കുങ്കുമശിലയില്‍ തീര്‍ത്ത പൂര്‍ണ്ണചൈതന്യം -ഉളിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം

കുങ്കുമശിലയില്‍ തീര്‍ത്ത പൂര്‍ണ്ണചൈതന്യം -ഉളിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം

HIGHLIGHTS

ആലുവാനഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരെയായി സ്ഥിതി കൊള്ളുന്ന ഉളിയന്നൂര്‍ ഗ്രാമം. കേരളത്തിന്‍റെ ഐതിഹ്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ദേശമാണിത്. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്‍റെ കഥയുമായി ഏറെ വൈകാരികമായ ബന്ധം ഉളിയന്നൂര്‍ മഹാദേവ ക്ഷേത്രത്തിനുണ്ട്. സ്വന്തം കേമത്തം നിലനിര്‍ത്താനായി, തനിക്ക് മേലേ മറ്റാരും പാടില്ല എന്ന് ശഠിച്ച പെരുന്തച്ചന്‍റെ ദുഷ്ടമനസ്സിന് ഈ ക്ഷേത്രം സാക്ഷ്യം നില്‍ക്കുകയാണ്.

ഉളിയറ്റൂര്...

തഷ്ടം ശിവക്ഷേത്രം എന്നായിരുന്നു ഉളിയന്നൂര്‍ മഹാദേവക്ഷേത്രത്തിന്‍റെ പുരാതന നാമം. നൂറ് ശിവാലയങ്ങളുടെ സ്തോത്രത്തില്‍ 'തഷ്ടം' എന്ന പേര് ചേര്‍ത്തിട്ടുണ്ട്. തഷ്ടം എന്ന പേരില്‍ നിന്നും ഉളിയന്നൂരിലേക്ക് ഈ ക്ഷേത്രം മാറുമ്പോള്‍ ഐതിഹ്യത്തിലെ ചോരപ്പാടുകള്‍ കൂടി ഓര്‍മ്മയില്‍ എത്തുന്നു. പെരുന്തച്ചന്‍ തന്‍റെ മകനെ ഉളി എറിഞ്ഞ് കൊന്ന സ്ഥലമാണിത്. ഉളികൊണ്ട് അറ്റുമാറിയ ശിരസ്സ്, അധികാരികളുടെ ദുഷ്ടമനസ്സ്, ആ മകന്‍റെ പിടച്ചില്‍, എല്ലാം, എല്ലാം ഓര്‍മ്മയില്‍ കരുതാന്‍, പില്‍ക്കാലം ഉളി അറ്റ ഊര്, ഉളിയന്നൂരായി മാരി എന്ന് ദേശത്തിന്‍റെ ഐതിഹ്യത്തില്‍ പറയുന്നു.

മാടത്തിലപ്പന്‍

പരമശിവസങ്കല്‍പ്പമാണ് മാടത്തിലപ്പന്‍. മാടത്തിലപ്പന്‍റെ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളെ കേരളത്തിലുള്ളൂ. പരശുരാമ പ്രതിഷ്ഠിതമായ വിഗ്രഹമാണ് ഇവിടുത്തെ മാടത്തിലപ്പന്‍. വേദപണ്ഡിതരും, ശിവഭക്തരുമായിരുന്ന ഒട്ടനവധി ഭട്ടതിരിമാരുടെ മേല്‍നോട്ടത്തിലായിരുന്നു മാടത്തിലപ്പന്‍റെ ക്ഷേത്രം നിലനിന്നിരുന്നത്. ഉളിയന്നൂരിലെ ദര്‍ശനക്രമത്തില്‍ ആദ്യം വണങ്ങേണ്ടത് മാടത്തിലപ്പനെയാണ്.  മാടത്തിലപ്പന്‍ ക്ഷേത്രത്തിന് മുന്നിലായിട്ടാണ് നില്‍ക്കുന്നത്. പന്ത്രണ്ട് അടിയോളം ഉയരത്തിലുള്ള ശിവലിംഗം! കുങ്കുമശിലയാല്‍ തീര്‍ത്ത പൂര്‍ണ്ണചൈതന്യം! താഴെനിന്ന് തൊഴുമ്പോള്‍, ഒരു ചെറിയ കുന്നിന്‍ മുകളിലായി ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നതായി തോന്നിപ്പോകും. 

എന്നാല്‍ ഭഗവാന് ശ്രീകോവിലില്ല. ഇടിഞ്ഞുപൊളിഞ്ഞ ശ്രീകോവിലിന്‍റേയും ചുറ്റമ്പലത്തിന്‍റേയും തിരുശേഷിപ്പുകള്‍ക്ക് നടുവില്‍ കാലകാലനായ ശിവലിംഗം കാലത്തിന്‍റെ പ്രതീകമായി ഉയര്‍ന്നുനില്‍ക്കുന്നു. ക്ഷേത്രം തീപ്പെട്ടുപോയതാണെന്നും, പടയോട്ടത്തില്‍ തകര്‍ക്കപ്പെട്ടതാണെന്നും പറയപ്പെടുന്നു. മാടത്തിലപ്പനെ തൊഴുതുകഴിഞ്ഞാല്‍ പിന്നീട് തൊഴേണ്ടത് സമീപത്തായി നിലകൊള്ളുന്ന ഗണപതിയെയാണ്. ഗണപതിക്ക് മാത്രമായി ഒരു ക്ഷേത്രമാണുള്ളത്. ഈ ഗണപതിക്ഷേത്രത്തിനും ഒരു ഉല്‍പ്പത്തി ചരിത്രമുണ്ട്. 

മാടത്തിലപ്പന്‍റെ സമൃദ്ധിയുടെ കാലഘട്ടത്തില്‍ ഭട്ടതിരിമാരും, നമ്പൂതിരിമാരും തമ്മില്‍ അല്‍പ്പം വാക്തര്‍ക്കങ്ങളൊക്കെ ഉണ്ടായി. ഭട്ടതിരിമാരുമായി പിണങ്ങിപ്പിരിഞ്ഞ നമ്പൂതിരിമാര്‍ സ്വന്തമായി ഒരു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. നാട്ടിലെ ധനവാന്മാരായ നമ്പൂതിരിമാര്‍ പെരുന്തച്ചനെ ക്ഷേത്രം പണിക്കായി ക്ഷണിച്ചുവരുത്തി. പെരുന്തച്ചനാല്‍ നിര്‍മ്മിച്ചതാണ് ഉളിയന്നൂരിലെ മഹാദേവ ക്ഷേത്രം. കിഴക്കോട്ട് ദര്‍ശനമായി, നാല്‍പ്പത്തിരണ്ട് മീറ്റര്‍ ചുറ്റളവിലുള്ള വട്ടശ്രീകോവില്‍. അറുപത്തിനാല് കലകളേയും നാല് വേദങ്ങളേയും സൂചിപ്പിക്കുന്ന അറുപത്തിയെട്ട് കഴുക്കോലുകള്‍ ഒരു കൂട്ടത്തില്‍ ബന്ധിപ്പിച്ച് അതിബൃഹത്തായ നമസ്ക്കാരമണ്ഡപം. ഒരു വലിയ കാളക്കൂറ്റന്‍റെ മുഴുപ്പുള്ള മഹാനന്ദി ശയനഭാവത്തില്‍ മണ്ഡപത്തില്‍ സ്ഥിതി ചെയ്യുന്നു. ഇതേ ശ്രീകോവിലില്‍ തന്നെ പടിഞ്ഞാറ് ദര്‍ശനമായി ശ്രീപാര്‍വ്വതി ദേവിയുടെ പ്രതിഷ്ഠ.

ഗണപതിക്കുറുമ്പ്

ക്ഷേത്രം പണിത നാളില്‍ ഗണപതി ഇവിടെ ഉപപ്രതിഷ്ഠയായിരുന്നു. എല്ലാദിവസവും, അത്താഴപൂജയ്ക്ക് ഗണപതിക്കും, ശിവനും പ്രത്യേകമായി അപ്പം, ഉണ്ണിയപ്പം ഉണ്ടാക്കി നേദിക്കുന്ന പതിവുണ്ടായിരുന്നു. ഒരുദിവസം ജോലിത്തിരക്ക് കാരണം, ശിവന് പ്രത്യേകം അപ്പം ഉണ്ടാക്കാന്‍ മേല്‍ശാന്തിക്ക് കഴിഞ്ഞില്ല. ഗണപതിക്ക് നേദിക്കാന്‍ ഉണ്ടാക്കിയതില്‍ നിന്നും മൂന്ന് അപ്പമെടുത്ത് ശിവന് നേദിച്ചു. തനിക്കായി ഉണ്ടാക്കിയ അപ്പം, അച്ഛന് നല്‍കിയത് ഗണപതിക്ക് തീരെ ഇഷ്ടമായില്ല. ഗണപതി ശ്രീലകം വിട്ടിറങ്ങി.

'എനിക്ക് പ്രത്യേകം ഇടവും പ്രത്യേകം തിടപ്പള്ളിയും മതി' ഗണപതി അല്‍പ്പം മാറി, മാടത്തിലപ്പന്‍റെ ശ്രീകോവിലിന് സമീപമായി നില ഉറപ്പിച്ചു. ഗണപതിയുടെ പിടിവാശി തിരിച്ചറിഞ്ഞ ഭക്തര്‍ ഗണപതിക്കായി പ്രത്യേകം അമ്പലവും തിടപ്പള്ളിയും പണിതു.

ദമ്പതി ദര്‍ശനം

ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍, ആദ്യം മാടത്തിലപ്പനേയും ഗണപതിയേയും വലം വെച്ച ശേഷം വേണം, ശിവക്ഷേത്രത്തിലെത്തി ശിവ- പാര്‍വ്വതി ദര്‍ശനം നടത്താന്‍. 

കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കാന്‍, ദമ്പതിമാര്‍ ഒരുമിച്ചുവന്നുവേണം ഇവിടെ തൊഴേണ്ടതെന്ന് വിശ്വസിക്കുന്നു. ഭഗവാന്‍റെ ഇഷ്ടം ഇതാണെന്നാണ് വിശ്വാസം. അതിനാല്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചുവേണം ക്ഷേത്രദര്‍ശനം നടത്തേണ്ടത്. വിദ്യാവിജയത്തിന് ഏറ്റവും ഉചിതമാണ് ഇവിടെ ദര്‍ശനം നടത്തുന്നതെന്നും കരുതിപ്പോരുന്നു.

ഗണപതിക്ക് ഏറെ പ്രധാനപ്പെട്ട വഴിപാട് ഉദയാസ്തമന ഉണ്ണിയപ്പ നിവേദ്യമാണ്. ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഗണപതിപ്രീതി വളരെ ഉചിതമായി അനുഭവസ്ഥര്‍ പറയുന്നു. മാടത്തിലപ്പന് പ്രധാന വഴിപാട് ധാരയും, ക്ഷീരധാരയും, കളഭാഭിഷേകവുമാണ്. വൃശ്ചികത്തിലെ അഷ്ടമിദര്‍ശനം വളരെ വിശേഷമാണ്.

മംഗല്യസിദ്ധിക്കായി ശ്രീപാര്‍വ്വതിദേവിക്ക് പട്ടും താലിയും സമര്‍പ്പിക്കുന്നതും, തിങ്കളാഴ്ച ദര്‍ശനം നടത്തുന്നതും ഏറെ വിശേഷമാണ്.

പെരുന്തച്ചന്‍റെ കഥയിലെ കുളവും, പാലവുമെല്ലാം ഈ ഉളിയന്നൂരിന്‍റെ പഴയകാല പ്രതാപങ്ങളായിരുന്നു. ഓര്‍മ്മയിലെ ഒത്തിരി കഥകള്‍ക്കും ഐതിഹ്യങ്ങള്‍ക്കും, ഉളിയന്നൂര്‍ മഹാദേവ ക്ഷേത്രം ഇന്നും മൂകസാക്ഷിയായി നിലകൊള്ളുന്നു. ആലുവ മെട്രോ സ്റ്റേഷനില്‍ നിന്നും മൂന്ന് കിലോ മീറ്റര്‍ ദൂരത്തായിട്ടാണ് ചരിത്രം ഉറങ്ങുന്ന ഈ പുണ്യദേശം.

Photo Courtesy - jyothisharathnam