'കരി'യും 'കരി'യുമില്ലാതെ ഉത്സവം

'കരി'യും 'കരി'യുമില്ലാതെ ഉത്സവം

HIGHLIGHTS

വെടിക്കെട്ടും ആനയും അമ്പാരിയുമില്ലാതെ രാത്രിയുടെ അന്ത്യയാമത്തില്‍ പൂക്കോത്ത് നടയില്‍ ബലരാമകൃഷ്ണന്മാര്‍ ഭക്തരുടെയും പന്തക്കാരുടെയും കൂടെ ഓടിയും നൃത്തം വച്ചും നടക്കുന്ന ജനകീയ ഉത്സവം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. രാത്രിയില്‍ ഇവരുടെ കൂടിച്ചേരലും പിന്നീടുള്ള സന്ധ്യാസമയത്തെ കൂടിപ്പിരിയലും ഭക്തര്‍ക്ക് ഏവര്‍ക്കും ഹൃദയാര്‍ദ്രമായ കാഴ്ചയാണ്.

 

ണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിന് വളരെ അടുത്തുള്ള  പ്രസിദ്ധമായ ക്ഷേത്രമാണ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം.

തളിപ്പറമ്പ് ടൗണില്‍ നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ തെക്ക്- കിഴക്ക് ഭാഗത്തായിട്ടാണ് ഈ ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ സ്ഥാനം.

പരശുരാമനാല്‍ പ്രതിഷ്ഠിതമായ മൂലബിംബത്തിന് ചില പ്രത്യേകതകളുണ്ട്. 

വലതുകയ്യില്‍ വടിയോടുകൂടിയ ചക്രം, ഇടതുകൈ ശംഖോടുകൂടി അരക്കെട്ടില്‍ പിടിച്ച നിലയിലാണ് മൂലബിംബം നിലകൊള്ളുന്നത്.

കംസവധം കഴിഞ്ഞതിനുശേഷമുള്ള പ്രതിഷ്ഠാ സങ്കല്‍പ്പമായതിനാല്‍ അഭിഷേകത്തിന് മുന്‍പായി തന്നെ നിവേദ്യം കഴിച്ചുവരുന്നു. ഇത് പറപ്പൂച്ചല്‍ നിവേദ്യം എന്നാണറിയപ്പെടുന്നത്.

ബലിബിംബത്തില്‍ വില്വമംഗലം സ്വാമിയാര്‍ ചാര്‍ത്തിയെന്ന് വിശ്വസിക്കുന്ന പ്രത്യേക താലിയുടെ വൈശിഷ്ട്യത്താല്‍ ആയിരക്കണക്കിന് ഭക്തന്മാര്‍ക്ക് ഗോപാലകൃഷ്ണനായി ഭഗവാന്‍ അഭയമരുളുന്നു.

തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവത്തിന് മറ്റ് ക്ഷേത്രോത്സവങ്ങളില്‍ നിന്നും വളരെ വിഭിന്നമായ ചില പ്രത്യേകതകളുണ്ട്. അതായത് കരിയും കരിയുമില്ലാത്ത ഉത്സവമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നുവച്ചാല്‍ ആന ഈ ക്ഷേത്രത്തില്‍ നിഷിദ്ധമാണ്. അതുപോലെതന്നെ കരിമരുന്ന് പ്രയോഗവും ഇല്ല.

ആനയും അമ്പാരിയും വെടിക്കെട്ടുമില്ലാതെ ഉത്സവം നടക്കുന്നതുകൊണ്ടാണ് 'കരി'യും 
'കരി'യുമില്ലാത്ത മഹോത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. തൃച്ചംബരം ഉത്സവത്തെ സംഘകാല കൃതി 'അകനാനൂറില്‍' വസന്തോത്സവമെന്നും പ്രതിപാദിച്ചിട്ടുണ്ട്.  ഈ ഉത്സവത്തെക്കുറിച്ച് വര്‍ണ്ണിക്കുന്ന ആദ്യകൃതി 'തൃച്ചംബരത്ത് അന്താദി' എന്നറിയപ്പെടുന്നു.

ഇവിടുത്തെ ഉത്സവത്തിന്‍റെ സവിശേഷതയാണ് ജ്യേഷ്ഠനുമൊത്തുചേര്‍ന്നുള്ള ഭഗവാന്‍റെ ബാലലീല. ഹരിമുരളീനാദത്തിന്‍റെ മായികപ്രപഞ്ചത്തില്‍ മയങ്ങിയ ആബാലവൃദ്ധം ജനങ്ങളും ഉത്സവം കാണാന്‍ തൃച്ചംബരത്തിലേയ്ക്ക് ഭക്തിയോടെ എത്തുന്നുണ്ട്.
തൃച്ചംബരം ഉത്സവം കാണാന്‍ ഭാഗ്യം ലഭിച്ചവര്‍ക്ക് പുനര്‍ജന്മമില്ലെന്നും, അവര്‍ ഭഗവാനില്‍ ലയിച്ച് മോക്ഷപദം നേടുന്നു എന്നുമാണ് വിശ്വാസം. നാടും നഗരവും ക്ഷേത്രസന്നിധിയും പൂക്കോത്ത് നടയും ശ്രീകൃഷ്ണ ബലരാമന്‍മാരുടെ ചുവടുകള്‍ക്കൊപ്പം നൃത്തമാടുന്ന പതിവ് പതിന്നാലുദിവസങ്ങളിലുണ്ടാകും.

വെടിക്കെട്ടും ആനയും അമ്പാരിയുമില്ലാതെ രാത്രിയുടെ അന്ത്യയാമത്തില്‍ പൂക്കോത്ത് നടയില്‍ ബലരാമകൃഷ്ണന്മാര്‍ ഭക്തരുടെയും പന്തക്കാരുടെയും കൂടെ ഓടിയും നൃത്തം വച്ചും നടക്കുന്ന ജനകീയ ഉത്സവം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. രാത്രിയില്‍ ഇവരുടെ കൂടിച്ചേരലും പിന്നീടുള്ള സന്ധ്യാസമയത്തെ കൂടിപ്പിരിയലും ഭക്തര്‍ക്ക് ഏവര്‍ക്കും ഹൃദയാര്‍ദ്രമായ കാഴ്ചയാണ്.

ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ മറ്റ് ആഘോഷങ്ങളും വഴിപാടുകളും നടത്തപ്പെടുന്നുവെങ്കിലും ഇവിടെ പ്രധാന വഴിപാട് ഊരാളകുടുംബങ്ങളിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ അഗ്രശാലയില്‍ വച്ചുണ്ടാക്കുന്ന കാരയിലപ്പ(ഉണ്ണിയപ്പം) വഴിപാടാണ്. അത് അവര്‍ തന്നെ മണ്ഡപത്തില്‍ വച്ച് നിവേദിക്കുന്നു.

തളിപ്പറമ്പ് ടി.ടി.കെ. ദേവസ്വത്തിന്‍റെ കീഴിലാണ് ഈ ക്ഷേത്രം.