ബാലരൂപേണ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണന്‍ -ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ബാലരൂപേണ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണന്‍ -ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

HIGHLIGHTS

ബാലരൂപത്തില്‍ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഉളനാട് എന്ന കൊച്ചുഗ്രാമത്തിന്‍റെ അതിവിശിഷ്ടമായ സ്ഥാനത്ത് നിലകൊള്ളുന്നതും ഭഗവത്ചൈതന്യം നിറഞ്ഞുതുളുമ്പുന്നതുമായ മനോഹരമായ ഒരു ക്ഷേത്രം കൂടിയാണിത്. ഭക്തന്‍റെ ഹൃദയത്തില്‍ ഹരിചന്ദനത്തിന്‍റെ കുളിരേകുന്ന നീലിമയാണ് ഉളനാട്ടിലെ ഉണ്ണിക്കണ്ണന്‍. ഭക്തരോടൊപ്പം ജീവിതാനുഭവങ്ങളില്‍ പങ്കാളിയാകുന്ന, ഭക്തരോടൊപ്പം ലീലകളാടുന്ന, അവരുടെ ഉന്നതിക്കും പൂര്‍ണ്ണതയ്ക്കും സന്തോഷത്തിനും സൗഭാഗ്യങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന മഹാഅതിശയമാണ് കണ്ണിനും കണ്ണായ ഉണ്ണിക്കണ്ണന്‍. പത്തനംതിട്ട ജില്ലയില്‍ പന്തളത്തിനടുത്ത് കുളനട ഗ്രാമപഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 

ബാലരൂപത്തില്‍ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഉളനാട് എന്ന കൊച്ചുഗ്രാമത്തിന്‍റെ അതിവിശിഷ്ടമായ സ്ഥാനത്ത് നിലകൊള്ളുന്നതും ഭഗവത്ചൈതന്യം നിറഞ്ഞുതുളുമ്പുന്നതുമായ മനോഹരമായ ഒരു ക്ഷേത്രം കൂടിയാണിത്. ഭക്തന്‍റെ ഹൃദയത്തില്‍ ഹരിചന്ദനത്തിന്‍റെ കുളിരേകുന്ന നീലിമയാണ് ഉളനാട്ടിലെ ഉണ്ണിക്കണ്ണന്‍. ഭക്തരോടൊപ്പം ജീവിതാനുഭവങ്ങളില്‍ പങ്കാളിയാകുന്ന, ഭക്തരോടൊപ്പം ലീലകളാടുന്ന, അവരുടെ ഉന്നതിക്കും പൂര്‍ണ്ണതയ്ക്കും സന്തോഷത്തിനും സൗഭാഗ്യങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന മഹാഅതിശയമാണ് കണ്ണിനും കണ്ണായ ഉണ്ണിക്കണ്ണന്‍. പത്തനംതിട്ട ജില്ലയില്‍ പന്തളത്തിനടുത്ത് കുളനട ഗ്രാമപഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രത്തിന്‍റെ മുന്‍വശത്തായി ശ്രീകൃഷ്ണന്‍റെ രണ്ട് മൂന്ന് പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു കയ്യില്‍ വെണ്ണപിടിച്ച് കിരീടം വെച്ച് നില്‍ക്കുന്ന ഒരു പ്രതിമ. രണ്ടാമതായി കാളിയമര്‍ദ്ദനകൃഷ്ണന്‍. ഓടക്കുഴല്‍ വിളിച്ചുനില്‍ക്കുന്ന കൃഷ്ണന്‍ മൂന്നാമതായും.
അവിടെനിന്നും 18 പടികള്‍ കയറിവേണം മുകളിലെത്താന്‍. ക്ഷേത്രത്തിന് ചുറ്റും മുകളിലായി നിറയെ 'ഉറികള്‍' തൂക്കിയിട്ടുണ്ട്. അതും പല നിറത്തിലുള്ള ഉറികള്‍.
ഉറിയില്‍ നിന്നും വെണ്ണയെടുക്കുന്ന ഒരു കൃഷ്ണപ്രതിമ ചുവരില്‍ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്തുതന്നെ കുറച്ചുമാറി വെണ്ണക്കുടത്തില്‍ കയ്യിട്ടിരിക്കുന്ന ഒരു  പ്രതിമയും. ക്ഷേത്രതീര്‍ത്ഥക്കുളത്തിന് ചുറ്റും മൂന്നടി വലിപ്പമുള്ള ദശാവതാര പ്രതിമകള്‍. 

കുറച്ചുകൂടി നടക്കുമ്പോള്‍ ഒരു ഭാഗത്ത് നിറയെ റോസാപ്പൂക്കളും തൊട്ടടുത്തായി നാക്കിലകളും കെട്ടിവച്ചിരിക്കുന്നു. രോഹിണിനാളില്‍ ഒരു പ്രത്യേക പൂജയുണ്ട് അതിനുവരുന്നവര്‍ക്ക് അര്‍ച്ചന ചെയ്യുവാനാണ് ഈ റോസാപ്പൂക്കള്‍.

ക്ഷേത്ര ഐതിഹ്യം

ഭക്തമനസ്സുകളില്‍ വാത്സല്യത്തിന്‍റെയും ഭക്തിയുടെയും വിശ്വാസപരമായ ധാരാളം അപൂര്‍വ്വതകളും പ്രത്യേകതകളുമുള്ള ഈ ക്ഷേത്രം കാലങ്ങള്‍ക്ക് മുമ്പ് കുന്നുകളും പാറകളും കാടും താഴ്വാരങ്ങളും നെല്‍പ്പാടങ്ങളും ജലാശയങ്ങളും കൈത്തോടുകളും ഒക്കെ നിറഞ്ഞ അതിവിശാലമായ പ്രദേശമായിരുന്നു. റോഡുകളോ വാഹനസഞ്ചാരമോ ജനവാസമോ അധികമില്ലാതിരുന്ന അക്കാലത്ത് ഉളനാട് പോളച്ചിറ ജലാശയത്തോട് ചേര്‍ന്ന് കായല്‍മാടന്‍ എന്നൊരു ഭീകരസത്വം അധിവസിച്ചിരുന്നു. ദേശത്തെയും ദേശവാസികളെയും ഉപദ്രവിച്ച് സ്വൈരവിഹാരം നടത്തിയിരുന്ന ഈ ഭീകരസത്വത്തെ ഭയന്ന് പകല്‍സമയത്തുപോലും ജനങ്ങള്‍ ഈ വഴി സഞ്ചരിക്കുകയില്ലായിരുന്നു.

കാളിന്ദിയില്‍ കാളിയന്‍ എന്ന പോലെ ജീവജാലങ്ങള്‍ക്ക് ഉപദ്രവമായിരുന്ന കായല്‍മാടനില്‍ നിന്നും രക്ഷ നേടാന്‍ മാര്‍ഗ്ഗം കാണാതെ വിഷമിച്ചിരുന്ന സമയത്ത് പ്രദേശവാസിയായ കൃഷ്ണഭക്തന് ഒരു അരുളപ്പാട് കേള്‍ക്കുവാനിടയായി. ജനങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ഭീഷണിയായിരുന്ന കായല്‍മാടനില്‍ നിന്നും ഈ നാടിന് മുക്തിനേടാന്‍ പോളച്ചിറ ജലാശയത്തിനോട് ചേര്‍ന്ന പ്രദേശത്ത് ശ്രീകൃഷ്ണഭഗവാന്‍റെ ബാലരൂപത്തിലുള്ള പ്രതിഷ്ഠ നടത്തി ക്ഷേത്രം സ്ഥാപിക്കാനായിരുന്നു അരുളപ്പാട് ഉണ്ടായത്. ഗുരുവായൂരപ്പഭക്തനും ഗുരുതുല്യനുമായ ഒരു വ്യക്തി കേള്‍ക്കാനിടയായ ദിവ്യവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥാപിതമായത്.

1135 മീനമാസത്തിലെ രോഹിണി നക്ഷത്രത്തില്‍ താന്ത്രിക പെരുമയുടെ പ്രൗഢിയേകുന്ന ചെങ്ങന്നൂര്‍ താഴമണ്‍ മഠം കണ്ഠരര് ശങ്കരര് വലിയ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബാലഗോപാല വിഗ്രഹപ്രതിഷ്ഠ നടത്തി. വിഗ്രഹ നിര്‍മ്മാണത്തില്‍ പ്രശസ്തരായിരുന്ന ചെങ്ങന്നൂര്‍ തട്ടാവിള കുടുംബത്തിലെ അയ്യപ്പപ്പണിക്കരും മകന്‍ നീലകണ്ഠ പ്പണിക്കരും ചേര്‍ന്നാണ് ചൈതന്യമൂര്‍ത്തിയായ ഉണ്ണിക്കണ്ണന്‍റെ വിഗ്രഹം നിര്‍മ്മിച്ചത്.
ഭഗവത്ചൈതന്യം വര്‍ദ്ധിച്ചതോടുകൂടി കായല്‍മാടന്‍റെ ഉപദ്രവം ആര്‍ക്കും ഉണ്ടായിട്ടുമില്ല. താന്‍ കുടികൊള്ളുന്ന ക്ഷേത്രത്തിന്‍റെ അധീനതയില്‍ തെക്കുകിഴക്കേമൂലയിലുള്ള പേരാലിന്‍ചുവട്ടില്‍ കാവലാളായി നില കൊള്ളാന്‍ ഭഗവാന്‍ അനുഗ്രഹിക്കുകയും ചെയ്തു. കായല്‍മാട സ്വാമിക്ക് ഈ പേരാല്‍ചുവട്ടില്‍ പ്രത്യേക ഇരിപ്പിടമൊരുക്കിയും എല്ലാവര്‍ഷവും കുംഭമാസത്തിലെ അശ്വതിനാളില്‍ ഇവിടെ അശ്വതി മഹോത്സവവും നടത്തിവരുന്നു.

ക്ഷേത്രവിശേഷങ്ങള്‍

ഗണപതി, ദുര്‍ഗ്ഗാദേവി, ഭദ്രകാളി, രക്ഷസ്സ്, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നീ ദേവതകള്‍ ഉപദേവതകളായി കുടികൊള്ളുന്നു. ഓണം, ശ്രീകൃഷ്ണജയന്തി ദിവസങ്ങളില്‍ വിശേഷാല്‍ ചടങ്ങുകള്‍. വിനായകചതുര്‍ത്ഥിനാളില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗണപതിക്ക് അപ്പംമൂടല്‍. തുലാമാസത്തെ ആയില്യം നാള്‍ സര്‍പ്പക്കാവില്‍ നൂറും പാലും. വൃശ്ചികം ഒന്ന് മുതല്‍ ദശാവതാര ചന്ദനച്ചാര്‍ത്ത്, ചിറപ്പ് മഹോത്സവം, കുംഭത്തിലെ അശ്വതിയില്‍ കായല്‍മാട സ്വാമിക്കും ഭരണിയില്‍ ശ്രീഭദ്രകാളിയമ്മയ്ക്കും വിശേഷ ഉത്സവം. കാര്‍ത്തികയ്ക്ക് ദേവിനടയില്‍ പൊങ്കാല മഹോത്സവം, രോഹിണി തിരുവുത്സവം. മീനത്തിലെ രോഹിണി പ്രതിഷ്ഠാ വാര്‍ഷികം, കലശപൂജകള്‍. മേടം വിഷുക്കണി ദര്‍ശനം. വിപുലമായ രീതിയില്‍ കണി ഒരുക്കി ഉണ്ണിക്കണ്ണന് മുഴുക്കാപ്പ് ചാര്‍ത്തി ദര്‍ശനം. കര്‍ക്കിടകം ഒന്ന് മുതല്‍ രാമായണ മാസാചരണം. എല്ലാമാസവും രോഹിണി നാളില്‍ മഹാസുദര്‍ശന ലക്ഷ്യപ്രാപ്തിപൂജ എന്നിവയാണ് വിശേഷങ്ങള്‍.

മഹാസുദര്‍ശന ലക്ഷ്യപ്രാപ്തിപൂജ

ഉദ്ദിഷ്ടകാര്യസിദ്ധിക്കായി എല്ലാ മാസവും പ്രതിഷ്ഠാദിനമായ രോഹിണിനാളില്‍ ക്ഷേത്രത്തില്‍ നടത്തുന്ന പൂജയാണ് 'മഹാസുദര്‍ശന ലക്ഷ്യപ്രാപ്തിപൂജ.' എല്ലാ മാസവും രോഹിണിനാളില്‍ മഹാസുദര്‍ശന ലക്ഷ്യപ്രാപ്തി പൂജ നടത്തുന്ന കേരളത്തിലെ ഏക ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കേരളത്തിന്‍റെ തെക്കേയറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള എല്ലാ ജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ഈ പൂജയില്‍ പങ്കെടുക്കുന്നത്.

പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് ആവശ്യമായ പൂജാസാധനങ്ങളായ തൂശനില, നറുക്കില, ചന്ദനത്തിരി, കല്‍പ്പൂരം, ചന്ദനം, നെയ്വിളക്ക്, ആവശ്യത്തിന് പുഷ്പം, വാല്‍ക്കിണ്ടി, ദക്ഷിണ സമര്‍പ്പിക്കുവാനുള്ള വെറ്റില എന്നിവ ക്ഷേത്രത്തില്‍ നിന്നും നല്‍കുന്നതാണ്.

ക്ഷേത്രതന്ത്രി, മേല്‍ശാന്തി, ആചാര്യന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പൂജ ആരംഭിക്കും. പൂജയ്ക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേകമണ്ഡപത്തിലേക്ക് ക്ഷേത്ര നാലമ്പലത്തിനുള്ളില്‍ നിന്നും രാവിലെ ഭഗവത് സാന്നിധ്യം അറിയിച്ച് കുത്തുവിളക്ക്, അഷ്ടമംഗല്യവിളക്ക്, താലപ്പൊലി എന്നിവയുടേയും പഞ്ചവാദ്യത്തിന്‍റേയും വായ്ക്കുരവകളുടേയും ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങളും നിറഞ്ഞ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മേല്‍ശാന്തിയില്‍ നിന്നും കൃഷ്ണ വിഗ്രഹം ആചാര്യന്‍ സ്വീകരിച്ച് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്ത് കൃഷ്ണാഞ്ജലിയജ്ഞ മണ്ഡപത്തില്‍ എത്തിച്ച് പ്രത്യേക പൂജകള്‍ ചെയ്യുന്നു. തുടര്‍ന്ന് ശ്രീലകത്തുനിന്നും ദീപം പകര്‍ന്ന് യജ്ഞമണ്ഡപത്തില്‍ തയ്യാറാക്കിയ വിളക്കിലേക്ക് ദീപപ്രോജ്ജ്വലനം നടത്തിക്കഴിഞ്ഞാല്‍ ആ മാസത്തെ ലക്ഷ്യപ്രാപ്തി പൂജയ്ക്ക് സമാരംഭം കുറിക്കുന്നു. തുടര്‍ന്ന് പൂജയില്‍ പങ്കെടുക്കുന്ന ഭക്തരുടെ മുമ്പിലുള്ള നെയ്യ് വിളക്കിലേക്ക് ദീപം പകര്‍ന്നുകഴിഞ്ഞാല്‍ ആചാര്യന്‍ പൂജാവിധികള്‍ ഓങ്കാരമന്ത്രത്തോടുകൂടി ആരംഭിക്കും.

ഉറിവഴിപാട്

ഉളനാട്ടിലെ ഉണ്ണിക്കണ്ണന്‍റെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് ഉറിവഴിപാട്. ഉദ്ദിഷ്ടകാര്യത്തിനായി ദ്രവ്യങ്ങള്‍ നിറച്ച ഉറി വഴിപാടായി സമര്‍പ്പിക്കുന്നതാണ് ഉറിവഴിപാട്. ക്ഷേത്രനടയിലെത്തി മനമുരുകി തൊഴുത് പ്രാര്‍ത്ഥിച്ച് ഭഗവാന് ഉറി വഴിപാടായി സമര്‍പ്പിക്കാമെന്ന് നേര്‍ന്ന ശേഷം ആഗ്രഹസഫലീകരണശേഷമോ അതിന് മുന്‍പോ ഭക്തരുടെ വിശ്വാസപ്രമാണങ്ങള്‍ക്കനുസരിച്ച് ഉറി സമര്‍പ്പിക്കാം.

വെണ്ണ, ലഡു, ഉണ്ണിയപ്പം, കദളിപ്പഴം, ഉണ്ട ശര്‍ക്കര, അവല്‍, കല്‍ക്കണ്ടം, പഞ്ചസാര എന്നിവയില്‍ ഏതെങ്കിലുമൊന്നാണ്  ഉറിയില്‍ ഭക്തര്‍ നിറയ്ക്കുന്നത്. ഉറിയും കലവും ക്ഷേത്രത്തില്‍ നിന്നും ലഭിക്കും. എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ 10 മണിവരേയും വൈകിട്ട് 5.30 മുതല്‍ 6.15 വരെയും സര്‍വ്വദുഃഖനിവാരണത്തിനുമായി ഉറിവഴിപാട് നടത്തപ്പെടുന്നു.

ഉറിയില്‍ വിഭവങ്ങള്‍ നിറച്ച ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് ഉണ്ണിക്കണ്ണന് മുമ്പില്‍ തൊഴുത് പ്രാര്‍ത്ഥിച്ച് നമസ്ക്കാരമണ്ഡപത്തില്‍ ഉറി സമര്‍പ്പിക്കണം. തുടര്‍ന്ന് ഉറിയില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന വിഭവങ്ങള്‍ മേല്‍ശാന്തി ഉണ്ണിക്കണ്ണന്‍റെ മുന്‍പില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് പ്രസാദമായി നല്‍കും. ഉറി വഴിപാട് സമര്‍പ്പണത്തിനായി നിത്യേന നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്.

ഉണ്ണിക്കണ്ണന്‍റെ തിരുസന്നിധിയില്‍ എല്ലാ മാസവും രോഹിണി നാളില്‍ മഹാസുദര്‍ശന ലക്ഷ്യപ്രാപ്തിപൂജയ്ക്കുശേഷം നടത്തുന്ന പ്രത്യേക വഴിപാടാണ് രോഹിണിയൂട്ട്. ആയിരക്കണക്കിന് ഭക്തരാണ് ഈ ഊട്ടില്‍ പങ്കെടുക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും ക്ഷേത്രദര്‍ശനത്തിനായി നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ഉളനാട്ടിലെ ഉണ്ണിക്കണ്ണന്‍റെ സന്നിധിയിലെത്തുന്ന ഭക്തര്‍ക്ക് നല്‍കുന്ന അന്നപ്രസാദമാണ് രവിവാര പ്രസാദമൂട്ട്.

മനമുരുകി പ്രാര്‍ത്ഥിക്കുന്ന ഭക്തരെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച് അനുഗ്രഹിക്കുന്ന ഉണ്ണിക്കണ്ണന്‍റെ ബാലഗോപാല വിഗ്രഹദര്‍ശനം പോലും ആനന്ദദായകമാണ്. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടേയും മനം കവരുന്ന മോഹനരൂപമാണ് ഓടക്കുഴലേന്തിയ ശ്രീകൃഷ്ണന്‍. ഗോപിക്കുറിയും പീലിത്തിരുമുടിയും കുറുനിരകളും, മുത്തരഞ്ഞാണവും വനമാലയും കാല്‍ത്തളകളും കൈകളില്‍ വെണ്ണയും മുരളിയുമായി നില്‍ക്കുന്ന മനോഹരരൂപം നെയ്ദീപശോഭയില്‍ തെളിഞ്ഞുകാണുമ്പോള്‍ എല്ലാ ദുഃഖവും നാം മറക്കുന്നു.