ദാമ്പത്യദുരിതമോചനത്തിന് ഉമാമഹേശ്വര വ്രതം

ദാമ്പത്യദുരിതമോചനത്തിന് ഉമാമഹേശ്വര വ്രതം

HIGHLIGHTS

 വിവാഹം നടക്കുന്നതിന് തടസ്സം നേരിടുന്നവര്‍ക്കും വിവാഹം കഴിഞ്ഞവര്‍ക്ക് ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കാനും മറ്റ് ദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനും കാര്യസാധ്യത്തിനും ഐക്യമത്യത്തിനും ഉമാമഹേശ്വര പൂജ നടത്തുന്നത് നല്ലതാണ്.

 

ദാമ്പത്യദുരിതമോചനത്തിനും വിവാഹതടസ്സം നീങ്ങുന്നതിനും ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് സ്കന്ദപുരാണത്തില്‍ വിവരിച്ചിട്ടുള്ള അഷ്ടമാതാവ്രതങ്ങളില്‍ ഒന്നായ ഉമാമഹേശ്വര വ്രതം. ചിലര്‍ കാര്‍ത്തികമാസത്തിലെ വെളുത്തവാവ് ദിവസവും ചിലര്‍ ഭാദ്രപദത്തിലെ പൗര്‍ണ്ണമിക്കും ഈ വ്രതം അനുഷ്ഠിക്കുന്നു. ദാമ്പത്യക്ഷേമം, ധനം,  ഐശ്വര്യം, കീര്‍ത്തി തുടങ്ങിയ ഭൗതിക വിജയങ്ങള്‍ക്ക് ശിവപാര്‍വ്വതിമാരെ ആരാധിക്കാന്‍ ഈ ദിവസം ഏറെ നല്ലതാണ്.

വ്രതദിവസം രാവിലെ കുളിച്ച് ശിവപാര്‍വ്വതി ക്ഷേത്രദര്‍ശനം നടത്തി കൂവള അര്‍ച്ചനയും ധാരയും വഴിപാട് നടത്തണം. അന്ന് ഒരിക്കലെടുത്ത് കഴിയുന്നതും നമഃശിവായ മന്ത്രവും ഉമാമഹേശ്വര സ്തോത്രവും ജപിക്കണം. ദാമ്പത്യ ബന്ധത്തില്‍ കഠിനമായ പ്രശ്നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ ഐകമത്യപുഷ്പാഞ്ജലി, വശ്യഗണപതിസൂക്ത പുഷ്പാഞ്ജലി എന്നിവ നടത്തി പ്രാര്‍ത്ഥിക്കുന്നത് ബന്ധം ദൃഢമാകുവാന്‍ സഹായിക്കും. വിവാഹം നടക്കുവാന്‍ താമസം നേരിടുന്നവര്‍ക്കും ഈ വ്രതം നോല്‍ക്കാവുന്നതാണ്.

പണ്ട് ചിങ്ങം/ തുലാം മാസത്തിലെ പൗര്‍ണ്ണമിനാളില്‍ തുടങ്ങി 12 മാസം തുടര്‍ച്ചയായി ഈ വ്രതം നോറ്റ് ഭക്തര്‍ ആഗ്രഹസാഫല്യം നേടിയിരുന്നു. ഉമാമഹേശ്വരരൂപങ്ങള്‍ വച്ചായിരുന്നു അക്കാലത്ത് ആരാധന. പന്ത്രണ്ടാമത്തെ വ്രതത്തിന് ലോഹപ്രതിമ വച്ച് പൂജിച്ചശേഷം അത് ശിവക്ഷേത്രത്തില്‍ സമര്‍പ്പിക്കുമായിരുന്നു. ഇപ്പോള്‍ അതിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ശുക്ലപക്ഷ അഷ്ടമി, ശുക്ലപക്ഷ ചതുര്‍ദ്ദശി, പൗര്‍ണ്ണമി, അമാവാസി എന്നീ ദിവസങ്ങളില്‍ ഇപ്പോള്‍ ഭക്തര്‍ ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കാറുണ്ട്. കേരളത്തില്‍ ഭാദ്രപദത്തിലും, തമിഴ്നാട്ടില്‍ കാര്‍ത്തികമാസത്തിലും ആണ് കൂടുതല്‍ പേരും ഉമാമഹേശ്വര വ്രതം ആരംഭിക്കുന്നത്.

ഹിമവാന്‍റെ പത്നി മേനയില്‍ ജനിച്ച പാര്‍വ്വതിദേവിയുടെ മറ്റൊരു പേരാണ് ഉമ. ദക്ഷപുത്രിയായ സതിയുടെ അവതാരമാണ് പാര്‍വതി. ശിവനെ ഭര്‍ത്താവായി ലഭിക്കണമെന്ന ആഗ്രഹത്തോടെ കഠിനതപസ്സ് ചെയ്യാന്‍ തുടങ്ങിയ മകളോട് അമ്മ മേന തപസ്സ് അരുതേ എന്നുപറഞ്ഞു. അതിനാല്‍ ഉമ എന്ന പേര് ലഭിച്ചതായി കാളിദാസന്‍ കുമാരസംഭവത്തില്‍ പറയുന്നു. സംസ്കൃതത്തില്‍ 'ഉ' എന്നാല്‍ തപസ്സും 'മ' എന്നാല്‍ അരുതേ എന്നുമാണ് അര്‍ത്ഥം.

ദുര്‍വാസാവിന്‍റെ ശാപമായി തനിക്ക് നഷ്ടപ്പെട്ട ഭര്‍ത്താവിനെ വിഷ്ണുഭഗവാന്‍ വീണ്ടെടുത്തത് ഉമാമഹേശ്വര വ്രതം നോറ്റാണെന്ന് ഐതിഹ്യമുണ്ട്. ഒരിക്കല്‍ വിഷ്ണുഭഗവാന് ദുര്‍വാസാവ് ശിവന്‍റെ ഒരു മാല നല്‍കി. ഭഗവാന്‍ അത് ഗരുഡനെ അണിയിച്ചതുകണ്ട് കുപിതനായ ദുര്‍വ്വാസാവ് പറഞ്ഞു: അല്ലയോ വിഷ്ണോ, അങ്ങ് ശ്രീശങ്കരനെ അപമാനിച്ചു. അതിനാല്‍ അങ്ങയുടടുക്കല്‍ നിന്നും ലക്ഷ്മി വിട്ടുപോകും. ക്ഷീരസാഗരത്തില്‍ നിന്നുപോലും വിട്ടുമാറേണ്ടി വരും. ശേഷന്‍ സഹായിക്കുകയില്ല.

ഇതുകേട്ട വിഷ്ണു ദുര്‍വാസാവിനെ നമസ്ക്കരിച്ചു ചോദിച്ചു: ഈ ശാപത്തില്‍ നിന്നും മുക്തനാകുവാന്‍ എന്താണ് ഉപായം?

ദുര്‍വാസാവ് പറഞ്ഞു: ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കുക. അപ്പോള്‍ നഷ്ടമായ സകലതും തിരിച്ചുകിട്ടും. അങ്ങനെ ഉമാമഹേശ്വര വ്രതം അനുഷ്ഠിച്ചതിന്‍റെ ഫലമായി ലക്ഷ്മിദേവിയെ ഉള്‍പ്പെടെ നഷ്ടപ്പെട്ട സകലതും വിഷ്ണുവിന് തിരിച്ചുകിട്ടി.

കുടുംബജീവിതം ഭദ്രമാക്കുന്നതിനും വിവാഹതടസ്സം മാറുന്നതിനും മഹാദേവനേയും ഉമയേയും ആരാധിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിന് ക്ഷേത്രങ്ങളില്‍ ചെയ്യാവുന്ന ശ്രേഷ്ഠമായ വഴിപാട് ഉമാമഹേശ്വര പൂജയാണ്. ശിവനും പാര്‍വതിയും പ്രതിഷ്ഠയായുള്ള ക്ഷേത്രത്തിലാണ് ആരാധന നടത്തേണ്ടത്. ജാതകത്തിലെയും പ്രശ്നത്തിലെയും എല്ലാദോഷങ്ങള്‍ക്കും പരിഹാരമാണിത്. വിവാഹം നടക്കുന്നതിന് തടസ്സം നേരിടുന്നവര്‍ക്കും വിവാഹം കഴിഞ്ഞവര്‍ക്ക് ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കാനും മറ്റ് ദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനും കാര്യസാധ്യത്തിനും ഐക്യമത്യത്തിനും ഉമാമഹേശ്വര പൂജ നടത്തുന്നത് നല്ലതാണ്.

പാര്‍വതിദേവിക്ക് പ്രത്യേക പ്രതിഷ്ഠയില്ലാത്ത ശിവക്ഷേത്രങ്ങളിലെല്ലാം ശിവന്‍റെ നടയുടെ പിന്നില്‍ പാര്‍വ്വതിയെ സങ്കല്‍പ്പിക്കുന്നു. ദേവിക്ക് ഭക്തര്‍ പിന്‍വിളക്ക് തെളിക്കുന്നത് ശ്രേഷ്ഠകരമാണ്. ശ്രീകോവിലില്‍ കിഴക്കും പടിഞ്ഞാറുമായി പാര്‍വതീ പരമേശ്വരന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ള സന്നിധികളും ചിലതുണ്ട്. കൊല്ലത്തെ ആനന്ദവല്ലീശ്വരംക്ഷേത്രം ഇതില്‍ പ്രധാനമായ ഒന്നാണ്. എറണാകുളം തിരുവൈരാണിക്കുളം ക്ഷേത്രം, കോട്ടയം വാഴപ്പള്ളി ക്ഷേത്രം, പത്തനംതിട്ടയിലെ കവിയൂര്‍ക്ഷേത്രം എന്നിവ ഇതില്‍ ചിലതാണ്.