ശതാഭിഷേക നിറവില്‍ ശ്രീരാമദാസന്‍

ശതാഭിഷേക നിറവില്‍ ശ്രീരാമദാസന്‍

HIGHLIGHTS

ശ്രീരാമദാസന്‍ എന്നുമാത്രമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന പത്മനാഭന്‍ നമ്പൂതിരിപ്പാട് അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പായി പ്രയാര്‍ ശ്രീരാമക്ഷേത്രം സന്ദര്‍ശിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുകയുണ്ടായി. 2024 ജനുവരിയില്‍ നരേന്ദരമോദി ക്ഷണം സ്വീകരിച്ചെത്തുകയും മുന്‍കൂട്ടി നിശ്ചയിച്ചതിലും വളരെ കൂടുതല്‍ സമയം ശ്രീരാമസന്നിധിയിലും തന്ത്രിയോടുമൊപ്പം ചെലവഴിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് പത്മനാഭന്‍ നമ്പൂതിരിപ്പാട് സമ്മാനമായി നല്‍കിയത് വീരരാമ പ്രാണപ്രതിഷ്ഠാ മന്ത്രമാണ്. അങ്ങനെ ശ്രീരാമസ്വാമിയുടേയും ശ്രീരാമദാസന്റെയും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങികൊണ്ടാണ് പ്രധാനമന്ത്രി  നരേന്ദ്രമോദി യാത്ര തിരിച്ചത്.

 

ശ്രീരാമസ്വാമിയുടെ ഇച്ഛയാല്‍ പരശുരാമനാല്‍ നിയുക്തരായ തന്ത്രി കുടുംബത്തിലെ അഗ്രജ്യോതിസ്സ്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തരണനെല്ലൂര്‍ പടിഞ്ഞാറെ മന പത്മനാഭന്‍ നമ്പൂതിരിപ്പാട്.


2025 ല്‍ മാര്‍ച്ചില്‍ 84-ാം ജന്മദിനം ആഘോഷിക്കപ്പെട്ട ബ്രഹ്‌മശ്രീ പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ ജനനം തൃശൂര്‍ ജില്ലയിലെ കിഴുപ്പുള്ളിക്കരയിലുള്ള പൗരാണിക തന്ത്രികുടുംബമായ വെളുത്തേടത്ത് തരണനെല്ലൂര്‍ പടിഞ്ഞാറെ മനയില്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെയും മലപ്പുറം രാമപുരം ദേശത്ത് വടക്കേടത്ത് മനയിലെ കാളി അന്തര്‍ജ്ജനത്തിന്റേയും മൂന്ന് ആണ്‍മക്കളില്‍ രണ്ടാമനായാണ്.

ക്ഷേത്രാചാരങ്ങളെ സംരക്ഷിക്കുവാന്‍ നിയമയുദ്ധം നടത്തി വിജയിച്ച കര്‍മ്മയോദ്ധാവ്. സനാതനധര്‍മ്മത്തിന്റെ വരുംകാലത്തെ വിജയത്തിനുകൂടിയായി മുന്‍പെതന്നെ ആചാരാനുഷ്ഠാനങ്ങള്‍ ക്രമീകരിച്ച വൈദിക കുലപതി. ഭക്തര്‍ക്കും നിരീശ്വരവാദികള്‍ക്കും യാഥാസ്ഥിതികര്‍ക്കും പുരോഗമനവാദികള്‍ക്കും ഒരുപോലെ ആദരണീയനും മാര്‍ഗ്ഗദര്‍ശിയുമായ ഒരു ആചാര്യന്‍. ലോകക്ഷേമത്തിനായി തന്ത്രശാസ്ത്രത്തിന്റെ നിഗൂഢ ആവരണം നീക്കിയ പുണ്യാത്മാവ്. മുക്തി സാധ്യമാക്കാനുള്ള പവിത്ര സാധനാകേന്ദ്രങ്ങളെ, ക്ഷേത്രങ്ങളെ,  ക്ഷേത്രാചാരങ്ങളെ സംരക്ഷിക്കുവാന്‍ നിയമയുദ്ധം നടത്തി വിജയിച്ച കര്‍മ്മയോദ്ധാവ്.

ഈശ്വരീയമായ സിദ്ധികളുണ്ടായിരുന്ന ആഗമ ശാസ്ത്രപരമ്പരയില്‍ ബ്രഹ്‌മശ്രീ പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ ആഗമനവും വിസ്മയകരമായിരുന്നു. 1959 ല്‍ ഇരുപതാം വയസ്സില്‍ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ യജ്ഞാചാര്യനായി തുടക്കം കുറിച്ച യുവതന്ത്രി, അതിനുമുമ്പ് ഒരുവിധ ലക്ഷ്യബോധവും പ്രകടിപ്പിച്ചിരുന്നില്ല. പ്രത്യക്ഷത്തില്‍ തന്ത്രിമാര്‍ക്ക് വേണ്ട യോഗ്യതകളൊന്നും തന്നെയുണ്ടായിരുന്നില്ല.  ഉണ്ടായിരുന്നത് നാമമാത്രമായ സാമ്പ്രദായിക പഠനവും ഔപചാരിക വിദ്യാഭ്യാസവും മാത്രം.

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ആസന്നമായിരുന്ന നവീകരണകലശത്തിന് തന്ത്രിയില്ലാത്ത ദുരവസ്ഥയില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ സന്നദ്ധനല്ലാത്ത ഒരുവിധ യോഗ്യതയും പ്രകടിപ്പിക്കാത്ത മകനെച്ചൊല്ലി രോഗശയ്യയിലും സാമ്പത്തിക ഞെരുക്കത്തിലും വീണുകിടക്കുന്ന പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ പിതാവിന്റെ രോദനം ഒരു നാള്‍ ഫലം കണ്ടു. ഉള്ളുരുകിയ പിതാവിന്റെ പരിദേവനം. പത്മനാഭന്‍ നമ്പൂതിരിയെ ഇല്ലത്തെ ഉപാസനാമൂര്‍ത്തിയായി നരസിംഹ സന്നിധിയിലെത്തിച്ചു. മൂന്നുദിവസം പൂജാമുറിയിലടച്ചിരുന്ന് ധ്യാനിച്ചതിനുശേഷം പുറത്തുവന്നത് പണ്ട് കൃഷ്ണാനദി മുറിച്ചുകടന്ന പൂര്‍വ്വസൂരിയുടെ പിന്‍ഗാമിയായിട്ടായിരുന്നു.

ഒരു കാലത്ത് ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള ക്ഷേത്രങ്ങളുടെ താന്ത്രികാധികാരങ്ങള്‍ തരണനെല്ലൂരും താഴമണ്ണും കുടുംബങ്ങള്‍ക്കായിരുന്നു. ഈ കുടുംബങ്ങള്‍ ദിവ്യമായൊരീ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ട ചരിത്രം ഈശ്വരേച്ഛയുടെ അത്ഭുതകരമായ ഒരു ദൃഷ്ടാന്തമാണ്. ക്ഷേത്രപരിപാലനത്തിനും പോഷണത്തിനുമായി ഈശ്വരാനുഗ്രഹവും ഈശ്വരീയ സിദ്ധികളുമുള്ളവരെ കണ്ടുപിടിക്കാന്‍ പരശുരാമന്‍ വൈദികര്‍ക്കൊരു പരീക്ഷണം ഏര്‍പ്പെടുത്തി. കൃഷ്ണാനദിയുടെ പ്രവാഹം മുറിച്ചുകടക്കുക. ആന്ധ്രാപ്രദേശിലെ അഹോബിലത്തില്‍ ശ്രീനരസിംഹമൂര്‍ത്തിയുടെ ഉപാസകരായ തരണനെല്ലൂര്‍- താഴമണ്‍ കുടുംബാംഗങ്ങള്‍ അതിദുര്‍ഘടമായ ഈ പരീക്ഷണത്തില്‍ വിജയിച്ചു.  തരണനെല്ലൂര്‍ പൂര്‍വ്വികര്‍ ഒരു വാഴയിലയുടെ പുറത്ത് കയറി നദീപ്രവാഹം തരണം ചെയ്തപ്പോള്‍ താഴമണ്‍ വൈദികന്‍ നദിയെ രണ്ടായി പകുത്തു മറുകരയിലെത്തി.

ഭാരതത്തിലുടനീളം ഈശ്വരപ്രതിഷ്ഠ നടത്തുകയും ക്ഷേത്രചാരങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്തുവരുന്ന പത്മനാഭന്‍ നമ്പൂതിരിപ്പാട് ശ്രീചക്രപൂജയെ സമാനതകളില്ലാത്ത ഈശ്വരാനുഭവത്തിന്റെ ഔന്നത്യത്തിലേക്കെത്തിച്ചു. ഉത്തരാഖണ്ഡില്‍ മലമുകളില്‍ നടത്തിയ ഹനുമാന്‍ പ്രതിഷ്ഠ മുതല്‍ 2024 ല്‍ കോഴിക്കോട് തൃക്കൈപറ്റ സുബ്രഹ്‌മണ്യസ്വാമിയുടെ ഏഴര അടി ഉയരമുള്ള പ്രതിഷ്ഠയടക്കം പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ ഈശ്വരസേവ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

തന്ത്രശാസ്ത്രത്തെക്കുറിച്ച് പത്മനാഭന്‍ നമ്പൂതിരിപ്പാട് ഇങ്ങനെ പറയുന്നു. 'തന്ത്രത്തിനെ ആശ്രയിച്ചാണ് മറ്റെല്ലാ ശാസ്ത്രങ്ങളും നിലനില്‍ക്കുന്നത്. തന്ത്രം ഒരു സമ്പൂര്‍ണ്ണശാസ്ത്രമാണ്.' തന്ത്രശാസ്ത്രത്തിലെ തന്റെ അറിവ് തേടിയെത്തുന്നവര്‍ക്ക് ജാതിമതഭേദമെന്യേ അത് പകര്‍ന്നുകൊടുത്തും ജനസഹസ്രങ്ങള്‍ക്ക് സംസാരസാഗരം താണ്ടാനും ഈശ്വരപ്രാപ്തി നേടാനുമുള്ള വഴികാട്ടിയുമായി അദ്ദേഹം മാനവസേവയിലുമാണ്.

കേരളത്തിലെ തന്ത്രികുടുംബങ്ങളുടെ ആധികാരികഗ്രന്ഥമായ തന്ത്രസമുച്ചയത്തെ പിന്തുടരാതെ പ്രത്യേകമായുള്ള തരണനെല്ലൂര്‍ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയാണ് തരണനെല്ലൂര്‍ പരമ്പര ആരാധനാക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇത് തന്ത്രശാസ്ത്രത്തില്‍ തരണനെല്ലൂര്‍ കുടുംബത്തിനുള്ള വൈശിഷ്ട്യം വെളിപ്പെടുത്തുന്നു.

കിഴുപ്പുള്ളിക്കര ഗ്രാമീണ വായനശാലയില്‍ നിന്നുമാരംഭിച്ച മതനിഷ്ഠമല്ലാത്ത വായനയില്‍ നിന്നുമാര്‍ജ്ജിച്ച ബഹുഭാഷാപാണ്ഡിത്യവും കാലഗതിയുടെ പുതിയ കാഴ്ചപ്പാടും ബ്രഹ്‌മശ്രീ പത്മനാഭന്‍ നമ്പൂതിരിപ്പാടിനെ എല്ലാക്കാലത്തും പുരോഗമനാത്മകമായ സനാതനധര്‍മ്മ ശാസ്ത്രത്തിന്റെ നന്മ ക്ഷേത്ര സംരക്ഷണത്തിനും തദ്വാരാ സമൂഹത്തിന്റെ ആത്മീയ ഉന്നതിക്കുമായി വിനിയോഗിക്കാന്‍ പ്രാപ്തനാക്കി. ഈവിധം പൗരാണികതയും പ്രായോഗികതയും സമീകരിച്ചുകൊണ്ടുള്ള പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ പ്രവര്‍ത്തനശൈലിയുടെ മകുടോദാഹരണങ്ങളാണ് സുപ്രീംകോടതിയില്‍ നിന്നും അദ്ദേഹം നിയമയുദ്ധം നടത്തി നേടിയെടുത്ത ക്ഷേത്രാചാരങ്ങളില്‍ തന്ത്രിയുടെ പരമാധികാരം ഉറപ്പിക്കുന്ന വിധിയും, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെക്കൊണ്ട് ഭദ്രകാളി പ്രതിഷ്ഠ നടത്തിപ്പിച്ച അത്യപൂര്‍വ്വ സംഭവവും.

സ്ത്രീശാക്തീകരണം എന്നത്തേക്കാളും പ്രാധാന്യം നേടിയിട്ടുള്ള ഈ കാലത്ത് 'കടുത്ത യാഥാസ്ഥിതികത്വം' എന്നു 'പുരോഗമനവാദികള്‍' മുദ്ര കുത്തുന്ന പിന്തുണയോടുകൂടി ത്തന്നെ പത്മനാഭന്‍ നമ്പൂതിരിപ്പാട് 2010 ല്‍ ജ്യോത്സ്‌ന എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊണ്ട് കാട്ടൂര്‍ പൊഞ്ഞനം പൈങ്കണിക്കാവ് ക്ഷേത്രത്തില്‍ ഭദ്രകാളി പ്രതിഷ്ഠ നടത്തിച്ചു. തന്ത്രശാസ്ത്രത്തില്‍ സ്ത്രീക്കാണ് സര്‍വ്വപ്രാമാണ്യം എന്ന അദ്ദേഹത്തിന്റെ വിശ്വാസത്തില്‍ നിന്നാണിങ്ങനെയൊരു ചരിത്രപ്രധാനമായ സംഭവമുണ്ടായത്.

ക്ഷേത്രാചാരങ്ങളുടെ സംരക്ഷണമാണ് സമൂഹത്തിന്റെ സദ്ഗതിക്കാധാരം. അതിനാല്‍ ക്ഷേത്രം തന്ത്രിയെന്നാല്‍ കേവലം ആലങ്കാരികമായ ഒരു സ്ഥാനമല്ലെന്നും സമൂഹത്തിന്റെ ആത്യന്തിക  നന്മയ്ക്കുതകുന്ന ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണാധികാരിയാണ് ക്ഷേത്രം തന്ത്രിയെന്നും സ്ഥാപിക്കുവാന്‍ ബ്രഹ്‌മശ്രീ പത്മനാഭന്‍ നമ്പൂതിരിപ്പാട് നിയമവ്യവസ്ഥയെ സമീപിക്കുകയും അനുകൂല വിധികള്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ശ്രീരാമദാസന്‍ എന്നുമാത്രമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന പത്മനാഭന്‍ നമ്പൂതിരിപ്പാട് അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പായി പ്രയാര്‍ ശ്രീരാമക്ഷേത്രം സന്ദര്‍ശിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുകയുണ്ടായി. 2024 ജനുവരിയില്‍ നരേന്ദരമോദി ക്ഷണം സ്വീകരിച്ചെത്തുകയും മുന്‍കൂട്ടി നിശ്ചയിച്ചതിലും വളരെ കൂടുതല്‍ സമയം ശ്രീരാമസന്നിധിയിലും തന്ത്രിയോടുമൊപ്പം ചെലവഴിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് പത്മനാഭന്‍ നമ്പൂതിരിപ്പാട് സമ്മാനമായി നല്‍കിയത് വീരരാമ പ്രാണപ്രതിഷ്ഠാ മന്ത്രമാണ്. അങ്ങനെ ശ്രീരാമസ്വാമിയുടേയും ശ്രീരാമദാസന്റെയും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങികൊണ്ടാണ് പ്രധാനമന്ത്രി  നരേന്ദ്രമോദി യാത്ര തിരിച്ചത്.

ബാബുരാജ് പൊറത്തിശ്ശേരി
 9846025010