ഓരോ വലംവയ്ക്കലും ഓരോ അനുഭവം... -തൃത്താല മഹാദേവ ക്ഷേത്രം

ഓരോ വലംവയ്ക്കലും ഓരോ അനുഭവം... -തൃത്താല മഹാദേവ ക്ഷേത്രം

HIGHLIGHTS

പാലക്കാട് ജില്ലയില്‍ പട്ടാമ്പിയില്‍ നിന്നും പതിനേഴ് കിലോമീറ്റര്‍ ദൂരത്തായിട്ടാണ് തൃത്താല മഹാദേവ ക്ഷേത്രം നിലകൊള്ളുന്നത്. വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃത്താല മഹാദേവനെ വണങ്ങുവാനായി അവസരം ലഭിച്ചത്. ഓരോ വലം വയ്ക്കലും ഓരോ അനുഭവമാണെന്ന് പറയാറില്ലേ? അപ്രകാരം തന്നെയാണ് തൃത്താല മഹാക്ഷേത്രത്തിലെത്തിയപ്പോള്‍ സംഭവിച്ചതെന്ന് നിസ്സംശയം പറയാം. ഐതിഹ്യത്തിന്‍റെ കൂവളത്തറ ശിവമാഹാത്മ്യമായി അനുനിമിഷം മാറുകയായിരുന്നു.

 

താലത്തിലപ്പന്‍

തൃത്താല മഹാദേവനെ താലത്തിലപ്പന്‍ എന്നാണ് ഭക്ത്യാദരവോടെ ഭക്തര്‍ വിളിക്കുന്നത്, വിളിച്ചുതൊഴുന്നതും. ബാലകനായിരുന്ന അഗ്നിഹോത്രി അമ്മയ്ക്കൊപ്പം ഭാരതപ്പുഴയില്‍ കുളിക്കാന്‍ പോയി. തലയില്‍ തേച്ചുകുളിക്കാനുള്ള താളിയിലകള്‍ ഒരു താലത്തില്‍ കൊണ്ടുവന്നു. ഇലകള്‍ പടവിലെ കല്ലില്‍ ചതച്ചുകൊണ്ടിരുന്നപ്പോള്‍, അമ്മയുടെ താലത്തില്‍ പുഴയിലെ മണല്‍കൊണ്ട് അഗ്നിഹോത്രി ഒരു ശിവരൂപമുണ്ടാക്കി(ശിവലിംഗം). അമ്മ കുളി കഴിഞ്ഞ് വന്നപ്പോള്‍ പിച്ചളത്താലത്തില്‍ പുഴിമണല്‍ കൊണ്ട് മകന്‍ തീര്‍ത്ത ശിവലിംഗം. 

ദേവവിഗ്രഹങ്ങള്‍ വെറുതെയുണ്ടാകുന്നത് ദോഷമാണ് എന്ന ചിന്തയില്‍, അമ്മ അഗ്നിഹോത്രിയെ ശകാരിക്കുകയും മകന്‍ താലത്തില്‍ ഉണ്ടാക്കിവച്ച ശിവലിംഗം തട്ടിമാറ്റാനായി അമ്മ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മകന്‍ മണലില്‍ തീര്‍ത്ത ശിവലിംഗം താലത്തോട് ചേര്‍ന്ന് പുഴക്കരയില്‍ തീര്‍ത്ത ശിവരൂപമാണ് താലത്തിലപ്പന്‍, അഥവാ തൃത്താല മഹാശിവക്ഷേത്രത്തിലെ പ്രതിഷ്ഠ. ഐതിഹ്യത്തിന്‍റേയും ഐശ്വര്യത്തിന്‍റേയും അനുഭവസാക്ഷ്യം തന്നെയാണ് താലത്തിലപ്പന്‍. ഓരോ വലം വയ്ക്കലും ഭക്തിയുടെ ഓരോ അനുഭവങ്ങളാണ്.

ക്ഷേത്രത്തിന്‍റെ പുറത്തെ പ്രദക്ഷിണ വഴിയില്‍ തെക്ക് വശത്തായി ഒരു കൂവളം തറകെട്ടി നിര്‍ത്തിയിരിക്കുന്നു. ക്ഷേത്രത്തെ സംബന്ധിച്ചും വീടുകളെ സംബന്ധിച്ചും ദിവ്യ വൃക്ഷമായ കൂവളത്തിന് പ്രത്യേക സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ തെക്കുമാറി കൂവളത്തറ അപൂര്‍വ്വം തന്നെയാണ്. എന്താണിപ്രകാരം ഒരു കൂവളം ഇവിടെ ദിവ്യപരിവേഷമാര്‍ന്ന് നില്‍ക്കാന്‍ കാരണം? താലത്തിലപ്പന്‍റെ ഭക്തിപാരമ്പര്യമാണ് ഈ കൂവളത്തറ പറയുന്ന ഐതിഹ്യം.

ഭഗവാന്‍റെ പരമഭക്തനായ പൂജാരി, ഭഗവാനോട് കാര്യങ്ങള്‍ പോലും പറയാത്ത വിധത്തില്‍ ഭക്തിപൂര്‍ണ്ണനായ പൂജാരി. പൂജാരിയുടെ ദേശം മംഗലാപുരമാണ്. ഇവിടെ വന്ന് ഭഗവാനെ ആശ്രയിച്ച് ജീവിക്കുന്ന ബ്രഹ്മചാരി. ഭഗവാനെ ചുറ്റിപ്പറ്റി ഒത്തിരി ഒത്തിരി മോഹങ്ങള്‍ ഈ പൂജകനിലുണ്ടായിരുന്നു. ഈ പൂജാരി പറയുന്ന വാക്കുകളെല്ലാം ഭഗവാന്‍റെ അരുളപ്പാടായി ത്തന്നെ ഭക്തര്‍ വിവിധ അനുഭവത്തിലൂടെ വിശ്വസിച്ചുപോന്നിരുന്നു. ഭഗവാന്‍ പ്രത്യക്ഷഭാവത്തില്‍ ഭക്തരുടെ ഇഷ്ടങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ സമ്പത്തിന്‍റെ കാര്യത്തില്‍ തൃത്താല അപ്പന് അല്‍പ്പം ക്ഷാമം തന്നെയാണ്. ഭഗവാന് അല്‍പ്പം കൂടി ഭൂസ്വത്ത് വേണമെന്ന് പൂജാരി വല്ലാതെ മോഹിച്ചു.

ക്ഷേത്രത്തില്‍ നിത്യം തൊഴാന്‍ വരുന്ന ഒരു നാട്ടുപ്രമാണിയുണ്ട്. ഇദ്ദേഹത്തിന്‍റെ അല്‍പ്പം സ്വത്ത് ദേവസ്വത്തിലേയ്ക്ക് കിട്ടിയാല്‍ കൊള്ളാമെന്ന് പൂജാരിക്ക് തോന്നി. ഇതിനായി ഒരുപായവും പൂജാരി കണ്ടെടുത്തു. ഒരു സുപ്രഭാതത്തില്‍ ഭക്തജനങ്ങളെ ക്ഷേത്രത്തിലേയ്ക്ക് അദ്ദേഹം വിളിച്ചുവരുത്തി. ഭഗവാന്‍റെ വാക്കുകള്‍ ഏറ്റുപറയുന്ന ദിവ്യനായ പൂജാരി എന്ത് അരുളപ്പാടാണ് പറയുന്നതെന്ന് കേള്‍ക്കാന്‍ ആശ്ചര്യത്തോടെ ഭക്തര്‍ അമ്പലമുറ്റത്ത് തടിച്ചുകൂടി. ഭക്തര്‍ക്ക് മുന്നിലായി എത്തിയ പൂജാരി, താലത്തിലപ്പനെ മനസ്സില്‍ നന്നായി കരുതി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.

'കഴിഞ്ഞ രാത്രി സ്വപ്നത്തില്‍ ഭഗവാന്‍ ദര്‍ശനത്തില്‍ വന്ന് എന്നോടൊരു സംഗതി പറഞ്ഞു. ആ വസ്തുത ഭക്തരെ ധരിപ്പിക്കാനും പറഞ്ഞു. അതിനാണ് നിങ്ങളെ ഇവിടെ വിളിച്ചുവരുത്തിയത്.' ഭഗവാന്‍റെ കല്‍പ്പനകേള്‍ക്കാനായി ഭക്തര്‍ കൈകൂപ്പി, കാതോര്‍ത്തു. 'ക്ഷേത്രത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തായി കിടക്കുന്ന ഏലാപ്പുറം(പാടം) താലത്തിലപ്പന്‍റേതാണ്. ഇത് മറ്റാരോ കൈവശം വച്ചിരിക്കുകയാണ്. ഈ വസ്തു ദേവന്‍റേതായി മാറ്റണം.'

പൂജാരിയുടെ ദിവ്യപ്രവചനം കേട്ട ഭക്തര്‍ പ്രമാണിക്ക് നേരെ തിരിഞ്ഞു. ദേവസ്വം സ്വത്ത് പ്രമാണിയുടെ പരമ്പര കള്ളപ്രമാണമെഴുതി സ്വന്തമാക്കിയതാണെന്ന് ഭക്തര്‍ തറപ്പിച്ചുപറഞ്ഞു. പൂജാരിയുടെ വാക്കുകള്‍ ഭഗവാന്‍റെ വാക്കുകളായിത്തന്നെ ഭക്തര്‍ വിശ്വസിച്ചിരുന്നു.

'അല്ല ഭഗവാന്‍റെ സ്വത്ത് ഞാന്‍ തട്ടിയെടുത്തിട്ടില്ല. എനിക്ക് അവകാശമായി കിട്ടിയ ഭൂമിയാണത്. സത്യം.'

പ്രമാണി ഉച്ചത്തില്‍ പറഞ്ഞു.

'അങ്ങ് പറഞ്ഞത് വാസ്തവമാണെങ്കില്‍ നാളെ രാവിലെ പന്തീരടിപൂജ കഴിയുമ്പോള്‍ ഭഗവാന്‍റെ നടയ്ക്കല്‍ വന്ന് സത്യം ചെയ്താല്‍ മതി.'

പൂജാരിയുടെ വാക്ക് ഏവര്‍ക്കും സ്വീകാര്യമായി. ഭക്തര്‍ പിരിഞ്ഞുപോയി. പരമഭക്തനായ പൂജാരി ശ്രീലകത്ത് ചെന്ന് ഭഗവാനോട് പറഞ്ഞു. നാളെ പന്തീരടി പൂജ കഴിയുമ്പോള്‍ അങ്ങ് തെക്കേപ്പുറത്തെ കൂവളച്ചുവട്ടില്‍ ചെന്നിരിക്കണം. ഞാന്‍ അവിടെ ഒരു കൂവളച്ചെടി നട്ടിട്ടുണ്ട്. ഭഗവാന്‍റെ മുന്നില്‍ സത്യം ചെയ്യാമെന്നാണ് പ്രമാണി വാക്ക് നല്‍കിയത്. ഭഗവാന്‍ ശ്രീലകത്തില്ലാതെ വന്നാല്‍ പ്രമാണിയുടെ സത്യം അസത്യമായി കരുതാം. ക്ഷേത്ര അഭിവൃദ്ധിക്കായി കുറേ ഭൂമി ലഭിക്കുകയും ചെയ്യും.

പരമഭക്തനായ പൂജാരിയുടെ അപേക്ഷ ഭഗവാന്‍ സ്വീകരിച്ചു.

'നാളെ പന്തീരടി കഴിഞ്ഞാല്‍ ഞാന്‍ തെക്കേ കൂവളത്തറയില്‍ ഇരുന്നോളാം. ഭഗവാന്‍ മറുപടി നല്‍കി.'

അടുത്തദിവസം അതിരാവിലെതന്നെ ഭക്തര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി. പ്രമാണിയും എത്തി. പന്തീരടിപൂജയും കഴിഞ്ഞു.

ഇനി അടുത്തത് പ്രമാണിയുടെ സത്യം ചൊല്ലലാണ്. പരമഭക്തനായ മേല്‍ശാന്തി സത്യം ചൊല്ലാനായി പ്രമാണിയെ നടയ്ക്കലേയ്ക്ക് വിളിച്ചു.

'തിരുമേനി. സത്യം ചൊല്ലാനായി ഞാന്‍ നടയ്ക്കലേയ്ക്ക് വരുന്നില്ല. തെക്കേ മുറ്റത്തെ കൂവളത്തറയില്‍ വന്ന് സത്യം ചെയ്യാം.'

പ്രമാണിയുടെ വാക്കുകേട്ട പൂജാരി നടുങ്ങി! താലത്തിലപ്പന്‍റെ പൂജ നിര്‍ത്തി, അദ്ദേഹം സ്വദേശത്തേയ്ക്ക് മടങ്ങി. പിന്നീടൊരിക്കലും തിരികെ വന്നില്ല...

താലത്തിലപ്പന്‍ അത്ര ഏറെ ഭക്തവത്സലനാണ്. ഭക്തരില്‍ ജാതിയോ, ധനമോ പരമശിവന് ബാധകമല്ല. പ്രമാണിക്ക് രാത്രി സ്വപ്നദര്‍ശനത്തില്‍ എല്ലാ സംഗതികളും ഭഗവാന്‍ പറഞ്ഞിരുന്നു.

തൃത്താല മഹാദേവ ക്ഷേത്രത്തില്‍ തെക്കുവശത്തായി നില്‍ക്കുന്ന കൂവളത്തിന് ശിവമഹിമ നിറഞ്ഞുനില്‍ക്കുന്ന ഒട്ടേറെക്കഥകള്‍ നമ്മോട് പറയാനുണ്ട്. ഭഗവാന്‍റെ ശ്രീലകം പോലെ പരമശിവ സാന്നിധ്യം ഈ കൂവളത്തറയിലും ഭക്തര്‍ തിരിച്ചറിയുന്നു. വലം വയ്ക്കുന്നു. വീണ് നമസ്ക്കരിക്കുന്നു.