എന്താണ് ഉപവാസം
മുജ്ജന്മകര്‍മ്മങ്ങളുടെ ശ്രേഷ്ഠത കൊണ്ടാണ് ജീവന് മനുഷ്യജന്മം ലഭ്യമാകുന്നതെന്നാണ് ഭാരതീയ വിശ്വാസം. മനനശേഷിയുള്ളവനാകയാല്‍ തന്‍റെ ജന്മകര്‍മ്മങ്ങളെപ്പറ്റി ചിന്തിക്കുവാനും ജന്മസാഫല്യമെന്തെന്നതിനെ തേടുവാനും അവന് അവസരം ലഭ്യമാകുന്നു. എന്നാല്‍ ശരീരം എന്ന് നഷ്ടമാകുമെന്ന് അറിയാനും കഴിവില്ല. അതിനാല്‍ അതിന്‍റെ പരമമായ ലക്ഷ്യത്തെ മുന്നില്‍ കണ്ട് ഈ സംസാരസാഗരം കടന്നുകയറണം. അതിന് ധര്‍മ്മാധിഷ്ഠിതമായ ജീവിതക്രമം ആചാര്യന്മാര്‍ വിധിച്ചിരിക്കുന്നു. അതിനായി നിത്യവും ചെയ്യേണ്ടവയും നൈമിത്തികമായി അനുഷ്ഠിക്കേണ്ടവയും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
നാമജപം നിത്യേന ചെയ്യേണ്ടതും വ്രതങ്ങള്‍ നൈമിത്തികവുമാണ്. കാലത്തെ അടിസ്ഥാനമാക്കിയാണ് വ്രതങ്ങള്‍ കണക്കാക്കപ്പെടുന്നത്. ആഴ്ച, തിഥി, നക്ഷത്രം ഇവയെ അവലംബമാക്കിയാണ് വ്രതങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ധാര്‍മ്മിക ജീവിതത്തിന് ആരോഗ്യവും മനശുദ്ധിയും അത്യാവശ്യമാണ്. അതിന് വ്രതാനുഷ്ഠാനങ്ങളിലെ ശരീരധര്‍മ്മങ്ങളെ വെടിഞ്ഞ് ഈശ്വരോന്മുഖമാവുകയാണ് വേണ്ടത്. വ്രതമെന്നാല്‍ അനുഷ്ഠാനം, കര്‍മ്മം, നിഷ്ഠ എന്നൊക്കെയാണ് അര്‍ത്ഥം. ശരീരം, വാക്ക്, മനസ്സ്, ഭക്ഷണം, വസ്ത്രം ഇവയില്‍ പല നിയന്ത്രണങ്ങളും വ്രതത്തിന്‍റെ പ്രത്യേകതകളാണ്. ആഹാരനിദ്രാദി ശരീരധര്‍മ്മങ്ങളെ നിയന്ത്രിച്ച് ഈശ്വരോപാസനയിലേക്ക് തിരിയലാണ് വ്രതത്തില്‍ പ്രധാനമായും വേണ്ടത്.
അതിനാല്‍ ഓരോ വ്രതത്തിനും ഓരോ രീതിയിലുള്ള നിഷ്ഠകളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത.് അവ നമ്മള്‍ പരിചയപ്പെടേണ്ടതാണ്. ഇതില്‍ ശരീരശുദ്ധിയോടനുബന്ധിച്ച് ശൗചാദികര്‍മ്മങ്ങള്‍ പ്രധാനമാണ്. പകലുറക്കം വര്‍ജ്യവും രാത്രിയുറക്കത്തിന് അതത് വ്രതങ്ങള്‍ക്കനുസരിച്ചുള്ള ക്രമീകരണങ്ങളുമാണ് വേണ്ടത.് ആഹാരം സാത്വികമായവയാകണം. ശരീരമനസ്സുകളുടെ പോഷണം വര്‍ജ്യമാണ്. വിശേഷപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കല്‍, സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം, സിനിമ, ടെലിവിഷന്‍ തുടങ്ങിയ കലാസ്വാദനം പാടില്ല. മനസ്സ് ഈശ്വരസ്മരണയില്‍ ഉറപ്പിക്കുന്നതിന് ജപങ്ങളും സത്സംഗങ്ങളും സത്ഗ്രന്ഥപാരായണങ്ങളും ആവശ്യമാണ്. ഇഹത്തില്‍ ശരീരമനസ്സുകളുടെ ആരോഗ്യവും ശാന്തിയും പരത്തില്‍ പരമപ്രദപ്രാപ്തിയും വ്രതങ്ങളിലൂടെ നേടാന്‍ കഴിയണം. ഓരോ വ്രതങ്ങള്‍ക്കും അതിന്‍റേതായ നിഷ്ഠകളുണ്ട്. കഠിനമായും സാമാന്യമായും വ്രതങ്ങള്‍ അനുഷ്ഠിക്കുന്നവരുണ്ട്. വ്രതങ്ങളില്‍ ഏകാദശിവ്രതം പരമശ്രേഷ്ഠമാണെന്നാണ് അഭിജ്ഞമതം.
വാവുകഴിഞ്ഞുള്ള പതിനൊന്നാമത്തെ പക്കമാണ് ഏകാദശി. അന്ന് ഉപവസിച്ച് വിഷ്ണുവിനെ ആരാധിക്കുന്നു. ഏകാദശിവ്രതത്തിന് ഏകാദശി നോക്കുകയെന്നു പറഞ്ഞുവരാറുണ്ട്. ഏകാദശി എന്നതിന്‍റെ തത്ഭാവമാണ് ഏകാദശി. ഏക+ അശി അതായത് ഒരു നേരം കഴിക്കുകയെന്നര്‍ത്ഥം. ഒരു നേരവും കഴിക്കാതെയും അരിയാഹാരങ്ങള്‍ ഉപേക്ഷിച്ചും വ്രതം നോക്കുന്നവരുണ്ട്. അന്നേദിവസം ഉപവാസം അനുഷ്ഠിക്കാറുമുണ്ട്. ഉപവാസം എന്നാല്‍ അടുത്ത് ഇരിക്കലാണ്. 'ഭഗവാന്‍റെ സമീപത്തെ വാസം.' 'പാപങ്ങളില്‍ നിന്ന് ഉപാവര്‍ത്തിച്ച് ഗുണങ്ങളോടുകൂടിയ വാസമാണ്' ഉപവാസം.
തരവത്ത് ശങ്കരനുണ്ണി,
(9847118340)
