ഭക്തന്റെ സങ്കടം തിരിച്ചറിഞ്ഞ ഉടുപ്പി ശ്രീകൃഷ്ണന്
അരയില്‍ ഒരു പട്ടുകോണകം പോലും ഇല്ല. എന്നാല്‍ യശോദ അണിയിച്ചിട്ടുള്ള ആഭരണങ്ങള്‍ എല്ലാം അണിഞ്ഞിട്ടും ഉണ്ട്. ശ്രീകോവിലിന്റെ പിന്നിലെ കിളിവാതിലിലൂടെ സ്വര്ണ്ണാലങ്കാര വിഭൂഷതനായി വിടര്‍ന്ന കണ്ണുകളോടെ നില്ക്കുന്ന കരിങ്കറുപ്പനായ കൃഷ്ണനെ കാണാന്‍ കഴിയുന്നതുതന്നെ മഹാഭാഗ്യമാണ്.
ശ്രീകോവിലില്‍ പുറംതിരിഞ്ഞിരിക്കുന്ന ഒരേയൊരു പ്രതിഷ്ഠ ഉഡുപ്പി കൃഷ്ണന്റെ മാത്രമേയുള്ളൂ. ശ്രീകൃഷ്ണന് ഒരു കുട്ടിയായി, കയ്യില്‍ തൈരുകലക്കുന്ന മത്തും എടുത്തുകൊണ്ടുനില്‍ക്കുന്ന രൂപമാണ് ഇവിടെ. 'ദിഗ്വാസനം കനകഭൂഷിത ഭൂഷിതാംഗം' എന്നുപറയുന്ന സുന്ദരരൂപം.
അരയില്‍ ഒരു പട്ടുകോണകം പോലും ഇല്ല. എന്നാല്‍ യശോദ അണിയിച്ചിട്ടുള്ള ആഭരണങ്ങള്‍ എല്ലാം അണിഞ്ഞിട്ടും ഉണ്ട്. ശ്രീകോവിലിന്റെ പിന്നിലെ കിളിവാതിലിലൂടെ സ്വര്ണ്ണാലങ്കാര വിഭൂഷിതനായി വിടര്‍ന്ന കണ്ണുകളോടെ നില്ക്കുന്ന കരിങ്കറുപ്പനായ കൃഷ്ണനെ കാണാന്‍ കഴിയുന്നതുതന്നെ മഹാഭാഗ്യമാണ്.
കണ്ണന് പുറംതിരിഞ്ഞ് നില്‍ക്കുന്നതിന് പിന്നില്‍ ഭക്തിയുടെ മഹത്വവും കണ്ണന്റെ ഭക്തവാത്സല്യവും മനസ്സിലാക്കിത്തരുന്ന ഒരു സംഭവം ഉണ്ട്.
അബ്രാഹ്മണനായ കനകദാസര്‍ തികഞ്ഞ കൃഷ്ണഭക്തനായിരുന്നു. അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പോയി കണ്ണനെ കാണണമെന്ന് അടക്കാനാവാത്ത ആഗ്രഹം തോന്നി. പക്ഷേ അയിത്തം കല്‍പ്പിച്ച കീഴ്ജാതിക്കാര്‍ ക്ഷേത്രത്തിന് മുന്നിലെ വഴിയില്‍പ്പോലും നടക്കാന്‍ പാടില്ലാത്ത കാലമായിരുന്നു അത്.
അദ്ദേഹം എന്നും ക്ഷേത്രത്തിന്റെ പുറകിലിരുന്ന് കണ്ണനെ മനസ്സില്‍ കണ്ട് കീര്‍ത്തനങ്ങള്‍ പാടുക പതിവായിരുന്നു. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന് കണ്ണനെ കാണാനുള്ള കൊതി കൂടിക്കൂടി വന്നു. ഒരു ദിവസം അദ്ദേഹം ഹൃദയം പൊട്ടുന്ന സങ്കടത്തോടെ പാടി.
'കൃഷ്ണാ നീ ബേഗനെ ബാരോ...'
ബേഗനേ ബാരോ മുഖവന്നീ തോരാ'
(കൃഷ്ണാ നീ വേഗം വരൂ
വേഗം വരൂ, ആ തിരുമുഖം ഒന്ന് കാണിക്കൂ)
കാലലന്ദിഗേ ഗജ്ജെ നീലദ ബാവുലി
നീലവര്ണ്ണന നാട്യവാടുത്ത ബാരോ
(കാലില്‍ പാദസരമിട്ട്, നീല നിറമുള്ള കൈവളയിട്ട്,
നീലവര്‍ണ്ണാ നൃത്തം ചെയ്തുകൊണ്ടുവരൂ)
ഉടിയല്ലി ഉടിഗജ്ജെ, ബെരളല്ലി ഉങ്ങുര;
കോരളോളൂ ഹാകിദ വൈജയന്തി മാലേ
(അരയില്‍ മണികെട്ടിയ അരഞ്ഞാണമിട്ട് വിരലില്‍ മോതിരമിട്ട് കഴുത്തില്‍ വൈജയന്തിമാല ഇട്ടുകൊണ്ടുവരൂ)
കാശീ പീതാംബര കൈയ്യല്ലി
കൊളലു മെയ്യോളൂ
പൂസിത ശ്രീഗന്ധ ഗമഗമ
(കാശി മഞ്ഞപ്പട്ടുടുത്ത് കയ്യില്‍ ഓടക്കുഴല്‍ പിടിച്ച് ദേഹത്ത് പൂശിയ ചന്ദനഗന്ധവുമായി വരൂ) (കാശിയിലെ പട്ട് അതിവിശേഷമാണ്)
തായികേ ബായല്ലീ
മുജ്ജഗവന്ന തോരോ
ജഗദോദ്ദാരകാ നമ്മ
ഉഡുപ്പി ശ്രീകൃഷ്ണാ
(വാ തുറന്ന് മൂവുലകും അമ്മയെ കാണിച്ച ഉഡുപ്പിയിലുള്ള ജഗദോദ്ധാരകനായ ശ്രീകൃഷ്ണാ വരൂ)
അവസാനത്തെവരി പാടിയതും അദ്ദേഹം കരഞ്ഞുപോയി. തന്റെ കുഞ്ഞിവായ്ക്കുള്ളില് സര്‍വ്വപ്രപഞ്ചവും കാണിച്ചുകൊടുത്ത കണ്ണാ ഈ ജഗത്തിനെ ഉദ്ധരിക്കുന്ന നിനക്ക് എന്റെ മുന്നില്‍ ഒന്നുവരാന്‍ എന്താണ് പ്രയാസം? എന്നിട്ടും വന്നില്ലല്ലോ എന്ന ഒരു പരിഭവം കൂടി ഈ വരികളില്‍ ഉണ്ട്.
ആ ഭക്തന്റെ സങ്കടം സഹിക്കാന്‍ വയ്യാതായപ്പോള്‍ കണ്ണനും ഭക്തവാത്സല്യത്താല്‍ തളര്‍ന്നുപോയി. പെട്ടെന്ന് കണ്ണന് പുറകിലേക്ക് തിരിഞ്ഞു. തന്റെ കയ്യിലുള്ള മത്തുകൊണ്ട് ചുവരില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കി കനകദാസര്‍ക്ക് ദര്‍ശനം നല്കി. പിന്നീട് ആ വിഗ്രഹത്തെ പഴയതുപോലെ തിരികെ വയ്ക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. അതുകൊണ്ട് ശ്രീകോവിലില്‍ പുറംതിരിഞ്ഞിരിക്കുന്ന ഉഡുപ്പി കൃഷ്ണന് ഭക്തവാത്സല്യത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു.
കണ്ണാ ഈ അക്ഷരപ്പൂക്കള്‍ ആ തൃപ്പാദത്തില്‍ പ്രേമപുഷ്പാഞ്ജലിയായി സമര്‍പ്പിക്കുന്നു.
Photo Courtesy - Google
