രോഗശാന്തിക്ക് ചികിത്സമാത്രം പോരാ
ഒരു വ്യക്തി ജനിക്കുന്നതോടു കൂടി ആയുസ്സും തീരുമാനിക്ക പ്പെടുന്നു. അങ്ങനെ ലഭിക്കുന്ന ആയുസ്സ് ആരോഗ്യമുള്ള ശരീരത്തോടെ ജീവിച്ചുതീര്‍ക്കു വാന്‍ കഴിയുന്നത് ഭാഗ്യമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ ഭാഗ്യം നമുക്കും സ്വന്തമാക്കാം.രോഗം വന്നാല്‍ ഔഷധത്തില്‍ മാത്രം നിര്‍ത്തരുത്. ഈശ്വരന്‍ നല്‍കി അനുഗ്രഹിച്ച ഈ ജീവിതം ആരോഗ്യത്തോടെ ജീവിക്കുവാന്‍ ഒരു മുന്‍കരുതല്‍ എന്ന രീതിയിലും ഈ അഞ്ചുകാര്യങ്ങള്‍ ചെയ്യണം. വദാംഗ ജ്യോതിഷം അനുസരിച്ച് പൂര്‍വ്വജന്മത്തില്‍ ചെയ്ത പാപങ്ങളാണ് രോഗങ്ങളുടെ രൂപത്തില്‍ മനുഷ്യരെ ഈ ജന്മം പിന്‍തുടരുന്നത്.
ഔഷധം ദാനം ജപം ഹോമം അര്‍ച്ചന
മനുഷ്യരെ സംബന്ധിച്ച ഏറ്റവും വലിയ സമ്പാദ്യം ആരോഗ്യമുള്ള ശരീരവും ഏറ്റവും വലിയ ദുരിതം രോഗവുമാണ്. ഒരു കുടുംബത്തില്‍ ഒരാള്‍ രോഗി ആകുന്നതോടുകൂടി ആ വ്യക്തി മാത്രമല്ല, കുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ ശാരീരികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നു.
കുടുംബത്തിന്‍റെ അടിത്തറയ്ക്കുതന്നെ ഇളക്കം സംഭവിക്കുന്നു. അധ്വാനിക്കുവാന്‍ മനസ്സും ആരോഗ്യവുമുള്ള ഒരാള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ കുടുംബം പുലര്‍ത്തുവാന്‍ വലിയ ബുദ്ധിമുട്ടില്ല. പക്ഷേ, ആ കുടുംബത്തില്‍ ഒരാള്‍ രോഗി ആകുന്നതോടുകൂടി കുടുംബത്തിന്‍റെ താളം തന്നെ തെറ്റുന്നു.
ഒരു വ്യക്തി ജനിക്കുന്നതോടു കൂടി ആയുസ്സും തീരുമാനിക്ക പ്പെടുന്നു. അങ്ങനെ ലഭിക്കുന്ന ആയുസ്സ് ആരോഗ്യമുള്ള ശരീരത്തോടെ ജീവിച്ചുതീര്‍ക്കു വാന്‍ കഴിയുന്നത് ഭാഗ്യമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ ഭാഗ്യം നമുക്കും സ്വന്തമാക്കാം.
വദാംഗ ജ്യോതിഷം അനുസരിച്ച് പൂര്‍വ്വജന്മത്തില്‍ ചെയ്ത പാപങ്ങളാണ് രോഗങ്ങളുടെ രൂപത്തില്‍ മനുഷ്യരെ ഈ ജന്മം പിന്‍തുടരുന്നത്.
ജന്മാന്തര കൃതം പാപം
വ്യാധിരൂപേണ ജായതേ
തത് ശാന്തിരൗഷധൈര
ദ്ദാനൈജ്ജപ
ഹോമാര്‍ച്ചനാദിഭി
എന്നാണ് പ്രമാണം. അതായത്, കഴിഞ്ഞ ജന്മത്തില്‍ ചെയ്യപ്പെട്ട പാപം രോഗമെന്ന നിലയില്‍ ഈ ജന്മം ജനിക്കുന്നു. അതിന്‍റെ ശമനം ഔഷധങ്ങള്‍ കൊണ്ടും, ദാനം, ജപം, ഹോമം, അര്‍ച്ചന മുതലായവകൊണ്ടും ഉണ്ടാകുന്നുവെന്ന് അര്‍ത്ഥം.
ഈ അഞ്ചു കാര്യങ്ങളും ചെയ്യേണ്ട ക്രമം അനുസരിച്ച് തന്നെയാണ് നമ്മളുടെ മഹര്‍ഷീശ്വരന്മാര്‍ പറഞ്ഞിരിക്കുന്നത്. രോഗശാന്തിക്ക് വേണ്ട ആദ്യത്തെ പരിഹാരം ഔഷധം തന്നെയാണ്. അതായത് രോഗത്തിനുള്ള ചികിത്സ.
രോഗചികിത്സ വൈദ്യശാസ്ത്രത്തില്‍ അറിവുള്ള ആള്‍ തന്നെ ചെയ്യണം. ഇന്നത്തെ ദേശ, കാല സ്ഥിതി അനുസരിച്ച് ഔഷധസേവ, ശസ്ത്രക്രിയ, ഫിസിയോ തെറാപ്പി, പ്രകൃതി ചികിത്സ എന്നിങ്ങനെ രോഗശമനത്തിന് വേണ്ട ഏറ്റവും നല്ല ചികിത്സ ചെയ്യണം. പക്ഷേ, ഇങ്ങനെ ചികിത്സിച്ച് രോഗം മാറിക്കഴിഞ്ഞാല്‍പ്പിന്നെ ബാക്കി നാലുകാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യണം. രോഗം വരുവാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം പൂര്‍വ്വജന്മാര്‍ജ്ജിത കര്‍മ്മം ആയതുകൊണ്ട് അതിന് പരിഹാരം ചെയ്യാത്തിടത്തോളം കാലം രോഗം അതേ രൂപത്തിലോ, മറ്റൊരു രൂപത്തിലോ, അപകടങ്ങളുടെ രൂപത്തിലോ വീണ്ടും പ്രത്യക്ഷപ്പെടാം. അതുകൊണ്ട് ഔഷധചികിത്സയ്ക്കുശേഷം ചെയ്യേണ്ട കാര്യങ്ങള്‍ ജ്യോതിഷം വ്യക്തമായി പറഞ്ഞുതരുന്നു.
ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യം ദാനം തന്നെ. ഔഷധം, പണം, ആഹാരം വിദ്യ, സമയം എന്തും കഴിവനുസരിച്ച് ദാനം ചെയ്യാം. അര്‍ഹതയുള്ള പാത്രത്തില്‍ ദാനം ചെയ്യണമെന്ന് മാത്രം. ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കുക, അവരുടെ കുട്ടികളുടെ പഠനച്ചെലവുകള്‍ വഹിക്കുക ഇവയൊക്കെ വളരെ നല്ലതാണ്.
സാമ്പത്തികമായി സഹായിക്കുവാന്‍ സാധ്യമല്ലെങ്കില്‍ വിഷമിക്കണ്ട. സ്വന്തം സമയത്തില്‍ കുറച്ച് കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്കുവേണ്ടി ചെലവഴിക്കുക. അവരെ ആശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുക. മറ്റുള്ളവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ശ്രദ്ധയോടെ കേള്‍ക്കുന്നതുപോലും വളരെ വലിയ പുണ്യപ്രവൃത്തിയാണ്.
അതുകൊണ്ട്, പറയുന്ന ആളിന് നല്ല ആശ്വാസവും സമാധാനവും ലഭിക്കുന്നു. കൂടാതെ രോഗം ഭേദമായ ഒരു വ്യക്തി അതേ രോഗം മൂലം കഷ്ടപ്പെടുന്ന ഒരാളിനോട് സംസാരിക്കുമ്പോള്‍ രോഗിയുടെ ആത്മവിശ്വാസം ധാരാളം വര്‍ദ്ധിക്കുന്നു. ഇത് രോഗശമനത്തിന് സഹായിക്കുന്നു. ഇങ്ങനെയുള്ള പുണ്യപ്രവൃത്തികളിലൂടെ പൂര്‍വ്വജന്മ പാപങ്ങള്‍ നിര്‍വീര്യമാക്കാം.
ദാനം കഴിഞ്ഞാല്‍ പിന്നത്തേത് ജപം ആണ്. സര്‍വ്വേശ്വരന്‍റെ നാമമോ, മന്ത്രമോ എന്തും ജപിക്കാം. മന്ത്രമാണെങ്കില്‍ ഒരു ഗുരുവില്‍നിന്ന് സ്വീകരിക്കുന്നതാണ് കൂടുതല്‍ നല്ലത്.
ഇഷ്ടമുള്ള നാമം അത് ഏത് മതത്തിന്‍റേയും ആകാം. പറ്റുന്നിടത്തോളം ജപിക്കുക. അനന്തമായ ഊര്‍ജ്ജം അടങ്ങിയവയാണ് ഈശ്വരനാമങ്ങള്‍. ജപംമൂലം ശരീരത്തിന് ചുറ്റും ഊര്‍ജ്ജത്തിന്‍റെ ഒരു തരംഗം ഉണ്ടാകുന്നു.
രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുന്നതിനെ ഇഃ് തടയുന്നു. പക്ഷേ, മറ്റുള്ളവര്‍ക്ക് ശല്യമാകാത്ത രീതിയില്‍ വേണം ജപിക്കുവാന്‍. രാവിലെ സൂര്യോദയ സമയത്തും, വൈകിട്ട് അസ്തമനസമയത്തും നമുക്ക് കേള്‍ക്കത്തക്ക രീതിയിലും അല്ലാത്തപ്പോള്‍ മാനസിക ജപവുമാണ് നല്ലത്.
അടുത്തത് ഹോമം. ഔഷധശക്തിയുള്ള വസ്തുക്കളാണ് ഹോമത്തിന് ഉപയോഗിക്കുന്നത്. ഹോമകുണ്ഡത്തില്‍നിന്നും ഉയരുന്ന പുക ഏല്‍ക്കുന്നത് ശരീരത്തിന്‍റെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും. സ്വഗൃഹത്തില്‍വച്ചും ദേവാലയത്തില്‍വച്ചും ഹോമം നടത്താം. എവിടെ ആയാലും രോഗം വന്ന ആളിന് ഹോമസ്ഥലത്ത് നില്‍ക്കുവാന്‍ സാധിക്കുന്നത് വളരെ നല്ലതാണ്. പുക ഏല്‍ക്കുവാന്‍ ശാരീരികമായി ബുദ്ധിമുട്ട് ഉള്ളവര്‍ അത് ചെയ്യരുത്. അനുഷ്ഠാനമുള്ള, മന്ത്രശക്തിയുള്ള പൂജാരിവേണം ഹോമം നടത്തുവാന്‍. രോഗം മാറുവാന്‍ സാധാരണയായി നടത്തുന്നത് മൃത്യുഞ്ജയ ഹോമമാണ്. ഏറ്റവും ഒടുവിലത്തെ പരിഹാരമാണ് അര്‍ച്ചന. ഇതിന് രണ്ട് അര്‍ത്ഥമുണ്ട്. ഒന്ന് നമ്മള്‍ സാധാരണ ക്ഷേത്രങ്ങളില്‍ നടത്തുന്നത്. എല്ലാമാസവും ജന്മനാളില്‍ അര്‍ച്ചന നടത്തണം. അന്ന് സാധിച്ചില്ലെങ്കില്‍ അനുജന്മനാളില്‍ നടത്തിയാലും മതി.
അര്‍ച്ചനയുടെ മറ്റൊരു അര്‍ത്ഥംനമ്മളെത്തന്നെ ഭഗവാന്‍റെ പാദ ങ്ങളില്‍ സമര്‍പ്പിക്കുകയെന്നതാണ്. ശേഷിക്കുന്ന ജീവിതം ജഗദീശ്വരന്‍റെ മുമ്പില്‍ ഒരു അര്‍ച്ചനയാക്കുക. ദൈവഹിതത്തിന് എതിരായ ഒരു കാര്യവും ചെയ്യാതിരിക്കുക. മനസാ, വാചാ, കര്‍മ്മണാ ഒരു ജീവിയേയും കഴിയുന്നതും വേദനിപ്പിക്കാതിരിക്കുക. നന്മനിറഞ്ഞ ഒരു ജീവിതം നയിക്കുക.
മാറാരോഗത്തിന്‍റെ പിടിയില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് സമൂഹനന്മയ്ക്കുവേണ്ടി വര്‍ഷങ്ങളായി ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ അനവധിയുണ്ട്. ഭഗവാന്‍റെ ജോലി അവര്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അവരുടെ ശരീരസംരക്ഷണം ഭഗവാന്‍ ഏറ്റെടുത്തിരിക്കുന്നു.
രോഗം വന്നാല്‍ ഔഷധത്തില്‍ മാത്രം നിര്‍ത്തരുത്. ചികിത്സ പൂര്‍ണ്ണമാകണമെങ്കില്‍ മറ്റ് നാലു കാര്യങ്ങളുംകൂടി ചെയ്യണം. ഈശ്വരന്‍ നല്‍കി അനുഗ്രഹിച്ച ഈ ജീവിതം ആരോഗ്യത്തോടെ ജീവിക്കുവാന്‍ ഒരു മുന്‍കരുതല്‍ എന്ന രീതിയിലും ഈ അഞ്ചുകാര്യങ്ങളായ ഔഷധം, ദാനം, ജപം, ഹോമം, അര്‍ച്ചന ഉപയോഗപ്പെടുത്തുക.
എല്ലാവര്‍ക്കും ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും ഭഗവാന്‍ നല്‍കി അനുഗ്രഹിക്കട്ടെ...
ഓം നമോ
നാരായണായ നമഃ
തരവത്ത് ശങ്കരനുണ്ണി
9847118340