വേലയും പൂരവും ഉത്സവവും...
തൃശൂരിന്‍റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളര്‍ച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകില്‍ വേല അല്ലെങ്കില്‍ ഉത്സവം അതുമല്ലെങ്കില്‍ പൂരം. ഇതില്‍ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.
ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ് തൃശൂര്‍ പാറമേക്കാവ് ക്ഷേത്രം. തൃശൂര്‍ സ്വരാജ് റൗണ്ടിനും കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന, തൃശൂര്‍ പൂരത്തിലെ പ്രധാന പങ്കാളിയായ പാറമേക്കാവിലമ്മ. കൊറോണക്കാലത്തിന് മുമ്പുവരെ അതായത് 2019 വരെ വേലയും പൂരവും മാത്രമേ ഇവിടെ നടന്നിരുന്നുള്ളൂ. 2020 ല്‍ കൊടിമരം സ്ഥാപിച്ചതിനുശേഷമാണ് കൊടിയേറിയുള്ള ഉത്സവം ആരംഭിക്കുന്നത്.
ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടും താന്ത്രിക ചടങ്ങുകള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ് പാറമേക്കാവ് ക്ഷേത്രത്തിലെ ഉത്സവം. അങ്കുരാതി ഉത്സവമായാണ് ഇവിടെ ആഘോഷിക്കുന്നത്. തൃശൂര്‍ പൂരത്തിലെ മറ്റൊരു പ്രധാന പങ്കാളിയായ തിരുവമ്പാടി ക്ഷേത്രത്തിലും ഈ മൂന്ന് ആഘോഷങ്ങളും ആചരിക്കാറുണ്ട്. പക്ഷേ വേലയും പൂരവും തിരുവമ്പാടി ഭഗവതിക്കും ഉത്സവം തിരുവമ്പാടി കൃഷ്ണനുമാണ്. അതാണ് നേരത്തെ പറഞ്ഞത് ഒരേ ദേവതയ്ക്ക് മൂന്ന് ആഘോഷങ്ങളും ആചരിക്കുന്നത് പാറമേക്കാവില്‍ തന്നെയാണ്.

കുംഭമാസത്തിലെ പൂരം നക്ഷത്രം സന്ധ്യക്ക് വരുന്ന ദിവസം ആറാട്ടോടുകൂടി എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇവിടെ നടക്കുന്നത്. ദേശക്കാരുടെ മുഴുവന്‍ ശ്രേയസ്സിനും ക്ഷേമത്തിനും ഐശ്വര്യത്തിനുമായി നിലകൊള്ളുന്ന ഈ ക്ഷേത്രത്തില്‍ കൊടിയേറ്റം കഴിഞ്ഞാല്‍ സാധാരണപോലെ ഉത്സവബലിയും കൂടാതെ പള്ളിവേട്ടയും ആറാട്ടും നടക്കാറുണ്ടിവിടെ. വടക്കുനാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്ക്കരണി തീര്‍ത്ഥകുളത്തിലാണ് ആറാട്ട് നടക്കുക. ആറാട്ടുകടവില്‍ ദീപാരാധനകഴിച്ച് സര്‍വ്വാഭരണ വിഭൂഷിതയായി ആഢ്യത്വത്തോടുകൂടി ഏഴാനപ്പുറത്ത് പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെ തിരിച്ചെഴുന്നെള്ളും.
ക്ഷേത്രഗോപുരനടയില്‍ എത്തിയാല്‍ പാണ്ടിമേളം കൊട്ടിക്കലാശിച്ച് തൃപുട കൊട്ടി അകത്ത് പ്രവേശിച്ച് ഒന്‍പത് ക്ഷേത്രപ്രദക്ഷിണം ചെയ്ത് കൊടിമരച്ചുവട്ടിലെത്തി ഭഗവതിയുടെ സാന്നിധ്യത്തില്‍ കൊടിയിറക്കി ശ്രീലകത്ത് ചെന്ന് ഇരുപത്തഞ്ച് കലശം, അത്താഴപൂജയ്ക്കുശേഷം ശ്രീഭൂതബലി കഴിച്ച് ഉത്സവം സമാപിക്കുന്നു.
41 ദിവസത്തെ(വൃശ്ചികം, ധനു) മണ്ഡലകാലച്ചടങ്ങുകളുടെ പരിസമാപ്തി കുറിച്ചുകൊണ്ടുള്ള ചടങ്ങില്‍ കോമരമാണ് വേലയുടെ ദിവസം പ്രഖ്യാപിക്കുക. ജനുവരി 9 വെള്ളിയാഴ്ചയായിരുന്നു ഈ വര്‍ഷത്തെ പാറമേക്കാവ് വേല മഹോത്സവം. മേടമാസത്തിലെ പൂരം നാളിലാണ് തൃശൂര്‍പൂരം.
ഭദ്രകാളി സങ്കല്‍പ്പത്തില്‍ ഭഗവതിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. വാള്‍, തൃശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരിക ശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ട് കൈകളോടുകൂടിയതാണ് പ്രതിഷ്ഠ. കര്‍ക്കിടക മാസത്തെ ചാന്താട്ടസമയത്ത് മാത്രമേ ബിംബം കാണാനാവുകയുള്ളൂ. അല്ലാത്തപ്പോഴൊക്കെ സ്വര്‍ണ്ണഗോളകയാണ് കാണുക. വരിക്കപ്ലാവില്‍ നിര്‍മ്മിച്ച ബിംബത്തിന് ഏഴടിയോളം ഉയരമുണ്ട്. നാഗങ്ങളും ബ്രഹ്മരക്ഷസ്സും ഉപദേവതകളാണ്. ശ്രീകോവിലിന്‍റെ വടക്കേയറ്റത്ത് ഒറ്റയ്ക്കുള്ള പ്രതിഷ്ഠ വീരഭദ്രനാണ്. പിന്നെ ഗണപതി, തുടര്‍ച്ചയായി മഹേശ്വരി, കൗമാരി എന്നീ പ്രതിഷ്ഠകളും തെക്കുഭാഗത്ത് വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരും കുടികൊള്ളുന്നു.
കാവ് എന്നത് ക്ഷേത്രങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കപ്പെടുന്നതിന് മുന്‍പെ കേരളത്തില്‍ നിലനിന്നിരുന്ന ദ്രാവിഡരീതിയിലുള്ള ആരാധനാലയങ്ങളാണ്. ആദിദ്രാവിഡ ദേവതയായ കൊറ്റവൈ ആണ് കൂടുതല്‍ കാവുകളിലും പ്രതിഷ്ഠ. പിന്നീട് ബുദ്ധമതവും ജൈനമതവും പ്രചരിച്ച നാളുകളില്‍ കാവ് കൂടുതല്‍ വിശാലമായി. പാറകളിലും ഗുഹകളിലും മലമുകളിലുമാണ് അവരുടെ ആരാധനാലയങ്ങള്‍ നടത്തിയിരുന്നത്. ഇത്തരത്തില്‍ പാറമേല്‍ ഉണ്ടായ കാവ് ആയിരിക്കണം പിന്നീട് പാറമേക്കാവ് ആയത്. പിന്നീട് ആര്യവത്ക്കരണത്തിനുശേഷം ദ്രാവിഡ ദേവതയ്ക്ക് പകരം ഭദ്രകാളി സ്ഥാനം പിടിച്ചു. പാറോമരത്തിന്‍റെ ചുവട്ടിലായിരുന്നതിനാല്‍ പാറമേക്കാവ് എന്ന പേര്‍ വന്നു എന്നും പഴമ.

ഐതിഹ്യം
തൃശൂര്‍ നഗരത്തില്‍ തെക്കുഭാഗത്തുള്ള കൂര്‍ക്കഞ്ചേരിയിലെ അപ്പാട്ട് കളരിയിലെ കാരണവരായിരുന്ന കുറുപ്പാള്‍ തിരുമാന്ധാം കുന്നിലമ്മയുടെ പരമഭക്തനായിരുന്നു. എല്ലാ മാസവും മുടങ്ങാതെ തിരുമാന്ധാംകുന്നില്‍ ദര്‍ശനത്തിന് പോയിരുന്നു. അദ്ദേഹത്തിന് പ്രായാധിക്യം കാരണം അതിനുകഴിയാതെ വരുമെന്ന ഘട്ടം വന്നപ്പോള്‍ അദ്ദേഹം ദേവതയോട് നാട്ടില്‍ കുടികൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചു. കരുണാമയിയായ ദേവി അത് സമ്മതിച്ച് കുറുപ്പാളറിയാതെ അദ്ദേഹത്തിന്‍റെ ഓലക്കുടയില്‍ കയറിയിരുന്നു. യാത്ര കഴിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ കുറുപ്പാള്‍ വടക്കും നാഥനെതൊഴുത് ഇലഞ്ഞിത്തറയില്‍ കിടന്നുറങ്ങി. ഉണര്‍ന്നെഴുന്നേറ്റ് കുടയുമെടുത്ത് പോകാന്‍ നിന്ന അദ്ദേഹം കുട അവിടെ ഉറച്ചുകഴിഞ്ഞതായി കണ്ടു.
തുടര്‍ന്ന് പ്രശ്നം വച്ചുനോക്കിയപ്പോള്‍ ദേവിസാന്നിധ്യം കണ്ടു. തുടര്‍ന്ന് ഇവിടെ പ്രതിഷ്ഠ നടത്തി. പിന്നീട് കൂടുതല്‍ സൗകര്യത്തിനുവേണ്ടി ദേവിയെ വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കൂറ്റന്‍ പാറയുടെ മുകളിലേക്ക് മാറ്റി. അങ്ങനെ ആ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നു. കാലപ്പഴക്കം കൊണ്ട് ദാരുബിംബത്തിന് ജീര്‍ണ്ണത വന്നപ്പോള്‍ അഷ്ടമംഗല്യ പ്രശ്നം നടത്തുകയും പ്രശ്നത്തില്‍ പറഞ്ഞ പ്രകാരം 1968 ല്‍ പഞ്ചലോഹം കൊണ്ട് ആവരണം നിര്‍മ്മിച്ച് ബിംബം വാര്‍ത്തുകെട്ടി നവീകരണ കലശം നടത്തുകയും ചെയ്തു. 1988 ല്‍ നടന്ന അഷ്ടമംഗല്യപ്രശ്നത്തില്‍ ദാരുബിംബത്തിന് കാലപ്പഴക്കത്താല്‍ ജീര്‍ണ്ണത വന്നതുകൊണ്ട് മാറ്റാന്‍ നിര്‍ദ്ദേശിച്ചു.
മീനങ്ങാടി മത്സ്യാവതാര ക്ഷേത്രത്തിനടുത്ത് റോഡരുകില്‍ നിന്നിരുന്ന പ്ലാവ് 1994 നവംബറില്‍ മുറിച്ചുകൊണ്ടുവരികയും 1995 ജൂലായില്‍ ബിംബ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയായി. പുതിയ ദാരുബിംബം വലുതായതുകൊണ്ട് ക്ഷേത്രനടയില്‍ കൂടി കടത്താന്‍ പറ്റാതായപ്പോള്‍ ശ്രീകോവില്‍ പൊളിച്ച് പുതിയത് അതേ അളവില്‍ പണിയുകയും ചെയ്തു. പ്രധാന ബിംബം ദാരുബിംബമായതിനാല്‍ ആണ്ടിലൊരിക്കല്‍ കര്‍ക്കിടകത്തില്‍ നിറപുത്തരി ദിവസം നടത്തുന്ന ചാന്താട്ടമല്ലാതെ അഭിഷേകങ്ങളില്ല. നിത്യപൂജകളും പുഷ്പാഞ്ജലിയും അടുത്ത് കിഴക്കോട്ട് ദര്‍ശനമായ അര്‍ച്ചനാബിംബത്തിലാണ് നടക്കുന്നത്.
നട തുറക്കല്‍
രാവിലെ മൂന്ന് മണിക്ക് നിയമവെടി. പിന്നെ ഏഴുതവണ ശംഖധ്വനി മുഴക്കി പള്ളിയുണര്‍ത്തല്‍. നാലുമണിക്ക് നട തുറക്കും. നിര്‍മ്മാല്യം കഴിഞ്ഞാല്‍ അര്‍ച്ചനാബിംബത്തില്‍ ശംഖാഭിഷേകം. മൂലബിംബത്തില്‍ അഭിഷേകം ചെയ്തു പട്ടുകൊണ്ട് തുടയ്ക്കും. അലങ്കാരത്തിനുശേഷം 5.15 ന് മലര്‍, തൃമധുരം എന്നിവ നിവേദിക്കും. സൂര്യനുദിക്കുന്നതിന് മുമ്പ് തിടപ്പള്ളിയില്‍ വെച്ച് ഗണപതിഹോമം നടക്കും. ആറുമണിക്ക് ബ്രഹ്മരക്ഷസ്സ്, സപ്തമാതൃക്കള്‍, വീരഭദ്രന്‍, ഗണപതി എന്നിവര്‍ക്ക് വെള്ളനിവേദ്യം. 6.20 ന് ദേവിക്ക് ഉഷനിവേദ്യവും പിന്നെ ഉഷ:പൂജയും ഉച്ചപൂജയ്ക്ക് മുമ്പ് നവകാഭിഷേകം 10.20 ന് ഉച്ചപൂജ അതിനുശേഷം 11.30 ന് നട അടയ്ക്കും.
ഉച്ചതിരിഞ്ഞ് 4 മണിക്ക് നട തുറക്കുന്നു. പിന്നെ ദീപാരാധന. അതിനുശേഷം സന്ധ്യാനമസ്ക്കാരം.7.20 നാണ് അത്താഴപൂജ. 8.30 ന് നട അടയ്ക്കും.
ക്ഷേത്രവിശേഷങ്ങള്‍- വേലയ്ക്കും പൂരത്തിനുംഉത്സവത്തിനും പുറമെ
അമ്പലനടയില്‍ ദിവസവും ഉച്ചപൂജയ്ക്കുശേഷം ബ്രാഹ്മണിപ്പാട്ട് നടത്താറുണ്ട്. എല്ലാ മാസവും ആയില്യം നാളില്‍ സര്‍പ്പപൂജയും വൃശ്ചികമാസത്തിലെ ആയില്യം നാളില്‍ സര്‍പ്പബലിയും നടത്താറുണ്ട്. ദേവിയുടെ പ്രതിഷ്ഠാദിനമായ അത്തം നാളില്‍ എല്ലാ മാസവും വിശേഷാല്‍ പൂജകളുണ്ട്. എല്ലാമാസവും ഋഗ്വേദ മുറജപവും യജുര്‍വേദ മുറജപവും ക്ഷേത്രത്തില്‍ നടത്താറുണ്ട്. എല്ലാ മാസവും ഉച്ചപൂജയ്ക്ക് മുമ്പ് സംക്രമപൂജ ചെയ്യാറുണ്ട്. പൗര്‍ണ്ണമിദിവസം സന്ധ്യക്ക് മുമ്പ് വാവുപൂജയും ഉണ്ടാകാറുണ്ട്.
മിഥുനത്തിലെ അത്തംനാള്‍ പ്രതിഷ്ഠാദിനമാണ്. പ്രതിഷ്ഠാദിനത്തിന് മുമ്പ് ദ്രവ്യകലശം നടക്കും. ആറുദിവസമാണ് ഇതിന്‍റെ ചടങ്ങുകള്‍. പ്രതിഷ്ഠാദിനത്തിന്‍റെ തലേന്ന് ഇത് അവസാനിക്കും. കര്‍ക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഇല്ലംനിറ നടക്കുന്നത്. അന്നുതന്നെയാണ് ചാന്താട്ടവും.
ദേശപ്പാട്ടിന് തിരുവുടയാടയും വേലയ്ക്ക് കണ്ണാടിത്തിടമ്പും പൂരപ്പറയ്ക്കും ആറാട്ടിനും തൃശൂര്‍ പൂരത്തിനും പഞ്ചലോഹ വിഗ്രഹമാണ് കോലത്തില്‍ എഴുന്നെള്ളിക്കുന്നത്.

ഇലഞ്ഞിത്തറമേളം
വടക്കുംനാഥക്ഷേത്രത്തിലെ ഇലഞ്ഞി നിന്നിരുന്ന സ്ഥാനത്തായിരുന്നു പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ. അന്ന് അതൊരു ദാരുശില്‍പ്പമായിരുന്നു. ദേവിയുടെ മൂലസ്ഥാനം ഇലഞ്ഞിയായതുകൊണ്ടാണ് തൃശൂര്‍ പൂരത്തിന് ഇലഞ്ഞിത്തറമേളം ഇവിടെ നടത്തുന്നത്. പാറമേക്കാവില്‍ സന്ധ്യക്ക് വിളക്കുവയ്ക്കുമ്പോള്‍ വടക്കുംനാഥനിലെ ഇലഞ്ഞിമരത്തിനുനേരെ വിളക്ക് കൊളുത്തിക്കാണിക്കുന്ന ചടങ്ങ് ഇന്നുമുണ്ട്.
1968 ല്‍ ദ്രവ്യകലശത്തോടെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചു. പതിമൂന്ന് നിലകളോടുകൂടിയ ദീപസ്തംഭം നിര്‍മ്മിച്ചു. നടപ്പുരയും ഗോപുരവുമെല്ലാം ക്ഷേത്രത്തിന്‍റെ പ്രൗഢി വിളിച്ചോതുന്നു. ഭദ്രകാളിയായിട്ടും ത്രിപുരസുന്ദരിയുമായിട്ടാണ് ഭഗവതിയെ സങ്കല്‍പ്പിച്ചുപോരുന്നത്.
ക്ഷേത്രസന്നിധിയില്‍ ഇന്ന് കാണുന്ന പാലമരം അടുത്ത കാലത്ത് വെച്ചുപിടിപ്പിച്ചതാണ്. അതിനുമുമ്പ് നൂറ് അടിയോളം ചുറ്റളവില്‍ പടര്‍ന്നുപന്തലിച്ച് നിന്നിരുന്ന ഭീമന്‍ പാലമരമാണ് ഉണ്ടായിരുന്നത്. അതിന്‍റെ തണലിലായിരുന്നു ദേശക്കാരുടെ ആലോചനകളും യോഗങ്ങളും. പണ്ഡിത സദസ്സുകള്‍പോലും പാലച്ചുവട്ടില്‍ നടന്നിരുന്നു. തൃശൂര്‍ പൂരത്തിന് വന്നിരുന്ന ആനകള്‍ക്കുപോലും ഈ തണലായിരുന്നു താവളം. ഈ പാല തീപിടിച്ചു നശിച്ചതാണ്. പിന്നീട് പ്രശ്നവിധിയില്‍ കണ്ടതനുസരിച്ചാണ് പുതിയ പാലമരം നട്ടുപിടിപ്പിച്ചത്.
തൃശൂര്‍ പൂരദിവസം ഉച്ചയ്ക്ക് 12 ന് പാറമേക്കാവ് ഭഗവതി ക്ഷേത്രഗോപുരത്തിന് പുറത്ത് 15 ആനകളുടെ അകമ്പടിയോടെ നിരന്നുനില്‍ക്കും. തുടര്‍ന്ന് ചെണ്ടമേളം, കുടമാറ്റം, പാണ്ടിമേളം എന്നിവ നടക്കും. മേളം അവസാനിച്ചാല്‍ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ കിഴക്കേഗോപുരം വഴി അകത്തുപ്രവേശിച്ച് ഇലഞ്ഞിമരത്തിന്‍റെ സമീപം നിരന്നുനില്‍ക്കുന്നു. 2.30 ന് ഇലഞ്ഞിത്തറ മേളം. ഏകദേശം 5 മണിയോടുകൂടി തെക്കോട്ടിറക്കം. പാറമേക്കാവിലമ്മ തെക്കോട്ടിറങ്ങി ഗോപുരത്തിനോട് അഭിമുഖമായി നില്‍ക്കും. അപ്പോഴേക്കും തിരുവമ്പാടി ഭഗവതി തെക്കേഗോപുരം കടന്ന് പാറമേക്കാവ് ഭഗവതിക്ക് അഭിമുഖമായി നില്‍ക്കും. തുടര്‍ന്ന് പ്രശസ്തമായ കുടമാറ്റം നടക്കും.
പാറമേക്കാവ്
പല കരകള്‍ കൂടിയത് ഒരു ദേശവും ആ ദേശത്തിന് ഒരു ക്ഷേത്രം. പല ദേശങ്ങള്‍ കൂടിയത് ഒരു തട്ടകം. പല തട്ടകങ്ങള്‍ കൂടിയത് ഒരു സ്വരൂപം. പല സ്വരൂപങ്ങള്‍ കൂടിയത് ഒരു ഗ്രാമം എന്നാണ് പറയുക. തൃശൂര്‍ സ്വരൂപത്തിന്‍റെ ദേവതയാണ് പാറമേക്കാവിലമ്മ.
തട്ടകനിവാസികള്‍ നിശ്ചയിച്ചതാണ് വേല. മഹാരാജാവ് ശക്തന്‍ തമ്പുരാന്‍ നിശ്ചയിച്ചതാണ് തൃശൂര്‍പൂരം. ദേവത നിശ്ചയിച്ചതാണ് ഉത്സവം.
ബാബുരാജ് പൊറത്തിശ്ശേരി
9846025010
