ശ്രീഗുരുവായൂരപ്പന്റെ പ്രിയകല കൃഷ്ണനാട്ടത്തിന് കച്ചകെട്ട് അഭ്യാസം ആരംഭിച്ചു; 41 ദിവസത്തെ തീവ്ര പരിശീലനം

ശ്രീഗുരുവായൂരപ്പന്റെ പ്രിയകല കൃഷ്ണനാട്ടത്തിന് കച്ചകെട്ട് അഭ്യാസം ആരംഭിച്ചു; 41 ദിവസത്തെ തീവ്ര പരിശീലനം

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ ഇഷ്ടകല എന്നറിയപ്പെടുന്ന കൃഷ്ണനാട്ടത്തിന്റെ 2026-ലെ കച്ചകെട്ട് അഭ്യാസത്തിന് തുടക്കമായി. 41 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയുടെ ആദ്യഘട്ടത്തിൽ രാവിലെ മാത്രമായിരിക്കും അഭ്യാസം നടക്കുക.

ജൂലൈ 16 മുതൽ പുലർച്ചെ 3 മണിക്ക് ആരംഭിക്കുന്ന പരിശീലനത്തിൽ കച്ചകെട്ടിയുള്ള അഭ്യാസം, ചവിട്ടിയുഴിച്ചിൽ, കൃഷ്ണനാട്ടം രംഗങ്ങളുടെ വായ്ത്താരി ചൊല്ലൽ, ചൊല്ലിയാട്ടം എന്നിവയ്ക്ക് പ്രാധാന്യം നൽകും. കണ്ണ് സാധകം, കാൽസാധകം, തീവട്ടം കുടയൽ, ചില്വാനം കാൽസാധകം, പതിഞ്ഞ ഇരട്ടിവട്ടം തുടങ്ങിയ അടിസ്ഥാന പരിശീലനങ്ങളും പ്രത്യേകം നടത്തും.

ചവിട്ടിയുഴിച്ചിലിനൊപ്പം അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം എന്നീ നാല് കഥകളുടെ സമ്പൂർണ ചൊല്ലിയാട്ടവും മറ്റ് കഥകളിലെ തിരഞ്ഞെടുത്ത രംഗങ്ങളുടെ പരിശീലനവും ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈകുന്നേരം 6 മുതൽ രാത്രി 8 വരെ നാമം ചൊല്ലൽ, മുദ്രാഭിനയം, കണ്ണ് സാധകം, കൈവീശൽ, കൈമറിയ്ക്കൽ, മുഖാഭിനയം എന്നിവ പരിശീലിപ്പിക്കും. ചെറിയ കുട്ടികൾക്ക് താളം പിടിക്കുന്നതിലും പ്രത്യേക പരിശീലനം നൽകും.

ശുദ്ധമദ്ദളം, തൊപ്പിമദ്ദളം വിഭാഗങ്ങളിലെ കലാകാരന്മാർക്ക് പുലർച്ചെ പാഠക്കൈ സാധകവും രാവിലെയും ഉച്ചയ്ക്കുമായി അഭ്യാസവും ചൊല്ലിയാട്ട പരിശീലനവും ഉണ്ടായിരിക്കും. പാട്ട് വിഭാഗത്തിലുള്ളവർക്ക് കർണ്ണാടക സംഗീത സാധകം, കൃഷ്ണനാട്ട സംഗീത-സാഹിത്യ പഠനം, ചൊല്ലിയാട്ടത്തിനൊപ്പമുള്ള പരിശീലനം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ചുട്ടി വിഭാഗത്തിന് പ്രത്യേക പരിശീലനവും കോപ്പുപണികളും നടക്കും.

കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകരയുടെ മേൽനോട്ടത്തിൽ കളിയോഗം ആശാൻ രമേശൻ കരുമത്തിൽ, വേഷം വിഭാഗം ആശാന്മാരായ എസ്. മാധവൻകുട്ടി, എ. മുരളീധരൻ, എം.വി. ഉണ്ണികൃഷ്ണൻ, പി. അരവിന്ദാക്ഷൻ, പാട്ട് വിഭാഗം ആശാന്മാരായ എം.കെ. ദിൽകുഷ് നെടുങ്ങാടി, സി.പി. സത്യനാരായണൻ എളയത്, ശുദ്ധമദ്ദളം ആശാൻ പി. രാധാകൃഷ്ണൻ, ചുട്ടി വിഭാഗം ആശാൻ പി.ആർ. ശിവകുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.

ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന കച്ചകെട്ട് അഭ്യാസം പൂർത്തിയായ ശേഷം സെപ്റ്റംബർ 2-ന് 'അവതാരം' കളിയോടെ ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വഴിപാട് കളികൾ വീണ്ടും ആരംഭിക്കും.