ഭാഗ്യസംഖ്യകളെ തെരഞ്ഞെടുക്കാന്‍
ഭാഗ്യം നേടാനും കാര്യസാദ്ധ്യത്തിനായി ഉപയോഗിക്കാനും പറ്റുന്നതുമായ ഭാഗ്യസംഖ്യകള്‍ സംഖ്യാജ്യോതിഷത്തില്‍ ലഭ്യമാണ്. അത് ഒരു വ്യക്തിയുടെ ജനനസംഖ്യയും വിധിസംഖ്യയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ശ്രദ്ധേയം. ഉദാഹരണത്തിന്, 5-4-1986 ല്‍ ജനിച്ച ഒരു വ്യക്തിയുടെ ജനനസംഖ്യ 5. വിധിസംഖ്യ, ദിവസം, മാസം, വര്‍ഷം എന്നിവ കൂട്ടിയാല്‍ ലഭിക്കുന്ന ഒറ്റസംഖ്യ(5+4+1+9+8+6=33-3+3=6) ഇത് രണ്ടും ഈ വ്യക്തിയുടെ ഭാഗ്യസംഖ്യകളാണ്. എല്ലാ ശുഭകാര്യങ്ങള്‍ക്കും, ഭാഗ്യപരീക്ഷണങ്ങള്‍ക്കും ഇവ ഉപയോഗിക്കാം എന്നാണ് സംഖ്യാശാസ്ത്രവിധി.
1, 10, 19, 28 തീയതികളില്‍ ജനിച്ച വ്യക്തിക്ക് 1 ഭാഗ്യസംഖ്യയും 8 നിര്ഭാഗ്യസംഖ്യയുമാണ്. അതായത് മേല്‍ സൂചിപ്പിച്ച ഉദാഹരണം അടിസ്ഥാനമാക്കി കണക്കാക്കി നോക്കാം. അതേസമയം 1-6-1996 ല്‍ ജനിച്ച വ്യക്തിക്ക് 1, 5 എന്നിവ ഭാഗ്യസംഖ്യകളാണ്. 6, 15, 24 എന്നീ സംഖ്യകളും ഭാഗ്യദായകങ്ങളാണ്. ഈ സംഖ്യകള്‍ ഭാഗ്യസംഖ്യ, ജന്മസംഖ്യ ഇങ്ങനെയായിട്ടുള്ളവര്ക്ക് ലോട്ടറി തുടങ്ങിയ ഭാഗ്യപരീക്ഷണങ്ങള്‍ക്ക് 5, 6 എന്നീ സംഖ്യകള്‍ എടുക്കാവുന്നതാണ് എന്നാണ് ശാസ്ത്രം.
2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ക്കും 2 വിധിസംഖ്യയായി വരുന്നവര്‍ക്കും 2 ഭാഗ്യസംഖ്യയായെടുക്കാം.ഇവര്‍ക്ക് 9 പ്രതികൂല സംഖ്യയാണ്. ഇവരുടെ ജാതകത്തിലെ ഗ്രഹനിലയില്‍ ചന്ദ്രന് അനുകൂലസ്ഥാനത്താണെങ്കിലും ഗോചരരീതിയില് ഗ്രഹങ്ങള്‍ നല്ല സ്ഥാനങ്ങളില്‍ നില്‍ക്കുകയാണെങ്കിലും ഭാഗ്യസംഖ്യകള്‍ അനുകൂലഫലം നല്‍കും.
3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍ ദേവഗുരുവായ ബൃഹസ്പതിയുടെ സ്വഭാവവിശേഷങ്ങള്‍ ഉള്ളവരാകയാല്‍ ഭാഗ്യം ഇവരുടെ പ്രവൃത്തികളെ ആശ്രയിച്ചിരിക്കും. 3,12, 21, 30 എന്നീ ദിവസങ്ങളും, 1, 3, 9 സംഖ്യകളും ഇവര്‍ക്ക് ഭാഗ്യനമ്പരുകളായെടുക്കാം. 48 ഒരു ഭാഗ്യനമ്പറല്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ഗ്രഹനില, ചാരവശാല്‍ വ്യാഴം അനിഷ്ടസ്ഥാനത്ത് നില്ക്കുന്ന സമയം ഇവ വേണ്ടത്ര ഫലം നല്‍കില്ല.
4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍, അപ്രതീക്ഷിത മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്ന രാഹുവിന്റെ സ്വഭാവവിശേഷത്തോടുകൂടിയവരായിരിക്കും. 4 എന്ന സംഖ്യ അപ്രതീക്ഷിതമായ നഷ്ടങ്ങളും ഉണ്ടാക്കാന്‍ പര്യാപ്തമായതാണ്. ഭാഗ്യക്കുറി ഏറ്റവും അധികം ലഭിക്കുന്നത് ഈ തീയതികളില്‍ ജനിച്ചവര്‍ക്കാണ്. യഥാര്‍ത്ഥത്തില്‍ ഇതൊരു ഭാഗ്യസംഖ്യയോ നിര്ഭാഗ്യസംഖ്യയോ അല്ല. രാഹുദശയില്‍ ശുക്രന്റെ അപഹാരകാലത്തും, ശുഭഗ്രഹങ്ങള്‍ അനുകൂലാവസ്ഥയില്‍ നില്‍ക്കുമ്പോഴും ഈ ഭാഗ്യസംഖ്യകള്‍ കൂടുതല്‍ ഫലം തരും. 4. പ്രത്യേകിച്ചും. 31 ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഭാഗ്യസംഖ്യയാണ്.
5, 14, 23 തീയതികളില്‍ ജനിച്ചവര്‍ക്ക് 8, 9 ഒഴികെ ഏത് സംഖ്യയും ഭാഗ്യസംഖ്യയാകാം.പൂര്‍ണ്ണമായും ബുധന്റെ ആധിക്യത്താല്‍ ജനിച്ചവര്‍ക്ക് 5, 6 എന്നിവ വിശേഷഭാഗ്യം നല്‍കുന്നതാണ്. ചാരവശാല്‍ ഗ്രഹങ്ങള്‍ അനിഷ്ടസ്ഥാനത്ത് നില്ക്കുകയാണെങ്കില് ഭാഗ്യം ഉദ്ദേശിച്ചത്ര ലഭിക്കുകയില്ല എന്ന ഒരു കുറവുമാത്രമേയുള്ളൂ. വ്യാപാരത്തിനും, മറ്റെല്ലാ ശുഭകാര്യങ്ങള്‍ക്കും 5, 6 എന്നീ സംഖ്യകള്‍ സ്വീകരിക്കാം. സുഖദായകനായ ശുക്രന്റെ ആധിക്യത്തില്‍ ജനിച്ചവരാണ് ഇവര്‍.
6, 15, 24 എന്നിവ ജനനസംഖ്യയായി വരുന്നവരും 6 വിധി സംഖ്യയായി വരുന്നവരും. ഇവര്‍ക്ക് 5, 6, 9 തീയതികളും സംഖ്യകളും ഭാഗ്യദായകങ്ങളാണ്. സൗഭാഗ്യം ഇവരുടെ കൂടപ്പിറപ്പായതിനാല്‍ ഗ്രഹനിലയിലും ചാരവശാലും ശുക്രന് അനുകൂലാവസ്ഥയിലാണെങ്കില് മേല്‍പ്പറഞ്ഞ 5, 6 എന്നീ സംഖ്യകളും അതിന്റെ കൂട്ടുസംഖ്യകളും വളരെയേറെ ഗുണം ചെയ്യും. സൗന്ദര്യം, ആഡംബരപ്രിയത്വം, സുഖലോലുപത്വം എന്നിവയും കലകളില്‍ താല്‍പ്പര്യവും വൈദഗ്ദ്ധ്യവും ഈ സംഖ്യകളില്‍ വരുന്നവരുടെ പ്രത്യേകതയാണ്. വിവാഹ, ഗൃഹനിര്‍മ്മാണം തുടങ്ങിയ ശുഭകര്‍മ്മങ്ങള്‍ക്കും ഭാഗ്യലബ്ധിക്കും ആറും അതിന്റെ കൂട്ടുസംഖ്യകളും ഭാഗ്യസംഖ്യയായി എടുക്കാവുന്നതാണ്.
7, 16, 25 എന്നീ തീയതികളില്‍ ജനിച്ചവര്‍ വിദേശബന്ധങ്ങള്‍, വൈദ്യശാസ്ത്രം, നിഗൂഢശാസ്ത്രങ്ങള്‍, ജ്യോതിഷം, സിനിമാനിര്‍മ്മാണം, അഭിനയം എന്നിവയുമായി ബന്ധപ്പെട്ടുനില്ക്കുന്നു. മോക്ഷകാരകനും ജ്ഞാനകാരകനുമായ കേതുവാണ് 7 എന്ന സംഖ്യയുടെ ഗ്രഹം. ഇവര്‍ 7, 16, 25 എന്നീ തീയതികളില്‍ ജനിച്ചാലും 7 വിധി സംഖ്യയായി വന്നാലും, മുഖ്യകാര്യങ്ങള്ക്ക് 5, 6, 7 എന്നീ സംഖ്യകളും കലാസംബന്ധിയായ വിഷയങ്ങള്‍ക്ക് 2, 4 എന്നീ സംഖ്യകളും ഭാഗ്യസംഖ്യയായെടുക്കാം. അപ്രതീക്ഷിതമായ ധനലാഭം, സമ്പത്ത്, അതേപോലെ വിരക്തി, ദുഃഖങ്ങള്‍, വിദേശവാസം എന്നിവയും ഈ സംഖ്യയില്‍ ജനിച്ചവരുടെ പ്രത്യേകതകളാണ്. അതുകൊണ്ട് ശുഭകാര്യങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ ഭാഗ്യസംഖ്യ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും.
8, 17, 26 എന്നീ തീയതികളില്‍ ജനിച്ചവര്‍ കഷ്ടങ്ങളും ത്യാഗങ്ങളും സഹിച്ച് മുന്നേറാന്‍ വിധിക്കപ്പെട്ടവരാണ്. പൈതൃക- മുജ്ജന്മ കര്മ്മവിനകളാണ് ഈ സംഖ്യ(തീയതി)കളില്‍ ജനിക്കാന്‍ കാരണമാകുന്നത്. ഇവരുടെ ജീവിതത്തില്‍ നിരവധി പരീക്ഷണങ്ങള്‍ ഉണ്ടാകാം. അവയെല്ലാം അതിജീവിക്കാനും ഭാഗ്യലബ്ധിക്കും ഇവര്‍ തെരഞ്ഞെടുക്കേണ്ടുന്ന ഭാഗ്യസംഖ്യകള്‍ 5, 6, 4 എന്നിവയാണ്. ഇതുകൊണ്ട് ജാതകവശാലും ചാരവശാലും ഗ്രഹങ്ങള്‍, പ്രത്യേകിച്ചും ശനി, ബുധന്‍, ശുക്രന്, വ്യാഴം എന്നിവ, അനുകൂലമാണെങ്കില്‍ ഗുണങ്ങള്‍ അധികമായും ദോഷങ്ങള്‍ കുറഞ്ഞും അനുഭവപ്പെടാം.
9, 18, 27 തീയതികളില്‍ പിറന്ന ഇവര്‍ അഗ്നിഗ്രഹമെന്ന് വിശേഷിപ്പിക്കാവുന്ന ചൊവ്വയുടെ ആധിക്യമുള്ളവരാണ്. എല്ലാകാര്യങ്ങളിലും ആധിപത്യസ്വഭാവവും മികവും പ്രകടിപ്പിക്കുന്നവരായിരിക്കും. ഇവരുടെ കഴിവുകള്‍ ഏറ്റവും അനുയോജ്യമായി ഉപയോഗിക്കാന്‍, അതായത്, നല്ല സമയത്ത് നല്ല ഫലങ്ങള്‍ നല്‍കാനും, മോശമായ സമയങ്ങളില്‍ ദോഷഫലങ്ങള്‍ കുറയ്ക്കുവാനും തെരഞ്ഞെടുക്കേണ്ട ഭാഗ്യസംഖ്യകള്‍ 6, 9, 5, 3 എന്നിവയാണ്. ഗ്രഹനിലയില്‍ ചൊവ്വ, ശുക്രന്, വ്യാഴം എന്നീ ഗ്രഹങ്ങളുടെ ബലാബലങ്ങള്‍ക്കനുസരിച്ച് ഗുണദോഷങ്ങള്‍ ഏറിയും കുറഞ്ഞുമിരിക്കും.
പൊതുവായി, എല്ലാവര്ക്കും ജനനസംഖ്യ, വിധിസംഖ്യ എന്നിവയ്ക്ക് പുറമെ, ഇവയെ എല്ലാം നിയന്ത്രിക്കാന്‍ കഴിവുള്ള നാമസംഖ്യയും കണക്കിലെടുക്കേണ്ടതാണ്. അനുകൂലമായ നാമസംഖ്യ ദോഷഫലങ്ങളെ കുറയ്ക്കുവാന്‍ സഹായിക്കുന്നതോടൊപ്പം നല്ല സമയം വരുമ്പോള്‍, അര്‍ഹിക്കുന്ന, പൂര്‍ണ്ണമായും അനുകൂലഫലങ്ങളും പ്രദാനം ചെയ്യും.
പി.എ. രാംദാസ് മേനോന്,
എറണാകുളം (9895093196)
menon.astrologik@gmail.com
