ നമ്പൂതിരി നാലുവര്‍ഷം അവിടെ മേല്‍ശാന്തിയായിരുന്നു. അന്ന് പലപ്രാവശ്യം അച്ഛന്‍റെ സഹായിയായി ഞാനവിടെ പോയിട്ടുണ്ട്. അപ്പോഴൊക്കെയും 108 വൈഷ്ണവ തിരുപ്പതി മൂര്‍ത്തികളില്‍പ്പെടുന്ന ആ ഭഗവദ്പീഠത്തില്‍ ഒരു പൂവെങ്കിലും അര്‍പ്പിക്കുവാന്‍ മനസ്സ് കൊതിച്ചിരുന്നു. പക്ഷേ കലശമാടി മേല്‍ശാന്തിയായി അവരോധിച്ചാല്‍ മാത്രമേ അത് പാടുള്ളൂ. അതിനാല്‍ അന്നൊന്നും അതിനുകഴിഞ്ഞില്ല. ഒടുവില്‍ ആ സൗഭാഗ്യം ഭഗവാനെനിക്ക് നല്‍കി.
പാണ്ഡവരില്‍ അഞ്ചാമനായ സഹദേവമൂര്‍ത്തി ഉപാസിച്ചിരുന്ന വൈഷ്ണവ ചൈതന്യം നിറഞ്ഞ വിഗ്രഹമാണ് തൃക്കൊടിത്താനത്ത് പൂജിക്കുന്നത്. ഒപ്പം ശ്രീകോവിലിനുള്ളില്‍ പീഠത്തില്‍ തന്നെ ലക്ഷ്മി നാരായണ മൂര്‍ത്തിയേയും പൂജിച്ചുവരുന്നു. അതിനാല്‍ ലക്ഷ്മി- നാരായണ മൂര്‍ത്തിയുടെ ചൈതന്യവും ശ്രീകോവിലില്‍ തുളുമ്പുന്നുണ്ട്.
കൊത്തുപണികളും ചുമര്‍ചിത്രങ്ങളും കൊണ്ട് അത്യാകര്‍ഷകമായ വട്ടശ്രീകോവിലില്‍ കിഴക്കേ നടയില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും, ഭാമാസമേതനായ ശ്രീകൃഷ്ണനാണെന്നും സങ്കല്‍പ്പമുണ്ട്. പടിഞ്ഞാറേ നടയില്‍ നരസിംഹ മൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. തിരുമലക്കുന്നിലെ ഭദ്രകാളിയുടെ ദൃഷ്ടിദോഷം ബാധിക്കാതിരിക്കാനാണത്രേ നരസിംഹ മൂര്‍ത്തിപ്രതിഷ്ഠ. ഉഗ്രനും, വീര്യവാനും ജ്വലിക്കുന്ന തേജസ്സോടുകൂടിയവനും, ഭീകരരൂപനുമാണത്രേ തൃക്കൊടിത്താനത്തെ നരസിംഹമൂര്‍ത്തി. മഹാവിഷ്ണുവിന്‍റെ അതേപ്രാധാന്യം തന്നെയാണ് നരസിംഹമൂര്‍ത്തിക്കും നല്‍കിപ്പോരുന്നത്. കൂടാതെ ദക്ഷിണാമൂര്‍ത്തി, ഗണപതി, ശാസ്താവ്, ഭഗവതി എന്നിവര്‍ക്കും പ്രത്യേക ആലയങ്ങളുണ്ട്. മതില്‍ക്കെട്ടിന് പുറത്ത് വലതുഭാഗത്തായി സുബ്രഹ്മണ്യമൂര്‍ത്തിക്കും പ്രത്യേകം ക്ഷേത്രമുണ്ട്.
പൂജാവിധികള്‍
ഉഷഃപൂജ, എതൃത്തുപൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ച് പൂജകളാണുള്ളത്.
വൈശാഖമാസത്തില്‍ പടിഞ്ഞാറേനടയില്‍ നരസിംഹമൂര്‍ത്തിക്ക് വിശേഷാല്‍പൂജകളും ആഘോഷങ്ങളും നടത്താറുണ്ട്. കിഴക്കേനടയില്‍ ദശാവതാരച്ചാര്‍ത്തുമുണ്ടാകും. ഇടവമാസത്തിലെ മകയിരം നക്ഷത്രത്തില്‍ ദേവിക്ക് പ്രത്യേക പൂജാദികര്‍മ്മങ്ങള്‍ നടത്തുന്നു. കുംഭമാസത്തിലെ കാര്‍ത്തികനാളില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ കാവടിമഹോത്സവവും, എല്ലാ മാസത്തിലേയും ഷഷ്ഠിനാളില്‍ പ്രത്യേക പൂജകളും നടത്തിവരുന്നു. വിഷ്ണുവിന് കദളിപ്പഴവും, പാല്‍പ്പായസവും, നരസിംഹമൂര്‍ത്തിക്ക് ശര്‍ക്കരപ്പായസവും പാനകവുമാണ് പ്രധാന നിവേദ്യങ്ങള്‍.
ഉത്സവം
മുന്‍പ് ഇവിടെ രണ്ട് ഉത്സവങ്ങള്‍ നടന്നിരുന്നു. മീനമാസത്തിലേയും വൃശ്ചികമാസത്തിലേയും തിരുവോണനാളിലായിരുന്നു ഉത്സവങ്ങള്‍ക്കു കൊടിയേറിയിരുന്നത്. എന്നാലിപ്പോള്‍ വൃശ്ചികമാസത്തിലെ തിരുവോണനാളില്‍ കൊടിയേറിയുള്ള പത്തുദിവസത്തെ ഉത്സവം മാത്രമേ നടക്കുന്നുള്ളൂ. സുബ്രഹ്മണ്യസ്വാമിക്ക് കുംഭമാസത്തിലെ കാര്‍ത്തികയ്ക്ക് സമാപിക്കുംവിധം പത്തുദിവസത്തെ ഉത്സവമുണ്ട്.
കിഴക്കേനടയില്‍ മഹാവിഷ്ണുവിന് സ്വര്‍ണ്ണകൊടിമരവും പടിഞ്ഞാറേനടയില്‍ നരസിംഹമൂര്‍ത്തിക്ക് ചെമ്പ് കൊടിമരവുമാണുള്ളത്. കിഴക്കേനടയില്‍ കൊടിയേറ്റിയ ശേഷം തന്ത്രിയും പരികര്‍മ്മികളും നാലമ്പലത്തിലൂടെ പ്രവേശിച്ച് പടിഞ്ഞാറേ നടയിലെത്തി കൊട്ടിയെഴുന്നെള്ളിച്ച് അവിടെയും കൊടിയേറ്റുന്നതോടെ പത്തുനാള്‍ ഉത്സവത്തിന് തുടക്കമാകും.
ഉത്സവത്തിന് ഉത്സവബലി ഇല്ലഎന്നുള്ളത് ഇവിടത്തെ പ്രത്യേകതയാണ്. ഒന്‍പതാം ഉത്സവദിവസത്തെ 'ദീപ' തൃക്കൊടിത്താനത്ത് മാത്രം കാണപ്പെടുന്ന അനുഷ്ഠാനപരമായ ഒരു ചടങ്ങാണ്. പത്തുദിവസത്തെ ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് 'ദീപ'യാണ്. മറ്റ് ക്ഷേത്രങ്ങളിലെപ്പോലെ ആറാട്ട് ഇവിടെ വലിയ ആര്‍ഭാടമുള്ള ചടങ്ങല്ല.
ഗവേഷകര്‍ക്ക് കൗതുകം
ഭക്തരെ സംബന്ധിച്ചിടത്തോളം തൃക്കൊടിത്താനത്തെ അത്ഭുതനാരായണന്‍ ആപത്ബാന്ധവനും ആശ്രിതവത്സലനുമൊക്കെയാണെങ്കില്‍, ചരിത്രഗവേഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു പഠനഗവേഷണ കേന്ദ്രമാണ്. വിശാലമായ കോമ്പൗണ്ടും, സാമാന്യം വലിയ വട്ടശ്രീകോവിലും, ശ്രീകോവിലിന്‍റെ ഭിത്തികളില്‍ ആലേഖനം ചെയ്തിട്ടുള്ള ശാസനകളുമൊക്കെ ചരിത്രകാരന്മാര്‍ക്കും ഗവേഷകര്‍ക്കും വിലപ്പെട്ട നിധിയാണ്. പണ്ടുകാലത്ത് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന പല ആചാരങ്ങളെപ്പറ്റിയും ഈ ശാസനങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.
അതുപോലെതന്നെ ഏറെ പ്രധാനമാണ് ഇവിടത്തെ ചുവര്‍ചിത്രങ്ങള്‍. കാലപ്പഴക്കം ബാധിച്ചിട്ടുണ്ടെങ്കിലും ശ്രീകോവില്‍ഭിത്തികള്‍ അലങ്കരിച്ചിട്ടുള്ള ചുവര്‍ചിത്രങ്ങള്‍ ഗവേഷകര്‍ക്ക് അമൂല്യ സമ്പത്താണ്. ദ്വാരപാലകര്‍, ഭദ്രകാളി, വിഷ്ണു, മോഹിനി, മഹാവിഷ്ണു, ഗണപതി, വേട്ടയ്ക്കൊരു മകന്‍, അന്നപൂര്‍ണ്ണേശ്വരി, കിരാതം കഥ, ദക്ഷിണാമൂര്‍ത്തി, അര്‍ജ്ജുനനും ദേവേന്ദ്രനും, ശ്രീരാമപട്ടാഭിഷേകം എന്നിവയൊക്കെ ചുവര്‍ ചിത്രങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ആനപ്പള്ള രൂപത്തിലുള്ള ചുറ്റുമതിലും എടുത്തുപറയേണ്ടുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ അര്‍ത്ഥത്തിലും ഒരു മഹാ അത്ഭുതം തന്നെയാണ് തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം.
കഴുവേറ്റിക്കല്ല്
തൃക്കൊടിത്താനം ക്ഷേത്രത്തിന്‍റെ പ്രധാന ഗോപുരത്തിനരികിലായി ഒരു കരിങ്കല്‍ പ്രതിമയുണ്ട്. കഥപറയുന്ന കരിങ്കല്‍ പ്രതിമ. ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ ആദ്യം കാണുന്നത് കിഴക്കേനടയിലെ ഈ കരിങ്കല്‍ പ്രതിമയാണ്. ഒരു കരിങ്കല്‍ സ്തംഭത്തിന് മുകളിലായി ഒരു മനുഷ്യന്‍ മലര്‍ന്നുകിടക്കുന്ന പ്രതിമ. മറ്റൊരു ക്ഷേത്രപരിസരത്തും കാണാനാകാത്ത ഈ കരിങ്കല്‍ പ്രതിമയെ 'കഴുവേറ്റിക്കല്ല്' എന്നാണ് വിളിച്ചുപോരുന്നത്. ജനവഞ്ചന നടത്തുന്നവനും, ആത്മാര്‍ത്ഥത ഇല്ലാത്തവനും, നാടിനെ നശിപ്പിക്കുന്നവനും, വധശിക്ഷയ്ക്ക് വിധിക്കപ്പെടും എന്ന് സൂചിപ്പിക്കുകയാണത്രേ ഈ കരിങ്കല്‍ ശില്‍പ്പം.
അതിന് പിന്നില്‍ ഒരു കഥയുണ്ട്
ചെമ്പകശ്ശേരി രാജ്യം സര്‍വ്വ ഐശ്വര്യങ്ങളിലും പരിലസിച്ചിരുന്ന കാലം. പ്രഗത്ഭനും ഭക്തനുമായ ഒരു മഹാരാജാവായിരുന്നു അന്ന് രാജ്യം ഭരിച്ചിരുന്നത്. അവിടത്തെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുറജപം പോലുള്ള ആഘോഷങ്ങളാല്‍ ഐശ്വര്യത്തിന്‍റെ പരമോന്നതിയിലെത്തി. അതുപോലൊരു രാജ്യവും ക്ഷേത്രവും മറ്റെങ്ങും കാണരുതെന്നുള്ള അത്യുല്‍ക്കടമായ ഒരാഗ്രഹം മഹാരാജാവിനുണ്ടായിരുന്നു.
തൃക്കൊടിത്താനം ദേശവും ക്ഷേത്രവും സമാനമായ രീതിയില്‍ ഐശ്വര്യപ്പെട്ടുകൊണ്ടിരുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും തന്‍റെ രാജ്യത്തെപ്പോലെ മറ്റൊരു രാജ്യവും ശ്രേയസ്ക്കരമാകരുതെന്നാഗ്രഹിച്ച ചെമ്പകശ്ശേരി രാജാവിന് അത് സഹിക്കാവുന്ന കാര്യമായിരുന്നില്ല. ഏത് വിധേനയും അതിന് തടയിടണമെന്നും തൃക്കൊടിത്താനത്തിന്‍റെ വളര്‍ച്ച ഇല്ലാതാക്കണമെന്നും ചെമ്പകശ്ശേരി രാജാവ് തീരുമാനിച്ചു. ദിവസങ്ങളോളമുള്ള ആലോചനകള്‍ക്കുശേഷം ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു.
അത്താഴശ്ശീവേലി കഴിഞ്ഞ് നടയടച്ചാല്‍ പിന്നെ ഒരു ക്ഷേത്രത്തിലും നട തുറക്കാറില്ല. അങ്ങനെ തുറന്നാല്‍ നാട് മുടിയുമെന്നാണ് വിശ്വാസം. അതറിയാവുന്ന ചെമ്പകശ്ശേരി രാജാവ് അതുതന്നെയാണ് കണ്ടെത്തിയ ഉപായവും.
ഒരു ദിവസം തൃക്കൊടിത്താനം ക്ഷേത്രദര്‍ശനത്തിനായി ചെമ്പകശ്ശേരി രാജാവ് പരിവാരസമേതം യാത്രതിരിച്ചു. അത്താഴശ്ശീവേലി കഴിഞ്ഞ് നട അടയ്ക്കുമ്പോഴേക്കും എത്തണം എന്നുപറഞ്ഞുകൊണ്ടായിരുന്നു യാത്ര. ഉദ്ദേശിച്ചതുപോലെ തന്നെ സംഭവച്ചു. രാജാവ് ചെല്ലുമ്പോള്‍ നട അടച്ചിട്ട് എല്ലാവരും പൊയ്ക്കഴിഞ്ഞിരുന്നു.
അതുതന്നെയായിരുന്നു മഹാരാജാവിന്‍റെ ആവശ്യം. അദ്ദേഹം ഒരു ക്ഷേത്ര ജീവനക്കാരനെ വിളിച്ചുവരുത്തി. അയാള്‍ക്ക് ഒരു വലിയ തുക കൈക്കൂലി കൊടുത്ത്, ശാന്തിക്കാരനെ വിളിക്കാനായി പറഞ്ഞുവിട്ടു. ചിന്തിക്കാന്‍ പറ്റാത്ത ഒരു തുക ശാന്തിക്കാരന് കൊടുത്തുവിടുകയും ചെയ്തു. ജീവിതത്തിലിന്നോളം കണ്ടിട്ടില്ലാത്ത ഭീമമായ തുക കണ്ട് കണ്ണ് മഞ്ഞളിച്ച് പോയ പാവം ദരിദ്രശാന്തിക്കാരന്‍ ഉടന്‍തന്നെ ക്ഷേത്രത്തിലെത്തി നട തുറന്ന്, മഹാജാവിന് ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കി. സംപ്രീതനായ രാജാവ് പിന്നെയും സമ്മാനങ്ങള്‍ നല്‍കിയിട്ടാണ് മടങ്ങിയത്.
അതനുഭവിക്കാനുള്ള യോഗം പക്ഷേ ആ പാവത്തിനുണ്ടായില്ല. വിവരമറിഞ്ഞ് കോപാക്രാന്തരായി പാഞ്ഞടുത്ത ദേവസ്വം അധികാരികളായ ഊരാണ്‍മക്കാരും പൗരന്മാരും, കോഴവാങ്ങി അരുതായ്ക ചെയ്ത് നാടുമുടിക്കാന്‍ കൂട്ടുനിന്ന ശാന്തിക്കാരനേയും തന്ത്രിയേയും കഴുവേറ്റാന്‍ ഏകകണ്ഠമായ തീരുമാനമെടുത്തു.
ആ ഒരു സംഭവത്തിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ക്ഷേത്രത്തിന്‍റെ പ്രധാന വാതിലിന് മുന്നില്‍ തന്നെ ഈവിധം ഒരു പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. കൈക്കൂലി വാങ്ങുന്നവരും, രാജ്യദ്രോഹപ്രവര്‍ത്തി ചെയ്യുന്നവരും, ഈശ്വരചിന്തയില്ലാത്തവരും, നാടിനെ നശിപ്പിക്കുന്നവരും വധശിക്ഷയ്ക്കര്‍ഹരാണെന്ന് ജനത്തെ ഓര്‍മ്മപ്പെടുത്തുവാനായിട്ടാണ് കഴുവേറ്റിക്കല്ല് സ്ഥാപിച്ചിട്ടുള്ളത്.
ഈ കരിങ്കല്‍ പ്രതിമയില്‍ മൂന്ന് അടയാളവും സ്ഥാപിച്ചിട്ടുണ്ട്. ശംഖും, കിരീടവും, പൂണൂലും. കൈക്കൂലി വാങ്ങിക്കൊണ്ട് ശാന്തിക്കാരനെ വിളിച്ചുകൊണ്ടുവന്ന ക്ഷേത്രജീവനക്കാരനെയാണ് ശംഖുകൊണ്ടുദ്ദേശിക്കുന്നത്. കിരീടം രാജാവിനേയും, പൂണൂല്‍ ആചാരവിരുദ്ധമായ കാര്യത്തിന് കൈക്കൂലി വാങ്ങിക്കൊണ്ട് കൂട്ടുനിന്ന ശാന്തിക്കാരനേയും ഓര്‍മ്മിപ്പിക്കുന്നു.
