വെറുമൊരു അഞ്ജനശിലയല്ല ഉണ്ണിക്കണ്ണന്‍
ശ്രീലകത്ത് ഇരിക്കുന്ന ഉണ്ണിക്കണ്ണനെ നമ്മള്‍ കൃഷ്ണന്‍ ആയിത്തന്നെ കാണണം. അതിനെ ശിലയായി കാണരുത്. ഇതുതന്നെ ആണ് ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നതും. നിഷ്ക്കളങ്ക ഭക്തിയോടെ ഭഗവാനെ ഭജിച്ചാല്‍, പൂജിച്ചാല്‍, സ്മരിച്ചാല്‍ നമുക്ക് ഓരോരുത്തര്‍ക്കും ഓരോരോ രൂപത്തിലും ഭാവത്തിലും നിമിത്തങ്ങളായി ഭഗവാന്‍ നമുക്ക് ദര്‍ശനം തരും. അതിനായി ഭക്തിയോടെ, ക്ഷമയോടെ കാത്തിരിക്കുക. ഭക്തിയുടെ പാരമ്യത്തില്‍ എത്തി ഭഗവാന്‍റെ നാമസങ്കീര്‍ത്തനം ചൊല്ലി നമുക്ക് ഭഗവാനെ പ്രകീര്‍ത്തിക്കാം.
പണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വളരെ ഭംഗിയായി പൂജാവിധികള്‍ നടത്തിവന്നിരുന്ന ഒരു മേല്‍ശാന്തിയുണ്ടായിരുന്നു. എല്ലാവര്‍ക്കും ആ തിരുമേനിയെ വളരെ ഇഷ്ടമായിരുന്നു.
ഒരു ദിവസം പതിവുപോലെ പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് കുളി ഒക്കെ കഴിഞ്ഞ് ശുദ്ധമായി ക്ഷേത്രനട തുറന്ന് കുറച്ചുനേരം കണ്ണന്‍റെ നിര്‍മ്മാല്യം കണ്‍കുളിര്‍ക്കെ കണ്ടു. പിന്നീട് തിരുമേനി കണ്ണന്‍റെ പൂമേനിയിലെ നിര്‍മ്മാല്യങ്ങളെല്ലാം ഓരോന്നായി മാറ്റാന്‍ തുടങ്ങി. അതുകഴിഞ്ഞ് കണ്ണന്‍റെ പൊന്‍മേനിയില്‍ ഇനി എന്തെങ്കിലും ഇരിപ്പുണ്ടോ എന്നുനോക്കി. അവിടവിടെ കളഭവും പൂക്കളും ഒക്കെ ഇനിയും ഉണ്ട്. അവയെല്ലാം വളരെ ശ്രദ്ധയോടെ തിരുമേനി എടുത്ത് മാറ്റുകയാണ്.
അതെല്ലാം കഴിഞ്ഞ് നോക്കിയപ്പോള്‍ കണ്ണന്‍റെ കവിളില്‍ ഒരു പൂവ് ഇരിക്കുന്നു. തിരുമേനി അത് കണ്ണന്‍റെ കവിളില്‍ നിന്നും എത്ര അടര്‍ത്തി എടുക്കാന്‍ ശ്രമിച്ചിട്ടും അത് കണ്ണന്‍റെ സുന്ദരമുഖത്ത് നിന്നു അടര്‍ന്നുവരണില്യ. അവസാനം തിരുമേനി കുറച്ച് തീര്‍ത്ഥം എടുത്ത് കണ്ണന്‍റെ മുഖത്ത് തളിക്കുകയും ആ കുസൃതി നിറഞ്ഞ മുഖത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന പൂവ് നുള്ളിയെടുക്കുകയും ചെയ്തു. അങ്ങനെ തിരുമേനി മറ്റുപൂജകളെല്ലാം കഴിഞ്ഞ് കണ്ണനെ ഭംഗിയായി അണിയിച്ചൊരുക്കി.
ഉച്ചപൂജ കഴിഞ്ഞപ്പോള്‍ തിരുമേനിക്ക് ഒരു ചെറിയ ക്ഷീണം തോന്നി. അദ്ദേഹം വിശ്രമിക്കാന്‍ പോയി. അങ്ങനെകിടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കൈയ്ക്ക് ഒരു വേദന തോന്നി. പിന്നീട് വേദന കൂടിക്കൂടി വന്നു. അദ്ദേഹം അവിടെ ഇരുന്ന ഒരു ലേപനം എടുത്ത് കയ്യില്‍ പുരട്ടിനോക്കി. വേദന മാറുന്നില്ല. അപ്പോഴാണ് വൈദ്യമഠത്തിലെ മുത്തച്ഛന്‍ അവിടേക്ക് വന്നത്. മുത്തച്ഛന്‍ എപ്പോഴും ഗുരുവായൂരിലേക്ക് തൊഴാന്‍ വരാറുണ്ട്.
തിരുമേനിയുടെ കൈയ്ക്ക് വേദനയാണെന്ന് അറിഞ്ഞപ്പോള്‍ മുത്തച്ഛന്‍ അദ്ദേഹത്തിന്‍റെ കൈ പരിശോധിച്ചു. പ്രത്യക്ഷത്തില്‍ കൈയ്ക്ക് കുഴപ്പം ഒന്നും തോന്നിയില്ല. പക്ഷേ തിരുമേനിക്ക് വേദന കൂടിക്കൂടി വന്നു. അങ്ങനെ മുത്തച്ഛന്‍ തിരുമേനിക്ക് കൈയ്യില്‍ പുരട്ടാന്‍ ഒരു ലേപനം കൊടുക്കുകയും ഇത് പുരട്ടിയാല്‍ എല്ലാ വേദനയും മാറും എന്നുപറയുകയും ചെയ്തു.
അങ്ങനെ മേല്‍ശാന്തി വിശ്രമിക്കുമ്പോള്‍ ചെറുതായൊന്ന് മയങ്ങിപ്പോയി. അപ്പോള്‍ തിരുമേനി ഒരു കാല്‍ത്തളനാദം കേട്ടു തല ഉയര്‍ത്തിനോക്കി. ആരേയും കണ്ടില്ല. അദ്ദേഹം വീണ്ടും കിടന്നു. അപ്പോഴും അതേ ശബ്ദം, നോക്കിയപ്പോള്‍ ആരേയും കണ്ടില്ല. തിരുമേനി ചോദിച്ചു... ആരാണ്? ചോദിക്കേണ്ട താമസം മറുപടി വന്നു. 'ഞാനാണ്.' എന്തൊരു മനോഹരമായ ശബ്ദം. ഇതുവരെ ഈ മനോഹരമായ ശബ്ദം കേട്ടീട്ടേ ഇല്ല. വീണ്ടും തിരുമേനി ചോദിച്ചു. ആരാണ്?
ആ മനോഹരമായ ശബ്ദത്തില്‍ മറുപടി വന്നു. 'ഇത് ഞാന്‍ തന്നെ മേല്‍ശാന്തി.' ഇപ്പോള്‍ കയ്യിലെ വേദന എങ്ങനെ ഉണ്ട്? അപ്പോള്‍ തിരുമേനി മനസ്സില്‍ വിചാരിച്ചു. എന്‍റെ കയ്യിലെ വേദനയുടെ കാര്യം അറിഞ്ഞിട്ട് ഇത്ര പെട്ടെന്ന് വന്നിരിക്കുന്നത് ആരാ? തിരുമേനി വീണ്ടും ചോദിച്ചു. എനിക്ക് എഴുന്നേറ്റ് വരുവാന്‍ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. അവിടെ നിന്ന് എന്‍റെ അസുഖവിവരം അന്വേഷിക്കുന്നത് ആരാണെന്ന് മനസ്സിലാവണില്യ.
അപ്പോള്‍ വീണ്ടും ആ മനോഹരശബ്ദത്തില്‍ മറുപടി എത്തി. 'ഇത് ഞാനാണ് മേല്‍ശാന്തി അങ്ങയുടെ സ്വന്തം കണ്ണന്‍' എന്ന് പറഞ്ഞുതീരുംമുമ്പെ മേല്‍ശാന്തിയുടെ മുന്നിലേയ്ക്ക് ഉണ്ണിക്കണ്ണന്‍ ഓടക്കുഴല്‍ അരയില്‍ തിരുകി ഇരുകൈകളും പിന്നില്‍ കെട്ടി ചിരിച്ചുകൊണ്ട് തിരുമേനിയോട് ചോദിച്ചു. 'ഇപ്പോള്‍ എങ്ങനെയുണ്ട് മേല്‍ശാന്തി, കയ്യിലെ വേദന?' തിരുമേനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്‍റെ കണ്ണന്‍ എന്‍റെ അടുത്തുവന്ന് എന്‍റെ മുന്‍പില്‍ നിന്നുകൊണ്ട് കയ്യിലെ വേദനയെക്കുറിച്ച് ചോദിക്കുന്നു. തിരുമേനി സന്തോഷം കൊണ്ട് കരഞ്ഞു. കണ്ണുകളില്‍ നിന്ന് ആനന്ദാശ്രുക്കള്‍ ധാരധാരയായി അടര്‍ന്നുവീണു.
തിരുമേനി ചോദിച്ചു: എന്താ കണ്ണാ ഇങ്ങനെ ചോദിക്കണെ?
അപ്പോള്‍ കണ്ണന്‍ പറഞ്ഞു. അല്ലയോ മേല്‍ശാന്തി അങ്ങ് ഇന്ന് എന്നെ ഒരുപാട് വേദനിപ്പിച്ചു. എന്‍റെ കവിളില്‍ നുള്ളി പൂവ് എടുത്തപ്പോള്‍ എനിക്ക് എത്ര വേദനിച്ചെന്നോ? ദാ തിരുമേനി നോക്കിക്കെ എന്‍റെ കവിളില്‍ അങ്ങയുടെ നഖം തട്ടിയഭാഗം ചുവന്നുകിടക്കുന്നു. ഇപ്പോഴും എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ...
മേല്‍ശാന്തി കണ്ണന്‍റെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കി. കണ്ണന്‍ പറഞ്ഞത് ശരിയാണ്. മുഖം എല്ലാം ചുവന്നിരിക്കുന്നു. അദ്ദേഹം പറഞ്ഞു.
എന്നോട് പൊറുക്കൂ കണ്ണാ... എന്‍റെ കണ്ണന് ഇത്രക്കും വേദനിക്കും എന്ന് ഞാന്‍ വിചാരിച്ചില്ല കേട്ടോ.. കണ്ണന്‍ പറഞ്ഞു.
തിരുമേനി എന്താ വിചാരിച്ചെ ഞാന്‍ വെറുമൊരു കല്ല് ആണെന്നോ? ഞാന്‍ വെറുമൊരു അഞ്ജനശില മാത്രമാണെന്ന് അങ്ങ് വിചാരിച്ചുവോ? ഞാന്‍ ഇതില്‍ ഇല്ല എന്ന് കരുതിയോ?
ഇതെല്ലാം കേട്ടപ്പോള്‍ തിരുമേനി കണ്ണനോട് പറഞ്ഞു. ന്‍റെ കണ്ണാ... കാര്‍മുകില്‍ വര്‍ണ്ണാ... അടിയനോട് പൊറുക്കണെ. സമസ്താപരാധവും പൊറുക്കണെ എന്‍റെ കണ്ണാ.
തിരുമേനിയുടെ കയ്യിലെ വേദന കൂടി കൂടി വന്നപ്പോള്‍ ഉണ്ണിക്കണ്ണന്‍ തിരുമേനിയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.
എവിടെ ഞാന്‍ നോക്കട്ടെ തിരുമേനിയുടെ കൈ. എനിക്ക് തിരുമേനിയെ ഭയങ്കര ഇഷ്ടാണ്. പക്ഷേ എന്നെ വേദനിപ്പിച്ചപ്പോള്‍ ആ വേദന കുറച്ച് അങ്ങേയ്ക്കും തരാം എന്ന് ഞാനങ്ങ് വിചാരിച്ചു. അത്രേ ഉള്ളൂ. സാരല്യ, പേടിക്കേണ്ട. കണ്ണന്‍ ഇങ്ങനെ പറഞ്ഞിട്ട് ആ കുഞ്ഞിക്കൈ കൊണ്ട് തിരുമേനിയുടെ കൈ തലോടിക്കൊടുത്തു. വീണ്ടും കണ്ണന്‍ പറഞ്ഞു. തിരുമേനി സാരല്യട്ടോ, ഇപ്പോ വേദനമാറും. ഇനി എന്നെ ഇങ്ങനെ വേദനിപ്പിക്കരുത് ട്ടോ എന്നുപറഞ്ഞ് കണ്ണന്‍ പോയ്മറഞ്ഞു.
പെട്ടെന്ന് മേല്‍ശാന്തി ഞെട്ടി എഴുന്നേറ്റു. അവിട ഉള്ളവരോടൊക്കെ പറഞ്ഞു. എന്‍റെ വേദന ഒക്കെ മാറി. ഇതുകേട്ട് വൈദ്യമഠത്തിലെ മുത്തച്ഛന്‍ പറഞ്ഞു. വേദന മാറി അല്ലെ? ഞാന്‍ തന്ന മരുന്ന് ഫലം കണ്ടു. അപ്പോള്‍ തിരുമേനി പറഞ്ഞു. മരുന്ന് അല്ല എന്‍റെ കണ്ണന്‍ ആണ് വേദന മാറ്റിയത്. എന്‍റെ കണ്ണന്‍ ആണ് എന്നെ പിടിച്ചത്. അങ്ങനെ ആണ് എന്‍റെ വേദന മാറിയത്.
എന്‍റെ കണ്ണാ... കരുണാമയനേ..നീ തന്നെ അഭയം, നീ തന്നെ ആശ്രയം. ഇതുകേട്ട് വൈദ്യമഠത്തിലെ മുത്തച്ഛന്‍ ഓടിവന്ന് മേല്‍ശാന്തിയുടെ കയ്യില്‍ പിടിച്ചു കൊണ്ടുപറഞ്ഞു. തിരുമേനി അങ്ങേയ്ക്ക് ഇതില്‍പരം ഭാഗ്യം ഇനി എന്താകിട്ടാനുള്ളത്. അദ്ദേഹം കണ്ണന്‍ തലോടിയ ആ കൈ തൊട്ട് തൊഴുതു. ശ്രീലകത്ത് ഇരിക്കുന്ന ഉണ്ണിക്കണ്ണനെ നമ്മള്‍ കൃഷ്ണന്‍ ആയിത്തന്നെ കാണണം. അതിനെ ശിലയായി കാണരുത്. ഇതുതന്നെ ആണ് ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നതും.
നിഷ്ക്കളങ്ക ഭക്തിയോടെ ഭഗവാനെ ഭജിച്ചാല്‍, പൂജിച്ചാല്‍, സ്മരിച്ചാല്‍ നമുക്ക് ഓരോരുത്തര്‍ക്കും ഓരോരോ രൂപത്തിലും ഭാവത്തിലും നിമിത്തങ്ങളായി ഭഗവാന്‍ നമുക്ക് ദര്‍ശനം തരും. അതിനായി ഭക്തിയോടെ, ക്ഷമയോടെ കാത്തിരിക്കുക. ഭക്തിയുടെ പാരമ്യത്തില്‍ എത്തി ഭഗവാന്‍റെ നാമസങ്കീര്‍ത്തനം ചൊല്ലി നമുക്ക് ഭഗവാനെ പ്രകീര്‍ത്തിക്കാം.
