ഓണത്തെ വരവേല്‍ക്കാന്‍ അത്തച്ചമയ ഘോഷയാത്ര

ഓണത്തെ വരവേല്‍ക്കാന്‍ അത്തച്ചമയ ഘോഷയാത്ര

HIGHLIGHTS

അത്തം നാളിലാണ് തൃക്കാക്കരയില്‍ തിരുവോണ ഉത്സവത്തിന് കൊടിയേറുന്നത്. അതോടെ ഉത്സവച്ചൂടിലാവും തൃക്കാക്കര. തൃക്കാക്കരയപ്പനു മുന്നിലെ ഓണസദ്യ ഒഴിവാക്കി തിരുവോണ ആഘോഷങ്ങളെക്കുറിച്ച് ചിന്തിക്കാനാവില്ല. ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ കേന്ദ്രബിന്ദു തൃക്കാക്കരയാണ്. 'തിരുക്കാല്‍കര' അതായത് വിഷ്ണുവിന്‍റെ പാദം പതിഞ്ഞ മണ്ണ് ആണ് തൃക്കാക്കരയായത്. അത്തത്തിനുകൊടിയേറി തിരുവോണ ദിവസത്തെ ആറാട്ടോടെയാണ് ഉത്സവം സമാപിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഓണാഘോഷം നടക്കുന്നത് തൃക്കാക്കരയിലാണ്. അത്തം മുതല്‍ പത്തുദിവസം അവിടെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവരാണ് ഇവിടെ വീട്ടില്‍ തൃക്കാക്കരയപ്പനെ വച്ച് പൂവടയും നിവേദ്യവും സമര്‍പ്പിച്ച് ഓണമാഘോഷിക്കുന്നത്.

ലയാളികള്‍ക്കെല്ലാം ഒരുപോലെ പരിചിതമാണ് ഓണക്കഥകള്‍. എന്നാല്‍ പൂക്കളമൊരുക്കല്‍, തൃക്കാക്കരപ്പനെവയ്ക്കല്‍ തുടങ്ങിയ ആചാരങ്ങള്‍, ഓണവിഭവങ്ങള്‍, ഓണത്തോടനുബന്ധിച്ചുള്ള കലാ അവതരണങ്ങള്‍ എന്നിവയിലൊക്കെ ദേശങ്ങള്‍ക്കനുസരിച്ച് വ്യത്യാസമുണ്ട്. മഹാബലിയെ പരീക്ഷിക്കാന്‍ വാമനനായി വന്ന മഹാവിഷ്ണുവിന്‍റെ കാലടിപതിഞ്ഞ മണ്ണാണ് തൃക്കാക്കര. തൃക്കാക്കരയിലെ വാമനമൂര്‍ത്തിയാണ് തൃക്കാക്കരയപ്പന്‍. യഥാര്‍ത്ഥത്തില്‍ ഓണാഘോഷം നടക്കുന്നത് തൃക്കാക്കരയിലാണ്.

ചരിത്രവും ഐതിഹ്യവും ഉറങ്ങിക്കിടക്കുന്ന തൃക്കാക്കര എറണാകുളം ജില്ലയിലാണ്. എറണാകുളത്തുനിന്നും പത്തുകിലോമീറ്റര്‍ വടക്കുമാറിയാണ് തൃക്കാക്കര വാമനക്ഷേത്രം.  ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് കപിലമഹര്‍ഷിയാണെന്നും പരശുരാമനാണെന്നും രണ്ട് അഭിപ്രായമുണ്ട്. ക്ഷേത്രത്തിന് ചേര്‍ന്നുള്ള കപിലതീര്‍ത്ഥക്കുളത്തിന് കപിലമഹര്‍ഷിയുമായി ബന്ധമുണ്ടെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

അക്കാലത്ത് ക്ഷേത്രത്തിലേക്ക് വേണ്ടുന്ന പൂക്കള്‍ ശേഖരിച്ചിരുന്ന സ്ഥലം 'പൂക്കാട്ടുപടി'യായും സദ്യയ്ക്ക് വേണ്ട നെല്ലുകുത്തിയ ഉമി ഇട്ടിരുന്ന ഉമിച്ചിറ ക്രമേണ ഉണിച്ചിറയായും രാജാക്കന്മാരുടെയും മറ്റും ആനകളെ തളച്ചിരുന്ന കളഭശ്ശേരി പിന്നീട് കളമശ്ശേരിയായും മാറി എന്നാണ് വിശ്വാസം.

അത്തം നാളിലാണ് തൃക്കാക്കരയില്‍ തിരുവോണ ഉത്സവത്തിന് കൊടിയേറുന്നത്. അതോടെ ഉത്സവച്ചൂടിലാവും തൃക്കാക്കര. തൃക്കാക്കരയപ്പനു മുന്നിലെ ഓണസദ്യ ഒഴിവാക്കി തിരുവോണ ആഘോഷങ്ങളെക്കുറിച്ച് ചിന്തിക്കാനാവില്ല. ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ കേന്ദ്രബിന്ദു തൃക്കാക്കരയാണ്. 'തിരുക്കാല്‍കര' അതായത് വിഷ്ണുവിന്‍റെ പാദം പതിഞ്ഞ മണ്ണ് ആണ് തൃക്കാക്കരയായത്. അത്തത്തിനുകൊടിയേറി തിരുവോണ ദിവസത്തെ ആറാട്ടോടെയാണ് ഉത്സവം സമാപിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഓണാഘോഷം നടക്കുന്നത് തൃക്കാക്കരയിലാണ്. അത്തം മുതല്‍ പത്തുദിവസം അവിടെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവരാണ് ഇവിടെ വീട്ടില്‍ തൃക്കാക്കരയപ്പനെ വച്ച് പൂവടയും നിവേദ്യവും സമര്‍പ്പിച്ച് ഓണമാഘോഷിക്കുന്നത്.

തൃക്കാക്കരയിലെ ഓണാഘോഷത്തിന് ആയിരങ്ങളാണ് പങ്കെടുക്കുന്നത്. അത്തച്ചമയ ഘോഷയാത്ര തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്ക്കൂളില്‍ നിന്നാണ് ആരംഭിക്കുക. മഹാബലിയുടെയും വാമനമൂര്‍ത്തിയുടെയും വേഷം കെട്ടിയവരും കൂടാതെ മയിലാട്ടം, കരകാട്ടം, പുലിക്കളി, തെയ്യം, കാവടി, ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങി നിരവധി കലാരൂപങ്ങളാണ് ഘോഷയാത്രയില്‍ ഉണ്ടാവുക. ഘോഷയാത്ര മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, വടക്കേക്കോട്ട, പൂര്‍ണ്ണത്രയീശ ക്ഷേത്ര മുന്‍വശം തുടങ്ങി നഗരം ചുറ്റി തിരിച്ചെത്തുന്നതോടെയാണ് സമാപനം കുറിക്കുന്നത്. തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തിനുശേഷം അത്തപ്പതാക തൃക്കാക്കര ക്ഷേത്രത്തിലെത്തിച്ചു പൂജ നടത്തിയ ശേഷമാണ് തൃക്കാക്കര നഗരസഭയില്‍ ഓണാഘോഷം തുടങ്ങുന്നത്.

പത്തര ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള വിശാലമായ ക്ഷേത്രസമുച്ചയമാണ് തൃക്കാക്കരയിലേത്. വാമനക്ഷേത്രവും ശിവക്ഷേത്രവും അടങ്ങുന്ന ക്ഷേത്രസമുച്ചയമാണിവിടെ. ശിവക്ഷേത്രത്തിനാണ് പഴക്കം കൂടുതല്‍. മഹാബലി ആരാധിച്ചിരുന്ന സ്വയംഭൂവായ ശിവലിംഗമാണ് ക്ഷേത്രത്തിലുള്ളതെന്നാണ് വിശ്വാസം. ശിവനെ വന്ദിച്ചശേഷം വാമനനെ വന്ദിക്കുന്നതാണ് ക്ഷേത്രത്തിലെ ആചാരം. ഇന്ത്യയില്‍ വാമനമൂര്‍ത്തി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് തൃക്കാക്കര ക്ഷേത്രം. ഈ ക്ഷേത്രത്തെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്ത്ന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഭക്തകവികളായ ആഴ്വാര്‍മാര്‍ പാടിപ്പുകഴ്ത്തിയ 108 ദിവ്യദേശങ്ങളില്‍ ഒന്നാണ് തൃക്കാക്കര. കപില മഹര്‍ഷി തപസ്സ് ചെയ്തു മഹാവിഷ്ണുവിനെ പ്രസാദിപ്പിച്ച സ്ഥലമാണിതെന്നാണ് വിശ്വാസം.  പരശുരാമനാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു.

ക്ഷേത്രത്തില്‍ ധാരാളം ശിലാലിഖിതങ്ങളുണ്ട്. ഇവയില്‍ നിന്നാണ് ഓണത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചും മറ്റും അറിയുവാന്‍ കഴിയുന്നത്. ചേര സാമ്രാജ്യത്തിന്‍റെ കാലത്താണ് കേരളത്തില്‍ ഓണം ആഘോഷിച്ചുതുടങ്ങിയതത്രെ. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാന്‍ പെരുമാളിന്‍റെ അധീനതയിലായിരുന്നു തൃക്കാക്കര. തൃക്കാക്കരയില്‍ ചിങ്ങമാസത്തില്‍ നടത്തിയിരുന്ന ഉത്സവം എല്ലാ ഹൈന്ദവ ഭവനങ്ങളിലും ആചരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചുവത്രെ.

വിഷ്ണുവിന്‍റെ അവതാരങ്ങളായ വാമന, ശ്രീകൃഷ്ണ, ത്രിവിക്രമ ഭാവങ്ങളിലാണ് ഉത്സവനാളുകളില്‍ ഭഗവാന്‍റെ വിഗ്രഹത്തില്‍ ചന്ദനം ചാര്‍ത്തുന്നത്. കേരളത്തിലെ അറിയപ്പെടുന്ന വാദ്യകലാകാരന്മാരും ഒമ്പത് ഗജവീരന്മാരും അണിനിരക്കുന്ന ഉത്രാടനാളിലെ പകല്‍പ്പൂരവും തിരുവോണനാളിലെ ആറാട്ടെഴുന്നെള്ളിപ്പും പ്രസിദ്ധവും ഉത്സവത്തിന് മാറ്റുകൂട്ടുന്നതുമാണ്. കൂടാതെ നാരായണീയ പ്രഭാഷണം, തിരുവാതിരക്കളി, സംഗീതാര്‍ച്ചന, ഭരതനാട്യം, മോഹിനിയാട്ടം, കൈകൊട്ടിക്കളി, കാഴ്ച ശീവേലി, അക്ഷരശ്ലോക സദസ്സ്, കഥകളി, ഓട്ടന്‍തുള്ളല്‍, മഹാബലി എതിരേല്‍പ്പ്, തൃക്കാക്കരയപ്പന് തിരുമുല്‍ക്കാഴ്ച തുടങ്ങിയവ നടക്കും.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരുപാട് ഓര്‍മ്മകളാണ് ഓണം എന്ന വാക്ക് നമുക്ക് എന്നും സമ്മാനിച്ചിട്ടുള്ളത്. നന്മയുടെയും സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും പ്രതീകമായ മാവേലിത്തമ്പുരാനെ നമുക്ക് ഏവര്‍ക്കും സ്വാഗതം ചെയ്യാം. എല്ലാവര്‍ക്കും നന്മയും സമാധാനവും സന്തോഷവും ആരോഗ്യവും നിറഞ്ഞ ഓണം ആശംസിക്കുന്നു.

ബാബുരാജ് പൊറത്തിശ്ശേരി
 9846025010