മരണത്തിന്‍റെ ദൂതനായ  കാലനെപ്പോലും വധിച്ച്  ഭക്തന് സായൂജ്യവും  മോക്ഷപ്രാപ്തിയും  നല്‍കിയ തൃപ്പങ്ങോട്ടപ്പന്‍

മരണത്തിന്‍റെ ദൂതനായ കാലനെപ്പോലും വധിച്ച് ഭക്തന് സായൂജ്യവും മോക്ഷപ്രാപ്തിയും നല്‍കിയ തൃപ്പങ്ങോട്ടപ്പന്‍

HIGHLIGHTS

തൃപ്പന്‍കോട്ടപ്പാ... ദുഃഖങ്ങള്‍ തീര്‍ക്കാന്‍ തൃപ്പാദം തുണയേകണേ... ക്ഷേത്രത്തിലെ മൈക്ക് സെറ്റില്‍ നിന്നും ഗാനഗന്ധര്‍വ്വന്‍റെ സ്വരമാധുര്യം പുറത്തേയ്ക്ക് ഒഴുകുന്നു. ജീവിതഭാരങ്ങള്‍ ഇറക്കിവയ്ക്കാനും ആധികളും വ്യാധികളും ഒഴിവാക്കാനും ആ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തിയ ഭക്തരുടെ മനസ്സിലേക്ക് ഒരു കുളിര്‍മഴയായി ആ ഗാനം പെയ്തിറങ്ങി. അതെ, പറഞ്ഞുവരുന്നത് സാക്ഷാല്‍ തൃപ്പന്‍കോട്ടപ്പന്‍റെ തിരുസന്നിധിയെക്കുറിച്ചുതന്നെയാണ്.

 

ദേവകളുടെ ദേവന്‍ സാക്ഷാല്‍ മഹാദേവന്‍ തിരുപ്പിറ കൂടിയ മണ്ണാണ് തിരുപ്പിറന്‍കോടെന്നും കാലാന്തരത്തില്‍ അത് ലോപിച്ച് തൃപ്പന്‍കോട് എന്നായി മാറിയെന്നും പഴമക്കാര്‍ പറയുന്നു. ഭഗവാന്‍റെ പാദം പതിഞ്ഞ ഭൂമി തൃപ്പാദന്‍കോട് എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നതെന്നും അത് പിന്നീട് തൃപ്പന്‍കോടായി മാറിയെന്നും മറ്റുചിലര്‍ പറയുന്നു. കേരളത്തിലെ കീര്‍ത്തികേട്ട മഹാദേവ ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃപ്പന്‍കോട് മഹാശിവക്ഷേത്രം. മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി കഥകളും ഐതിഹ്യങ്ങളുമാണ് വിശ്വാസസമൂഹത്തിനിടയില്‍ ഉള്ളത്.

തൃപ്പന്‍കോട് മഹാദേവന്‍ മൃത്യുഞ്ജയന്‍ ആണ്. അതായത് മൃത്യുവിന്‍റെ ദേവനായ യമനെ നിഗ്രഹിച്ചവന്‍ എന്നര്‍ത്ഥം. ശിവപുരാണത്തില്‍ പ്രതിപാദിക്കുന്ന മാര്‍ക്കണ്ഡേയനുമായി ബന്ധപ്പെട്ടാണ് ഈ കഥ നിലകൊള്ളുന്നത്. ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായ ഗ്രാമത്തിലാണ് മൃകണ്ഡമുനിയും പത്നിയും താമസിച്ചിരുന്നത്. ഇരുവര്‍ക്കും സന്താനഭാഗ്യമില്ലായിരുന്നു. തികഞ്ഞ വിഷ്ണുഭക്തരായ അവര്‍ തിരുനാവായ നാവാമുകുന്ദക്ഷേത്രത്തില്‍ ചെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയ്ക്ക് തപസ്സിന്‍റെ ശക്തിയുണ്ടായിരുന്നു. അതില്‍ സംപ്രീതനായ ഭഗവാന്‍ മഹാവിഷ്ണു ഒരുനാള്‍ മൃകണ്ഡമുനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് മുനി തന്‍റ ഇംഗിതം ഭഗവാന് മുന്നില്‍ ഉണര്‍ത്തി.

ഭക്തപാലകനായ ഭഗവാന്‍ വിഷ്ണു മൃകണ്ഡമുനിയെ ഒന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചു. ദീര്‍ഘകാലം ജീവിക്കുന്ന ബുദ്ധിശൂന്യനായ പുത്രന്‍ വേണോ അതോ കുറച്ചുനാള്‍ മാത്രം ജീവിക്കുന്ന ശ്രേഷ്ഠനായ പുത്രന്‍ വേണോ എന്നതായിരുന്നു ഭഗവാന്‍റെ ചോദ്യം. തന്‍റെ മകന്‍ ജീവിക്കുന്നത്രയും നാള്‍, അതെത്ര തന്നെ ആയാലും ശ്രേഷ്ഠനായി ജീവിക്കണം എന്നതായിരുന്നു മുനിയുടെ തീരുമാനം. അദ്ദേഹം അതുണര്‍ത്തിയതോടെ ഭഗവാന്‍ കടാക്ഷിച്ചു. 16 കൊല്ലം മാത്രം ആയുസ്സുള്ള സത്പുത്രന്‍ ജനിക്കട്ടെ എന്നതായിരുന്നു ഭഗവാന്‍റെ അരുള്‍. തുടര്‍ന്ന് തനിക്ക് ജനിച്ച പുത്രന് മുനി മാര്‍ക്കണ്ഡേയന്‍ എന്ന് പേരിട്ടു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്‍റെ ബുദ്ധിവൈഭവം വെളിവാക്കിയ മാര്‍ക്കണ്ഡേയന്‍ അച്ഛനമ്മമാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായി മാറി. മാര്‍ക്കണ്ഡേയന്‍റെ ബുദ്ധിവൈഭവം നാടാകെ പടര്‍ന്നുപന്തലിച്ചപ്പോഴും മുനിയും പത്നിയും ഉള്ളുകൊണ്ട് ഭയന്നാണ് കഴിഞ്ഞുപോന്നത്. കാരണം തങ്ങളുടെ പുത്രന് ഭഗവാന്‍ കല്‍പ്പിച്ചരുളിച്ചെയ്തത് കേവലം 16 കൊല്ലത്തെ ആയുസ്സ് മാത്രമാണ്.

മകന്‍ പ്രായമാകുംതോറും ആ മാതാപിതാക്കളുടെ ആധി വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ തനിക്ക് 16 വയസ്സ് പൂര്‍ത്തിയായ അന്നാണ് മാര്‍ക്കണ്ഡേയന്‍ ആ സത്യം അറിയുന്നത്. തന്‍റെ ആയുസ്സ് ഇന്നവിടെ പൂര്‍ണ്ണമാകുന്നു എന്ന് വേദനിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞ മാര്‍ക്കണ്ഡേയന്‍ നാവാമുകുന്ദന്‍റെ മുന്നിലേക്കാണ് ഓടിപ്പോയത്. തികഞ്ഞ ഈശ്വരവിശ്വാസിയായ മാര്‍ക്കണ്ഡേയന് മുന്നില്‍ നാവാമുകുന്ദന്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, മാര്‍ക്കണ്ഡേയനെ കൊണ്ടുപോകാന്‍ വന്ന യമദേവനോട് തനിക്ക് മത്സരിക്കാനാകില്ലെന്ന് പറഞ്ഞ വിഷ്ണുഭഗവാന്‍ മഹാദേവന് മുന്നില്‍ച്ചെന്ന് ഉയിര്‍ഭിക്ഷ യാചിക്കാന്‍ മാര്‍ക്കണ്ഡേയനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് തിരുനാവായ ക്ഷേത്രത്തിന് പിറകില്‍ മാര്‍ക്കണ്ഡേയനായി ഒരു വാതിലും തുറക്കപ്പെട്ടു.

ഭഗവാന്‍ തുറന്നിട്ട വാതിലിലൂടെ മാര്‍ക്കണ്ഡേയന്‍ തൊട്ടടുത്ത ശിവാലയം അന്വേഷിച്ച് ഓടാന്‍ തുടങ്ങി. പോകും വഴിയെല്ലാം തന്നെ യമദേവന്‍ പിന്തുടരുന്നുണ്ട് എന്ന് മാര്‍ക്കണ്ഡേയന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. അന്നേരം വിഷ്ണുഭഗവാന്‍ പറഞ്ഞതുപോലെ മാര്‍ക്കണ്ഡേയന്‍ ചെറുകല്ലുകള്‍ പിന്നിലേക്ക് എറിഞ്ഞുകൊണ്ടേയിരുന്നു. യമന്‍ അടുത്തെത്തുമ്പോള്‍ കല്ലേറ് നടത്തിയാല്‍ അദ്ദേഹത്തിന്‍റെ വേഗം കുറയുമെന്നും അന്നേരം കൂടുതല്‍ വേഗത്തില്‍ ഓടാന്‍ സാധിക്കും എന്നുമായിരുന്നു ഭഗവാന്‍ വിഷ്ണുവിന്‍റെ ഉപദേശം. ഏറെനേരം നീണ്ട ഓട്ടത്തിനൊടുവില്‍ മാര്‍ക്കണ്ഡേയന്‍ കാരണത്തില്‍ ശിവക്ഷേത്രത്തില്‍ എത്തി.(അന്നവിടെ തൃപ്പന്‍കോട് ക്ഷേത്രം ഇല്ലായിരുന്നു) ക്ഷേത്രത്തിനുള്ളില്‍ കടന്ന മാര്‍ക്കണ്ഡേയന്‍ ശിവലിംഗത്തെ പുണര്‍ന്നുകിടന്നു. 

തന്നെ രക്ഷിക്കണമെന്ന് മാര്‍ക്കണ്ഡേയന്‍ ഭഗവാനോട് കേണപേക്ഷിച്ചു. ഇതുവകവയ്ക്കാത്ത യമന്‍ തന്‍റെ പാശം മാര്‍ക്കണ്ഡേയന് നേരെ വീശി. അത് മാര്‍ക്കണ്ഡേയന്‍റെ കഴുത്തിനൊപ്പം ശിവലിംഗത്തെയും ചുറ്റിവളഞ്ഞു.

തുടര്‍ന്ന് യമന്‍ മാര്‍ക്കണ്ഡേയനെ കൊണ്ടുപോകാനായി പാശം മൂന്നുപ്രാവശ്യം വലിച്ചു. മൂന്നാമത്തെ വലിയില്‍, കോപിഷ്ഠനായ ഭഗവാന്‍ പരമശിവന്‍ തന്‍റെ തൃക്കണ്‍തുറന്നെന്നും യമനുമായി പോര് തുടങ്ങിയെന്നുമാണ് വിശ്വാസം. 

ക്ഷേത്രത്തില്‍ നിന്നും ഭഗവാന്‍ മൂന്ന് പാദമാണത്രേ മുന്നോട്ടുവച്ചത്. തുടര്‍ന്ന് ഭഗവാന്‍ യമനെ നിഗ്രഹിച്ച ഇടത്താണ് ഇന്ന് തൃപ്പന്‍കോട് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മരണത്തിന്‍റെ ദൂതനായ കാലനെപ്പോലും വധിച്ച് ഭക്തന് സായൂജ്യവും മോക്ഷപ്രാപ്തിയും നല്‍കിയ ഭഗവാന്‍ തിരുപ്പിറ കൂടിയ മണ്ണാണ് തൃപ്പന്‍കോട്. ഇവിടെത്തി ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന ഭക്തരുടെ മുന്നില്‍ മഹാദേവന്‍ ഉറപ്പായും കടാക്ഷിക്കും എന്നാണ് വിശ്വാസം. യമനെ വകവരുത്തിയ ഭഗവാന് ഈ ഭൂലോകത്ത് എന്താണ് പ്രാപ്യമാക്കാന്‍ സാധിക്കാത്തത്?

ചിട്ടവട്ടങ്ങള്‍ ഉണ്ട്, പാലിക്കണം...

ഇവിടെ ക്ഷേത്രത്തില്‍ എത്തിയാല്‍ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങളുണ്ട്. മാര്‍ക്കണ്ഡേയന്‍ പുണര്‍ന്ന ശിവലിംഗം സ്ഥിതി ചെയ്ത കാരണത്തില്‍ ശിവക്ഷേത്രമാണ് ഈ ദേവസ്ഥാനത്ത് ഇന്നും പരമപ്രധാനം. ആദ്യം അവിടെത്തി തൊഴണം. ക്ഷേത്രക്കുളത്തില്‍ കുളിച്ച് ദേഹശുദ്ധി വരുത്തിയ ശേഷമാകണം തൊഴാനെത്തേണ്ടത് എന്നാണ് പറയാറ്. തുടര്‍ന്ന് തേവാരമൂര്‍ത്തികളായ വേട്ടയ്ക്കൊരു മകനേയും ഭദ്രകാളിയേയും തൊഴണം. അതിനുശേഷം ഒന്നും രണ്ടും മൂന്നും പാദങ്ങളില്‍ കുടികൊള്ളുന്ന ശിവലിംഗങ്ങളെ യഥാക്രമം വണങ്ങണം(യമനുമായി പോരിനിറങ്ങിയ ഭഗവാന്‍റെ പാദം പതിഞ്ഞ ഇടങ്ങള്‍). അതുകഴിഞ്ഞ് നാവാമുകുന്ദന്‍റെ തിരുനടയിലെത്തി തൊഴണം. 

തിരുനാവായയില്‍ നിന്നും മാര്‍ക്കണ്ഡേയനൊപ്പം നാവാമുകുന്ദനും ഇവിടെത്തിയിരുന്നു. തുടര്‍ന്ന് യമനിഗ്രഹശേഷം ഭഗവാനും ഇവിടെ കുടിയിരുപ്പായി. അതുകൊണ്ട് നാവാമുകുന്ദനേയും തൊഴുതുവണങ്ങിയ ശേഷമാണ് വടക്കേനടയിലൂടെ മഹാദേവന്‍ യമനിഗ്രഹം നടത്തിയ ഇടത്ത് ഇന്ന് കുടികൊള്ളുന്ന ശ്രീകോവിലില്‍ തൊഴാനെത്താന്‍.
വടക്കുഭാഗത്ത് ഗംഗാദേവീ സാന്നിദ്ധ്യമായ ഓവുഭാഗം കടന്ന് നാലമ്പലത്തിന്‍റെ കന്നിമൂലയില്‍ അറയിലായി ഗണപതി ഭഗവാനേയും ദക്ഷിണാമൂര്‍ത്തിയേയും കണ്ട് പ്രാര്‍ത്ഥിക്കാനാകും. ഇവിടെ നിന്നും തിരിഞ്ഞ് ശ്രീകോവിലിന്‍റെ ഇടതുഭാഗത്തായി ശ്രീ പാര്‍വ്വതിയേയും തൊഴാന്‍ സാധിക്കും.

യമനിഗ്രഹത്തിന് ശേഷം കോപാകുലനായി വന്നിരുന്ന ഭഗവാന് സമീപത്തായി പാര്‍വ്വതിദേവി പ്രത്യക്ഷപ്പെട്ടെന്നും ദേവിയാണ് ഭഗവാന്‍റെ കോപം ശമിപ്പിച്ചതെന്നുമാണ് വിശ്വാസം. അതുകൊണ്ട് ഇവിടെ ദേവിക്കും പ്രാധാന്യം ഏറെയാണ്. ദേവിയെ കണ്ടുവണങ്ങിയ ശേഷമാണ്, സ്വയംഭൂവായി കുടികൊള്ളുന്ന മഹാദേവന്‍റെ മുന്നിലെത്തേണ്ടത്. വലുപ്പമില്ലാത്ത എന്നാല്‍ അത്യധികം തേജസ്സോടെ ചന്ദ്രക്കല ചാര്‍ത്തിയ രൂപത്തിലാണ് ഇവിടെ ഭഗവാനെ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുക.

തിരുമുന്നില്‍ തൊഴുതുമടങ്ങുന്ന ഭക്തര്‍ വീണ്ടും വടക്കേനടയിലൂടെ പുറത്തിറങ്ങി നാവാമുകുന്ദനെ തൊഴുത് പ്രാര്‍ത്ഥിക്കണം. തുടര്‍ന്ന് മാര്‍ക്കണ്ഡേയ സങ്കല്‍പ്പത്തില്‍ ഇവിടെ സ്ഥിതിചെയ്യുന്ന ആല്‍മരത്തെ തൊഴുതുവണങ്ങിയ ശേഷം ക്ഷേത്രത്തെ വലം വയ്ക്കണം. ഇങ്ങനെ വലം വയ്ക്കുന്ന വേളയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന അയ്യപ്പന്‍റെ ശിലാവിഗ്രഹവും കാലിക്കോല് കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഗോശാല കൃഷ്ണന്‍റെ വിഗ്രഹവും കാണാം. ഇവിടം കൂടി കണ്ടുവണങ്ങിയ ശേഷമാകണം ഭക്തരുടെ മടക്കം.
മഹാദേവന്‍ കാലന്‍റെകാലനായി മാറിയത് ഇടവമാസത്തിലെ പുണര്‍തം നക്ഷത്രത്തിലാണത്രേ. അന്നേദിവസം ഇവിടെ സവിശേഷമാണ്. മാര്‍ക്കണ്ഡേയന് പുനഃജന്മം ലഭിച്ച നാളില്‍ മഹാദേവനെ കണ്ടുവണങ്ങാന്‍ നിരവധി ഭക്തരാണ് ഇവിടെത്താറുള്ളത്.