'മ്മടെ' തൃശൂര്‍ പൂരം ചരിത്രകഥകള്‍
വടക്കുംനാഥ ക്ഷേത്രത്തിന് ചുറ്റിലുമുള്ള തേക്കിന്‍കാട് മൈതാനമാണ് തൃശൂര്‍ പൂരത്തിന് അരങ്ങാവുന്നത്. കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമാണുള്ളത്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍ പൂരം ആഘോഷിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ മേയ് മാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്‍റെ തലേന്നാണ് പൂരം. വടക്കുംനാഥന്‍റെ മുമ്പില്‍ നഗരത്തിലുള്ള മറ്റ് ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും പൂരത്തില്‍ പങ്കാളികളാകുന്നു. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി, ചെമ്പൂക്കാവ് ഭഗവതി എന്നീ ക്ഷേത്രങ്ങള്‍ അവതരിപ്പിക്കുന്ന ചെറുപൂരവും ചേര്‍ന്നതാണ് തൃശൂര്‍പൂരം.
വടക്കുംനാഥ ക്ഷേത്രത്തിന് ചുറ്റിലുമുള്ള തേക്കിന്‍കാട് മൈതാനമാണ് തൃശൂര്‍ പൂരത്തിന് അരങ്ങാവുന്നത്. കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമാണുള്ളത്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍ പൂരം ആഘോഷിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ മേയ് മാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്‍റെ തലേന്നാണ് പൂരം. വടക്കുംനാഥന്‍റെ മുമ്പില്‍ നഗരത്തിലുള്ള മറ്റ് ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും പൂരത്തില്‍ പങ്കാളികളാകുന്നു. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി, ചെമ്പൂക്കാവ് ഭഗവതി എന്നീ ക്ഷേത്രങ്ങള്‍ അവതരിപ്പിക്കുന്ന ചെറുപൂരവും ചേര്‍ന്നതാണ് തൃശൂര്‍പൂരം.
തേക്കിന്‍കാട് മൈതാനത്ത് അണിനിരക്കുന്ന ഗജവീരന്മാരുടെ തലയെടുപ്പും, തീവെട്ടി വെളിച്ചത്തില്‍ കൊട്ടിക്കയറുന്ന പാണ്ടിമേളവും, ഹൃദയതാളമാകുന്ന പഞ്ചവാദ്യവും, മഴവില്ലഴകാകുന്ന കുടമാറ്റവും, മാനത്ത് ആയിരം വര്‍ണ്ണമാരി ചിതറിപ്പിക്കുന്ന വെടിക്കെട്ടും ഭക്തര്‍ക്ക് മാത്രമല്ല പൂരപ്രേമികള്‍ക്കും ദേശക്കാര്‍ക്കും നല്‍കുന്നത് ഹൃദ്യമായ കാഴ്ചാനുഭവം.
പൂരത്തിന്‍റെ സമാരംഭം എങ്ങനെ...?
1796 മേയ് മാസം തൃശൂര്‍ പൂരം തുടങ്ങി എന്നാണ് ചരിത്രം. ഇതുമായി ബന്ധപ്പെട്ട് നിരവധി സംഭവകഥകള്‍ പറയപ്പെടുന്നുണ്ട്. അതിലൊന്ന് ഇങ്ങനെ: ശക്തന്‍ തമ്പുരാന്‍ കൊച്ചി രാജാവായിരുന്ന കാലം. തൃശൂരും കൊച്ചി രാജ്യത്തില്‍ ഉള്‍പ്പെട്ട ദേശമായിരുന്നു. തേക്കിന്‍കാട് മൈതാനം അന്ന് കൊടുംകാടായിരുന്നത്രേ. ഇവിടെ പുരാതനമായൊരു ശിവപ്രതിഷ്ഠയും ഉണ്ടായിരുന്നു. ശക്തന്‍തമ്പുരാന്‍ ഈ കാട് വെട്ടിത്തെളിക്കാന്‍ ഉത്തരവിട്ടു. പാറമേക്കാവ് ഭഗവതിയുടെ കോമരം വാളെടുത്ത് രാജാവിന് മുമ്പില്‍ ഉറഞ്ഞുതുള്ളി. കാട്ടിനുള്ളിലെ ശിവപ്രതിഷ്ഠ സാക്ഷാല്‍ വടക്കുംനാഥനാണെന്നും, കാട് ശിവഭഗവാന്‍റെ മുടിയാണെന്നും വെട്ടരുതെന്നും കോമരം അരുള്‍ ചൊല്ലി.
ക്ഷിപ്രകോപിയായ ശക്തന്‍ തമ്പുരാന്‍ 'മുടി വെട്ടണ്ടെങ്കില്‍ തല വെട്ടാം' എന്ന് ആക്രോശിച്ച് കോമരത്തിന്‍റെ കയ്യിലിരുന്ന വാള്‍ പിടിച്ചുവാങ്ങി ഒറ്റവെട്ട്. കോമരത്തിന്‍റെ ശിരസ്സ് നിലത്തുവീണു. അല്‍പ്പനേരം കഴിഞ്ഞ് ശക്തന്‍ തമ്പുരാന് കുറ്റബോധം. കാട് വെട്ടിത്തെളിച്ചിടത്ത് ഭഗവാനുവേണ്ടി ആഘോഷം തുടങ്ങി. ഇത് പിന്നീട് പൂരമായത്രേ.
പൂരത്തിന്
ആനകള്‍ മുപ്പത്
ശക്തന്‍ തമ്പുരാന്‍റെ കാലത്ത് ആറാട്ടുപുഴ പൂരമായിരുന്നു പ്രശസ്തം. ലോകത്തെ സര്‍വ്വദേവതകളും പങ്കെടുക്കുന്ന ഈ പൂരത്തിന്‍റെ ഘോഷയാത്രയില്‍ ഒരിക്കല്‍ കടുത്ത പേമാരിയെത്തുടര്‍ന്ന് പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക് ക്ഷേത്രങ്ങള്‍ക്ക് പങ്കെടുക്കാനായില്ല. തുടര്‍ന്ന് പങ്കെടുക്കാത്ത ക്ഷേത്രങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയും തുടര്‍ന്നുള്ള പൂരങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്തു. സംഭവമറിഞ്ഞ് കോപിഷ്ടനായ ശക്തന്‍ തമ്പുരാന്‍ വടക്കുംനാഥന്‍റെ സമക്ഷത്തില്‍ പൂരം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. തൃശൂര്‍ പൂരത്തിന്‍റെ ചരിത്രം ഇതെന്നാണ് കേള്‍വി. ആറാട്ടുപുഴ പൂരത്തിന് 60 ആനകളെയാണ് എഴുന്നെള്ളിക്കുക. തൃശൂര്‍ പൂരത്തിന് ഇതിന്‍റെ പകുതിയും. എഴുന്നെള്ളിപ്പിക്കുന്ന ആനകളുടെ എണ്ണത്തെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും പരിഹാരത്തിനായി പട്ടാളത്തിന്‍റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് 15 ആനകളില്‍ കൂടുതല്‍ ഒരു ഭാഗക്കാരും എഴുന്നെള്ളിപ്പിക്കാന്‍ പാടില്ല എന്നുള്ള നിയമവും ഉണ്ടായത്രേ.
ഒറ്റരൂപയ്ക്ക് ഒരാന
1934 വരെ പാറമേക്കാവ് ക്ഷേത്രത്തില്‍ പൂരത്തിന് എഴുന്നെള്ളിപ്പിക്കാന്‍ സ്വന്തമായി ആന ഉണ്ടായിരുന്നില്ല. കൂലിക്ക് ആനയെ ഏര്‍പ്പാടാക്കി എഴുന്നെള്ളിപ്പിക്കുക എന്നതായിരുന്നു പതിവ്. സ്വന്തമായി ആനയെ വേണം. പാറമേക്കാവിന്‍റെ അന്വേഷണം അവസാനിക്കുന്നത് വടക്കാഞ്ചേരി ബാലാജി ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള കൃഷ്ണഗോപാലന്‍ എന്ന ഗജവീരന്‍റെ മുമ്പില്‍. പണം നല്‍കിയാല്‍ ആനയെ തരാം എന്നായി ട്രസ്റ്റുകാര്‍. എത്ര രൂപാ...? പാറമേക്കാവുകാരുടെ ചോദ്യത്തിന് ബാലാജി ട്രസ്റ്റിന്‍റെ മറുപടി ഇങ്ങനെ: ഒരു രൂപ. ഒരേ ഒരു രൂപാ... അങ്ങനെ ഒരുരൂപ നല്‍കി ലക്ഷണമൊത്ത കൃഷ്ണഗോപാലന്‍ പാറമേക്കാവ് ഭഗവതിക്ക് സ്വന്തം. ഈ ആനയാണത്രേ 15 വര്‍ഷക്കാലം ഭഗവതിയുടെ കോലം പൂരത്തിന് എഴുന്നെള്ളിപ്പിച്ച ഗജോത്തമന്‍ പദവി നല്‍കി ആദരിക്കപ്പെട്ട പാറമേക്കാവ് ശ്രീപരമേശ്വരന്‍.
ഓലക്കുടമാറ്റം
പാറമേക്കാവ്-തിരുവമ്പാടി ദേവതകളുടെ മുഖാമുഖമായുള്ള കൂടിക്കാഴ്ചയെയാണ് കുടമാറ്റത്തിലൂടെ സങ്കല്‍പ്പിക്കുന്നത്. കുടമാറ്റ മത്സരത്തിന്‍റെ തുടക്കം ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞുള്ള ആദ്യത്തെ പൂരത്തിലായിരുന്നത്രേ. നിരനിരയായി തിടമ്പേറ്റി തലയെടുപ്പോടെ നില്‍ക്കുന്ന 15 ആനകള്‍ ഇരുവിഭാഗത്തും. മദ്ധ്യത്ത് പച്ചക്കുടയും ഇരുവശങ്ങളിലേയ്ക്ക് 14 ചുവന്ന കുടയും. ഇതായിരുന്നു ഇരുവിഭാഗക്കാരുടേയും ശൈലി. സ്വരാജ് ഗ്രൗണ്ടിലെ താമസക്കാരനായ ഒരു തമിഴ് ബ്രാഹ്മണന്‍ തിരുവമ്പാടിക്കാര്‍ക്ക് ഒരു പുത്തനാശയം നല്‍കി. മദ്ധ്യത്ത് ചുമപ്പ് കുടയും വശങ്ങളില്‍ പച്ചക്കുടയുമാക്കിയുള്ള കുടമാറ്റം. അങ്ങനെ തിരുവമ്പാടിക്കാരുടെ കുടമാറ്റം പാറമേക്കാവുകാരെ അമ്പരപ്പിച്ചു. അവര്‍ മൈതാനത്ത് വില്‍ക്കാന്‍ വച്ചിരുന്ന 14 ഓലക്കുടകള്‍ എടുത്ത് ആനപ്പുറത്തേറ്റി. ഇതായിരുന്നു ആദ്യം കുടമാറ്റമത്സരം.
പൂരത്തിനുള്ളിലെ പൂരം
കുടമാറ്റത്തിന് ശേഷം വെടിക്കെട്ട് ആരംഭിക്കുന്നതിന്‍റെ പിറ്റേന്ന് പുലര്‍ച്ചെ 3 വരെ വിശ്രമത്തിനുള്ള നേരമാണ്. ഈ സമയത്താണ് രണ്ടാം പൂരം നടക്കുന്നത്. തനിയാവര്‍ത്തനം എന്നാണ് ഇതിനെ പറയുന്നത്. കാഴ്ചക്കാരായി അധികം ആളുകള്‍ ഉണ്ടാകാറില്ല. പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയും തനിയാവര്‍ത്തനത്തിലും ഉണ്ടാകും.
മഠത്തില്‍വരവ് പഞ്ചവാദ്യം
സംസ്കൃത ഗവേഷണ കേന്ദ്രമായ ബ്രഹ്മസ്വം മഠത്തിന് മുന്നില്‍ നടക്കുന്ന മഠത്തില്‍വരവ് പഞ്ചവാദ്യം പൂരത്തിലെ പ്രധാന ആകര്‍ഷണമാണ്. മഠാധിപതിയായിരുന്ന സ്വാമിയാരുടെ പക്കല്‍ മൂന്ന് നെറ്റിപ്പട്ടങ്ങള്‍ ഉണ്ടായിരുന്നു. തിരുവമ്പാടിക്കാര്‍ക്ക് പൂരത്തിന് എഴുന്നെള്ളിക്കുന്ന തങ്ങളുടെ ഗജവീരന്മാരുടെ നെറുകയില്‍ ഈ നെറ്റിപ്പട്ടങ്ങള്‍ അണിയിക്കാനുള്ള ആഗ്രഹം ഇവര്‍ സ്വാമിയാരെ കണ്ടുപറഞ്ഞു. സ്വാമിയാര്‍ക്ക് സമ്മതം. ഒരു കരാര്‍. പൂരം എഴുന്നെള്ളത്ത് പോകുമ്പോള്‍ മഠത്തിന് മുന്നിലും ഒരു സ്റ്റോപ്പ്. ഒരു വാദ്യം. തിരുവമ്പാടിക്കാര്‍ക്ക് സമ്മതം. ഇത് മഠത്തില്‍വരവ് ഇറക്കി എഴുന്നെള്ളിപ്പായി. പൂരം കഴിഞ്ഞ് മടക്കയാത്രയില്‍ സ്വര്‍ണ്ണനെറ്റിപ്പട്ടങ്ങള്‍ തിരുവമ്പാടിക്കാര്‍ മഠത്തില്‍ തിരികെ ഏല്‍പ്പിക്കും.
ആഘോഷങ്ങളില്ലാത്ത തൃശൂര്‍ പൂരങ്ങള്‍
1930 ല്‍ കനത്ത മഴയെ തുടര്‍ന്ന് മുഴുവന്‍ ആനകളേയും പൂരത്തിന് എഴുന്നെള്ളിച്ചില്ല.
1939 ല്‍ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതിനെത്തുടര്‍ന്നും 1948 ല്‍ ഗാന്ധിജിയുടെ മരണത്തെ തുടര്‍ന്നും പൂരം ചടങ്ങുകള്‍ മാത്രമായി നടന്നു. 1957 ല്‍ കരിമരുന്ന് പ്രയോഗത്തിന് അനുമതി ലഭിക്കാത്തതിനാല്‍ അന്നും ആഘോഷങ്ങള്‍ ഉണ്ടായില്ല. 1962 ല്‍ ആഘോഷങ്ങള്‍ക്കായി പൂരം എക്സിബിഷന്‍ കമ്മിറ്റിയില്‍ നിന്ന് തുക ലഭിക്കാത്തതിനാല്‍ ചടങ്ങ് മാത്രമായി പൂരം. തൊട്ടടുത്ത വര്‍ഷം ഇന്ത്യാ- ചൈനയുദ്ധം നടന്നതിനാല്‍ അന്നും പൂരം ചടങ്ങുകള്‍ മാത്രമായി. 2020- ല്‍ കൊറോണ പടര്‍ന്ന് പിടിച്ചതോടെ പൂരം ആഘോഷങ്ങളില്ലാതെ ചടങ്ങില്‍ ഒതുങ്ങി.
