അണ്ണാമലയും കാര്‍ത്തികദീപവും

അണ്ണാമലയും കാര്‍ത്തികദീപവും

HIGHLIGHTS

 അഗ്നിയില്ലാതെ മനുഷ്യന് ജീവിക്കാനാവില്ലല്ലോ. അതുപോലെ ശിവശക്തി മാരുടെ അനുഗ്രഹം കൂടാതെ നമുക്ക് ജീവിക്കാനുമാവില്ല. പരമേശ്വരന്‍ ദീപരൂപത്തില്‍ അണ്ണാമലൈ എന്ന പുണ്യസ്ഥലത്ത് എഴുന്നെള്ളി നമ്മെ അനുഗ്രഹിക്കുന്നതിനെ സാധൂകരിക്കാനാണ് ഓരോ വര്‍ഷവും വൃശ്ചികത്തിലെ കാര്‍ത്തികനാളില്‍ ദീപം തെളിയിക്കുന്നത്. ഈ കാര്‍ത്തിക ദീപനാളത്തില്‍ ഈശ്വരനെ കാണാം എന്നാണ് വിശ്വാസം.  ഈശ്വരന്‍ ജ്യോതിസ്വരൂപനായി അനുഗ്രഹം വര്‍ഷിക്കുന്ന അണ്ണാമലയെ ഗിരിവലം വയ്ക്കുന്നത് പല തലമുറകള്‍ക്ക് പുണ്യഫലമേകുന്നു.

ഗവാന്‍ മഹാവിഷ്ണു മാസങ്ങളില്‍ താന്‍ വൃശ്ചികമാണെന്ന് പറയുന്നതില്‍ നിന്നുതന്നെ ഈ മാസത്തിന്‍റെ സവിശേഷത ബോധ്യമാവുന്നു. ഈ സവിശേഷതയ്ക്ക് ഒരു കാരണമുണ്ട്. സര്‍വ്വഗ്രഹങ്ങള്‍ക്കും ശക്തിയേകുന്നവനാണ് സൂര്യന്‍. ഗ്രഹങ്ങളുടെ ചക്രവര്‍ത്തിയായ സൂര്യന്‍ തുലാം രാശിയെ കടക്കുന്ന തുലാം മാസത്തില്‍ സൂര്യന്‍റെ ബലം ക്ഷയിക്കുന്നു. ആ ബലക്കുറവിനെ ജ്യോതിഷം 'നീചം' എന്നുപറയുന്നു. തുലാരാശിയില്‍ നിന്നും വൃശ്ചികരാശിയില്‍ പ്രവേശിക്കുന്ന ഉടന്‍തന്നെ ആ ബലഹീനത സൂര്യനില്‍ നിന്നും അകലുകയും ചെയ്യുന്നു. അതുകൊണ്ടാണ് വൃശ്ചകമാസ(കാര്‍ത്തിക)ത്തിനും സവിശേഷത വര്‍ദ്ധിക്കുന്നത്.

ജ്യോതിഷത്തില്‍ വ്യാഴം(ഗുരു) തുലാത്തില്‍ നിന്നും വൃശ്ചികത്തിലേയ്ക്ക് പ്രവേശിച്ച് സഞ്ചരിക്കുന്ന കാര്‍ത്തിക(വൃശ്ചിക) മാസത്തിന്‍റെ പ്രത്യേകതയെക്കുറിച്ചും വിവരിക്കപ്പെടുന്നുണ്ട്.

സ്കന്ദപുരാണത്തില്‍ കാര്‍ത്തിക(വൃശ്ചിക) മാസത്തിന്‍റെ മഹത്വം വര്‍ണ്ണിക്കുന്നുണ്ട്. വേദകാലം തൊട്ടേ ഈശ്വരന്‍ ജ്യോതി(പ്രകാശം) സ്വരൂപനായിട്ടാണ് ദര്‍ശനം നല്‍കിയിട്ടുള്ളത്. ഈ രൂപം കൊണ്ട് പക്ഷേ ദേവന്മാരും മഹര്‍ഷിമാരുമൊന്നും തൃപ്തരായില്ല. ദീപനാളമായി/ അഗ്നിനാളമായി നില്‍ക്കുന്ന പരംപൊരുളിന്‍റെ തിരുമേനിയുടെ സൗന്ദര്യം എങ്ങനെയെങ്കിലും ദര്‍ശിക്കണമെന്ന അടങ്ങാത്ത മോഹം ഇന്ദ്രാദിദേവന്മാര്‍ക്കെല്ലാമുണ്ടായി. അതിനുവേണ്ടി അവര്‍ തപസ്സനുഷ്ഠിച്ചു. ഭക്തരുടെ ആഗ്രഹസാഫല്യത്തെ നിരാകരിക്കാന്‍ മനസ്സനുവദിക്കായ്കയാല്‍ ഈശ്വരന്‍ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളായി പന്ത്രണ്ട് പുണ്യസ്ഥലങ്ങളില്‍ സ്വയംഭൂവായി ആവിര്‍ഭവിച്ചുകൊണ്ട് ദേവന്മാര്‍ക്കും മഹര്‍ഷിമാര്‍ക്കും ദര്‍ശനമരുളി അനുഗ്രഹിച്ചു. 

എങ്കിലും ധ്യാനത്തില്‍ തന്‍റെ മനസ്സിനെ ചെലുത്തിയിരുന്ന പരമേശ്വരന്‍റെ മൂലതിരുരൂപം അഗ്നിയായിത്തന്നെ പ്രകാശിച്ചുകൊണ്ട് ഈരേഴുപതിനാല് ലോകങ്ങളേയും കാത്തുപോന്നു. ആ പ്രകാശരൂപിയായ പരമേശ്വരന്‍ ഒരിക്കല്‍ തന്നെ ശരണാഗതി പ്രാപിച്ച ഭക്തരുടെ ഭക്തിയില്‍ സംപ്രീതനായി തന്‍റെ പ്രകാശത്തിന്‍റെ ഒരു ഭാഗം കൈലാസത്തിലിരുത്തിയിട്ട്, മറ്റൊരു ഭാഗനായി ഭാരതപുണ്യഭൂവില്‍ മഹാന്മാരും, സിദ്ധന്മാരും, മഹര്‍ഷികളും, സന്യാസികളും, ജ്ഞാനികളും തപസ് ചെയ്തുകൊണ്ടിരുന്ന അണ്ണാമലൈ എന്ന പുണ്യസ്ഥലത്ത് അഖിലാണ്ഡേശ്വരിയായ ഉമാദേവിക്കൊപ്പം എഴുന്നെള്ളി അവിടെയുണ്ടായിരുന്ന താപസന്മാര്‍ക്കൊക്കെ ദര്‍ശനമേകി.

കൃതയുഗത്തില്‍ പ്രകാശരൂപിയായിരുന്ന ഈശ്വരന്‍ ത്രേതായുഗത്തില്‍ സ്വര്‍ണ്ണമയമായും ദ്വാപരയുഗത്തില്‍ വെള്ളിമയമായും കലിയുഗത്തില്‍ അഗ്നിപര്‍വ്വതമായും ദര്‍ശനമേകി അണ്ണാമലയില്‍ അനുഗ്രഹം വര്‍ഷിക്കുന്നുവെന്നാണ് ഐതിഹ്യം. 

ആരാലും പ്രതിഷ്ഠിക്കപ്പെടാത്തവനായി സ്വയം തന്‍റെ തിരുമേനിയെ അഗ്നിപര്‍വ്വത രൂപമാക്കി മാറ്റി മനുഷ്യര്‍ക്കൊപ്പം ഈശ്വരന്‍ തുണയായി അണ്ണാമലയില്‍ വര്‍ത്തിക്കുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈശ്വരന്‍ അഗ്നിസ്വരൂപമായി ഇറങ്ങിവന്ന് തിരുവണ്ണാമലയില്‍ ദര്‍ശനം നല്‍കിയത് സൂര്യന്‍ വൃശ്ചികരാശിയില്‍ സഞ്ചരിക്കുന്ന വൃശ്ചികമാസത്തിലായിരുന്നു. അതുകൊണ്ടാണ് കാര്‍ത്തിക(വൃശ്ചികമാസത്തിനും പ്രത്യേകതയേറെ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.. 

അഗ്നിഗ്രഹമായ ചൊവ്വയുടെ രാശിയായ വൃശ്ചികത്തില്‍ മറ്റൊരു അഗ്നിഗ്രഹമായ സൂര്യന്‍ സഞ്ചരിക്കുന്ന കാര്‍ത്തിക മാസത്തിന്‍റെ ദൈവിക മഹത്വത്തെ ഋഗ്വേദത്തില്‍ തന്നെ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്.  അഗ്നിയില്ലാതെ മനുഷ്യന് ജീവിക്കാനാവില്ലല്ലോ. അതുപോലെ ശിവശക്തി മാരുടെ അനുഗ്രഹം കൂടാതെ നമുക്ക് ജീവിക്കാനുമാവില്ല. പരമേശ്വരന്‍ ദീപരൂപത്തില്‍ അണ്ണാമലൈ എന്ന പുണ്യസ്ഥലത്ത് എഴുന്നെള്ളി നമ്മെ അനുഗ്രഹിക്കുന്നതിനെ സാധൂകരിക്കാനാണ് ഓരോ വര്‍ഷവും വൃശ്ചികത്തിലെ കാര്‍ത്തികനാളില്‍ ദീപം തെളിയിക്കുന്നത്. ഈ കാര്‍ത്തിക ദീപനാളത്തില്‍ ഈശ്വരനെ കാണാം എന്നാണ് വിശ്വാസം. 

ഭഗവാന്‍ വിഷ്ണുവും വൃശ്ചികമാസത്തില്‍ വീട്ടിലുള്ള ജലത്തില്‍ വന്ന് വസിക്കുന്നുവെന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് വൃശ്ചികമാസത്തില്‍ നടത്തുന്ന സാളഗ്രാമപൂജയ്ക്ക് ആയിരം മടങ്ങ് ഫലമുണ്ട.് പാപവും ദാരിദ്ര്യവും അകറ്റി ഐശ്വര്യപൂര്‍ണ്ണമായ ജീവിതം സാളഗ്രാമപൂജ പ്രദാനം ചെയ്യുന്നു. വൃശ്ചികമാസത്തിലെ സന്ധ്യാകാലത്ത് ക്ഷേത്രഗോപുരം, ശ്രീകോവില്‍ എന്നിവിടങ്ങളില്‍ നെയ്ദീപം കത്തിച്ച് വഴിപാട് നടത്തിയാല്‍ എത്ര കൊടിയ പാപങ്ങളും സൂര്യനെക്കൊണ്ട് മഞ്ഞുരുകും പോലെ അകലുന്നു.

വീടുകളില്‍ വാതില്‍പ്പടിയിലും പൂജാമുറിയിലും ദീപം കത്തിച്ചുവണങ്ങിയാല്‍ ലക്ഷ്മീകടാക്ഷവും സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കുന്നു. വൃശ്ചികമാസത്തില്‍ സൂര്യോദയവേളയില്‍ കുളിച്ച് വില്വം, തുളസി എന്നിവ കൊണ്ട് ഈശ്വരപൂജ നടത്തുന്നവര്‍ സകലപാപങ്ങളില്‍ നിന്നും മുക്തരാവുന്നു. വൃശ്ചികമാസത്തില്‍ ഗംഗ, നര്‍മ്മദ, തുങ്കഭദ്രാ, കൃഷ്ണാ, യമുന, കാവേരി, ഗോദാവരി, പമ്പ എന്നീ പുണ്യനദികളിലും പുഷ്ക്കരം പോലുള്ള പുണ്യതടാകങ്ങളിലും സൂര്യന് അര്‍ഘ്യം(രണ്ട് കൈകൊണ്ട് ജലമെടുത്ത് സൂര്യന് നല്‍കല്‍) നല്‍കിയാല്‍ തീരാത്ത ചര്‍മ്മവ്യാധികള്‍ മാറുമെന്നാണ് ഭക്തവിശ്വാസം.

ഈശ്വരന്‍ ജ്യോതിസ്വരൂപനായി അനുഗ്രഹം വര്‍ഷിക്കുന്ന അണ്ണാമലയെ ഗിരിവലം വയ്ക്കുന്നത് പല തലമുറകള്‍ക്ക് പുണ്യഫലമേകുന്നു.