ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അജ്ഞാതമായ വസ്തുതകള്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അജ്ഞാതമായ വസ്തുതകള്‍

HIGHLIGHTS

ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ പാടില്ല എന്നതാണ് വിശ്വാസം. ബി നിലവറയ്ക്ക് ഉള്ളില്‍ മറ്റൊരു നിലവറയും ഉണ്ട്. ഇതും തുറക്കാന്‍ പാടില്ല എന്നതാണ് വിശ്വാസം. ദേവന്മാരും, ഋഷിമാരും, കാഞ്ഞിരോട് യക്ഷിയമ്മയും ധ്യാനഭാവത്തില്‍ കുടികൊള്ളുന്ന ഇടവും സാക്ഷാല്‍ ശ്രീനരസിംഹമൂര്‍ത്തി സംരക്ഷിക്കുന്ന അറയുമാണ് ഇതെന്നാണ് വിശ്വാസം. നാഗപാശബന്ധനമന്ത്രം പ്രയോഗിച്ച്, നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കല്‍പ്പാളികളിലാകുന്നു ഇത് പൂട്ടിയത്. മഹാഗരുഡ മന്ത്രം അറിവോടും, ശുദ്ധിയോടും ജപിച്ചാല്‍ മാത്രമേ ഈ നിലവറകള്‍ തുറക്കേണ്ടി വന്നാല്‍ തുറക്കാവൂ എന്ന് പറയപ്പെടുന്നു.

ഉത്തമ വൈഷ്ണവ സങ്കേതങ്ങള്‍ എപ്രകാരമായിരിക്കണമെന്ന് ആഗമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രധാന ദേവനെ കൂടാതെ ശ്രീകൃഷ്ണന്‍, നരസിംഹമൂര്‍ത്തി, ശ്രീരാമസ്വാമി എന്നിവരെ ഒരേ സങ്കേതത്തില്‍ പ്രതിഷ്ഠിച്ച് ആരാധനകള്‍ നടത്തണമെന്നാണത്രേ ഇതില്‍ പറയുന്നത്. ഇപ്രകാരമുള്ള ദക്ഷിണഭാരതത്തിലെ അമ്പതോളം ക്ഷേത്രങ്ങളില്‍ ഒന്നും കേരളത്തിലെ ഏക ക്ഷേത്രവുമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. രാമാവതാരത്തിന് മുമ്പുള്ള യോഗനിദ്രാഭാവമാണ് ശ്രീപത്മനാഭസ്വാമിയുടെ സാന്നിധ്യഭാവം. ശയനരൂപത്തിലുള്ള മഹാവിഷ്ണുവിനെ ശ്രീരാമസ്വാമിയായും, നില്‍ക്കുന്ന മഹാവിഷ്ണുവിനെ ശ്രീകൃഷ്ണനായും സങ്കല്‍പ്പിക്കുന്ന സമ്പ്രദായമുണ്ട്.
മൂന്ന് വാതിലുകളില്‍ കൂടി മാത്രം പൂര്‍ണ്ണദര്‍ശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അത്യപൂര്‍വ്വമായ പ്രതിഷ്ഠയാണത്രേ. നേപ്പാളിലെ ഗന്ധകി നദിയില്‍ നിന്നും കൊണ്ടുവന്ന പന്ത്രണ്ടായിരത്തി എട്ട് സാളഗ്രാമങ്ങള്‍ കൊണ്ട് വിഗ്രഹത്തിന്‍റെ അടിത്തറ നിര്‍മ്മിച്ചിരിക്കുന്നു. വിഗ്രഹം പൂര്‍ണ്ണമായി ശിലാനിര്‍മ്മിതമല്ല. കടുശര്‍ക്കര എന്ന അത്യപൂര്‍വ്വ ആയുര്‍വ്വേദ ഔഷധക്കൂട്ട് ഉപയോഗിച്ചാണത്രേ മൂലവിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

കടുശര്‍ക്കര യോഗത്തിന്‍റെ ചേരുവകള്‍ ഇവയാണ്. ഞണ്ടിന്‍കുഴിയിലും, ഉറുമ്പിന്‍ പുറ്റിലുമുള്ള മണ്‍തരികള്‍, ചതുപ്പുനിലം, മലയോരം, സമതലം, കടലോരം, ആറ്റിന്‍തീരം എന്നിവിടങ്ങളിലുള്ള മണലും, ദേവവൃക്ഷങ്ങളുടെ തടികള്‍, തിപ്പലി, ത്രിഫല, ചുക്ക്, കുരുമുളക്, നാല്‍പ്പാമരം തുടങ്ങിയവ കൊണ്ട് നിര്‍മ്മിച്ച കഷായക്കൂട്ടുകള്‍, പലതരം എണ്ണകള്‍, ദ്രവ്യങ്ങള്‍, ധാന്യപ്പൊടികള്‍, പലതരം പശകള്‍, ചന്ദനം, കസ്തൂരി, കര്‍പ്പൂരം, കുങ്കുമം എന്നിവചേര്‍ത്ത ചൂര്‍ണ്ണങ്ങള്‍ ഇവയൊക്കെ ഉണക്കിയും പൊടിച്ചും ചേര്‍ത്ത അതിസങ്കീര്‍ണ്ണമായ പ്രക്രിയയില്‍ കൂടിയാണത്രേ കടുശര്‍ക്കര യോഗം നിര്‍മ്മിക്കുന്നത്. ദേവവൃക്ഷങ്ങളുടെ ചട്ടക്കൂട്ടിലാണ് സാളഗ്രാമം നിറച്ച് അടിസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നത്. അസ്ഥിയായി ദേവവൃക്ഷങ്ങളും, നാഡിയായി ചകിരിനാരും, ആന്തരിക അവയവങ്ങളായി സാളഗ്രാമവും, ശരീരമായി ഔഷധങ്ങളും ചേര്‍ന്ന മഹനീയമായ നിര്‍മ്മിതിയാണ് മൂന്ന് വാതിലില്‍കൂടി കാണാനാകുന്ന അനന്തശയനം.

ധാരാളം തുരങ്കങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും ഉണ്ടെന്നുള്ളത് വാസ്തവവും വിശ്വാസവും. കവടിയാര്‍ കൊട്ടാരത്തിലേയ്ക്കും കോവളം കൊട്ടാരത്തിലേയ്ക്കും നീളുന്ന തുരങ്കങ്ങള്‍ ഭാവനാസൃഷ്ടികളല്ലത്രേ. ക്ഷേത്രത്തില്‍ നിന്നും 12 കി.മീ അകലെ ഒടിയന്‍ വാഴി എന്നൊരു സ്ഥലമുണ്ട്.(അവിടേയ്ക്ക് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല) കടല്‍ത്തീരത്തുള്ള ഇവിടെയുള്ള തുരങ്കത്തില്‍, വേലിയേറ്റ വേളയില്‍ കയറുന്ന വെള്ളം തിരികെ ഒഴുകിപ്പോകാന്‍ ആഴ്ചകള്‍ എടുക്കുമത്രേ. മാത്രമല്ല പവിഴം, മുത്ത്, സ്വര്‍ണ്ണം എന്നിവ ഇവിടെ നിന്നും പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. മുങ്ങല്‍വിദഗ്ദ്ധരായ മത്സ്യത്തൊഴിലാളികള്‍ പലരും ഈ തുരങ്കത്തില്‍ കയറിയിട്ടുണ്ടെങ്കിലും ഇവരിലാരും തിരികെ എത്തിയിട്ടില്ല എന്നതാണ് ചരിത്രം. മാത്രമല്ല അടുത്തകാലത്ത് കാട് തെളിക്കുംനേരത്ത്  നൂറ്റാണ്ടുകള്‍ പഴക്കം പറയുന്ന ഒരു കിണര്‍ കോവളം കൊട്ടാരത്തിനരികെ കണ്ടെത്തിയിരുന്നു. കടല്‍ക്കരയ്ക്ക് അരികിലെങ്കിലും തെളിഞ്ഞ ശുദ്ധജല ഉറവയായിരുന്നു ഈ കിണര്‍. പുരാവസ്തു വകുപ്പ് റഡാര്‍ ഉപയോഗിച്ച് ത്രിമാനചിത്രം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. അതിലെ കണ്ടെത്തലുകള്‍ തൃപ്തികരമായ രീതിയില്‍ പുറത്തുവിടാത്തത് സുരക്ഷാകാരണങ്ങള്‍ കൊണ്ടാണത്രേ. 

അനന്തശയനത്തിന് അരികിലുള്ള ഒരു ചെറുകുഴിയില്‍ കാതോര്‍ത്താല്‍ കടല്‍ ഇരമ്പുന്ന ശബ്ദം കേള്‍ക്കാനാകുമത്രേ. ഇത് വാസ്തുവിദ്യയുടെ അത്ഭുതമെന്നാണ് പറയാറ്. നൂറ് ആനകളും, പതിനായിരം പണിക്കാരും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ക്ഷേത്രത്തില്‍ വര്‍ഷദിനങ്ങളെ സൂചിപ്പിക്കാന്‍ 365 കാല്‍ത്തൂണുകളും, മനുഷ്യശരീരത്തെ സൂചിപ്പിക്കാന്‍ നവവഴികളുമുണ്ട്. ആയിരം കല്ലെന്നും, കുലശേഖരമെന്നും അറിയപ്പെടുന്ന സപ്തസ്വര മണ്ഡപത്തില്‍ കൃത്യമായി തട്ടിയാല്‍ ശിലയില്‍ നിന്നും സപ്തനാദമാണ് ഉയരുക. ഒറ്റക്കല്ല് മണ്ഡപനിര്‍മ്മിതി ആധുനിക നിര്‍മ്മിതിയെ വെല്ലും എന്നതിലും തര്‍ക്കമുണ്ടായില്ല. 

ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ പാടില്ല എന്നതാണ് വിശ്വാസം. ബി നിലവറയ്ക്ക് ഉള്ളില്‍ മറ്റൊരു നിലവറയും ഉണ്ട്. ഇതും തുറക്കാന്‍ പാടില്ല എന്നതാണ് വിശ്വാസം. ദേവന്മാരും, ഋഷിമാരും, കാഞ്ഞിരോട് യക്ഷിയമ്മയും ധ്യാനഭാവത്തില്‍ കുടികൊള്ളുന്ന ഇടവും സാക്ഷാല്‍ ശ്രീനരസിംഹമൂര്‍ത്തി സംരക്ഷിക്കുന്ന അറയുമാണ് ഇതെന്നാണ് വിശ്വാസം. നാഗപാശബന്ധനമന്ത്രം പ്രയോഗിച്ച്, നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കല്‍പ്പാളികളിലാകുന്നു ഇത് പൂട്ടിയത്. മഹാഗരുഡ മന്ത്രം അറിവോടും, ശുദ്ധിയോടും ജപിച്ചാല്‍ മാത്രമേ ഈ നിലവറകള്‍ തുറക്കേണ്ടി വന്നാല്‍ തുറക്കാവൂ എന്ന് പറയപ്പെടുന്നു. ക്ഷേത്രം മതിലകം എന്നും പണ്ട് അറിയപ്പെട്ടിരുന്നു. ആദ്യകാലങ്ങളില്‍ കളിമണ്ണ് കൊണ്ടും, പിന്നീട് കരിങ്കല്ല് കൊണ്ടും തീര്‍ത്ത മതിലുകള്‍ ക്ഷേത്രത്തിന് ചുറ്റും കെട്ടി ഉയര്‍ത്തിയതിനാലാണത്രേ ഇങ്ങനെ അറിയപ്പെടുന്നത്.

ഒരു അരിമണി ആണെങ്കില്‍പ്പോലും ക്ഷേത്രത്തില്‍ സമര്‍പ്പിച്ചാല്‍ അത് താളിയോലയില്‍ കോലെഴുത്ത്, മലയാണ്‍മ, ഗ്രന്ഥാക്ഷരം, വട്ടെഴുത്ത്, പഴന്തമിഴ് എന്നീ ഭാഷകളില്‍ രേഖപ്പെടുത്തണം എന്ന് നിയമമുണ്ടായിരുനനു. അതിനെയാണ് മതിലകം രേഖകള്‍ എന്ന് പറയപ്പെട്ടിരുന്നത്. ഇപ്രകാരം കെട്ടുകളാക്കിയ രേഖകളെ ചുരുണകളെന്ന് പറയും. ഒരു ചുരുണയില്‍ ആയിരത്തിലധികം ഓലകള്‍ ഉണ്ടാകുമത്രേ. ആദ്യകാലങ്ങളില്‍ കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച കോട്ട പിന്നീട് കരിങ്കല്ല് കൊണ്ടായി. എന്നാല്‍ ഇതേ കോട്ട ക്ഷേത്രവിപുലീകരണജോലികള്‍ നടക്കുമ്പോള്‍ തകര്‍ക്കുകയുണ്ടായി. അങ്ങനെ തകര്‍ത്തഭാഗം 'വെട്ടിമുറിച്ച കോട്ട' എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു. 

ക്ഷേത്രനിര്‍മ്മാണത്തിനായി കല്ല് കൊണ്ടുവന്നത് കിള്ളിയാറ്റിലെ കല്ലന്‍പാറയില്‍ നിന്നായിരുന്നു. ആദ്യ സെന്‍ട്രല്‍ ജയില്‍ നിര്‍മ്മിച്ചതും കോട്ടയ്ക്കുള്ളില്‍ തന്നെയായിരുന്നു. തിരുവിതാംകൂര്‍ സൈന്യത്തിന്‍റെ ബാരക്കുകള്‍ സെന്‍ട്രല്‍ ജയിലാക്കി മാറ്റുകയായിരുന്നു. പിന്നീടത് കോട്ടയ്ക്ക് പുറമേയാക്കി. തോവാള മുതല്‍ തിരുവല്ല വരെ വ്യാപിച്ച് കിടന്ന ഐക്യത്തവേണാട്, ശേഷം ഭാഗംവച്ച് പലതായെങ്കിലും ഇന്നും പൂജാപുഷ്പങ്ങള്‍ എത്തിക്കുന്നത് തോവാളയില്‍ നിന്നാണ്. ശുദ്ധിയോടെ മാത്രമാണ് ക്ഷേത്രത്തിലേയ്ക്കുള്ള പുഷ്പങ്ങള്‍ വളര്‍ത്തുക. താമരപുഷ്പങ്ങള്‍ വെള്ളായണി കായലില്‍ നിന്നുമാണ് കൊണ്ടുവരുന്നത്.

തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിന് മുമ്പ് ഭഗവാന്‍ ഭരണാധികാരിയായിട്ടുള്ള ഒരേയൊരു രാജ്യം ഇവിടമായിരുന്നു. ദിനവും തിരുവിതാംകൂറിലെ മുതിര്‍ന്ന വ്യക്തി പുലര്‍ച്ചെ ഭഗവാനെ മുഖം കാണിച്ച് ദൈനംദിനഭരണകാര്യങ്ങള്‍ ഉണര്‍ത്തിക്കുക എന്നൊരു രീതിയുണ്ടായിരുന്നു. ഒരു ദിവസം ഇതിന് വീഴ്ച ഉണ്ടായാല്‍ സമസ്താപരാധം ചൊല്ലി മാപ്പിരക്കുകയും പിഴയൊടുക്കുകയും ചെയ്തിരുന്നു. വേണാട് ദേശീയപതാകയിലുള്ള വലംപിരിശംഖ് ഭഗവത്മുദ്രയാണ്. രാജ്യാധികാരി ശ്രീ അനന്തപത്മനാഭനും.

ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ആറാട്ടുവേളയില്‍ കര, വ്യോമ, വായുസേനാ വിഭാഗങ്ങള്‍ 21 തോക്ക് അഭിവാദ്യങ്ങള്‍ ശ്രീപത്മനാഭന് നടത്തിവന്നിരുന്നു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഇത് നിര്‍ത്തലാക്കിയിരുന്നു.