സേതുബന്ധനത്തിന്‍റെ ഓര്‍മ്മയുണര്‍ത്തുന്ന ചിറകെട്ട്

സേതുബന്ധനത്തിന്‍റെ ഓര്‍മ്മയുണര്‍ത്തുന്ന ചിറകെട്ട്

HIGHLIGHTS

രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന തൃപ്രയാര്‍ ക്ഷേത്രത്തിന്‍റെ അത്രയും തന്നെ പഴക്കം ശ്രീരാമന്‍ ചിറ കെട്ടുന്നതിനും ഇവിടുത്തെ ചിറകെട്ട് ഓണത്തിനും ഉണ്ട്.


കേരളത്തിലെ പുരാതനമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാര്‍ ശ്രീരാമക്ഷേത്രം. തൃശൂര്‍ ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തില്‍ തൃപ്രയാര്‍ എന്ന സ്ഥലത്ത് കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലുതും പ്രസിദ്ധവുമായ ശ്രീരാമക്ഷേത്രവും തൃപ്രയാര്‍ തന്നെയാണ്. ശ്രീകൃഷ്ണഭഗവാന്‍ ദ്വാരകയില്‍ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം.

വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാര്‍ ഏകാദശി മഹോത്സവം വളരെ വിശേഷമാണ്. മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്നത് തൃപ്രയാര്‍ തേവര്‍, തൃപ്രയാറപ്പന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇവിടുത്തെ ശ്രീരാമ സ്വാമിതന്നെയാണ്. ഇവിടത്തെ പ്രാധാന്യമേറിയ മറ്റൊരു വിശേഷമാണ് സേതുബന്ധനം.

രാമായണത്തിലെ സേതുനിര്‍മ്മാണം

രാവണന്‍ തട്ടിയെടുത്ത സീതാദേവിക്ക് മുദ്രമോതിരം നല്‍കി തന്‍റെ പ്രഭുവായ ശ്രീരാമചന്ദ്രന്‍റെ സന്ദേശം കൈമാറി ചൂഢാരത്നവുമായി ഹനുമാന്‍ തിരിച്ചെത്തി. ദേവിയെ വീണ്ടെടുക്കാനുള്ള യാത്രയ്ക്കിടയില്‍ ശ്രീരാമനും ലക്ഷ്മണനും വാനരസൈന്യവും രാമേശ്വരത്ത് എത്തി. അതേസമയത്ത് വിഭീഷണന്‍ രാക്ഷസ രാജാവായ ജ്യേഷ്ഠന്‍ രാവണനുമായി, സീതാദേവിയെ തിരികെ നല്‍കണമെന്ന വിഷയത്തില്‍ തമ്മില്‍ തെറ്റി ശത്രുക്കളാവുകയും നാല് മന്ത്രിമാരോടൊപ്പം ശ്രീരാമനെശരണം പ്രാപിക്കുകയും ചെയ്യുന്നു.  എല്ലാവരും എതിര്‍ത്തെങ്കിലും ഹനുമാന്‍റെ വാക്കുകളടിസ്ഥാനമാക്കി ശ്രീരാമന്‍ വിഭീഷണന് അഭയം നല്‍കി.

കടല്‍കടക്കാനെന്താണ് മാര്‍ഗ്ഗമെന്ന് എല്ലാവരും കൂടി ആലോചിച്ചു. സമുദ്രത്തില്‍ ചിറ കെട്ടാനുള്ള പദ്ധതിയുടെ ആശയം വിഭീഷണന്‍ മുന്നോട്ടുവെച്ചു. തുടര്‍ന്ന് വരുണനെ പ്രത്യക്ഷപ്പെടുത്തി. വരുണനാണ് വിശ്വകര്‍മ്മാവിന്‍റെ മകനായ നളനെ മുഖ്യസ്ഥപതിയാക്കി കടലിന് കുറുകെ സേതു നിര്‍മ്മിക്കാന്‍ പറയുന്നത്. അതുപ്രകാരം വാനരസൈന്യം വലിയ പാറക്കല്ലുകളും മരങ്ങളുമെല്ലാമെത്തിച്ച് അഞ്ചുദിവസം കൊണ്ട് നൂറുയോജന നീളമുള്ള പാലം നിര്‍മ്മിച്ചു.

രാമേശ്വരത്തുനിന്ന് ലങ്കയിലേക്ക് ശ്രീരാമചന്ദ്രഭഗവാനും വാനരസൈന്യവും കൂടിച്ചേര്‍ന്ന് സമുദ്രത്തിന് കുറുകെ സേതുബന്ധനം നടത്തിയതിന്‍റെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും കന്നിമാസത്തിലെ തിരുവോണം നാളില്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി സേതുബന്ധനച്ചടങ്ങുകള്‍ നടത്തുന്ന സ്ഥലമാണ് ശ്രീരാമന്‍ചിറ. സേതുബന്ധനസ്മരണ ഈ രീതിയില്‍ പുതുക്കുന്ന ഭൂമിയിലെ ഒരു സ്ഥലമാണിവിടം.

തിരുവോണം നാളില്‍ പുലര്‍ച്ചെ തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ നിയമവെടി കേള്‍ക്കുമ്പോള്‍ ചിറകെട്ടോണത്തിന്‍റെ ചടങ്ങുകളാരംഭിക്കുന്നു. ഇവിടെ തൃക്കാക്കരയപ്പനെ എഴുന്നെള്ളിച്ച് വെച്ച് ചെണ്ട കൊട്ടാന്‍ തുടങ്ങുന്നു. ഇത് സന്ധ്യക്കുള്ള ചിറകെട്ട് കഴിയുന്നതുവരെ ഉണ്ടായിരിക്കും. പുലര്‍ച്ചെയുള്ള ചെണ്ടകൊട്ട് കേള്‍ക്കുന്നതോടെ ചെമ്മാപ്പിള്ളി, പെരിങ്ങോട്ടുകര പ്രദേശത്തുള്ളവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പൂക്കളത്തിലെഴുന്നെള്ളിവെച്ച് പൂവട, വറുത്ത അരി, പയര്‍ എന്നിവ നിവേദിക്കുന്നു.

തൃപ്രയാര്‍ ക്ഷേത്രനട നേരത്തെ അടയ്ക്കുന്ന രണ്ട് ദിവസങ്ങളാണ് ആറാട്ടുപുഴ ദേവ മേളയായ മീനത്തിലെ പൂരവും ശ്രീരാമന്‍ചിറയില്‍ ചിറകെട്ടുന്ന കന്നിയിലെ തിരുവോണദിനവും. ചിറകെട്ട് ദിവസം വൈകീട്ട് ദീപാരാധനയും അത്താഴപൂജയും നേരത്തെ തീര്‍ത്ത് നട അടയ്ക്കുന്നു. അതിനുശേഷം തേവര്‍ മുതലപ്പുറത്ത് കയറി ശ്രീരാമന്‍ചിറയില്‍ എത്തിച്ചേരുന്നുവെന്നാണ് വിശ്വാസം. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന തൃപ്രയാര്‍ ക്ഷേത്രത്തിന്‍റെ അത്രയും തന്നെ പഴക്കം ശ്രീരാമന്‍ ചിറ കെട്ടുന്നതിനും ഇവിടുത്തെ ചിറകെട്ട് ഓണത്തിനും ഉണ്ട്.

ഇതിനുവേണ്ടി അവകാശികളെയും തൃപ്രയാര്‍ ക്ഷേത്രം നിശ്ചയിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ പറയ സമുദായത്തിനായിരുന്നു അവകാശം. അവരത് ഉപേക്ഷിച്ചുപോയപ്പോള്‍ തൃപ്രയാര്‍ ക്ഷേത്രത്തിന്‍റെ ഊരായ്മ ഇല്ലങ്ങളിലൊന്നായ പുനപ്പിള്ളി മനയിലെ കാരണവന്മാര്‍ കൊണ്ടുവന്ന് അവരുടെ ഇല്ലപ്പറമ്പില്‍ താമസിപ്പിച്ചിരുന്ന വേട്ടുവ സമുദായക്കാരാണ് ഇപ്പോള്‍ ചിറ നിര്‍മ്മിക്കുന്നത്. ഇവിടെയും ചിറകെട്ടിനുശേഷം അനുബന്ധ ചടങ്ങുകള്‍ നടക്കുന്ന കൊട്ടാരവളപ്പിലെ മഹാവിഷ്ണു ക്ഷേത്രത്തിലും പൂജാസാധനങ്ങളൊരുക്കുന്നതിനും സ്ഥലം വൃത്തിയാക്കുന്നതിനും തോരണമിടുന്നതിനും ഈഴവക്കാര്‍ക്കാണ് അവകാശം.

ചിറകെട്ടുന്നതിലും സേതുബന്ധനം നടത്തുന്നതിലും വിവിധ കലാരൂപങ്ങളവതരിപ്പിക്കുന്നതിലും പങ്കെടുക്കുന്നവര്‍ക്കുള്ള അവകാശങ്ങള്‍ വിതരണം ചെയ്യുന്നത് തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നും വരുന്ന നമ്പൂതിരി സമുദായംഗമാണ്. ചിറകെട്ടിന്മേല്‍ വിരിക്കുന്നതിനുള്ള വെള്ളയും കരിമ്പടവും സമര്‍പ്പിക്കുന്നതിനു താംബൂലവും കൊട്ടാരവളപ്പിലെ മഹാവിഷ്ണു ക്ഷേത്രത്തിലേയ്ക്കുള്ള മാറ്റും കൊണ്ടുവരുന്നതിനുള്ള അവകാശം വെളുത്തേടത്ത് സമുദായംഗത്തിനാണ്. കാഴ്ചക്കുലയും നെല്ലും സമര്‍പ്പിക്കുന്നത് നായര്‍ സമുദായംഗമാണ്. വിശ്വകര്‍മ്മജരായ ആശാരി, മൂശാരി, കരുവാന്‍, തട്ടാന്‍ സമുദായംഗങ്ങള്‍ യഥാക്രമം മുളനാഴി, വിളക്ക്, കത്തി, മോതിരം, ഇടങ്ങഴി എന്നിവ സമര്‍പ്പിക്കുന്നു. ഓലക്കുട സമര്‍പ്പിക്കുന്നത് സാംബവ സമുദായമാണ്.

അവകാശികള്‍ ചിറ നിര്‍മ്മിച്ചുകഴിഞ്ഞതിനുശേഷമാണ് ഈ ചടങ്ങുകള്‍ നടക്കുന്നത്. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ചിറയില്‍ എഴുന്നെള്ളിയതിനുശേഷമാണല്ലോ ചിറ കെട്ടുന്നത്. അതിനുശേഷം അവകാശികളല്ലാത്ത ഭക്തര്‍ക്കുകൂടി ചിറകെട്ടില്‍ പങ്കാളികളാകാന്‍ അവസരമുണ്ട്. ഇവിടെ എത്തിയ എല്ലാവര്‍ക്കും ഒരുപിടി മണ്ണ് പുതുതായി നിര്‍മ്മിച്ച സേതുവില്‍ നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെ സേതുബന്ധനത്തില്‍ പങ്കാളികളാകുന്നവര്‍ക്കും ആദ്യകാലത്ത് ഒരു നാഴി നെല്ല് അളന്നുനല്‍കിയിരുന്നു. ഇപ്പോള്‍ ഇത് പണമായി നല്‍കി വരുന്നു. 

ഭഗവത്പ്രസാദമായി കിട്ടുന്ന ഈ പണം ഭക്തര്‍ വീടുകളില്‍ കൊണ്ടുപോയി സൂക്ഷിച്ചുവരുന്നു. ആയത് ഐശ്വര്യം നല്‍കുന്നു എന്നാണ് വിശ്വാസം.
രാമസേതുവിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാമൊഴിയിലൂടെ പ്രചാരം നേടിയതാണല്ലോ അണ്ണാറക്കണ്ണന്‍റെ കഥ. ലങ്കയിലേക്ക് കടക്കുന്നതിനായി ചിറ നിര്‍മ്മിക്കാന്‍ ഒരുങ്ങിയ സമയത്ത് അണ്ണാറക്കണ്ണന്‍ കടലിറങ്ങി നനഞ്ഞുവന്ന് തീരത്തെ പൂഴിമണ്ണില്‍ കിടന്നുരുണ്ട് സ്വന്തം ശരീരരോമങ്ങളില്‍ പറ്റിപ്പിടിച്ച മണല്‍ ചിറയിന്മേല്‍ കൊണ്ടുപോയി കുടഞ്ഞിടുന്നതും ശ്രീരാദേവന്‍റെ പ്രത്യേകാനുഗ്രഹത്തിന് പാത്രമാകുന്നതുമായ ഇതിഹാസ സന്ദര്‍ഭത്തിനാണ് സേതുബന്ധനത്തോട് ബന്ധമുള്ളത്.

ചിറ കെട്ടുന്ന ദിവസം ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ പിന്നീട് ഈ ചടങ്ങ് നിര്‍വ്വഹിക്കാറുണ്ട്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷം ശ്രീരാമന്‍ചിറയിലെത്തി സ്വന്തം വാസസ്ഥാനത്തുനിന്നുകൊണ്ടുവന്നതോ അഥവാ സേതുവിന് സമീപത്തുനിന്ന് ശേഖരിച്ചതോ ആയ ഒരു പിടി മണ്ണ് സേതുബന്ധനത്തില്‍ നിക്ഷേപിക്കുന്നു. തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ ദര്‍ശനം പൂര്‍ണ്ണമാകുന്നതിന് സേതുബന്ധനവന്ദനം നടത്തുന്നത് അഭികാമ്യമാണ്.

ശ്രീരാമനെ തൊഴുതാല്‍ ത്രിമൂര്‍ത്തികളെ തൊഴുത ഫലം കിട്ടുമെന്നാണ് വിശ്വാസം. വിഷ്ണുവിന്‍റെ ദശാവതാരങ്ങളില്‍ പൂര്‍ണ്ണമായിട്ടുള്ളത് ശ്രീരാമാവതാരം മാത്രമാണ്. തൃപ്രയാര്‍ ക്ഷേത്രം ശ്രീരാമചൈതന്യത്താലാണ് പ്രശസ്തി നേടിയത്.

ശ്രീരാമക്ഷേത്രങ്ങളിലെല്ലാം ശംഖ്- ചക്ര-ഗദാ- പത്മധാരിയായ വിഷ്ണുവിന്‍റെ രൂപത്തിലാണ് ബിംബങ്ങള്‍. എന്നാല്‍ തൃപ്രയാറില്‍ ശംഖ്- ചക്രം- അക്ഷമാല- ചാപം എന്നിവ ധരിച്ചുള്ള രൂപമാണ്. ശംഖും ചക്രവും വൈഷ്ണവാത്മകവും, അക്ഷമാല ബ്രഹ്മാത്മകവും ചാപം ശൈവാത്മകവുമാണ്. ശ്രീരാമചന്ദ്രന്‍റെ പീഠത്തിന്മേല്‍ത്തന്നെ വലത്തും ഇടത്തുമായി ശ്രീഭഗവതിയേയും ഭൂമിദേവിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. 

തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിന്‍റെ നേതൃത്വവും ശ്രീരാമഭഗവാന്‍ നേരിട്ട് നടത്തിയ ചടങ്ങിനെ അനുസ്മരിക്കുന്നതിനുമാണ് ഈ പാടശേഖരത്തിന് ശ്രീരാമന്‍ചിറയെന്ന പേര് ലഭിച്ചത്.

താന്ന്യം പഞ്ചായത്തിലെ ഏക സ്വാഭാവിക ശുദ്ധജല സംഭരണിയാണ് ശ്രീരാമന്‍ ചിറ എന്നറിയപ്പെടുന്ന 900 പാടശേഖരം. വേനല്‍ക്കാലത്ത് ചെമ്മാപ്പിള്ളിയിലും പരിസരത്തും ശുദ്ധജലക്ഷാമം ഇല്ലാതിരിക്കാന്‍ ശ്രീരാമന്‍ ചിറ വലിയ പങ്കാണ് വഹിക്കുന്നത്. ആചാരങ്ങളിലും ഭക്തിയിലും ഒരുമിച്ച് ഇവിടുത്തെ ജലസമൃദ്ധി ഉറപ്പുവരുത്തുകയായിരുന്നു ചെയ്തിരുന്നത്. തുലാവര്‍ഷത്തിലെ ജലം ശേഖരിച്ചുവയ്ക്കാന്‍ ശ്രീരാമന്‍ ചിറ ഉപകരിച്ചിരുന്നു.

ശ്രീരാമന്‍ചിറ, പെരിങ്ങോട്ടുകര പാടം, കണ്ണന്‍ചിറ എന്നിങ്ങനെയുള്ള മൂന്ന് തൊള്ളായിരംപറ പാടശേഖരം തൃപ്രയാര്‍ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ശ്രീരാമന്‍ചിറയില്‍ ഒരുപ്പൂകൃഷിയും മറ്റ് രണ്ട് പാടശേഖരങ്ങളില്‍ ഇരുപ്പൂകൃഷിയും ആണ് നടന്നിരുന്നത്. വേനലില്‍ നടക്കുന്ന കൃഷിക്ക് ജലസംഭരണിയായി ശ്രീരാമന്‍ ചിറയെ ഉപയോഗിച്ചിരുന്നു. ഒരു പ്രാവശ്യം മാത്രമേ കൃഷിയുള്ളുവെങ്കിലും ഒരു വര്‍ഷത്തേക്കുള്ള നെല്ല് ഇവിടെ നിന്നും ലഭിച്ചിരുന്നു.

ഈ പ്രദേശങ്ങളില്‍ തേവരുടെ ഓണം എന്നുകൂടി ഈ ആഘോഷം അറിയപ്പെട്ടിരുന്നു. പാടശേഖരത്തിന് കുറുകെ നീളത്തില്‍ കെട്ടുന്ന ഒരു നീളന്‍ കെട്ടും അതിനുപുറത്ത് അര്‍ദ്ധവൃത്താകൃതിയില്‍ കെട്ടുന്ന വട്ടക്കെട്ടും. നീളന്‍കെട്ടിനു ബലക്ഷയം സംഭവിച്ചാലും സംഭരിച്ച വെള്ളം നഷ്ടപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് വട്ടക്കെട്ട്.

തുലാവര്‍ഷം തീരുന്നതോടെ തൃപ്പാദയാറില്‍ ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമാകും. അപ്പോള്‍ പുഴയുടെ തീരത്ത് താമസിക്കുന്നവരുടെ കിണറുകളിലേയും കുളങ്ങളിലേയും ജലം ഉപയോഗിക്കാന്‍ കഴിയാതെയാകും. ഈ സമയത്ത് ശ്രീരാമദേവന്‍റെ അവതാരം പോലെയാണ് ശ്രീരാമന്‍ചിറയിലെ ശുദ്ധജലം ഗ്രാമീണര്‍ക്ക് അനുഭവപ്പെടുക. ഭക്തിയും സമുദായ ഒരുമയും ജലസംരക്ഷണമെന്ന നാടിന്‍റെ ആവശ്യകതയും ഒന്നുചേര്‍ന്നാണ് ഇവിടെ ചിറകെട്ടോണം ആഘോഷിക്കുന്നത്.

ചിറ നിര്‍മ്മിക്കുന്നതിനുള്ള മണ്ണ്, മുള, ഓല, മറ്റ് അനുബന്ധ വസ്തുക്കള്‍ തുടങ്ങിയവയെല്ലാം തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ നിന്നാണ് നല്‍കി വന്നിരുന്നത്. കൊട്ടാരവളപ്പില്‍ സമര്‍പ്പിക്കുന്ന നെല്ല് കുത്തി അരിയാക്കി അതുപയോഗിച്ചുള്ള നിവേദ്യം പിറ്റേന്ന് തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഭഗവാന് സമര്‍പ്പിക്കുകയും അതുപോലെ മറ്റ് സമര്‍പ്പിത വസ്തുക്കളും ക്ഷേത്രത്തില്‍ കൊണ്ടുപോയി ശ്രീകോവിലില്‍ ഭഗവാന്‍റെ സമീപത്ത് വയ്ക്കണമെന്നും ഉണ്ടത്രെ. തൃപ്രയാര്‍ ക്ഷേത്രത്തില്‍ നടന്ന അഷ്ടമംഗല ദേവ പ്രശ്നത്തില്‍ തെളിഞ്ഞത് ശ്രീരാമന്‍ചിറയിലെ പഴയ ആചാരങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാണ്.

എല്ലാ മലയാള മാസം ഒന്നാം തീയതിയും തൃപ്രയാര്‍ ക്ഷേത്രത്തിലെ വിശേഷദിവസങ്ങളിലും സന്ധ്യക്ക് ചിറയിന്മേല്‍ സന്ധ്യക്ക് വിളക്ക് വയ്പ്പ് നടന്നുവരുന്നു. ഭക്തര്‍ തന്നെ എണ്ണയും തിരിയും കൊണ്ടുവന്ന് വിളക്ക് തെളിയിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ട്. സ്ഥലദോഷങ്ങള്‍ തീര്‍ക്കുന്നതിനായി പല സ്ഥലങ്ങളില്‍ നിന്നും മണ്ണ് സമര്‍പ്പിക്കുന്നതിനായും നിരവധി ഭക്തജനങ്ങള്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

ബാബുരാജ് പൊറത്തിശ്ശേരി
 9846025010