കാല കാല സ്വരൂപ ജ്യോതിര്‍ലിംഗം -തൃച്ചേന്ദമംഗലം മഹാശിവക്ഷേത്രം അടൂര്‍

കാലകാല സ്വരൂപ ജ്യോതിര്‍ലിംഗം

ഭക്തിയുടെ പടവുകള്‍ ഏഴും കടന്നെത്തുമ്പോള്‍ കാലത്തിന്‍റെ കെടാവിളക്കിന്‍റെ പ്രഭയില്‍ കാലകാലസ്വരൂപന്‍റെ ജ്യോതിര്‍ലിംഗം അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രങ്ങളെക്കുറിച്ച് അല്‍പ്പമായും ബൃഹത്തായും ഇപ്രകാരമാണ് പറയപ്പെടുന്നത്. ഐതിഹ്യപ്രകാരം പഞ്ചപാണ്ഡവരില്‍ അര്‍ജ്ജുനന്‍ പ്രതിഷ്ഠിച്ചതാണ് ഈ ശിവചൈതന്യം എന്ന് വിശ്വസിക്കുന്നു. ഈ വിശ്വാസപ്രമാണത്തെ സാധൂകരിക്കുന്നതായ ചില ദേശസാക്ഷ്യങ്ങളും ഇവിടെ ചുറ്റുപാടുകളിലായി ചൂണ്ടിക്കാണിക്കുന്നു. ഈ ക്ഷേത്രത്തിന് ചുറ്റുമായി ആറ് മലകളുണ്ട്. പൂവന്‍കുന്നിമല, തേവര്‍ കോട്ട മല, അടക്കോട്ടുമല, കുടക്കുന്നി മല, കുന്തിങ്ങാമല, ആതിരമല എന്നിവയാണ് ആറുമലനിരകള്‍. കുന്തീപുത്രന്മാര്‍ വനവാസക്കാലത്ത് താമസിച്ചിരുന്ന മലയാണ് കുന്തിരിങ്ങാമല എന്നാണ് വിശ്വാസം. അര്‍ജുനന്‍റെ ശിവഭക്തിയില്‍ ആവിര്‍ഭവിച്ച മംഗളസ്വരൂപനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠാമൂര്‍ത്തിയായ പരമേശ്വരന്‍. കാലപ്പഴക്കം വ്യക്തമായി കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ കൊത്തിവച്ചിരിക്കുന്ന ലിഖിതങ്ങള്‍ ലിപി സമ്പ്രദായത്തിലാണ് കാണപ്പെടുന്നത്.

ക്ഷേത്രോല്‍പ്പത്തിയെക്കുറിച്ച് ഫലിതസാഹിത്യ സാമ്രാട്ടായ ഇ.വി. കൃഷ്ണപിള്ള (അടൂര്‍ഭാസിയുടെ പിതാവ്) തന്‍റെ കൃതിയില്‍ (ഇ.വി. കൃതികള്‍) 'ചേന്നന്‍ കണ്ട ചേന്ദമത്ത് മഹാദേവന്‍' എന്നാണ് ഐതിഹ്യമെന്ന് പറയുന്നു. വടക്കുനിന്നു പടവെട്ടി വന്ന നാല് കുറവര്‍ ഈ ദിക്കില്‍ വന്നതായും അവര്‍ ഒരു കാട്ടിലെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കവേ ചേന്നന്‍ എന്നവന്‍റെ വെട്ടുകത്തി ഒരു കല്ലില്‍ തട്ടിയപ്പോള്‍ അതില്‍ നിന്നും ചോര പൊടിഞ്ഞു. ആ കല്ല് ഈ പ്രതിഷ്ഠയാണെന്നുമാണ് വിശ്വാസം. ഈ ക്ഷേത്രത്തിന്‍റെ പൂര്‍വ്വനാമം 'ഈശാന്തി മംഗലം എന്നായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്ര ഭരണാധികാരികളായ ബ്രാഹ്മണര്‍ തമ്മിലുള്ള വ്യവഹാരങ്ങള്‍ ഈ ശാന്തിമംഗലം എന്ന പേര് ഉപേക്ഷിച്ച് തൃച്ചേന്ദമംഗലം എന്ന പേര് സ്വീകരിച്ചതായും തെളിവുകളുണ്ട്.

ശിവശക്തിയുടെ സമ്പൂര്‍ണ്ണ ശ്രീലകം തന്നെയാണ് തൃച്ചേന്ദമംഗലം ക്ഷേത്രം. അതിവിശാലമായ വിധാനങ്ങള്‍ ചേര്‍ന്നത് തന്നെയാണ് ഈ മഹാദേവ സന്നിധി. ശ്രീകോവിലിന്‍റെ കിഴക്കും പടിഞ്ഞാറുമായി ദര്‍ശനത്തില്‍ ശിവനും പാര്‍വ്വതിയും പ്രധാന പ്രത്ഷ്ഠകളാണ്. ശ്രീകോവിലിന്‍റെ ഭിത്തിയില്‍, ഗണപതി, സരസ്വതി, മഹാവിഷ്ണു എന്നീ ദേവന്മാരുടെ ചരബിംബമുണ്ട്. ശ്രീകോവിലിന്‍റെ ഭിത്തിയില്‍ ദശാവതാരകഥ ആലേഖനം ചെയ്തിട്ടുണ്ട്. പ്രപഞ്ചനാഥന്‍ എന്ന സങ്കല്‍പ്പത്തിലാണ് ഇവിടെ ശിവലിംഗ പ്രതിഷ്ഠ എന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. ശിവലിംഗത്തിന്‍റെ പീഠക്കല്ല് അണ്ഡാകൃതിയിലാണ് തീര്‍ക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഈ സവിശേഷത.

ക്ഷേത്രത്തിന്‍റെ വടക്കുവശത്തായി കാണുന്ന ഊട്ടുപുര ഒരു കാലത്തിന്‍റെയും കാലഘട്ടത്തിന്‍റെയും അനവധി ചരിത്രങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ്. തെക്കന്‍ കേരളത്തിലെ വിശേഷപ്പെട്ട ചടങ്ങാണ് 'ഓച്ചിറക്കളി.' ഓച്ചിറയിലെ പല കരക്കാര്‍(ദേശക്കാര്‍) ചേര്‍ന്നാണ് ഓച്ചിറക്കളി നടത്തുന്നത്. ഓച്ചിറക്കളി മുടങ്ങി. യോജിപ്പിലെത്താന്‍ പല സ്ഥലത്ത് വെച്ചും ആലോചനകള്‍ നടന്നു. ഒടുവില്‍ പെരിങ്ങാനത്ത് എത്തി, ഈ ഊട്ടുപുരയില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് അവര്‍ തമ്മില്‍ യോജിപ്പിലെത്തിയത്. ഓച്ചിറക്കളി ആരംഭിക്കുന്നതിന് മുന്‍പ്, കരക്കാര്‍ ഇപ്പോഴും 'പെരിങ്ങനാട്ടെ ഊട്ടുപുരയില്‍ വെച്ച് നിശ്ചയിച്ചതുപോലെ ' എന്ന് സ്മരിച്ചുകൊണ്ട് കളി ആരംഭിക്കുന്നത്.

കുംഭമാസത്തിലെ ചതയം നാള്‍ കൊടിയേറി പത്താം ദിവസം ആറോട്ടോടുകൂടി പത്ത് ദിവസത്തെ ഉത്സവവും, പതിനൊന്നാം ദിവസം ആറാട്ട് കലശവുമാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷം. കൊടിയേറ്റുദിവസം മുതല്‍ ഭഗവാന്‍റെ പുറത്തേയ്ക്ക് എഴുന്നെള്ളിപ്പ് പതിവുണ്ട്. ഭഗവാന്‍ ശ്രീലകം വിട്ട് ദേശത്തിലേയ്ക്ക് ഇറങ്ങി എത്തുന്ന ഈ ചടങ്ങ് പറയ്ക്ക് എഴുന്നെള്ളത്ത് എന്നാണ് പറയുന്നത്. പറയ്ക്ക് എഴുന്നെള്ളിക്കുന്ന ജീവതയുടെ നിര്‍മ്മാണത്തെക്കുറിച്ചും ഒരു ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്. ഇ.വി. കൃഷ്ണപിള്ള തന്‍റെ ജീവിതസ്മരണകള്‍ ഈ ഐതിഹ്യത്തെ എഴുതി ചേര്‍ത്തിട്ടുണ്ട്.

'ഈ മഹാദേവരെ വെളിയില്‍ എഴുന്നെള്ളിക്കുന്നതിനുള്ള ജീവിത നിര്‍മ്മിക്കുന്നതിന് കരക്കാരുടെ ആജ്ഞപ്രകാരം പലതവണ ശ്രമിച്ചതാണ്. ശരിയായ ആകൃതി കിട്ടാതെ അയാള്‍(ആശാരി) കുഴങ്ങുകയായിരുന്നു. ഭഗവാന്‍റെ ഉത്തമഭക്തയായ തെങ്ങിലഴികത്ത് വീട്ടിലെ കാരണവസ്ത്രീക്ക് രാത്രിയില്‍ ഒരു സ്വപ്നദര്‍ശനമുണ്ടായി.' നാളെ രാവിലെ കിഴക്കേ മുറ്റം അടിച്ചുവാരട്ടെ എന്ന്. പുലര്‍ച്ചെ എഴുന്നേറ്റുവന്ന അവര്‍ ഈ വിവരം അമ്പലത്തിലെ അധികാരികളെ ധരിപ്പിച്ചു.

എന്താണീ സ്വപ്നദര്‍ശനത്തിന്‍റെ കാരണമെന്നറിയാന്‍, അമ്പലത്തിലെ അധികാരികള്‍ അവരുടെ വീട്ടിലേയ്ക്ക് വന്നു. അത്ഭുതം എന്നുതന്നെ പറയട്ടെ; ഭഗവാനെ എഴുന്നെള്ളിക്കാനുള്ള ജീവതയുടെ ചിത്രം ആരോ ആ മുറ്റത്ത് വരച്ച് വെച്ചിരിക്കുന്നു. അതെ, പെരിങ്ങനാട് തൃച്ചേന്ദമംഗലം ഭഗവാന്‍റെ എഴുന്നെള്ളത്ത് ജീവതയ്ക്കും പ്രത്യേകതയുണ്ട്. രണ്ട് മുഖങ്ങളുള്ള അപൂര്‍വ്വജീവതയാണ് ഭഗവാനെ എഴുന്നെള്ളിക്കുന്ന ജിവതയുടെ ഗാംഭീര്യം.


തൃച്ചേന്ദമംഗലം മഹാശിവക്ഷേത്രം പെരിങ്ങനാട്- അടൂര്‍

തയ്യാറാക്കിയത്
നാരായണന്‍ പോറ്റി