ജന്മാന്തര ദുരിതങ്ങളകറ്റുന്ന ശ്രീരാമസ്വാമി - തൃപ്രയാര്‍ ശ്രീരാമക്ഷേത്രം
മുപ്പത്തിമുക്കോടി ദേവീദേവന്മാര്‍ക്കായി ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ കേരളത്തില്‍ തന്നെയുണ്ടെങ്കിലും ശ്രീരാമക്ഷേത്രങ്ങള്‍ പൊതുവേ കുറവായിട്ടാണ് കാണുന്നത്. ഉളളവയാകട്ടെ പലവിധ കാരണങ്ങളാല്‍ പ്രശസ്തവും. അക്കൂട്ടത്തില്‍ വലിപ്പം കൊണ്ടും പ്രതിഷ്ഠാഭാവത്തിന്‍റെ പ്രത്യേകതകൊണ്ടും ഏറെ പ്രശസ്തമാണ് തൃശൂര്‍ നഗരത്തില്‍ നിന്നും 22 കി. മീറ്റര്‍ കിഴക്ക് നാട്ടിക പഞ്ചായത്തിലെ തൃപ്രയാറിലുളള തൃപ്രയാര്‍ ശ്രീരാമക്ഷേത്രം. ശ്രീപ്രിയ പുണ്യനദി എന്നറിയപ്പെടുന്ന കനോലിക്കനാലിന്‍റെ തീരത്ത് കനാലിനഭിമുഖമായി സ്ഥിതിചെയ്യുന്ന ഈ ശ്രീരാമക്ഷേത്രത്തിന് അയ്യായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ആര്‍ക്കിയോളജി വകുപ്പിലെ രേഖകള്‍തന്നെ പറയുന്നത്.
ഭഗവാന് ശ്രീകൃഷ്ണന്‍റെ സ്വര്‍ഗ്ഗാരോഹണത്തോടെ ദ്വാരക പ്രളയത്തില്‍ മുങ്ങിയപ്പോള്‍, ദ്വാരകയില്‍ ഭഗവാന്‍ പൂജിച്ചുകൊണ്ടിരുന്ന വിഗ്രഹങ്ങള്‍ പ്രളയജലത്തില്‍ ഒഴുകിപ്പോയി എന്നും അവയിലൊന്നാണ് തൃപ്രയാര്‍ ശ്രീരാമസ്വാമിയുടെ വിഗ്രഹമെന്നുമാണ് വിശ്വാസം. ദശരഥപുത്രന്മാരായ ലക്ഷ്മണന്‍റേയും ഭരതന്‍റേയും ശത്രുഘ്നന്‍റേയും വിഗ്രഹങ്ങള്‍ പ്രളയത്തില്‍ ഒഴുകിപ്പോവുകയും പിന്നീട് കണ്ടെടുത്ത് പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രശസ്തിയും പ്രധാന്യവും കൂടുതല്‍ ശ്രീരാമദേവനാണ്.
ഭരതന്‍ പ്രതിഷ്ഠയായിട്ടുളള കൂടല്‍മാണിക്യവും, ലക്ഷ്മണന്‍ പ്രതിഷ്ഠയായുളള മൂഴിക്കുളം, ശത്രുഘ്നന്‍ പ്രതിഷ്ഠയായിട്ടുളള പായമ്മല്‍ എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങള്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി സഹോദരന്മാരായ ഈ നാലുപേരേയും ഒരേദിവസം ദര്‍ശിച്ച് പൂജ നടത്തുന്നത് പുണ്യമാണെന്ന വിശ്വാസത്താല്‍ കര്‍ക്കിടകമാസത്തില്‍ നാലമ്പലദര്‍ശനം എന്ന ഒരു ചടങ്ങ് നടന്നുവരുന്നുണ്ട്. തൃപ്രയാറില്‍ തുടങ്ങി ഉച്ച പൂജയ്ക്കു മുന്‍പു ഈ നാലു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നത് വലിയ പുണ്യമാണത്രെ.
ശ്രീരാമന്‍റെ ചക്രവര്‍ത്തി രൂപത്തിലുളള പ്രതിഷ്ഠയാണ് തൃപ്രയാറിലേത്. ഭഗവാന്‍റെ അങ്ങനെയൊരു ഭാവത്തിലുളള പ്രതിഷ്ഠ വേറെയില്ല എന്നാണ് മേല്‍ശാന്തി കാവനാടുമന രവി നമ്പൂതിരി പറയുന്നത്. ഖരവധം കഴിഞ്ഞുളള സങ്കല്‍പ്പമായതിനാല്‍ തൃപ്രയാര്‍ തേവര്‍ക്ക് രൗദ്രത അല്‍പ്പം കൂടുതലാണെന്നും മേല്‍ശാന്തി പറയുന്നു. ശ്രീരാമന്‍റെ പ്രതിഷ്ഠയാണെങ്കിലും ത്രീമൂര്‍ത്തികളായ ബ്രഹ്മാവിന്‍റെയും വിഷ്ണുവിന്‍റെയും മഹേശ്വരന്‍റെയും ശക്തിയും ചൈതന്യവുമുണ്ടത്രെ തേവര്‍ക്ക്. അത്രയ്ക്ക് പവര്‍ഫുള്‍ ആണത്രെ തൃപ്രയാര്‍ തേവര്‍.
ചെമ്പുപാകിയ വട്ട ശ്രീകോവിലിനുളളില്‍ നില്‍ക്കുന്ന രൂപത്തിലുളള ശ്രീരാമവിഗ്രഹം ആദ്യകാലത്ത് ശിലയായിരുന്നു. എന്നാല്‍ ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തില്‍ നടന്ന അക്രമങ്ങളെത്തുടര്‍ന്ന് വിഗ്രഹത്തിന്‍റെ ഇരു കൈകള്‍ക്കും കേടുപാടുകള്‍ കാര്യമായി സംഭവിച്ചു. അതേ തുടര്‍ന്നാണ് പഞ്ചലോഹം പൊതിഞ്ഞത്. പഞ്ചലോഹത്തില്‍ അധികവും സ്വര്‍ണ്ണമായതിനാല്‍ ശ്രീകോവിലിനുളളിലെ ദീപപ്രഭയില്‍ മഞ്ഞ ലോഹത്തിന്‍റെ തിളക്കത്തില്‍ നില്‍ക്കുന്ന ഭഗവാന്‍റെ രൂപം ഒരു പ്രത്യേക ദര്‍ശനാനുഭവമാണ് പ്രദാനം ചെയ്യുന്നത്.
ശ്രീരാമ ഭഗവാനോടൊപ്പം അകത്ത് ശ്രീഭഗവതിയും ഭൂമി ഭഗവതിയുമുണ്ട്. നിവേദ്യമായാലും അഭിഷേകമായാലും എന്തും തുല്യ പ്രാധാന്യത്തോടെ ഈ മൂന്ന് പേര്‍ക്കും കഴിക്കും എന്നുളളതും ഇവിടുത്തെ പ്രത്യേകതയാണ്. ആദ്യകാലത്ത് പടിഞ്ഞാറേ നടയും തുറന്നിരുന്നു. അന്ന് ശ്രീഭൂമിഭഗവതിമാര്‍ രാത്രികാലങ്ങളില്‍ വന്ന് ഭഗവാന് പുഷ്പാഞ്ജലി നടത്തുന്നത് കണ്ടിട്ട് വില്ലമംഗലം സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം അവിടം അടയ്ക്കുകയും ശ്രീഭൂമി ഭഗവതിമാരെ, ഭഗവാന്‍ ചൈതന്യം വര്‍ദ്ധിപ്പിക്കുവാനായി ശ്രീകോവിലില്‍തന്നെ പ്രതിഷ്ഠിക്കുകയായിരുന്നു. പിന്നീട് പടിഞ്ഞാറേനട തുറന്നിട്ടില്ല.
മണ്ഡപത്തില്‍ ഹനുമാന്‍റെ പ്രതിഷ്ഠയില്ലെങ്കിലും ചൈതന്യമുണ്ടെന്നും ദേവന് അഭിമുഖമായിട്ടിരുന്ന് ഹനുമാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നുമാണ് സങ്കല്‍പ്പം. ചാത്തന്‍ സ്വാമിയുടെ സങ്കല്‍പ്പവുമുണ്ട്. രാശിവെയ്ക്കുമ്പോള്‍ ചാത്തന്‍റെ ദോഷം മാറാന്‍ തൃപ്രയാര്‍ തേവരുടെ മുന്നിലെത്തി പ്രാര്‍ത്ഥിച്ചാല്‍ മതി എന്നു പറയും. അതേ ത്തുടര്‍ന്ന് നൂറുകണക്കിന് ആള്‍ക്കാരാണ് ദിവസവും ചാത്തന്‍ദോഷം മാറ്റുന്നതിനായി ഇവിടെ എത്തുന്നത്. പിന്നെ കൃഷ്ണനും അയ്യപ്പനുമുണ്ട്. ശ്രീരാമസ്വാമിയെ പ്രതിഷ്ഠിക്കുന്നതിന് മുമ്പ് ഇത് ശാസ്താവിന്‍റെ ഭൂമിയായിരുന്നു എന്നാണ് വിശ്വാസം. പിന്നെ കന്നിമൂല ഗണപതിയുമുണ്ട്. ഗര്‍ഭഗൃഹത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെയും ഗണപതിയുടെയും പ്രതിഷ്ഠയുമുണ്ട്.
ദിവസവും അഞ്ച് പൂജകളും മൂന്ന് ശീവേലിയുമാണ് പതിവ്. എല്ലാ ദിവസവും ഉച്ചയ്ക്ക് കളഭാഭിഷേകം നടത്തുന്നു എന്നതും എടുത്തു പറയേണ്ടുന്ന കാര്യമാണ്. അങ്ങനെ ദിവസവും കളഭാഭിഷേകം നടത്തുന്ന ക്ഷേത്രങ്ങള്‍ വേറെയുണ്ടോയെന്നറിയില്ല. ദേവന്‍റെ രൗദ്രത കുറയ്ക്കുവാനാണ് ദിവസവും കളഭം ചാര്‍ത്തുന്നത്. മറ്റൊരു പ്രത്യേകത ദിവസവും തന്ത്രി പൂജിക്കുന്നു എന്നുളളതാണ്. തന്ത്രിമാര്‍ ദിവസവും പൂജ കഴിക്കുന്ന ക്ഷേത്രങ്ങളും വളരെ കുറവാണ്. അതുപോലെ തന്നെ രണ്ടുനേരം ശീവേലിക്ക് (ഉച്ചശീവേലിക്കും, അത്താഴ ശീവേലിക്കും) ആന വേണമെന്നുളളതും നിര്‍ബന്ധമാണ്. ഉച്ചശീവേലിക്ക് എമ്പ്രാത്തിരിയാണ് ശീവേലി വിഗ്രഹം എടുക്കുന്നത്.
ആഘോഷങ്ങള്‍
തൃപ്രയാര്‍ ക്ഷേത്രത്തിലെ പ്രധാന ആഘോഷം ഏകാദശിയാണ്. ഏകാദശിക്ക് പന്ത്രണ്ട് ദിവസം മുന്‍പുതന്നെ കലാപരിപാടികളും മറ്റും ആരംഭിക്കും. ഗുരുവായൂര്‍ ഏകാദശി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ഭക്തര്‍ ഏകാദശി തൊഴാനെത്തുന്നത് ഇവിടെയാണ്. മറ്റൊന്ന് ആറാട്ടുപുഴ പൂരമാണ്. പൂരം ആറാട്ടുപുഴയിലാണെങ്കിലും പ്രാധാന്യം ശ്രീരാമഭഗവാനാണ്. പൂരസംഗമത്തിനായി ബാക്കിയുളള പല ക്ഷേത്രങ്ങളില്‍ നിന്നും ദേവീദേവന്മാര്‍ ആറാട്ടുപുഴയിലെത്തുമെങ്കിലും ശ്രീരാമസ്വാമി എത്തുന്നതോടെയാണ് ശരിയായ സംഗമം ആകുന്നത്. ഇത്രയും പ്രാധാന്യമുളള ഒരു ദേവസംഗമം വേറെയില്ല എന്നുളളതാണ് വസ്തുത.
എട്ടു ദിവസമാണ് ആറാട്ടുപുഴ പൂരം. 24 പൂരങ്ങളുടെ ആ സംഗമത്തിന് ശ്രീഭൂമിഭഗവതിമാര്‍ക്കൊപ്പമാണ് ശ്രീരാമസ്വാമി പോകുന്നത്. ഇവിടെ നിന്നും പോകുന്നതിന് മകയിരം പുറപ്പാട് എന്നാണ് പറയുന്നത്. തൃപ്രയാറിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുളള ഒരു ചടങ്ങാണ് മകയിരം പുറപ്പാട്. ശ്രീരാമന്‍ മകയിരം പുറപ്പാട് നടത്തി അവിടെ എത്തുന്നത് കണക്കാക്കിയാണ് മറ്റ് ഘടകപൂരങ്ങളൊക്കെയും ആറാട്ടുപുഴയിലെത്തുന്നത്. ശ്രീരാമസ്വാമികൂടി എത്തുമ്പോള്‍ മുപ്പത്തി മുക്കോടി ദേവീ ദേവന്മാരുടെ സാന്നിദ്ധ്യം അവിടെ പുഷ്പവൃഷ്ടി നടത്തുമെന്നാണ് പറയുന്നത്. തുടര്‍ന്ന് മറ്റ് ദേവീ ദേവന്മാര്‍ ശ്രീരാമസ്വാമിയെ വണങ്ങി ഉപചാരം ചൊല്ലിപ്പിരിയും.
ഇവിടെ പറയും മറ്റും ഒരുക്കി വലിയ സ്വീകരണമൊക്കെ കഴിഞ്ഞാണ് ഭഗവാന്‍ ആറാട്ടുപുഴയ്ക്ക് പോകുന്നത്. ദേശം ഒന്നടങ്കം എത്തി യാത്രയയപ്പു നടത്തും. അതു കഴിഞ്ഞ് വന്നിട്ട് ഉത്രം വിളക്കുണ്ട്. ഭരതനും ശ്രീരാമനും തമ്മിലുളള ബന്ധത്തെ വിളിച്ചു പറയുന്നതാണ് ഉത്രം വിളക്ക്. ഒരിക്കല്‍ ശ്രീരാമസ്വാമിയുടെ ഉത്രം പുറപ്പാടിന് അനുജനായ ഭരതന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഉത്രം വിളക്കിന് പൂരപ്പുറപ്പാടിന്‍റെ അതേ ചടങ്ങുകള്‍ തൃപ്രയാര്‍ നടത്തും. ആ ഒരു ബന്ധം ഇരുക്ഷേത്രങ്ങളും തമ്മിലുണ്ട്. പൂരത്തിന് പോകുമ്പോള്‍ ചിറയ്ക്കല്‍ എന്നു പറയുന്ന സ്ഥലത്ത് ഇറക്കി മാലയൊക്കെ ചാര്‍ത്തുന്ന ചടങ്ങുണ്ട്. ആ സമയം കൂടല്‍ മാണിക്യസ്വാമി താമരമാല കൊണ്ടുവന്ന് ചാര്‍ത്തുന്ന മറ്റൊരു ചടങ്ങുണ്ട്. അതുകഴിഞ്ഞേ ആറാട്ടുപുഴയിലേക്ക് പോവുകയുളളൂ.
പുഷ്പാഞ്ജലിയും വെടിക്കെട്ടും
വെടിക്ക് ഏറെ പ്രാധാന്യമുളള മറ്റൊരുക്ഷേത്രം തൃപ്രയാറിനെപ്പോലെ വേറെ കാണില്ല. എന്തു കാര്യത്തിനും തേവര്‍ക്ക് വെടിവയ്ക്കുക എന്നുളളത്, പ്രത്യേകിച്ചും തൃപ്രയാറുകാരുടെ രീതിയാണ്. അതിന് സമയവും കാലവുമൊന്നും ഇല്ലാതിരുന്ന ഒരു കാലം പഴമക്കാര്‍ക്ക് ഓര്‍മ്മയുണ്ട്. ഏത് രാത്രിയായാലും സ്ത്രീകളെ പ്രസവകാര്യങ്ങള്‍ക്കായി കൊണ്ടുപോകുമ്പോള്‍ വീട്ടില്‍ നിന്ന് ആരെങ്കിലും ഓടിയെത്തി തേവരുടെ മുന്നില്‍ വെടി വയ്ക്കുന്നത് പണ്ടുളള പതിവായിരുന്നു. അതുകാരണം ഏത് അസമയത്തും ക്ഷേത്രത്തില്‍ നിന്നും വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു എന്നാണ് പ്രദേശവാസികളായ പ്രായം ചെന്നവര്‍ പറയുന്നത്. ക്ഷേത്രത്തിനു തൊട്ടുമുന്‍പില്‍ നദിയായതിനാല്‍ ആ ശബ്ദം പ്രതിധ്വനിച്ച് കിലോമീറ്ററോളം ദൂരം വരെ കേട്ടിരുന്ന ഓര്‍മ്മയും ഇവര്‍ക്കുണ്ട്. ഇപ്പോള്‍ അങ്ങനെ അസമയത്ത് ഇല്ലെങ്കിലും പകല്‍ സമയങ്ങളില്‍ നിരന്തരമെന്നോണം വെടിവെയ്പ്പിന്‍റെ ശബ്ദം കേള്‍ക്കാം.
ഭഗവാന്‍റെ ചൈതന്യം വര്‍ദ്ധിപ്പിക്കുവാനായിട്ടാണ് പുഷ്പാഞ്ജലി. മറ്റൊന്ന് മത്സ്യ ഊട്ടാണ്. ശ്രീപ്രിയ പുണ്യനദിയുടെ (തൃപ്രയാര്‍, കനോലിക്കനാല്‍ എന്നുമൊക്കെ പേരുണ്ട്.) കരയില്‍ നദിക്കഭിമുഖമായി, കിഴക്കോട്ട് ദര്‍ശനവുമായിട്ടാണല്ലോ ഭഗവാന്‍ ദര്‍ശനം നല്‍കുന്നത്. ഭഗവാന്‍റെ പാദങ്ങള്‍ തഴുകി ഒഴുകുന്ന ഈ നദിയില്‍ ധാരാളം മത്സ്യങ്ങളെ കാണാം. ഭഗവാന്‍റെ ഒരവതാരം തന്നെ മത്സ്യമായതിനാല്‍ ദേവന് അഭിമുഖമായി നിന്നുളള ഇവിടുത്തെ മീനൂട്ടിന് ഏറെ പ്രാധാന്യമാണ് കല്‍പ്പിച്ചു പോരുന്നത്.
പാല്‍പ്പായസം, അവല്‍, കദളിപ്പഴം, നെയ്യ്, വെടി, മീനൂട്ട്, അമ്പും വില്ലും സമര്‍പ്പണം എന്നിവയാണ് പ്രധാന വഴിപാട്. വിവാഹസംബന്ധമായ തടസ്സങ്ങള്‍ മാറിക്കിട്ടുവാനായി സുന്ദരകാണ്ഡം വായനയും ഒരു പ്രധാന വഴിപാടാണ്. ശ്രീരാമന്‍റെയും സീതയുടേയും വര്‍ണ്ണനയാണല്ലോ സുന്ദരകാണ്ഡം. അത് കേള്‍ക്കുന്നത് തേവര്‍ക്ക് ഏറെ ഇഷ്ടമുളള കാര്യമായതിനാലാണ് സുന്ദരകാണ്ഡം വായന വഴിപാടായി നടത്തുന്നത്. ആ വഴിപാട് നേര്‍ന്ന് കാര്യസിദ്ധി നേടിയവര്‍, വഴിപാട് നടത്തുവാനായി വരുന്നത് നിത്യവും കാണാമെന്നാണ് മേല്‍ശാന്തി പറയുന്നത്.
പുറപ്പെടാ ശാന്തി
കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴിലുളള ഈ ക്ഷേത്രത്തില്‍ ബോര്‍ഡിന്‍റെ തന്നെ മറ്റ് ക്ഷേത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി പുറപ്പെടാ ശാന്തിമാരാണുളളത്. തന്ത്രിയാണ് മേല്‍ശാന്തിയെ നിശ്ചയിക്കുന്നത്. ഇരിങ്ങാലക്കുട ദേശത്തെ ഇല്ലത്തുനിന്നുളള ബ്രഹ്മണനായിരിക്കണം എന്നൊരു നിര്‍ബന്ധമുണ്ട്. മൂന്ന് ഇല്ലത്തുനിന്നുളള മൂന്ന് പേരാണ് ശാന്തിക്കായി വരിക. ഇവരില്‍ ഒരാള്‍ മേല്‍ശാന്തിയും മറ്റ് രണ്ടുപേര്‍ സഹശാന്തിമാരുമാകും. ഇങ്ങനെവരുന്ന മേല്‍ശാന്തി മൂന്നു മാസം പുറപ്പെടാശാന്തിയായി ഭഗവാന്‍റെ നിവേദ്യവും കഴിച്ച് ക്ഷേത്രത്തിന് സമീപത്തുള്ള ശാന്തി മഠത്തില്‍തന്നെ കഴിയണം. മറ്റ് രണ്ട് ശാന്തിമാര്‍ക്ക് വീട്ടില്‍ പോയി വരാന്‍ അവകാശമുണ്ട്. മൂന്നുമാസം മൂന്നുമാസം കൂടുമ്പോള്‍ മേല്‍ശാന്തി മാറും. അതുമൂലം വൃശ്ചികമാസത്തിലെ കറുത്തപക്ഷത്തിലെ ഏകാദശി, ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചുളള പൂരം പുറപ്പാട്, ഉത്രം വിളക്ക്, മേട മാസത്തിലെ പുണര്‍തം, പ്രതിഷ്ഠാദിനം എന്നീ പ്രധാന വിശേഷങ്ങളില്‍ ഒന്നില്‍ എല്ലാവര്‍ക്കും മേല്‍ശാന്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയും. പുല വന്നാല്‍ ക്ഷേത്രത്തിന് പുറത്തുളള തന്ത്രിമഠത്തില്‍ പോയി ഇരിക്കണം. 65 വയസ്സു വരെയാണ് സര്‍വ്വീസ്. അതിനിടെ സ്ഥലമാറ്റവുമില്ല.
ഖരവധം കഴിഞ്ഞുളള ശ്രീരാമനോടൊപ്പം സീതയില്ലാത്ത അവസ്ഥയിലാണല്ലോ പ്രതിഷ്ഠാ സങ്കല്‍പ്പം. ആ ഒരു രൗദ്രതയോടുകൂടി ഇരിക്കുന്ന ഭഗവാന്‍റെ ഭാവത്തില്‍ ഒട്ടും കളങ്കം വരാതിരിക്കുവാനായിട്ടാണ് മേല്‍ശാന്തി, പുറപ്പെടാ ശാന്തിയായിരിക്കണം എന്നു നിഷ്ക്കര്‍ഷിക്കുന്നത്. അതുപോലെതന്നെ തന്നെ പൂജിച്ചു കൊണ്ടിരിക്കുന്ന പൂജാരിമാര്‍ ഇവിടം വിട്ട് പോകുന്നത് ഭഗവാനോടുളള അവഗണനയായി കാണാതിരിക്കുവാനും ആ നിഷ്ക്കര്‍ഷതയ്ക്ക് കാരണമായി കാവനാട്ടുമന രവിനമ്പൂതിരി പറയുന്നു.
ദുരിതവിഷയ സംബന്ധമായിട്ടുളള കാര്യങ്ങള്‍ക്കാണത്രെ ഇവിടെ പ്രധാന്യം. ജന്മാന്തര ദുരിത വിഷയങ്ങള്‍കൊണ്ട് വിഷമിക്കുന്നവര്‍ക്ക് തൃപ്രയാര്‍ ശ്രീരാമസ്വാമിയുടെ സാമീപ്യം ആശ്വാസകരമായതിനാല്‍, മറ്റ് ക്ഷേത്രങ്ങളില്‍ പോകുന്നതുപോലെ ആരും ഇവിടേയ്ക്ക് വരാറില്ലാ എന്നും രവിനമ്പൂതിരി പറയുന്നു.
Photo Courtesy - Google
